Entertainment
ദി ബിയോണ്ട്, മാനവികതയുടെ പ്രതിഫലനം

ബിജു സി ദാമോദരൻ (ബിജു മട്ടന്നൂർ )സംവിധാനം ചെയ്ത The Beyond വളരെ മനോഹരമായൊരു ഫീൽ ഗുഡ് ഷോർട്ട് മൂവിയാണ്. Rajeev Kurup ആണ് ഈ ഷോർട്ട് മൂവി നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് M.Shahul Hameed . ഒരുപക്ഷെ ഇതിന്റെ ക്ളൈമാക്സില് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയേക്കാം. അത്രമാത്രം നിങ്ങളുടെ ഹൃദയങ്ങളെ ഈ മൂവി പിടിച്ചുലയ്ക്കും… പുഞ്ചിരിച്ചുകൊണ്ട് കരയാൻ കഴിയുക എന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്.
ചില മനുഷ്യർക്ക് ഒരുപാട് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. ഒരു നല്ല വസ്ത്രമോ ഒരു നല്ല ആഹാരമോ ..ഒക്കെ മതിയാകും. അല്ലെങ്കിലും അങ്ങനെയാണ് ചെറിയ മനുഷ്യരുടെ ആഗ്രഹം, അവരുടെ ചെറിയ ലോകത്തിനു ആനുപാതികമായി തന്നെ ചെറുതായിരിക്കും. പൂവിന്റെ സ്വപ്നങ്ങൾ പൂക്കളെ പോലെ മധുരവും സൗമ്യവും ആയിരിക്കും എന്നൊക്കെ പാടുന്നതുപോലെ. എന്നാലോ ആ ചെറിയ ആഗ്രഹങ്ങൾക്കു നിവൃത്തി വരുത്താൻ പോലും ആകാത്ത ദരിദ്രമായ ജീവിതഘടനയാണ് ഈ പുകൾപെറ്റ മഹാസാമ്രാജ്യത്തിലേത്. ദിനം അമ്പതു രൂപ വരുമാനം കൊണ്ട് ജീവിക്കുന്നവർ ഉള്ള രാജ്യമാണ്. ആധുനിക ജീവിത രീതികളോ നല്ല ഭക്ഷണങ്ങളോ നല്ല വസ്ത്രങ്ങളോ അനുഭവിച്ചിട്ടില്ല എന്നുമാത്രമല്ല അവയെ കുറിച്ചൊന്നും അറിവും ഇല്ല എന്നതാണ് ഇത്തരക്കാരുടെ ദുര്യോഗം. സമൂഹത്തിലെ ഈ അസംഘടിതരായ മനുഷ്യരാണ് ഇന്ത്യയിലെ ഭൂരിപക്ഷം.
The Beyond ബൂലോകം ടീവിയിൽ ആസ്വദിക്കാം
ഒരിക്കൽ രാഹുൽഗാന്ധി പറയുകയുണ്ടായി ഇന്ത്യയിലെ ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ് എന്ന്. എന്നാൽ ആ അഭിപ്രായത്തെ പൂർണ്ണമായി അനുകൂലിക്കാൻ ആകില്ലെങ്കിലും, സർക്കാർ കെട്ടിക്കൊടുത്ത വീടുകൾ വാടകയ്ക്ക് കൊടുത്തിട്ടു തെരുവുകളിൽ കിടക്കുന്നവരെയും, നല്ല വസ്ത്രം അണിയാൻ പൈസ ഉണ്ടായിട്ടും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെയും ആ ഗണത്തിൽ പെടുത്താം. ഒരു കീറ തുണിയിൽ നഗ്നത മറയ്ക്കാൻ വിധിക്കപ്പെട്ട ജനസമൂഹങ്ങൾ ഇവിടെയുണ്ടെന്ന് അദ്ദേഹം മറന്നുപോകുന്നു. എന്നാൽ ഉത്തരേന്ത്യക്കു ബാധകമായ ഈവിധ നിർവ്വചനങ്ങൾ കേരളം പോലുള്ള എന്ന സംസ്ഥാനത്തേക്കു വരുമ്പോൾ അപ്പാടെ തന്നെ പാളിപ്പോകുന്നു.
കാരണം, ഇല്ലാത്തവൻ കൂടുതൽ ഇല്ലാത്തവൻ എന്ന അവസ്ഥയിൽ ജീവിക്കാൻ അല്ല ഇവിടെ ശ്രമിക്കുന്നത്, മറിച്ചു ഉള്ളവന്റെ കൂടെ എത്തിപ്പെടാൻ വസ്ത്രധാരണത്തിൽ ആയാലും സ്റ്റൈലിൽ ആയാലും അണുകിട വിട്ടുകൊടുക്കാത്ത ഒരു പോരാട്ടവീര്യം മലയാളിയുടെ ജനിതകത്തിൽ ഇഴുകി ചേർന്നിട്ടുണ്ട്. നമ്മുടെ നഗര ഗ്രാമങ്ങളിൽ എവിടെയും കണ്ണോടിച്ചാൽ അറിയാം.. ജനങ്ങൾ വൃത്തിയുള്ള ഒരേതരം പകിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടു നടക്കുന്നത്. ഒരുപക്ഷെ വിലയിൽ അന്തരം ഉണ്ടായേക്കാം എന്നല്ലാതെ വൃത്തിയായി നടക്കാനുള്ള മനോഭാവത്തിൽ അന്തരമൊന്നും പരസ്പരം ഇല്ല. മേല്പറഞ്ഞ പ്രവണത ഒരു മഹത്തായ കാര്യമായോ അങ്ങനെ അല്ലാത്തവർ കുറവുള്ളവർ എന്നോ അല്ല ഉദ്ദേശിച്ചത് .
