യഥാർത്ഥ ശാസ്ത്രജ്ഞരും ഫേക്ക് ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം

125

Radhakrishnan Kalathil

അതാണ് ശാസ്ത്രം ! യഥാർത്ഥ ശാസ്ത്രജ്ഞരും ഫേക്ക് ശാസ്ത്രജ്ഞരും തമ്മിലുള്ള വിത്യാസവും അവിടെയാണ് . നോബൽ ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞ ഫ്രാൻസസ് അർണോൾഡ് എൻസൈം വിശ്ലേഷണവുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും പുതിയ പഠനം ഉപേക്ഷിച്ചുവത്രെ. എന്തെന്നു വച്ചാൽ പഠനത്തിന്റെ ഫലങ്ങൾ പുനഃസൃഷ്ടിക്കാൻ ആവാത്തതാണ് കാരണം . വെറും വിശ്വാസവും ആധുനിക ശാസ്ത്രവും തമ്മിലുള്ള വിത്യാസം അതാണ് .

ഒരു പരീക്ഷണത്തിൽ ഒരു റിസൾട്ട്‌ ലഭിച്ചാൽ ആ ഫലം അതേ സാഹചര്യങ്ങളിൽ എത്ര തവണ ആവർത്തിച്ചാലും ആ ഫലം തന്നെ പുനർ സൃഷ്ടിക്കപ്പെടണം. അത് സാധ്യമാവുന്നില്ലയെങ്കിൽ അതിന് വെറും ഊഹം അല്ലെങ്കിൽ വിശാസം എന്ന പരിഗണന മാത്രമേ കിട്ടൂ . അവരുടെ എത്രയോ അദ്ധ്വാനവും വിലപ്പെട്ട സമയവും പാഴായി . “പരാജയം സമ്മതിക്കേണ്ടി വന്നത് വേദനാജനകമാണെങ്കിലും അത് ചെയ്യേണ്ടിവന്നു ” എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്. യാതൊരു പരീക്ഷണ നിരീക്ഷണങ്ങൾക്കും സമയം മെനക്കെടുത്താതെ എന്തോ ഏതോ ഒരു വെളിപാട് കിട്ടിയാൽ അത് ശാസ്ത്രമെന്ന മട്ടിൽ കൊട്ടിഘോഷിച്ചു നടക്കുന്ന ഇവിടുത്തെ കപടവൈദ്യാദികളും അവരുടെയൊക്കെ ആരാധകസംഘങ്ങളും എല്ലാം ഇത്തരം വാർത്തകൾ ശ്രദ്ധിച്ചാൽ കൊള്ളാം.

പക്ഷെ സാമൂഹിക ശാസ്ത്രവിഷയമാവുമ്പോൾ രീതിശാസ്ത്രം കുറേക്കൂടി വ്യത്യസ്തമാണ് എന്നും ഓർക്കുക .അതിന് അത്ര മാത്രം കൃത്യത ഉറപ്പിക്കാൻ സാധ്യമല്ല. സാമ്പത്തിക ശാസ്ത്ര വിഷയങ്ങളിലൊക്കെ നമ്മൾ ഒരു അനുമാനത്തിലെത്തുമ്പോൾ ഒരിക്കലും ഒരു പരീക്ഷണശാലയിൽ വച്ചു ഫലപ്രാപ്തി ഉറപ്പ് വരുത്താൻ കഴിയില്ലല്ലോ ? അത്തരം സിദ്ധാന്തങ്ങളുടെയും തത്വങ്ങളുടെയും സാധുത നമ്മൾ സമൂഹത്തിൽ പ്രയോഗത്തിൽവരുത്തിക്കൊണ്ട് തന്നെ തെളിയിക്കേണ്ടിവരും. ഫലം പ്രതീക്ഷിക്കുന്ന ഗുണവശങ്ങൾക്ക് വിരുദ്ധമാവുമ്പോൾ നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ മാത്രമേ നിർവ്വാഹമുള്ളൂ. അത്തരം വിഷയങ്ങളിൽ എണ്ണമറ്റ പണ്ഡിതരുടെ പഠനങ്ങളെയും നിഗമനങ്ങളെയും അവലംബിക്കേണ്ടി വരുന്നതും പക്ഷെ ഫലസാധ്യത പലപ്പോഴും പരിതാപകരമായ പരാജയത്തിൽ കലാശിക്കുന്നതും അതുകൊണ്ടാണ്.

Advertisements