പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.

0
12915

പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യത്തിലെ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട (24/01/2019) ഒരു വാർത്തയാണ് ഈ ആർട്ടിക്കിൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. മത്സ്യത്തൊഴിലാളി യുവാവും എംബിബിഎസ് വിദ്യാർഥിനിയും തമ്മിലെ പ്രണയത്തിൽ എതിർപ്പ്; യുവാവിന്റെ വീടിനു തീയിട്ടു. സംഭവംനടന്നത് നമ്മുടെ പ്രബുദ്ധകേരളത്തിൽ തന്നെയാണ്. ഒരേസമുദായത്തിൽ പെട്ടവരാണ് വാദികളും പ്രതികളും. വിദ്യാഭ്യാസവും സാക്ഷരതയും ഒരു നാടിനെയും മുന്നോട്ടു നടത്തുന്നില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തം. ഈ നാട്ടിൽ മെഡിസിൻ പഠനം, ഡോക്ടർ ജോലി എന്നിവയ്ക്ക് എന്നും പതിവിൽക്കവിഞ്ഞ ഗ്ലാമറും പ്രാധാന്യവുമുണ്ട്. എന്നാലോ മത്സ്യബന്ധനം പോലുള്ള ജോലികൾ പാർശ്വവത്കരിക്കപ്പെട്ട ദരിദ്രരുടെതായി തുടരുകയും ചെയ്യുന്നു.

ജാതിവ്യവസ്ഥപോലെ തീവ്രമാണ് ഇവിടത്തെ സാമ്പത്തികവിവേചനവും. അത് ജാതി-മത വിവേചനങ്ങളുടെ സഹോദരസ്ഥാനത്തു തുടരുന്നു. സമ്പന്നൻ കൂടുതൽ സമ്പന്നായിക്കൊണ്ടിരിക്കുകയും ദരിദ്രൻ കൂടുതൽ ദരിദ്രനായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥ നമുക്ക് സുപരിചിതമാണല്ലോ. സമ്പന്ന സമ്പന്നനെ മാത്രമേ പ്രണയിക്കാൻ പാടുള്ളൂ. ദരിദ്രൻ ദരിദ്രയെ നോക്കിയാൽ മതി എന്നുള്ള ചിന്താഗതിയാണ് നമ്മുടെ സമൂഹം പറഞ്ഞു പഠിക്കുന്നത്. ഒരു ദരിദ്രൻ സമ്പന്നയെ പ്രണയിച്ചാൽ പുളിങ്കൊമ്പിൽ ആണല്ലോ പിടിച്ചതെന്ന പരിഹാസംതന്നെ അത് സംഭവിക്കാൻ പാടില്ലാത്ത ഒന്നെന്ന അർത്ഥത്തിലാണ്. ജാതിയുടെ കൈപിടിച്ച് സമ്പത്തും നമ്മുടെ സമൂഹത്തിൽ സ്റ്റാറ്റസ് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമായി തുടരുന്നു. ഡോക്ടർ സ്വന്തം ജാതിയിലെ മറ്റൊരു ഡോക്ടറെ തന്നെ പ്രണയിക്കണം.അതാണ് നാട്ടുനടപ്പ്. മത്സ്യത്തൊഴിലാളി യുവാവിന് കടപ്പുറത്തുനിന്നും അതെ സമുദായത്തിലെയൊരു പെണ്ണിനെ കണ്ടെത്തി പ്രണയിക്കാവുന്നതാണ്. അല്ലാതെ ‘പുളിങ്കൊമ്പിൽ’ പിടിച്ചാൽ പ്രണയത്തോടു കലിപ്പുള്ളവർ ഇടപെടും.

ഒരുവൻ കൊള്ളയടിച്ചും കൊന്നും പണമുണ്ടാക്കിയാലും അവന്റെ മാളികയെ നോക്കി ‘അവൻ ചുണക്കുട്ടി’ എന്ന് മന്ത്രിക്കുന്ന ജനങ്ങളാണ് ഇവിടുള്ളത്. ‘നാണംകെട്ടും പണംനേടുകിൽ നാണക്കേടാ പണം മായ്ച്ചിടും’ അതാണ് ഇവിടത്തെ അവസ്ഥ. അതുകൊണ്ടുതന്നെ അധ്വാനത്തിന്റെ വിയർപ്പിന് യാതൊരു മൂല്യവുമില്ല.

