ലോകത്തിലെ ഏറ്റവും മനോഹരമായ മരണചിത്രം

576

കടപ്പാട് : N S Arun Kumar

ലോകത്തിലെ ഏറ്റവും മനോഹരമായ മരണചിത്രം- അത് പകര്‍ത്തിയ ആളിനെ അതില്‍നിന്നും കണ്ണെടുക്കാന്‍ കഴിയാത്ത തരത്തില്‍ അതിലേക്ക് നോക്കിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

ചുവന്ന റോസാദളങ്ങള്‍ വിതറിയ വെളുത്ത വിരിയിട്ട കിടക്കയില്‍ അര്‍ത്ഥനിമീലിതമായ കണ്ണുകളുമായി ഒരു സുന്ദരി ഉറങ്ങിക്കിടക്കുന്നു!

ഉറക്കമല്ല, മരണമായിരുന്നു, മരിച്ചത് സൗന്ദര്യത്തിന്റെ അര്‍ത്ഥസംഹിതയായി ലോകം കീഴടക്കിയ മര്‍ലിന്‍ മണ്‍റോ ആയിരുന്നു, 1962 ഓഗസ്റ്റ് 5-ന്.

അന്ന് പതിവില്ലാതെ, മര്‍ലിന്റെ വീട്ടുടമ അവിടെ തങ്ങിയിരുന്നു.

പുലര്‍ച്ചെ 3.30-ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അവര്‍ക്ക് എന്തോ പന്തികേടു തോന്നി.

മര്‍ലിന്റെ മുറിയിലെ വിളക്കണഞ്ഞിരുന്നില്ല. പക്ഷേ, മുറി തുറക്കുന്നില്ലായിരുന്നു.

അവര്‍ വേഗം മെര്‍ലിനെ ചികിത്സിച്ചിരുന്ന സെെക്യാട്രിറ്റിസ്റ്റിനെ വിവരമറിയിച്ചു.

റാല്‍ഫ് ഗ്രീന്‍സണ്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

വാതില്‍ ചവിട്ടിത്തുറന്ന അദ്ദേഹം മരിച്ചുകിടക്കുന്ന മണ്‍റോയ്ക്കരികില്‍ നിന്നും താന്‍ നിര്‍ദ്ദേശിച്ചിരുന്ന രണ്ട് മരുന്നുകളുടെ ബോട്ടിലുകള്‍ കണ്ടെത്തി- Nembutal എന്ന ബ്രാന്‍ഡ്നെയിമുള്ള Pentobarbutal-ഉം Chloral hydrate-ഉം.

ഇവ രണ്ടും ‘മാരകമാത്ര'(Lethal Dose)ക്കും പതിന്‍മടങ്ങായ അളവില്‍ മണ്‍റോയുടെ രക്തത്തിലുണ്ടായിരുന്നു.

അതുകാരണം ആത്മഹത്യ തന്നെ എന്ന നിലപാടിലായിരുന്നു പോലീസ്.

കാരണം, നേരിട്ട് കഴിക്കുകയല്ലാതെ, ആള്‍ക്കഹോളിലോ വെള്ളത്തിലോ അത് ലയിപ്പിച്ചുനല്‍കുക, അസാധ്യമായിരുന്നു, അത്രയും ഉയര്‍ന്ന മാത്രയില്‍.

ഉയര്‍ന്ന അളവില്‍ ശ്വസനപ്രക്രിയയെ തടയുന്നതായിരുന്നു Nembutal. ആയതിനാല്‍ അത് വധശിക്ഷയ്ക്കുപയോഗിച്ചിരുന്നു അമേരിക്കയില്‍.

ഇതൊക്കെയും ആത്മഹത്യ എന്ന സാധ്യതയെ ഉറപ്പിക്കുന്നതായിരുന്നു.

പക്ഷേ, ആത്മഹത്യാക്കുറിപ്പ്.. അതില്ലായിരുന്നു, അഥവാ കാണാനില്ലായിരുന്നു.

1972-ല്‍, Merilyn- A Biography എന്ന പുസ്തകം പുറത്തുവന്നപ്പോള്‍ പക്ഷേ, കഥ മാറി.

ഒരു കൊലപാതകത്തിന്റെ ചേരുവകളാണ് ജീവചരിത്രകാരന്‍ സ്വരുക്കൂട്ടിയത്.

അതേത്തുടര്‍ന്ന് ഒരു ക്രിമിനല്‍ അന്വേഷണവും നടന്നുവെങ്കിലും ഒന്നും തെളിഞ്ഞില്ല.

പക്ഷേ, ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ഇതാണ്- പാതികടിച്ച ആപ്പിളിനുവേണ്ടി ആരാധകര്‍ കോടി കുതിര്‍ത്ത മര്‍ലിന്‍ മണ്‍റോ എന്തിന് ആത്മഹത്യ ചെയ്തു..?