കളരി ഗുരുക്കളുടെ മരണം

329

kalari

പത്താം തരം കഴിഞ്ഞു ഗോപാലനായി കഴിയുന്ന കാലം.നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും എന്നെ കോളേജിലയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.ഏറ്റവും അടുത്ത കലാലയം നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ അകലെ കോഴിക്കോട്ടാണ്.ബസ് സൌകര്യമില്ല.ഹോസ്റ്റലില്‍ നില്‍ക്കണം.ഫീസ് വേണം.ഇന്നത്തെപ്പോലെയല്ല. കാഷ് എന്ന സാധനം സുലഭമല്ല.ഒന്നു ആഞ്ഞുപിടിച്ചാല്‍ വേണമെങ്കില്‍ പട്ടണത്തിലെ കോളേജില്‍ വിടാം.പക്ഷേ എന്റെ പിതാവിനു ധൈര്യമില്ല.കടം മേടിക്കാന്‍ ഭയങ്കര വിഷമവും, അതിലേറെ ഭയവുമാണ്.തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഉള്ളതെല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നവര്‍ പലരുണ്ട്.

വീട്ടില്‍ പട്ടിണിയില്ല.തിന്നാനും കുടിക്കാനും അങ്ങിനെ കുറവൊന്നുമില്ല. കപ്പയും ,കാച്ചിലും,ചേമ്പും,ചേനയും, ചക്കയും എല്ലാം സുലഭമാണ്.ആറുമാസത്തേക്ക് ചക്ക തന്നെ മതി.ധാരാളം പ്ലാവുകളും അതിലെല്ലാം നിറയെ ചക്കകളുമുണ്ട്.അതും എത്ര ഇനം? .വരിക്കപ്ലാവുകള്‍ തന്നെ പലതരം.ഞങ്ങള്‍ക്ക് ഒരു ‘കറുകറുപ്പന്‍’ പ്ലാവുണ്ടായിരുന്നു.നല്ല തേന്‍ വരിക്ക.പഴുത്താലും ഒരു കറുകറു ഇഫക്റ്റ്. ഞങ്ങള്‍ എഴുമക്കളും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു കുടുംബം.(അതിനുശേഷം അമ്മ മൂന്നു പ്രസവിച്ചു).പക്ഷേ കാശില്ലാ.കുരുമുളകായിരുന്നു കാര്‍ഷികാദായം.അതിനു വിലയില്ല.അരി മേടിക്കുന്നതും അത്യാവശ്യം വട്ടച്ചെലവുകള്‍ നടത്തുന്നതും രണ്ടു പശുക്കളും ഒരു എരുമയും സഹായിക്കുന്നതുകൊണ്ടാണ്.

ഗോപാലനായി മാറിയതുകൊണ്ടു ചില ഗുണങ്ങളുണ്ടായി.നേരത്തെതന്നെയുണ്ടായിരുന്ന വായന കൂടുതല്‍ സജീവമായി.ഭേദപ്പെട്ടൊരു ലൈബ്രറി നാട്ടിലുണ്ടായിരുന്നു.ലോക ക്ലാസ്സിക്കുകള്‍ ഒട്ടുമിക്കതും വായിച്ചുതീര്‍ത്തത് ഇക്കാലത്താണ്.പശു പരിപാലനവും വായനയും ഒത്തുപോകുന്ന പണികളാണ്.കൂടാതെ അത്യാവശ്യം ചെസ്സും കളിക്കും.മുന്നോട്ട് പഠിക്കാന്‍ കഴിയാതിരുന്നതിന്റെ വേദന ഞാന്‍ വായനകൊണ്ടും ചെസ്സ് കളികൊണ്ടും മറച്ചു.

