ദി ക്ലാസിക് (2003)
സംവിധാനം Jae-young Kwak
നിങ്ങളിൽ പലരും ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കും ഈ കൊറിയൻ പടം. എങ്കിലും കുറിക്കട്ടെ,..
രണ്ട് കാലഘട്ടങ്ങളിലെ പ്രണയം അതിന്റെ ആർദ്രത ചോരതെ പറഞ്ഞു പോവുന്ന ഒരു ദക്ഷിണ കൊറിയൻ റൊമാന്റിക്ക് മെലോഡ്രാമയാണ് ദി ക്ലാസ്സിക്. പ്രണയം, പറഞ്ഞു പഴകി ഇത്രത്തോളം ക്ലിഷേ അടിച്ച് പോയ ഒരു വിഷയം വേറെ കാണില്ല ല്ലേ..,പ്രണയം, മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ ആദിമ വികാരം!!
മനുഷ്യൻ ഉള്ളിടിത്തോളം പ്രണയവും നിൽക്കുമെന്നത് പോലെ തന്നെ അതുവരേയ്ക്കും പ്രണയ കാവ്യങ്ങളും നിലനിൽക്കും…നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ പ്രണയകാലത്ത്, കൗമാരത്തിലോ യൗവ്വനത്തിൽ തന്നെയോ, ആ ചപലകാലത്ത് അത്രമേൽ ഹൃദയത്തിൽ ചാലിച്ച് നമ്മൾ എഴുതിയ പ്രണയ ലേഖനങ്ങൾ മറ്റൊരാൾ വായിക്കുമ്പോൾ അയാൾക്ക് എന്തായിരിക്കും തോന്നുക എന്ന്., പൈങ്കിളി അല്ലേ..,അതെ, എത്രത്തോളം സാഹിത്യാത്മകമായി വർണിച്ചാലും, നിന്നെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു, നിന്നെ കാണാൻ തോന്നുന്നു, നീ അടുത്തുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, ഇതല്ലാതെ മറ്റെന്താണ് ഒരു പ്രണയലേഖനത്തിൽ നമ്മുക്ക് കുറിക്കാനാവുക!
‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’ എന്ന് ഒ. എൻ. വി ഇത്രെമേൽ മനോഹരമായി കുറിക്കുമ്പോഴും, നിന്നെ ഒരുപാട് കാണാൻ തോന്നുന്നു, നീ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ചു പോകുന്നു, എന്നല്ലാതെ അതിൽ മറ്റെന്താണ് ഉള്ളത്.! ഈ സിനിമയിലെ ഒരു വരി തന്നെ നോക്കൂ – “ഇന്ന് കാലത്ത് ജനൽ തുറന്നപ്പോൾ ശിശിരത്തിന്റെ വരവറിയിച്ചുകൊണ്ട് പ്രയണയാർദ്രമായ ഒരു തെന്നൽ എന്നിലേക്ക് വീശി. ആ കാറ്റിന്റെ പിടിച്ച് ഈ കത്തിനകത്തിട്ട് ഞാൻ നിനക്കായി അയക്കുന്നു.”
പൈങ്കിളി തന്നെ.😌അതെ പുതുതായി മറ്റൊന്നും ഉൾക്കൊള്ളുന്നില്ലെങ്കിലും ഓരോ പ്രണയവും മനോഹരമാണ്, ഈ സിനിമയും…സിനിമയിലെ രണ്ട് പ്രണയങ്ങളും ഒന്നിന്റെ തന്റെ രണ്ട് പതിപ്പാണ്. അമ്മയിലും മകളിലും പ്രണയം നഷ്ടങ്ങളെ സമ്മാനിച്ച് കടന്ന് പോകുന്നു. അമ്മയുടെ പഴയ ഡയറികുറിപ്പുകളിലൂടെ അമ്മയെയും അവരുടെ നഷ്ട പ്രണയെത്തെയും അടുത്തറിയുന്ന മകൾ ആ തനിയാവർത്തനത്തെ വേദനയോടെ രണ്ട് തവണ അനുഭവിക്കുന്നു. മകളുടെ പ്രണയം പക്ഷെ ഒടുവിൽ സാഫല്യം നുകരുന്നു.
