രണ്ടു വ്യക്തികൾ…കടലാഴങ്ങളോളം വൈരുദ്ധ്യമുള്ള രണ്ടന്തരങ്ങൾ

0
147

അഡ്വ. ജഹാംഗീർ റസാഖ് പാലേരി

രണ്ടു വ്യക്തികൾ…കടലാഴങ്ങളോളം വൈരുദ്ധ്യമുള്ള രണ്ടന്തരങ്ങൾ…

ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയുടെ നായകന്മാർ രണ്ടു ഘട്ടങ്ങളിലെ ഇന്ത്യാസന്ദർശന വേളകളിൽ എഴുതിയ അക്ഷരങ്ങളും കയ്യൊപ്പുകളുമാണ് രണ്ടു ചിത്രങ്ങളിൽ.
ഒന്ന് – 2015 ൽ രാജ്ഘട്ട് സന്ദർശിച്ച ശേഷം അന്നത്തെ US പ്രസിഡൻറ് ബറാക് ഹുസ്സയിൻ ഒബാമ സന്ദർശക പുസ്തകത്തിൽ എഴുതിയത്. What Martin Luther King, Jr., said then remains true today. The spirit of Gandhi is very much alive in India today,And it remains a great gift to the world. May we always live in his spirit of love and peace among all people and nations.” (Barack Obama-2015)

രണ്ട് – ഇന്ന്, സബർമതി ആശ്രമം സന്ദർശിച്ച ശേഷം US പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ് സന്ദർശക പുസ്തകത്തിൽ എഴുതിയത്. “To my great friend Prime minister Modi. Thank you for this wonderful Visit.” (Donald Trump-2020)
മുസ്ലിം രഹിത, നീഗ്രോ രഹിത, കുടിയേറ്റ രഹിത അമേരിക്ക സ്വപ്നം കാണുന്ന, അതിനായി വന്മതിലുകൾ പണിതുയർത്തി കുടിയേറ്റത്തെ തടയാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രമ്പിന്റെ മാനസികനിലപോലെത്തന്നെ വികൃതമാണ് അയാളുടെ അക്ഷരങ്ങളും കയ്യൊപ്പും. ഇലക്ഷൻ പ്രചാരണസമയത്ത് അന്നാട്ടിലെ, റോബോർട്ട് ഗോർഡോൺ യൂണിവേഴ്സിറ്റി പതിനായിരക്കണക്കിനു മനുഷ്യരുടെ നിരന്തര പരാതികള്‍ പരിഗണിച്ച്, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിമോഹിയും, മുസ്ലിം- നീഗ്രോ വിരുദ്ധനും, ആ നിലയില്‍ മനുഷ്യ വിരുദ്ധനുമായ, Donald J. Trump നു നല്‍കിയ ഓണററി പദവികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മനുഷ്യൻ ഇപ്പോൾ അമേരിക്കൻ സെനറ്റിൽ ഇമ്പീച് ചെയ്യപ്പെടുകയും ചെയ്തു. അതും രാഷ്ട്രീയ എതിരാളിക്കെതിരെ കള്ളക്കേസെടുക്കാൻ മറ്റൊരു രാജ്യത്തെ നിർബന്ധിച്ചതിന്റെ പേരിൽ. മേൽസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ കഷ്ട്ടിച്ചു രക്ഷപ്പെട്ടെന്നുമാത്രം!

