Faizal Ks

എത്രയോ കൊല്ലമായി അടച്ചിട്ട് കിടക്കുന്ന ഒരു പൊളിഞ്ഞ കെട്ടിടമാണ്, അതങ്ങ് പോയാൽ എന്താ, ഇതോടെ ആ പ്രശ്നമങ്ങ് തീർന്നല്ലോ എന്നൊക്കെ വിശ്വസിക്കുന്ന, ആ ഭൂമി അവർക്കങ്ങ് വിട്ട് കൊടുത്താൽ മേലാൽ യാതോരു പ്രശ്നങ്ങളും ഉണ്ടാക്കാതെ സമാധാനപരമായി അവരങ്ങ് കഴിഞ്ഞ് പൊക്കോളും എന്നാശ്വസിക്കുന്ന ഒരുപാട് നിഷ്കളങ്കരുള്ള നാടാണ് നമ്മുടേത്.
അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്ന് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ, ഇതൊരു തുടക്കം മാത്രം. ആ കൂട്ടത്തിൽ പെട്ട ഒന്നാണ് ചാർമിനാർ. 2012ൽ ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്ത ദി ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരുന്നു

400 വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദ് നഗരത്തിൽ നിന്ന് പ്ലേഗ് രോഗം നിർമാർജനം ചെയ്തതിന്റെ ഓർമ്മയ്ക്ക് അന്നത്തെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ്ഷാ പണിത സ്മരകമാണ് ചാർമിനാർ. പത്തിരുനൂറു വർഷക്കാലം എങ്ങനെയാണോ പണിതീർത്തത് അതുപോലെ നിലനിന്ന ചാർമിനാറിന്റെ സൈഡിലായി ഒരു ക്ഷേത്രം ഉണ്ടാവുന്നത് 1960 ഒക്കെ ആയപ്പോഴാണ്. ആദ്യം ഒരു കല്ല് മാത്രം ഉണ്ടായത് വലുതായി വലുതായി അതൊരു വലിയ ലക്ഷ്മി ക്ഷേത്രം ആയി മാറി. ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിന്റെ സ്ഥലത്ത്, അത്രയും പഴക്കമേറിയ ഒരു ചരിത്രസ്മാരകത്തിലാണ് ഈ നടക്കുന്നത് എന്നോർക്കണം. 2010 ഒക്കെ ആയപ്പോഴേക്ക് ക്ഷേത്രമാണ് ആദ്യമേ അവിടെ ഉണ്ടായിരുന്നത് എന്ന വാദം കൊടുമ്പിരി കൊണ്ടു, 2012 ൽ ഹൈദരാബാദിൽ അതിന്റെ പേരിൽ കലാപം തന്നെ നടന്നു. ആ സമയത്താണ് ഹിന്ദു ദിനപത്രം 60 വർഷം മുൻപത്തെ ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും വച്ചൊരു സ്‌കൂപ്പ് പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് വേറെയും നാല് പഴയ ചിത്രങ്ങൾ അവർ പുറത്ത് വിട്ടു, ഒന്നിലും അവിടെ എവിടെയും ക്ഷേത്രം ഉണ്ടായിരുന്നില്ല.

ഇതിനൊക്കെ തെളിവ് ഉണ്ടായിട്ടും എന്താ എന്ന് അറിയാതെയല്ല, സന്ദർഭവശാൽ ഓർത്ത് പോയതാണ്. ഇത് “ഒരു” ചാര്‍മിനാറിന്റെ മാത്രം അവസ്ഥയൊന്നുമല്ല, നൂറു കണക്കിന് സ്മാരകങ്ങളുടെ ഒരു പ്രതിനിധിമാത്രം.

നമ്മുടെയീ കേരളത്തിൽ തന്നെ പാലക്കാട് ടിപ്പുവിന്റെ കോട്ടക്കകത്ത് ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ആരാധന തുടങ്ങുന്നതും, അതൊരു വലിയ ക്ഷേത്രമായി മാറുന്നതും 1990 കളിൽ മാത്രമാണ്. കാവിപട ഗ്രൂപ്പുകളിലെ ഫോർവേഡ് മെസേജുകൾ അനുസരിച്ച് അത് ഹനുമാൻ കോട്ട തകർത്ത് ടിപ്പു ഉണ്ടാക്കിയ കോട്ടയാണ്. താജ്മഹൽ തേജോമഹാലയ ആണെന്നും, ഉത്തർപ്രദേശിലെ തന്നെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒപ്പമുള്ള ഗ്യാൻവാപി മസ്ജിദും, കുതബ് മിനാർ കോംപ്ലക്സിൽ പൊളിഞ്ഞ് കിടക്കുന്ന ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദും ഒക്കെ തങ്ങൾക്ക് വിട്ടുതരണമെന്നും എത്രയോ കാലമായി മുറവിളികളുണ്ട്. സംഘം തുടങ്ങിയിട്ടേ ഉള്ളൂ!

ചാർമിനാറിനെ കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്ത:
http://www.thehindu.com/…/as-protests-ro…/article4116422.ece

കൂടുതൽ ചിത്രങ്ങളുമായി പിന്നീട് വന്നത് :
http://www.thehindu.com/…/temple-besides…/article4119747.ece

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.