തുറന്ന് പറയാതെ പറക്കമുറ്റാതെ പോയ എത്രയെത്ര പ്രണയങ്ങൾ ഉണ്ടാകും! പറയാതെ പറഞ്ഞവ അതിലും ഏറെയാകും. സമാധി വിട്ട് ഉണരാത്ത ശലഭങ്ങളെ പോലെ അവ ഓർമ്മകളിൽ മാത്രം ചിറകടിക്കയും മധു നുകരുകയും ചെയുന്നുണ്ടാകാം! അവൾക്കൊപ്പം /അവനൊപ്പം അന്ന് നനഞ്ഞ മഴ പോലെ തോരാതിരിക്കാൻ ആശിച്ചുവെങ്കിലും തോർന്നു തീരുകയും മനസ്സിൽ തോരാതെ പെയ്ത് നിൽക്കുകയും ചെയ്യുന്ന ഒരനുഭൂതി നൽകുന്നുണ്ട് ഈ ചിത്രം. മഴ തോർന്നാലും തോരാത്ത മരപ്പെയ്തു പോലെ പിന്നെയും തോരാത്ത മനപ്പെയ്തു പോലെ. പ്രിയപ്പെട്ടവർക്കൊപ്പം അന്ന് നനഞ്ഞ മഴ നാമിന്നും ഓർമകളിൽ നനയാറില്ലേ!
പ്രിയപ്പെട്ടവർ സമ്മാനിക്കുന്ന നിസാരമെന്ന് തോന്നുന്നത് പോലും നമ്മുക്ക് വിലമതിക്കാനാകാത്തതാകും, അത് കൊണ്ടല്ലേ അവൾ സമ്മാനിച്ച നെക്ലൈസ് ജീവൻ പോലും പണയം വെച്ച് അവൻ വീണ്ടെടുക്കുന്നത്! അത് പോലെ അവനൊരിക്കൽ പിടിച്ച് നൽകിയ മിന്നാമിനുങ്ങിനെ അവൾ കുറേ നാൾ സൂക്ഷിച്ച് വെച്ചത്.! അവളേയും തോളിലെടുത്ത് പുഴവരെ നടക്കുന്നു പോകുന്ന അവനോട് അവൾ ചോദിക്കുന്നുണ്ട്, ‘നിന്റെ തോള് കടയുന്നുണ്ടോ? എന്നെ നല്ല ഭാരാട്ടോ’. മറുപടിയായി അവൻ പറയുന്നു, ‘ഇല്ല നിന്നെ ഇങ്ങനെ തോളിലേറ്റി ഞാൻ എവിടെ വേണേലും പോകും.’ എന്ന്. പ്രണയവും ഒരു തരത്തിൽ അങ്ങനെ തന്നെയല്ലേ, നഷ്ടപ്പെട്ടിട്ടും നാമതിനെ മരണം വരെ മനസിൽ പേറുന്നു!😔
പശ്ചാത്തല സംഗീതം വളരെ മനോഹരമായി തന്നെ സിനിമയോട് ഇഴചേർന്നിരിക്കുന്നു. മണ്ണിലേക്ക് പുതുമഴ അടർന്ന് വീഴും പോലെ അവർക്കിടയിലെ പ്രണയം കാണികളുടെ മനസിലേക്ക് ആഴത്തിൽ പതിപ്പിക്കുന്നതിൽ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് വലുതാണ്. പ്രധാന വേഷങ്ങളിൽ വന്ന അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണ്. അമ്മയായും മകളായും ഇരട്ടവേഷത്തിൽ വന്ന Son Ye-Jin അഭിനയത്തിലൂടെ ഒരുപാട് നിരൂപക പ്രശംസ ഏറ്റുവാങ്ങി.തീർച്ചയായും കാണുന്ന പ്രേക്ഷകന്റെ മനസിനെ തൊടുന്ന ഒരു സിനിമ തന്നെയാണ് ദി ക്ലാസിക്… കാണാത്തവർക്ക് സ്നേഹത്തോടെ ഞാൻ റെക്കമെന്റ് ചെയുന്നു… 😍