അന്ന് യൂണിവേഴ്സിറ്റിയുടെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞു-
“ഇപ്പോള്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാംബൈനില്‍ മിസ്റ്റര്‍ ട്രമ്പ്‌ യൂണിവേഴ്സിറ്റിയുടെയും, മുഴുവന്‍ ലോകമാനവികതയുടെയുംഅന്തസ്സത്തയ്ക്ക് നിരയ്ക്കാത്ത പ്രസ്താവനകളും, പ്രഖ്യാപനങ്ങളും നിരന്തരമായി നടത്തുന്നു. ”
ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്‌ മാനസിക വൈകല്യമുള്ള ഒരു നായകന്‍ ഉണ്ടാകുന്നത് ഈ പ്രപഞ്ചത്തിനു തന്നെ നാശമാണെന്ന് നന്മയുള്ള ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നിരീക്ഷകർ മുന്നേ പറഞ്ഞിരുന്നു . ഒരു വശത്ത്‌ മതതീവ്രവാദവും, അതിനു ബദല്‍ എന്ന പേരില്‍ മറുവശത്ത്‌ മതത്തിന്റെയും, നിറത്തിന്റെയും പേരില്‍ വംശീയ വിദ്വേഷം വളരുന്നതുമായിരിക്കും, ആ നിലയിൽ പടിഞ്ഞാറ് നേരിടാന്‍ പോകുന്ന വലിയ രാഷ്ട്രീയ വിപത്ത് എന്ന് അക്കൂട്ടർ നിരീക്ഷിച്ചിരുന്നു..!

അതേ സാമ്രാജ്യത്വ രാഷ്‌ട്രത്തിന്റെ തലവൻതന്നെയായിരുന്നു ബറാക് ഒബാമയും…
മമ്മൂട്ടി കഴിഞ്ഞാല്‍ എനിക്ക് അസൂയ തോന്നിയ ഒരേയൊരു ശബ്ദത്തിന്റെ ഉടമ…
കണ്ണീരും, പൊട്ടിച്ചിരിയും ഒളിപ്പിക്കാത്ത നിഷ്കളങ്കന്‍ ..!
അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും സ്മാര്‍ട്ടായ, വാചാലനായ, വാഗ്മിയായ നാല്പ്പതിനാലാമത് പ്രസിഡന്റ്. അമേരിക്കൻ ജനത നിറവ്യത്യാസമില്ലാതെ നെഞ്ചോട് ചേർത്ത നേതാവ്. സമാധാനത്തിനുള്ള നൊബേൽ ജേതാവ്.!

കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ നിന്നും, ഹാർവാർഡ് ലോ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയവന്‍. ഹാർവാർഡ് ലോ റിവ്യൂയുടെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ പ്രസിഡണ്ട്. നിയമപഠനത്തിനു ചേരുന്നതിനു മുൻപ് ചിക്കാഗോയിൽ സാമൂഹ്യപ്രവർത്തകനായും, ഇല്ലിനോയിയിൽ സെനറ്റ് അംഗമായി 1997 മുതൽ 2004 വരെ തെരഞ്ഞെടുക്കപ്പെടുന്നതു വരെ സിവിൽ നിയമ അറ്റോർണറിയായും സേവനമനുഷ്ഠിച്ച സമർത്ഥൻ.!!
1992 മുതൽ 2004 വരെ ചിക്കാഗോ ലോ സ്കൂളിൽ ഒരു അദ്ധ്യാപകനായും സേവനമനുഷ്ഠിച്ച ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്.!
മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കൾക്ക് ജനിച്ച മകന്‍. പിതാവ് ബറാക്ക് ഹുസൈൻ ഒബാമ കെനിയൻ മുസ്‌ലിമും മാതാവ് ആൻ ഡൺഹം കൻസാസ് സ്വദേശിനിയായ വെള്ളക്കാരിയുമായിരുന്നു.
ഒബാമയ്ക്കു രണ്ടു വയസ് മാത്രമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി. അച്ഛൻ കെനിയയിലേക്കു മടങ്ങുകയും ചെയ്തു. അമ്മ ഹവായ് സർവകലാശാലയിലെ തന്നെ ഒരു ഇന്തോനേഷ്യൻ വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒബാമയ്ക്ക് ഒരു അർദ്ധ സഹോദരിയുണ്ട്. അമ്മയുടെ രണ്ടാം വിവാഹശേഷം ജക്കാർത്തയിലേക്കു പോയ ഒബാമ പത്താം വയസുവരെ അവിടെയാണു പഠിച്ചത്. പിന്നീട് ഹൊണോലൂലുവിൽ തിരിച്ചെത്തി അമ്മയുടെ കുടുംബത്തോടൊപ്പം വളർന്നു. ഒബാമയ്ക്ക് 21 വയസുള്ളപ്പോൾ പിതാവ് കെനിയയിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛൻ നൽകിയ സ്വപ്നങ്ങൾ” (Dreams from My Father) എന്ന പേരിൽ ഒബാമ 1995-ൽ ഒരു ഓർമ്മപുസ്തകമിറക്കി.
2007 ഫെബ്രുവരിയിൽ ഇല്ലിനോയിലെ സ്പ്രിങ്ഫീല്ഡിലുള്ള ഓൾഡ് സ്റ്റേറ്റ് ക്യാപ്പിറ്റൊൾ കെട്ടിടത്തിൽവച്ച്, ഒബാമ 2008-ൽ നടക്കുവാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഇല്ലിനോയിലെ തന്റെ സെനറ്റ് ജീവിതത്തെക്കുറിച്ച് പരാമർശിച്ചതിന് ശേഷം തന്റെ സ്ഥാനാർത്ഥിത്വത്തെ എബ്രാഹം ലിങ്കന്റെ ഹൗസ് ഡിവൈഡഡ് പ്രസംഗവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഒബാമ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
എന്നെ സംബന്ധിച്ച് ഞാന്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വം ഒബാമയാണ്. പദവിയിലുണ്ടായിരുന്ന എല്ലാ ആഴ്ചകളിലും ഇദ്ദേഹത്തിന്‍റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് കേള്‍ക്കാറുണ്ടായിരുന്നു. ചേലും, ചാരുതയുമുണ്ടായിരുന്നു ഒബാമാ പ്രസംഗങ്ങള്‍ക്ക്. അക്ഷയഖനിപോലുള്ള പദസമ്പത്തും, യുക്‌തിഭദ്രമായ അവതരണവും. മാനവികതയും മനുഷ്യത്വവുമായിരുന്നു സംസാരിച്ചിരുന്നതും.! ഏറ്റവും ചുരുങ്ങിയത് ട്രമ്പിന്റെ കാലത്തെ അമേരിക്കക്കാർക്കെങ്കിലും Barack Obama യെ അതിഭയങ്കരമായി മിസ്സ്‌ ചെയ്യും. ഇടിമുഴക്കം പോലുള്ള ആ പൌരുഷ ശബ്ദവും..! കര്‍ക്കിടക മാസത്തിലെ പുഴയൊഴുകും പോലെയുള്ള ആ വാക്കുകളുടെ പ്രവാഹവും..!!
ഈ ചിത്രങ്ങളിൽ കാണുന്ന അക്ഷരങ്ങൾ എല്ലാം സംസാരിക്കുന്നുണ്ട്…
അവ സൂചിപ്പിക്കുന്ന ചരിത്രബോധം…
സന്ദർഭത്തിന്റെ ഔചിത്യം…
ആ അക്ഷരങ്ങളുടെ ഒഴുക്ക്…
കൈയ്യൊപ്പിന്റെ ചാരുത…
അർത്ഥ ഗാംഭീര്യം…
വ്യക്തിത്വത്തിന്റെ ഗരിമ…
അതിൻ്റെ കുലീനത… എല്ലാം…
സ്റ്റേറ്റുമാൻഷിപ്പുള്ള ഭരണാധികാരികളെയും, ചരിത്രത്തിന് കൈത്തെറ്റ്‌ പറ്റുന്ന ചില കോമാളികളെയും രേഖപ്പെടുത്തിവയ്ക്കാൻ അരക്കടലാസിൽ കോറിയിടുന്ന ചിലയക്ഷരങ്ങൾ ധാരാളം മതി.! ചരിത്രത്തിലും, വർത്തമാനത്തിലും…!!

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
8136 888 889