പാശ്ചാത്യനാടുകളിൽ കഠിനമായ ജോലികൾ ചെയ്യുന്നവർക്കാണ് എന്നും അന്തസ്സ് കൂടുതൽ. അവിടെ സമ്പന്നനും ദരിദ്രനും ഉണ്ടായിരിക്കും എന്നാൽ വിവേചനം ഉണ്ടാകുന്നില്ല. കാരണംഞാൻ മുകളിൽ പറഞ്ഞപോലെ ജാതിവിവേചനങ്ങളും കപടമായ പാരമ്പര്യവാദങ്ങളും ഉള്ള ഇടങ്ങളിൽ ആണ് അതിന്റെ ഉപോല്പന്നമായ സാമ്പത്തിക വിവേചനങ്ങളും സ്വാഭാവികമായി രൂപപ്പെടുന്നത്. പാശ്ചാത്യനാടുകളിൽ ജോലിചെയ്യുന്ന എന്റെ അനവധി സുഹൃത്തുക്കളോട് ഞാൻ ഈ വിഷയം പലകാലങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. അവിടങ്ങളിൽ ഇത്തരത്തിൽ യാതൊരു വിവേചനവും ഇല്ല എന്നാണു അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഒരു ഡോക്ടർ സമ്പാദിക്കുന്നതിലും അധികം അവിടെ ഒരു ‘കൂലിപ്പണിക്കാരൻ’ സമ്പാദിക്കുണ്ടാകും. ലോകംകണ്ട സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ജോർജിയൻ യാത്രയിൽ അദ്ദേഹത്തിന്റെ ഡ്രൈവർ ആയും ഗൈഡ് ആയും  ആ നാടുകൾ ചുറ്റിക്കാണിച്ചുകൊടുത്തത് അവിടത്തെ ഒരു പ്രശസ്ത ന്യൂറോ സർജൻ ആയിരുന്നത്രേ. ഒടുവിൽ പരസ്പരം പരിചയപ്പെട്ടപ്പോൾ, താങ്കളുടെ യഥാർത്ഥ പ്രൊഫഷൻ എന്താണ് എന്ന സന്തോഷിന്റെ ചോദ്യത്തിനുത്തരമായിട്ടാണ് ഞെട്ടിച്ചുകൊണ്ട് അയാൾ മനസില്ലാമനസോടെ ആ സത്യം വെളിപ്പെടുത്തിയത്രെ. മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മാത്രമേ തന്നെക്കാൾ ചെറുതോ വലുതോ അല്ല ആരുമെന്ന സത്യം മനസിലാക്കാൻ സാധിക്കൂ. സായിപ്പിന്റെ മാനേഴ്‌സും നല്ല ഗുണങ്ങളും നമുക്കുവേണ്ട.  സ്വയമഹങ്കരിക്കാൻ അവരുടെ ഫാഷനും മറ്റുള്ളവർക്ക് നേരെ കുതിരകയറാൻ ഇംഗ്ലീഷ് ഭാഷയും മതി.

