ക്യൂബക്ക് സഹായം നൽകിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ.

102
ക്യൂബക്ക് സഹായം നൽകിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ.
1991ൽ സോവിയറ്റ് യൂണിയൻ പൂർണമായും തകർന്നപ്പോൾ ആഘോഷിച്ച കോൺഗ്രസുകാരുള്ള നാടാണ് കേരളം. ഇനിയെന്ത് കമ്യൂണിസമെന്ന് അവർ ചോദിച്ചുകൊണ്ടേയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് പിന്നാലെ പല കമ്യൂണിസ്റ്റ് പാർടികൾക്കും തിരിച്ചടി നേരിട്ടു. ഇന്നല്ലെങ്കിൽ നാളെ ക്യൂബ തകരുമെന്ന് എല്ലാവരും പ്രചരിപ്പിച്ചു.
അമേരിക്കയുടെ ഉപരോധം ഉണ്ടായിരുന്നിട്ടും ക്യൂബയെന്ന കൊച്ചുരാജ്യം പിടിച്ചുനിന്നതിന് പിന്നിൽ സോവിയറ്റ് യൂണിയൻ്റെ സഹായമുണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ അമേരിക്ക ഉപരോധം കൂടുതൽ ശക്തമാക്കി. ക്യൂബയുടെ ദേശീയ വരുമാനത്തിന്റെ പ്രധാന ഭാഗമായിരുന്നു സോവിയറ്റ് യൂണിയൻ നൽകിയിരുന്ന സബ്‌സിഡി. അതില്ലാതായതോടെ ക്യൂബയുടെ മൊത്ത ആഭ്യന്തര ഉൽ‌പാദനം 1989 നും 1993 നും ഇടയിൽ 35 ശതമാനം കുറഞ്ഞു. പ്രതിസന്ധിയുടെ ഏറ്റവും കഠിനമായ വർഷങ്ങളിൽ തങ്ങൾ കുട്ടികളെ പഞ്ചസാര ചേർത്ത പച്ചവെള്ളം നൽകിയാണ് സ്കൂളിലേക്ക് അയയ്ക്കുന്നതെന്നായിരുന്നു ക്യൂബയിലെ അമ്മമാർ പറഞ്ഞത്. അവരുടെ ഷൂസ് ടയർ സ്ക്രാപ്പുകളും പശയും ഉപയോഗിച്ച് നിർമ്മിച്ചവയായിരുന്നു. ഇന്ധനക്ഷാമത്തെത്തുടർന്ന് വാഹന ഗതാഗതം നിലച്ചു. ഫാക്ടറികൾ അടച്ചു; തൊഴിലാളികളെ പിരിച്ചുവിട്ടു. കൃഷിക്കാർക്ക് അവരുടെ ട്രാക്ടറുകൾക്ക് പകരം കുതിരകളെയും കാളകളെയും നൽകി. ഈ സന്ദർഭത്തിൽ ക്യൂബ എപ്പോൾ വേണമെങ്കിലും തകരാമെന്ന് ആളുകൾ കണക്കുകൂട്ടി.
ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർടികൾ ക്യൂബക്ക് സഹായം നൽകാൻ മുന്നിട്ടിറങ്ങി. രാജ്യത്ത് സിപിഐഎമ്മും ക്യൂബയെ സഹായിക്കാൻ പണപ്പിരിവ് നടത്തി. കേരളത്തിൽ ബക്കറ്റ് പിരിവ് നടത്തിയവരെ തകരാൻ പോവുന്നവർക്കെന്തിനാണ് സാമ്പത്തിക സഹായമെന്ന് നാട്ടിലെ കോൺഗ്രസുകാർ പരിഹസിച്ചിരുന്നു. എല്ലാ പരിഹാസങ്ങളെയും മറികടന്ന് ഇന്ത്യയിൽ നിന്ന് മാത്രം പതിനായിരം ടൺ അരിയും പതിനായിരം ടൺ ഗോതമ്പും സിപിഐഎം ക്യൂബയിലേക്കെത്തിക്കുകയുണ്ടായി. സഖാവ് ഹർകിഷൻ സിംഗ് സുർജിത്തും സഖാവ് എം എ ബേബിയും പോയാണ് നമ്മുടെ സഹായം അവരെ ഏൽപ്പിച്ചത്. ഹവാന തുറമുഖത്ത് സഖാവ് കാസ്ട്രോ നേരിട്ടെത്തിയാണ് ഇന്ത്യൻ സംഘത്തെ സ്വീകരിച്ചത്. ഈ കടം എങ്ങനെ തിരിച്ചടയ്ക്കാമെന്ന് കാസ്ട്രോ പ്രതിനിധി സംഘത്തോട് ചോദിച്ചപ്പോൾ, ക്യൂബയ്ക്ക് സഹായം നൽകുന്നത് കമ്മ്യൂണിസ്റ്റുകാരെന്ന നിലയിൽ നമ്മുടെ കടമയാണെന്ന് സഖാവ് സുർജിത് പ്രതികരിച്ചു. കമ്യൂണിസ്റ്റ് ഇതര പ്രവർത്തകർ പോലും ഈ ശ്രമത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും അതിനാൽ കോൺഗ്രസ് നേതാവ് കെ എൻ സിംഗിനെ സഹായ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് കമ്യൂണിസ്റ്റ് പാർടികളും സമാന മനസ്കരും നൽകിയ സഹായവും ക്യൂബയിൽ ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങളും ഇന്നുമാ രാജ്യത്തെ അമേരിക്കയുടെ ശത്രുക്കളായും വിശ്വമാനവികതയുടെ മിത്രങ്ങളായും നിലനിർത്തുന്നു. ഈ കൊറോണക്കാലത്ത് ലോകം മുഴുവൻ ക്യൂബയുടെ പ്രവർത്തനങ്ങളെ ആദരവോടെ നോക്കിക്കാണുന്നു.