Muhammed Sageer Pandarathil
ഈ വര്‍ഷം മികച്ച ഡോക്യുമെന്ററിക്കുളള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ദ എലിഫന്റ് വിസ്പറേഴ്‌സിന്റെ റിവ്യൂ….
സിഖ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുണീത് മോംഗയും അച്ചിന്‍ ജെയിനും ചേര്‍ന്ന് നിർമ്മിച്ച് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ച ഓസ്കാർ നേട്ടം എല്ലാ ഇന്ത്യക്കാർക്കും നൽകുന്ന സന്തോഷം കുറച്ചൊന്നുമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഇതേ ഗണത്തിൽ 2019 തിലെ ഓസ്‌കാർ നേട്ടം ഇന്ത്യൻ ഡോക്യുമെന്ററിക്ക് തന്നെയായിരുന്നു. അന്ന് ഈ അവാർഡ് നേടിയത് ‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററി ആയിരുന്നു. അതിന്റെ സംവിധായിക സെറ്റ്ബാച്ചി എന്ന ഇറാനിയൻ അമേരിക്കൻ വനിതയായിരുന്നു. ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ അരുണാചലം മുരുകാനന്ദം കണ്ടെത്തിയ മെഷീൻ ഉപയോഗിച്ച് ഡൽഹി പുറമ്പോക്ക് ഗ്രാമമായ ഹാപൂരിലെ സ്ത്രീകൾക്കുണ്ടായ വിപ്ലവകരമായ മാറ്റത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ഇതിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഗുണീത് മോംഗ തന്നെയാണ് “ദ എലഫൻറ് വിസ്പറേഴ്സ്’ ന്റെയും നിര്‍മ്മാതാക്കളില്‍ ഒരാള്‍.
ഇനി ദ എലഫന്റ് വിസ്പറേഴ്സിലേക്ക് തിരിച്ച് വരാം. 2022 ഡിസംബര്‍ 8 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ഈ ഡോക്യുമെന്ററി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥയാണ് പറയുന്നത്. മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരായ തമിഴ്‌നാട്ടിലെ കാട്ടുനായ്ക്കര്‍ ഗോത്രത്തിൽപ്പെട്ട ബൊമ്മന്റെയും ഭാര്യ ബെല്ലിയുടെയും അവിടെ എത്തിപ്പെട്ട അനാഥനായ രഘു എന്ന കുട്ടിയാനയുടെയും ജീവിതം പറയുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്ത കാർത്തികി, ഇതിലെ രഘു എന്ന ആനയെ കാണുന്നത് 6 വർഷങ്ങൾക്ക് മുമ്പാണ്.
ബൊമ്മനും ഈ ആനക്കുട്ടിയും കുളിക്കാന്‍ പുഴയിലേക്ക് പോകുന്ന കാഴ്ച കണ്ട ഇവർ, അവരെ കുറിച്ച് അറിയാന്‍ താത്പര്യം കാണിക്കുകയും അവരുടെ കഥ മറ്റുള്ളരും അറിയണമെന്ന ചിന്തയുമാണ് ഇങ്ങിനെ ഒരു ഡോക്യുമെന്ററി എന്ന ആശയത്തിലേക്ക് കാർത്തികിയെ എത്തിക്കുന്നതും. പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഇവർ പ്രകൃതി, വന്യജീവി, സംസ്‌കാരം എന്നിവയില്‍ സ്‌പെഷ്യലൈസേഷനും കരസ്ഥമാക്കിയ ഒരു ഫോട്ടോ ജേണലിസ്റ്റാണ്.
ഊട്ടിയിലെ ട്രൈബല്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം, നീലഗിരിയിലെ കാട്ടുനായ്ക്കരില്‍ 25.54% മാത്രമേ സാക്ഷരതയുള്ളൂ. ഈ ആദിവാസി കുടുംബത്തിലെ കുട്ടികൾ വളർന്നാൽ, ഇവരെല്ലാം തങ്ങളുടെ മുന്‍തലമുറകളെ പോലെ ആനകളെ പരിപാലിക്കുന്നവരായി മാറുകയാണ് ചെയ്യുന്നത്. മുമ്പ് വേട്ടയാടി ജീവിച്ചിരുന്ന ഇവരുടെ ഇപ്പോഴത്തെ മുഖ്യ തൊഴിൽ ആനകളെ പരിപാലിക്കുന്നതാണ്. അതോടൊപ്പം സാഹസികമായി കാട്ടുതേൻ ശേഖരിക്കുന്നതിലും ഇവർ വിദഗ്ധരാണ്.
ദൈവമായാണ് പ്രകൃതിയെ ഇവർ കരുതുന്നതെന്ന്, അവരുടെ ജീവിതം നിരീക്ഷിച്ചാൽ അറിയാം. ഉദാഹരണത്തിന്, ഇതിലെ രഘു, അമ്മു എന്ന ആനക്കുട്ടികളെ അവിടെത്തെ ക്ഷേത്രത്തില്‍ കൊണ്ട് പോയി ഹാരമണിയിക്കുന്നതുമെല്ലാം കാണാം. ഇവർക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍, ഈ വിചിത്രആചാരങ്ങള്‍ പണ്ടേ ഇല്ലാതാകുമായിരുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ഉറ്റവരെ നഷ്ടപ്പെട്ട് കാടിറങ്ങുന്ന ഇത്തരം കുട്ടി ആനകളെ പരിചരിക്കുന്ന ബൊമ്മനും ബെല്ലിയും സ്നേഹവാത്സല്യങ്ങൾ നൽകി സ്വന്തം മക്കളെപ്പോലെയാണ് വളർത്തുന്നത്.