എന്റെയൊരു എഫ്ബി സുഹൃത്തായ രാധിക ഇറ്റലിയിലെ തന്റെ അനുഭവം എഴുതിയത് വായിക്കുകയുണ്ടായി. ഒരു റെസ്റ്റോറന്റിൽ വച്ചുകണ്ടുമുട്ടിയ തദ്ദേശീയ ആയ പെൺകുട്ടിയുമായുള്ള സംഭാഷണമാണ് വിഷയം. മെഡിസിന് പഠിക്കുന്ന അവൾ തന്റെ ബോയി ഫ്രണ്ടിനെ കാത്തിരിക്കുമ്പോഴായിരുന്നു പരിചയപ്പെടുന്നത്. ബോയി ഫ്രണ്ടിന് എന്താണ് ജോലിയെന്നുള്ള രാധികയുടെ ചോദ്യത്തിന് മറുപടിയായി യാതൊരു കുറച്ചിലും കൂടാതെ അവൾ പെയിന്റിംഗ് എന്ന് മറുപടിപറഞ്ഞു. ഇന്ത്യയിലെ എഴുപതു ശതമാനം സ്ത്രീകളും ബാറിൽ പോയിട്ടില്ലെന്നും ഡ്രൈവിംഗ് അറിയുന്നവരല്ലെന്നും അറിഞ്ഞപ്പോൾ, നിങ്ങൾ ‘ആദിവാസികൾ’ ആണോ എന്നാ പെൺകുട്ടി കളിയാക്കിയത്രേ. തുടർന്ന് അവളുടെ ബോയിഫ്രണ്ട് വരികയും അവൾ യാത്രപറയുകയും ചെയ്തപ്പോൾ അവളുടെ കരംഗ്രഹിച്ചുകൊണ്ടു ‘നിങ്ങൾ വിവാഹം കഴിക്കുമോ ‘ എന്നു രാധിക ചോദിച്ചു. മറുപടിയായി, തീർച്ചയായും വിവാഹം കഴിക്കുമെന്നും എന്റെ ജീവിതം എന്റെ തീരുമാനമാനമെന്നും ഇവിടെ അങ്ങനെയാണെന്നും പറഞ്ഞുകൊണ്ട് അവൾ കാമുകനെ ചുംബിച്ചു. നോക്കൂ എന്ത് ആത്മവിശ്വാസത്തോടെയുള്ള മറുപടി. നമ്മുടെ നാട്ടിലൊരു മെഡിസിൻ വിദ്യാർത്ഥിനി പെയിന്റിംഗ് ജോലിചെയ്യുന്നവനെ പ്രണയിച്ചാൽ മുകളിൽ പറഞ്ഞപോലെ അവന്റെ വീട് കത്തുകയോ അവൻതന്നെ കത്തുകയോ ചെയ്തേയ്ക്കാം.

പാശ്ചാത്യഭാഷകളിലെ പ്രണയസിനിമകൾ പലപ്പോഴും ലൈംഗികതകൊണ്ട് ചൂടുപകരുന്നതാകും. ബന്ധത്തിലെ ആന്തരികമായ വ്യക്തിപ്രശ്നങ്ങളാകും പലപ്പോഴും അതിലെ വില്ലന്മാർ. എങ്കിൽ നമ്മുടെ പ്രണയ സിനിമകൾ അസാധ്യ കോമഡികൾ ആണ്. ലോകത്തു മറ്റൊരിടത്തും കണ്ടില്ലാത്തതരത്തിൽ ജാതീയതയും സാമ്പത്തിക വിവേചനകളും ആകുന്നു അതിലെ വില്ലന്മാർ. വളരെ അഭിമാനത്തോടെ ബോക്സോഫീസുകളിൽ മെഗാഹിറ്റുകൾ ആക്കുകയും ചെയുന്നു. വിശ്വാസംവരുന്നില്ലെങ്കിൽ നമ്മുടെ ഓരോ പ്രണയസിനിമകളെയും പരിശോധിക്കൂ മനസിലാകും. നായകനും നായികയും രണ്ടു സമുദായം, അടി,വെടി,യുദ്ധം..ഒടുവിൽ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളേ ഒരുമിക്കുകയാണ്. ചിലപ്പോൾ ഒരാൾ രക്തസാക്ഷിയാകും. മറ്റുചിലപ്പോൾ രണ്ടുപേരും കൈകോർത്തു മലയിൽനിന്നൊക്കെ ചാടിച്ചാകും. ഒരു രാജ്യത്തിൻറെ വൃത്തികെട്ട സാമൂഹികാവസ്ഥ പ്രണയത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സിനിമയിലൂടെ കാണിക്കുന്നത് ബോധപൂർവ്വമായ പുരോഗമനചിന്ത കൊണ്ടൊന്നുമല്ല. ഇവിടെയിതൊക്കെ സ്വാഭാവികമായ കാര്യങ്ങളായതിനാൽ തന്നെയാണ്. എന്നാൽ പുതിയകാല സിനിമകളിൽ കുറച്ചൊക്കെ മാറ്റം ഉണ്ടാകുന്നുണ്ട് എന്നത് ആശ്വാസകരമാണ് കരുതുന്നു.

മതങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ ശ്വാസംമുട്ടുന്ന മനുഷ്യർക്ക് പ്രണയം ഒരു മഹാപാപമാണ്. കപടമായ ശുദ്ധിവാദങ്ങൾ കൊണ്ട് പെണ്ണിനെ പണ്ടേ തളച്ചിട്ടുകഴിഞ്ഞു. വർഷാവർഷം 20000 സ്ത്രീകൾ ദുരഭിമാനകൊലയ്ക്ക് ഇരയാകുന്ന രാജ്യമാണ് നമ്മുടെ മഹത്തായ ഇന്ത്യ. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷയത്തിനു കാരണമായെന്ന് ആരോപണം ചുമത്തി ഒരാളെ ആ സമൂഹമോ വീട്ടുകാരോ കൊലചെയുന്ന പ്രാകൃതമായ അവസ്ഥ. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും ഈ അവസ്ഥ അതിന്റെ പൈശാചിക ഭാവത്തോടെ നിലനിൽക്കുന്നു. ഇതിൽ സ്ത്രീകളും പുരുഷന്മാരും  ഒരുപോലെ ഇരയാകുന്നു. ഉയർന്ന ജാതിയിലെ പെണ്ണിനെ പ്രണയിച്ചാൽ പുരുഷന്റെ കാര്യവും കട്ടപ്പൊക.

Kevin and wife

ഇതിനു സമാനമായ രണ്ടു സംഭവങ്ങൾ കേരളത്തിലും അടുത്ത കാലത്തു സംഭവിച്ചിരുന്നു. 2018മെയ്‌ മാസത്തിൽ കോട്ടയം സ്വദേശിയായ കെവിനെ കൊലചെയ്തത് ഭാര്യയുടെ ബന്ധുക്കൾ തന്നെയായിരുന്നു. കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു കൊലപാതകമായിരുന്നു അത്. 2018 മാർച്ച് 22-നു മലപ്പുറം പത്തനാപുരത്ത് ആതിരയെന്ന പെൺകുട്ടിയെ ദുരഭിമാനക്കൊലയ്ക്കു വിധേയമാക്കിയത് അച്ഛനായ പൂവത്തിക്കണ്ടി ചാലത്തിങ്ങൽ രാജനായിരുന്നു. മകൾ ‘താണ’ ജാതിക്കാരനെ പ്രണയിച്ചതാണ് പിതാവിനെകൊണ്ടു ആ പ്രവർത്തിചെയ്യിപ്പിച്ചത്. ഇതിന്റെയൊക്കെ തുടർച്ചയെന്നോണമാണ് ഇപ്പോൾ മത്സ്യത്തൊഴിലാളിയായ കാമുകന്റെ വീട് പെൺകുട്ടിയുടെ വീട്ടുകാർ അഗ്നിക്കിരയാക്കിയതും.

മത്സ്യത്തൊഴിലാളിയായ കാമുകന്റെ വീട്

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മറ്റൊരു പ്രണയകലാരൂപമാണ് ‘ഒളിച്ചോട്ടം’. ആരിൽ നിന്നാണ് കമിതാക്കൾ ഒളിച്ചോടുന്നത്? ബന്ധുക്കളിൽ നിന്നെന്നു പറയുന്നതിനേക്കാൾ  സാമൂഹികവ്യവസ്ഥയിൽ നിന്നെന്നു പറയുന്നതാണ് സത്യം. ഒളിച്ചോട്ടം എന്ന കലാരൂപത്തെ കുറിച്ച് നമ്മൾ പുറംരാജ്യങ്ങളിൽ സംസാരിച്ചാൽ അവർക്കു അത്ഭുതമാകും ഉണ്ടാകുക. ഇങ്ങനെയും ഒരു രാജ്യമോ എന്നാകും അവരുടെ ഭാവം. ആഹാ ‘ഇൻക്രെഡിബിൾ ഇന്ത്യ ‘ തന്നെ. ഒരുമിച്ചു ഒറ്റ ഞെട്ടിൽ തൂങ്ങിനില്ക്കുന്ന പഴങ്ങളാകുന്നതിലും ഭേദം ഒളിച്ചോട്ടം തന്നെയാണ് ഭേദം. എന്റെ ചുറ്റുപാടുകളിൽ എത്രപേർ ഇങ്ങനെ ഈ വൃത്തികെട്ട വ്യവസ്ഥയിൽ നിന്നും ഒളിച്ചോടി രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്നും സങ്കടപ്പെടുത്തുന്നുണ്ട് ഒരു മരണം. ഹിന്ദുമതത്തിലെ യുവതിയെ പ്രണയിച്ചതുകൊണ്ടു വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ പ്രിയ സുഹൃത്ത് പ്രകാശ് പോളിനെ ഓർക്കുമ്പോൾ. വിവാഹത്തിലൂടെ ജാതി-മതങ്ങളെ, പാരമ്പര്യവാദങ്ങളെ ലംഘിക്കാൻ യുവത്വം മുന്നോട്ടുവരണം. എന്നാൽ മാത്രമേ തലമുറകളുടെ കുത്തൊഴുക്കിൽ അനാവശ്യമായവ എല്ലാം ഒലിച്ചുപോകുകയുള്ളൂ.