ഇവിടേയ്ക്ക് തൊഴിലിനായി വരുന്നവരും കുടിയേറി പാർക്കുന്നവരും ക്രമേണ ഈ ബോധങ്ങളെ അവർ പോലും അറിയാതെ ഏറ്റെടുക്കുന്നുണ്ട്. ചില പത്രവാർത്തകൾ തന്നെ കണ്ടിട്ടുണ്ടാകും അതിഥി തൊഴിലാളിയുടെ മകൾ എ പ്ലസ് മേടിച്ചു എന്നും ചിലർക്കിവിടെ ഇവിടെ സർക്കാർ ഉദ്യോഗം കിട്ടി എന്നും ഒക്കെ. മെച്ചപ്പെട്ട വരുമാനം കിട്ടുന്ന ഒരു നാട്ടിലേക്കുള്ള വരവിൽ ദരിദ്രസാഹചര്യങ്ങളുടെ ഭൂതകാലഓര്മകളിൽ നിന്നും മുക്തി വേണ്ടുന്നവർ അങ്ങനെ അനവധിയുണ്ട്.

ബിജു സി ദാമോദരൻ
ഒരു ചെരുപ്പുകുത്തിയുടെ മകനായ മാരിയപ്പനും ഈ ചിന്താഗതിയുള്ള കുട്ടിയാണ്. അവൻ ആഗ്രഹിക്കുന്നത് ഒരു ഷൂസ് മേടിക്കാൻ മാത്രമാണ്. അവനു കാല്പന്തുകളിയോടാണ് കമ്പം. എന്നാലോ അവന്റെ അച്ഛൻ കിട്ടുന്ന പണം മുഴുവൻ മദ്യം മേടിച്ചു തീർക്കുകയാണ്. സോക്സ് മേടിക്കാൻ പണമില്ല പിന്നെയാണ് ഷൂസ് മേടിക്കുന്ന്തെന്നു അവനെ അച്ഛൻ പരിഹസിക്കുന്നുണ്ട്. മൈതാനത്തിൽ കൂട്ടുകാർക്കൊപ്പം ഷൂസണിഞ്ഞു കളിക്കുന്നത് അവന്റെ സ്വപ്നമാണ്. അവന്റെ കാലുകളിൽ ഫുട്ബാളിന്റെ സ്വപ്നവും വേഗതയുമുണ്ട്. അവന്റെ കാലുകളെ ലോകമെങ്ങുമുള്ള വലിയ വലിയ മൈതാനങ്ങൾ വിളിക്കുകയാണ് . അവന്റെ മനസ്സിൽ മെക്സിക്കൻ തിരമാലകളുടെ കടലിരമ്പം. അവനിൽ ഒരേ സമയം ഫുട്ബാളിന്റെ ദൈവങ്ങൾ സന്നിവേശിച്ചിരിക്കുകയാണ്. അങ്ങനെയുള്ളപ്പോൾ അച്ഛനെ ജോലിയിൽ സഹായിക്കുന്നതെങ്ങനെ ? തൊട്ടടുത്തുള്ള മൈതാനത്തേക്ക് അവന്റെ കാലുകൾ ചലിക്കാതിരിക്കുന്നതെങ്ങനെ ?
അങ്ങനെയിരിക്കെയാണ് അവനെന്റെ കയ്യിൽ ഒരു ജോഡി ഷൂസ് എത്തുന്നത് . മറ്റൊന്നിനുമല്ല.. കീറിപ്പോയത് തുന്നിപ്പിടിപ്പിക്കാൻ. അവന്റെ പ്രായമുള്ള ഒരു പയ്യനും അമ്മയും കൂടിയാണ് അതുകൊണ്ടുകൊടുക്കുന്നത്. തുടർന്നങ്ങോട്ടുള്ള സംഭവങ്ങൾ ആണ് ഈ മൂവിയുടെ ഏറ്റവും ആകർഷകമായ ഭാഗങ്ങൾ.