ഞങ്ങളുടെ നാട് ചെറിയോരങ്ങാടിയാണ്.പത്തിരുപതു കടകളുണ്ട്.പോസ്റ്റ് ഓഫീസാണ് ഏക സര്ക്കാര്‍ സ്ഥാപനം.തൊട്ടടുത്ത് പള്ളി.കടകളിലൊക്കെ ‘പറ്റു’ സമ്പ്രദായമാണ്.പൈസ കൊടുത്തു സാധനങ്ങള്‍ വാങ്ങുന്ന രീതിയില്ല.പറ്റെഴുതി വെക്കും.കടക്കാര്‍ക്കും ഇതേ സമ്പ്രദായം തന്നെ.അവര്‍ കോഴിക്കോട്ടുനിന്നു സാധനങ്ങള്‍ വാങ്ങി നാട്ടുകാര്‍ക്ക് കൊടുക്കുന്നു.കള്ളക്കണക്കെഴുതി ഉപഭോക്താക്കളെ കുളം കോരുന്ന കച്ചവടക്കാരുണ്ട്. അതുപോലെ പത്തു പൈസ തിരിച്ചു കൊടുക്കാത്ത തൊരപ്പന്‍മാരുമുണ്ട്.കടമെല്ലാം ദീപാവലിക്ക് തീരണം.അതാണ് നിയമം.അക്കാര്യത്തില്‍ ടൌണിലെ മാര്‍വാഡികള്‍ കണിശക്കാരാണ്.ഇല്ലെങ്കില്‍ പിറ്റേ വര്‍ഷം കടത്തിന്റെ കച്ചവടമില്ല.കടം കിട്ടിയില്ലെങ്കില്‍ നാട്ടിന്‍പുറത്തെ കച്ചവടം നടക്കുകയുമില്ല.അതുകൊണ്ടു ദീപാവലി ആകുമ്പോഴേക്കും ഒരു പരക്കംപാച്ചിലാണ്.പൊതുവേ കര്‍ഷകരുടെ കയ്യില്‍ കാശില്ലാത്ത കാലമാണ് ഒക്ടോബര്‍നവംബര്‍.എങ്ങിനെയെങ്കിലും കുറെ കാശുണ്ടാക്കി കൊടുത്തേ പറ്റൂ.അല്പ്പം പൊന്നിന്റെ തരിയുള്ളത് പണയം വെച്ചിട്ടോ,പറമ്പിലെ മരം വെട്ടി വിറ്റിട്ടോ,കാര്യം നടത്തും.ഒരു ദിവസം തൊഴിലുറപ്പ് പണിക്കു പോയാല്‍ മൂന്നുമാസത്തേക്ക് വേണ്ട അരി വാങ്ങാന്‍ പറ്റുന്ന ഇക്കാലത്ത് ജീവിക്കുന്നവര്‍ക്ക് ഞാന്‍ പറയുന്ന ‘അതിശയോക്തികള്‍’ ഒറ്റയടിക്ക് സ്വീകാര്യമാവണമെന്നില്ല.

എന്തോ സാധനം വാങ്ങുവാന്‍ അങ്ങാടിയിലെക്കിറങ്ങിയതായിരുന്നു ഞാന്‍.തൊരപ്പന്‍ കുഞ്ഞൂഞ്ഞിന്റെ കടയ്ക്ക് മുന്നില്‍ ഒരാള്‍ക്കൂട്ടം.പഞ്ചായത്ത് മെമ്പര്‍ കുഞ്ഞേട്ടനുണ്ട്.അയാളുടെ അനുജന്‍ കുഞ്ഞപ്പച്ചനുണ്ട്.പിന്നെ കുറച്ചു കാഴ്ചക്കാരും.എല്ലാവരും ഒരാളെ കാത്തിരിക്കയാണ്.ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്.

വാഴക്കുളംകാരന്‍ കുര്യാക്കോ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് ഒരുമാസം തികഞ്ഞിട്ടില്ല.നാട്ടില്‍നിന്ന് കുഞ്ഞപ്പച്ചനെ അന്യോഷിച്ചു വന്നതാണ്,ആ പഴയ ചങ്ങാതി.പ്രായം മുപ്പത്തഞ്ചില്‍ കൂടില്ല.വെളുത്തു ചെമന്നു നമ്മുടെ മമ്മൂട്ടിയെ തോല്‍പ്പിക്കുന്ന ഗ്ലാമര്‍.ഒന്നു കണ്ടവര്‍ ഒന്നുകൂടി നോക്കുന്ന ഉശിരന്‍.ഒരു അഞ്ചാറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കഴുത്തില്‍.കളരി ഗുരുക്കളാണത്രേ.സദാസമയം ഉറുമി അരയില്‍ ചുറ്റിയിട്ടുണ്ടെന്നാണ് കേള്‍വി.മച്ചുകുഴി പത്രൊസിന്റെ പറമ്പില്‍ ആലകെട്ടി,കുര്യാക്കോ കളരിയഭ്യാസം തുടങ്ങി.കളരി പഠിക്കാന്‍ പത്തു പതിനഞ്ചു ചെറുപ്പക്കാര്‍.തലേ ദിവസമാണ് ദക്ഷിണ വെച്ചു ഞാനും അങ്കക്കളത്തില്‍ ഇറങ്ങിയത്.ആദ്യദിവസം തന്നെ ഗുരുക്കള്‍ ഒരു ചുവടു പഠിപ്പിച്ചു തന്നു.