2017 ൽ ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ച് അനാഥനായ രഘു എന്ന ആനക്കുട്ടിയെ വളർത്താൻ അധികാരികൾ ബൊമ്മനെയും ബെല്ലിയെയും ഏൽപ്പിക്കുന്നത്. ഭക്ഷണമൊന്നും കഴിക്കാതെ അവശനായ രഘു ജീവിക്കുമോ എന്ന സംശയത്തിൽ ലഭിച്ച ആ ആനക്കുട്ടിയെ അവർ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നു. സ്വന്തം കുട്ടികളെ നോക്കുന്നതു പോലെ കഷ്ടപ്പെട്ടാണ് അവർ രഘുവിനെ വളർത്തുന്നത്. മരിച്ചു പോയ സ്വന്തം മകൾ തിരിച്ചു വന്നതു പോലെയായിരുന്നു ബെല്ലിക്ക് രഘു. ബൊമ്മനാണെങ്കിൽ രഘുവില്ലെങ്കിൽ ജീവിതത്തിൽ ഒന്നുമില്ല.
പുലിയുടെ ആക്രമണത്തിലാണ് ബെല്ലിയുടെ ഭർത്താവ് മരിച്ചത്.അതിനാൽ അവൾക്ക് കാടിനോട് വലിയ പേടിയായിരുന്നു. രഘു ജീവിതത്തിലേക്കു വന്നതോടെ ഭർത്താവ് മരിച്ച ആഘാതം മറികടന്ന് കാടിനോടുള്ള പേടി മാറുന്നു. വൈകാതെ 6 മാസം മാത്രം പ്രായമുള്ള അമ്മു എന്ന ആനക്കുട്ടി കൂടി അവരുടെ സംരക്ഷണത്തിലേക്ക് എത്തുന്നു. കുറുമ്പുകാരിയായ അമ്മു അവരെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കും. ഉമ്മ കൊടുക്കും.ആദ്യമൊക്കെ ശണ്ഠ കൂടിയിരുന്ന അമ്മുവും രഘുവും അടുത്ത കൂട്ടുകാരായി മാറി. ബൊമ്മനും ബെല്ലിയും അവർക്ക് അച്ഛനും അമ്മയമായി.അവർ വേർപിരിയാനാവാത്ത പോലെ ഒരു കുടുംബമായി. ബൊമ്മൻ്റെ സഹായിയായി ബെല്ലി പിന്നീട് ബൊമ്മനെ വിവാഹം കഴിക്കുന്നു. ആനക്കഥകൾ കേൾക്കാൻ ബെല്ലിയുടെ പേരമകൾ സജ്ഞനയും ആ കുടുംബത്തിൻ്റെ ഭാഗമായി മാറുന്നുണ്ട്.
അഞ്ചു വയസ്സ് എത്തുന്നതോടെ രഘുവിനെ അവിടെ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുന്നു. ഇത് ബൊമ്മനെയും ബെല്ലിയേയും ദുഃഖത്തിൽ ആഴ്ത്തുന്നുണ്ട്. ആ ദുഃഖം കുറച്ചെങ്കിലും കുറക്കുന്നത് അമ്മുവാണ്. എങ്കിലും ഇപ്പോഴും എവിടെ വെച്ചു കണ്ടാലും രഘു എല്ലാം മറന്ന് ബൊമ്മൻ്റെ അടുത്തേക്ക് ഓടി എത്തും. രഘുവിന് ഇന്ന് ഏഴു വയസ്സും അമ്മുവിന് മൂന്നു വയസ്സും കഴിഞ്ഞു. ഉപേക്ഷിക്കപ്പെട്ട് അനാഥരായ എല്ലാ ആനക്കുട്ടികളെയും രക്ഷിക്കാനാവില്ലെങ്കിലും ആത്മാർത്ഥമായി ശ്രമിച്ചാൽ കുറെയേറെ എണ്ണത്തിനെ രക്ഷിച്ചെടുക്കാമെന്ന് ബൊമ്മൻ പറയുന്നത്.
പരിസ്ഥിതി നശീകരണം കാരണം വന്യജീവികൾ വെള്ളവും ഭക്ഷണവും തേടി നാട്ടിലെത്തുന്നത് പറയുന്നുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണം ഈ ചിത്രത്തിൻ്റെ വിഷയമല്ല. മനുഷ്യരും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ബൊമ്മൻ്റെയും ബെല്ലിയുടെയും പ്രകൃതിയോളം വരുന്ന വിശാലമായ മനസ്സിന്റെ വിശുദ്ധിയോടൊപ്പം മനുഷ്യരും വൃക്ഷങ്ങളും മൃഗങ്ങളും പ്രകൃതിയുമെല്ലാം ചേർന്ന ജീവൻ്റെ ഏകത്വമഹത്വവും വിളിച്ചോതുന്നുണ്ട്. അതെല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാൽ ഒരിക്കലെങ്കിലും നമ്മൾ ഈ ഡോക്യുമെന്ററി കൊണ്ടിരിക്കണം.