മാനവികത എന്നത് വെറുംവാക്കല്ല… അത് ഏറ്റവും മനോഹരമായൊരു കവിതയാണ്. അതിനു വാക്കുകളും അർത്ഥങ്ങളും ആവിഷ്കാരങ്ങളും എല്ലാം ഉണ്ടാകാം, എന്നാൽ പരസ്പരമുള്ള മനസുതുറന്നുള്ള ഒരു പുഞ്ചിരിക്കപ്പുറം മനോഹരമായി ഒരു ഭാഷകൊണ്ടും ആ കവിത എഴുതാൻ സാധിക്കില്ല. എന്റെ മനസും എന്റെ ആഗ്രഹങ്ങളും എന്റെ ആവശ്യങ്ങളും തന്നെയാണ് എന്റെ സമപ്രായക്കാരനും എന്ന തിരിച്ചറിവും ആ തിരിച്ചറിവിനെ പൂർണ്ണമായും നീതീകരിക്കുന്ന പ്രവർത്തിയും എങ്കിൽ അതിനേക്കാൾ മഹത്തരമായൊരു ചിന്ത വേറെയില്ല.
മുതിർന്നവരിൽ ഇല്ലാത്ത ചില നന്മകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് കുട്ടികളിൽ. പലപ്പോഴും മുതിർന്നവരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു തിരുത്തൽ ശക്തികൾ ആകാറുണ്ട് കുട്ടികൾ.
The Beyond ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/the-beyond_aoMV4LHJfLBXKkY320.html
വീടില്ലത്തവന്റെ മുന്നിൽ സ്വന്തം മണിമാളികളുടെ പകിട്ട് പറയുന്നവരുടെ നാടാണ് ഇതെന്ന് ഓർമ്മവേണം. നടന്നു കാലുകൾ തേഞ്ഞവന്റെ കൂടെ വിലയേറിയ സ്വന്തം കാറിന്റെ പകിട്ട് പറയുന്നവരുടെ നാടാണ് ഇതെന്ന് ഓർമ്മവേണം , മകളുടെ വിവാഹത്തിനു പണംകണ്ടെത്താൻ സാധിക്കാത്തവന്റെ കൂടെ സ്വന്തം മകൾക്കു അഞ്ഞൂറ്റിയൊന്നു പവൻ സ്ത്രീധനം നൽകിയെന്ന് പകിട്ട് പറയുന്നവരുടെ നാടാണ് ഇതെന്ന് ഓർമ്മവേണം… അങ്ങനെ പലതും ഓർമ്മവേണം എന്ന് ഓർമിപ്പിക്കുന്ന ഈ നാട്ടിൽ തന്നെയാണ് നഗ്നപാദനായി കാൽപ്പന്തു കളിക്കേണ്ട ഗതികേടുള്ള സമപ്രായക്കാരന്റെ മനസിനെ തിരിച്ചറിഞ്ഞു തന്റെ ഷൂസ് അവനു കൊടുത്ത ആ മാനവികബോധം.
ആ മാനവികബോധം ഒരു തിരുത്തൽ കൂടിയാകുന്നു… അത് മുതിർന്നവരെ മാത്രമല്ല.. രാഷ്ട്രങ്ങളെയും ഭരണകൂടത്തെയും ലോകത്തുള്ള സകല തിന്മകളെയും തിരുത്താൻ യോഗ്യതയുള്ള പ്രേരകശക്തിയാകുന്നു. ആ നാലുപേരിൽ വിരിഞ്ഞ പുഞ്ചിരി ഈ ലോകത്തെ ഏറ്റവും വലിയ വസന്തത്തെ പോലും നിഷ്പ്രഭമാക്കുന്നു. അവരുടെ ആ ഇടം.. ആ നിമിഷം ഭൂമിയിലെ ഏറ്റവും മനോഹരമായ ബിന്ദുവായി ശോഭിക്കുന്നു. മാരിയപ്പന്റെ അച്ഛൻ പശ്ചാത്താപത്തോടെ നിലത്തൊഴിച്ചുകളഞ്ഞ മദ്യം ലോകത്തെ സകല തിന്മകളെയും കൊണ്ട് വറ്റിപ്പോകുന്നു. മക്കളെ തിരിച്ചറിയാത്ത പിതാക്കന്മാരിൽ നിന്നും ദുർഭൂതം ഒഴിഞ്ഞുപോകുന്നു. ലോകമെങ്ങും അരുമചുംബനങ്ങളുടെ ശലഭങ്ങൾ ഉയർന്നുപൊങ്ങുന്നു . അതെ സമയം തൊട്ടടുത്ത് മറ്റൊരു കോണിൽ ഒരമ്മ തന്റെ മകനിൽ അഭിമാനിച്ചുകൊണ്ടു തന്റെ ഗർഭപാത്രത്തിൽ നിന്ന് ആരംഭിച്ച സുഖതരംഗത്തിൽ ലീനയാകുന്നു. ആ നിമിഷം മാരിയപ്പൻ മാരക്കാന പോലെ ഏതോ മഹത്തായ ഫുട്ബാൾ സ്റ്റേഡിയത്തിൽ നിന്നുകൊണ്ടു , ജനകോടികളെയും അവരുടെ ആരവങ്ങളെയും സാക്ഷിയാക്കി ആ ‘ഗോൾഡൻ ബൂട്ട് ‘ഏറ്റുവാങ്ങുന്നു.
The Beyond സംവിധാനം ചെയ്ത ബിജു സി ദാമോദരൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു. > ശബ്ദരേഖ
***
1,956 total views, 3 views today