കുര്യാക്കോ പൊതുവേ മാന്യനാണ്.സൌമ്യമായ പെരുമാറ്റ രീതികള്‍ .പക്ഷേ അല്‍പ്പം മദ്യം അകത്തുചെന്നാല്‍ പിന്നെ ഒരുവക പെരുമാറ്റമാണത്രെ.അന്ന് വ്യാജ മദ്യമേയുള്ളൂ.അതുസേവിക്കാനും കുഞ്ഞപ്പച്ചന്‍ തന്നെയാണ് കൂട്ട്.തലേന്ന് സുഹൃത്തുക്കളുടെ മദ്യസേവ അല്‍പ്പം ഓവറായിപ്പോയി.പാതിരാത്രി കഴിഞ്ഞിട്ടും കുര്യാക്കോ വിട്ടുപോകുന്നില്ല.കൂട്ടുകാരനെ പോകാന്‍ അനുവദിക്കുന്നുമില്ല.രണ്ടുപേരും തമ്മില്‍ തെറിവിളിയും ഉന്തും തള്ളുമായി.അവസാനം മടുത്തു റോഡരികില്‍ തന്നെ വീണുറങ്ങി.

ഒരു വരത്തന്റെ തെറിവിളയാട്ടം അവസാനിപ്പിക്കണം എന്നു പറഞ്ഞു കുഞ്ഞേട്ടനെയും അനുജനെയും ചൂടാക്കിയത് കുഞ്ഞൂഞ്ഞാണ്.അവന് നല്ല തല്ല് കൊടുക്കണം.പഞ്ചായത്ത് മെംബര്‍ക്ക് ധൈര്യം വന്നില്ല.കുര്യാക്കോ അഭ്യാസിയാണ്.തല്ലാന്‍ പോയാല്‍ ചിലപ്പോള്‍ തല്ല് മേടിച്ചു പോരേണ്ടി വരും.പോരെങ്കില്‍ ഗുരുക്കളുടെ അരയില്‍ ചുറ്റിയിരിക്കുന്ന ഉറുമിയെക്കുറിച്ചുള്ള പേടിയും.അതുമല്ല, അയാള്‍ അനുജന്റെ സുഹൃത്തുമാണ്.അവന്‍ ഉറുമിയെടുത്താല്‍ തങ്ങള്‍ കല്ലെറിഞ്ഞു വീഴ്ത്തിക്കൊള്ളാം എന്നായി കുഞ്ഞൂഞ്ഞു.

കുര്യാക്കോ താഴത്തങ്ങാടിയില്‍ നിന്നു നടന്നു വരികയായിരുന്നു.കുഞ്ഞേട്ടനെക്കണ്ട് ഒന്നു ചിരിച്ചു.’ഇതെന്താ ഒരാള്‍ക്കൂട്ടം ?’ എന്നൊരു കുശലവും ചോദിച്ചു.കുഞ്ഞേട്ടന്റെ മുഖം കടുത്തു.

‘നീ ഇന്നലെ രാത്രി എന്താ ചെയ്‌തേ? തെറി വിളിച്ച് നീ നാട്ടുകാരെ വിരട്ടുമല്ലേ?’ കുഞ്ഞേട്ടന്റെ ശബ്ദം ഉയര്‍ന്നു.