ആതിര

ആരോഗ്യത്തിന് ഡോക്ടർ വേണം വീടുണ്ടാക്കാൻ എഞ്ചിനിയർ വേണം …എന്നതുപോലെ മത്സ്യം കഴിക്കണമെങ്കിൽ മത്സ്യത്തൊഴിലാളി വേണം, ധാന്യങ്ങളും പച്ചക്കറികളും വേണമെങ്കിൽ കർഷകൻ വേണം, മുടിമുറിക്കാൻ ബാർബർ വേണം, നല്ല ഭക്ഷണമുണ്ടാക്കാൻ പാചകക്കാരൻ വേണം, വാഹനത്തിൽ യാത്രചെയ്യാൻ ഡ്രൈവർ വേണം, നല്ല ഫർണീച്ചറുകൾ ഉണ്ടാക്കാൻ കാർപ്പെന്റർ വേണം……എല്ലാരെയും നമുക്കാവശ്യമാണ്. ആരും വലുതുംചെറുതുമല്ല എന്ന പാശ്ചാത്യകാഴ്ചപ്പാടിനെ സ്വീകരിക്കാൻ നമ്മൾക്കിനി എത്ര തലമുറകളുടെ കഷ്ടപ്പെടുകൾ വേണ്ടിവരും? വൃത്തികെട്ട ജാതിവാലുകൾ ഫിറ്റ് ചെയ്തുകൊണ്ട് നടക്കുന്ന വിദ്യാസമ്പന്നർ നമ്മെ ഏറെ ഭയപ്പെടുത്തുകയാണ്. പൂർവ്വികരുടെ തെറ്റുകൾ അതുപോലെ പകർന്നെടുക്കുന്ന കൂപമണ്ഡൂകങ്ങൾ. അവരുടെ ഈ രാജ്യത്തിൽ വിവേചനം അതിന്റെ എല്ലാ ഭീകരതയോടും നിലനിൽക്കും ഏറെക്കാലം എന്നത് ദുഃഖകരമായ സത്യം തന്നെ.

ബാൽക്കണിയിൽ നിന്ന് മഴകണ്ടാസ്വദിച്ച സമ്പന്നന്റെ മഴയോർമകളേക്കാൾ തീഷ്ണമാണ് ഊടുവലിച്ച വീടുകളിലിരിരുന്നവരുടെ മഴയോർമ്മകൾ. സമ്പന്നനെപ്പോലെ ദരിദ്രനും പ്രണയിക്കണം. പ്രകൃതിക്കു സമ്പന്ന-ദരിദ്രവ്യത്യാസമില്ല. പ്രണയം എല്ലാരിലും സന്നിവേശിപ്പിച്ചിട്ടുണ്ട്. കീശയുടെ കനം നോക്കിയുള്ളതു പ്രണയമല്ല,അത് സ്വാർത്ഥതയാണ്. അത്തരം സ്വാർത്ഥതകളിൽ അറവമാടുകളെപ്പോലെ വിലപേശി വിവാഹക്കമ്പോളത്തിലേക്ക് ആനയിക്കപ്പെടുന്നവർ. തികച്ചും അശ്ലീലമായ കെട്ടുകാഴ്ചകൾ ആണ് സമൂഹത്തിൽ അവതരിപ്പിക്കുന്നത്.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്. അന്യരുടെ പ്രണയത്തെപ്പോലും അസഹ്യതയോടെ വിലക്കുന്ന നാട്ടിൽ സ്വന്തം കുടുംബത്തിലുള്ള ഒരാളിന്റെ പ്രണയത്തെ ബന്ധുക്കൾ എങ്ങനെ കാണുമെന്നു പറയേണ്ട കാര്യമില്ലല്ലോ. നിറങ്ങൾ വറ്റി നരച്ച ഒരു യാഥാസ്ഥിതിക രാജ്യത്തിൽ പ്രണയത്തെ അനുനിമിഷം തൂക്കിക്കൊല്ലുകയാണ് സംസ്കാരവും സമൂഹവും.