‘എനിക്കിന്നലെ അല്പ്പം വെള്ളം കൂടിപ്പോയി.’കുര്യാക്കോ മര്യാദ പറഞ്ഞു.പെട്ടെന്നു കുഞ്ഞപ്പച്ചന്‍ പുറകില്‍ കക്ഷത്തിലൂടെ രണ്ടു കയ്യും കടത്തി കുര്യാക്കോയുടെ തലക്ക് പിന്നില്‍ പിടിച്ചു.കുഞ്ഞേട്ടന്‍ മുന്നോട്ട് വന്നു അയാളുടെ രണ്ടു കവിളിലും ആഞ്ഞടിച്ചു.സുഹൃത്തിന്റെ അവിശ്വസനീയമായ നീക്കത്തില്‍ ഗുരുക്കള്‍ തരിച്ചു നിന്നു.ആ കണ്ണു നിറഞ്ഞു.

‘എന്നെ ആരും ഇതുവരെ അടിച്ചിട്ടില്ല’ അയാള്‍ വിതുമ്പി. നിനക്കിനിയും കിട്ടുംകുഞ്ഞൂഞ്ഞു പുലമ്പി.

താഴ്ന്ന ശിരസ്സുമായി കുര്യാക്കോ നടന്നു പോയി.

എന്റെ മനസ്സ് നൊന്തു.മര്യാദ പറഞ്ഞ ഒരാളെ സംഘം ചേര്‍ന്ന് നേരിടുന്ന കല എന്റെ മനസ്സിന് എന്നും വന്യം തന്നെയാണ്.

പിറ്റെന്നു ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടാണ് ഗ്രാമം ഉണര്‍ന്നത്.കുര്യാക്കോ തൂങ്ങി മരിച്ചു.കുഞ്ഞേട്ടന്റെ പറമ്പിലെ പ്ലാവിലാണ് കളരി ഗുരുക്കള്‍ തൂങ്ങിയത്.ഉപയോഗിച്ചത് കൂട്ടുകാരന്റെ കിണറ്റില്‍ ഉപയോഗിയ്ക്കുന്ന കയര്‍.ആ മരണം ഞങ്ങളുടെ നാട്ടില്‍ വേറൊരു മരണത്തിനും കാരണമായി. പോലീസിനെ കൊണ്ടുവരാനും ഗുരുക്കളുടെ പോസ്റ്റ്മാര്‍ട്ടത്തിനും എല്ലാം മുന്‍ കയ്യെടുത്തതു പഞ്ചായത്ത് മെമ്പരും അനുജനും തന്നെ.ഗുരുക്കളുടെ വീട്ടിലേക്ക് കത്തെഴുതി എങ്കിലും കത്ത് കിട്ടി ബന്ധുക്കള്‍ എത്താന്‍ ഒരാഴ്ച്ച എടുത്തു.അപ്പോഴേക്കും പോലീസ് ആ മൃതദേഹം മറവു ചെയ്തിരുന്നു.മറ്റാരെയും കാണിക്കാതെ ബന്ധുക്കളെ കൊണ്ടുനടന്നതും ഒഴപ്പാന്‍ ശ്രമിച്ച പോലീസിന്റെ കയ്യില്‍നിന്നും ആറുപവന്റെ സ്വര്‍ണമാല വാങ്ങി അവര്‍ക്ക് കൊടുത്തതും മെമ്പര്‍ ആയിരുന്നു.ഗുരുക്കളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും കൂടുതലൊന്നും സംഭവിച്ചില്ല. പിന്നീട് പഞ്ചായത്ത് മെംബര്‍ ആ പ്ലാവ് വെട്ടിക്കളഞ്ഞു.ആ പറമ്പു ലക്ഷം വീട് പദ്ധതിക്കു വേണ്ടി പഞ്ചായത്തിനെക്കൊണ്ടു വാങ്ങിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ഞാന്‍ ആ വഴിക്കുപോയിരുന്നു.കുഞ്ഞപ്പച്ചനുണ്ട്,ജീവിച്ചിരിക്കുന്നു. ധനികനായിരുന്ന കുഞ്ഞേട്ടന്റെ കുടുംബം ഛിന്നഭിന്നമായിപ്പോയി.ഒരു മകന്‍ ആരുടെയോ കൂടെയാണ്.ഒരാള്‍ വാടകയ്ക്ക് താമസിച്ചു ചെറുജോലികള്‍ ചെയ്തു കഴിയുന്നു.ആ കുടുംബത്തില്‍ ഒരാളും ഗുണം പിടിച്ചില്ല.

ജീവിതത്തിന്റെ ഓരോ ഗതിവിഗതികള്‍.