വയലാർ ഗാനങ്ങളിലെ സ്ത്രീസങ്കല്പം

463

 

വയലാർ ഗാനങ്ങളിലെ സ്ത്രീസങ്കല്പം

നാല്പത്തി നാല് വർഷമായി ആ ഗാനഗന്ധർവൻ നമ്മെ വിട്ടുപോയിട്ട് .ഈ ഒക്ടോബര് 27 ന് നാല്പത്തി നാലിലേക്ക് കടക്കുന്നു. ജീവനുള്ളപ്പോൾ ആ ശരീരം നാല്പത്തേഴു കൊല്ലത്തോളമേ നമ്മോടൊപ്പമുണ്ടായിരുന്നുള്ളു എന്നാലും ഇനിയും നൂറ്റാണ്ടുകളോളം ആ സാന്നിധ്യം നമ്മളനുഭവിക്കും. സംഗീതമുള്ളേടത്തോളം കാലമെങ്കിലും….

സിനിമാഗാനങ്ങൾ എല്ലായ്‌പോഴും തന്നെ കഥാസന്ദർഭങ്ങൾക്കനുസരിച്ച് പിറവിയെടുക്കുന്നവയാണല്ലോ. പ്രണയമായാലും,ശോകമായാലും,സന്തോഷമായാലും. സ്ക്രിപ് റൈറ്റർ , ഡയറക്ടർ പറഞ്ഞതിനനുസരിച്ച് ഗാനങ്ങൾ ഒരുക്കുക.അതാണല്ലോ ഗാനരചയിതാവിന്റെ കടമ. പലപ്പോഴും ഈണങ്ങൾക്കനുസരിച്ച് വരികളൊപ്പിക്കുന്ന സർക്കസ്സ് വിദ്യയും. ഇതിനിടക്ക് എത്രത്തോളം തന്റെ ഭാവനയെ തുറന്നുവിടാൻ കഴിയുന്നു എന്നത് ഊഹിക്കാവുന്നതാണ്. ചില ഗാനങ്ങളൊക്കെ വികലവും, അപൂർണവും ആയിത്തോന്നുന്നത് സ്വാഭാവികം മാത്രം. എഴുത്തിലൂടെ തന്റെ കഴിവിനെ വിരളം പേർക്കേ തുറന്നുവിടാൻ കഴിഞ്ഞിട്ടുള്ളൂ. ഗാനരചയിതാക്കളിൽ വയലാർ,പി ഭാസ്കരൻ, ഓ എൻ വി , യൂസഫലി കേച്ചേരി തുടങ്ങിയവർക്ക് ആശ്വസിക്കാൻ വകയുണ്ട്, ഇന്നും സംഗീതം കൊണ്ട് മേന്മ നേടിയതൊക്കെയും നിലനിൽക്കുമ്പോൾ കുറച്ചേറെ എണ്ണം വരികൾ കൊണ്ടും സംഗീതം കൊണ്ടും മുൻനിരയിൽ എത്തപ്പെട്ടിട്ടുണ്ട്.

വയലാറിന്റെ ഗാനങ്ങൾ പലപ്പോഴും കവിതകൾ തന്നെയായി തോന്നുന്നതും മേൽപ്പറഞ്ഞ എഴുത്തിലെ തുറന്നൊഴുക്ക് തന്നെയാണ്. ഫോണിൽ പോലും സംഗീതം അറിയാതെ വരികൾ വിളിച്ചു പറഞ്ഞു കൊണ്ടുക്കേണ്ടി വന്നിട്ടുണ്ടത്രെ വയലാറിന്. സർഗ്ഗപ്രതിഭയുടെ മിന്നലാട്ടങ്ങളാണ് അവ. അപ്പോൾ അദ്ദേഹത്തിന്റെ വരികൾക്ക് വേണ്ടി ക്യു നിന്നവരും ഏറെ ഉണ്ടായിരുന്നു അക്കാലത്ത് എന്ന് സാരം. മാലിനി നദിയിൽ കണ്ണാടി നോക്കും മാനെ പുള്ളിമാനെ എന്ന ഗാനം ഫോൺ വഴി പെട്ടെന്ന് പറഞ്ഞ കഥാ സന്ദർഭത്തിനനുസരിച്ച് പറഞ്ഞുകൊടുത്തത് എന്ന് കേട്ടിട്ടുണ്ട്.കഥാസന്ദർഭൾക്കനുസരിച്ച് ഗാനങ്ങൾ രചിക്കുമ്പോൾ പോലും കഥാഗതി വിട്ട് പൊതുവായ മറ്റു സംഗതികളിലേക്കും വരികൾ വഴുതിമാറ്റുന്നതും വയലാർ മിടുക്കായിരുന്നു .പാട്ടിന്റെ സ്വൈര്യതയെ തകിടംമറിക്കാതെ തന്നെ കേൾവിക്കാരനെ വർത്തമാനകാല യാഥാർഥ്യത്തിലേക്കും , സത്യത്തിലേക്കും, ധർമ്മത്തിലേക്കും, കടമകളിലേക്കും വരെ കൊണ്ടെത്തിച്ചു നിർത്തും. അത്രയേറെ ഉദാഹരണങ്ങൾ ഉണ്ട് ! പറഞ്ഞാൽ തീരില്ല.

അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ദാർശനിക ഗാനം എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് . കഥാസന്ദർഭം ഒന്നും ശ്രദ്ധിച്ചിട്ടിട്ടില്ലെങ്കിലും മനസ്സിൽ തറഞ്ഞുകയറുന്ന ഒന്ന്. ഇന്നും എന്നും പ്രസക്തം. അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും ദൈവങ്ങളുണ്ടെങ്കിൽ എന്നൊരു പദം കേട്ടിട്ടുണ്ട്. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആവുമായിരുന്നോ എന്ന ചോദ്യം. ദൈവവിശ്വാസിയായ കഥാപാത്രത്തിനെ കൊണ്ട് പോലും നിരീശ്വരവാദിയായ അദ്ദേഹം അത് ചോദിപ്പിച്ചിട്ടുണ്ട് . കഥയിൽ നിന്നും വേറിട്ടു പൊതുവായ ധാരയിലേക്ക് ഗാനങ്ങളെ കൊണ്ടുവന്ന സർഗ്ഗധനൻ തന്നെയെന്ന് അദ്ദേഹത്തെ കാലം വിളിച്ചുപറയുന്നതും…

സ്ത്രീ കഥാപാത്രങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ ഗാനങ്ങളെ കൊണ്ടുവരുകയാണെങ്കിൽ അന്തംവിട്ടുനിന്നുപോകുന്ന ഒരു കേൾവിക്കാരനാവും നമ്മൾ.സത്യസന്ധമായി ആ ഗാനങ്ങളെ പിന്തുടരുകയാണെങ്കിൽ.ജീവിതദുരന്തങ്ങളിലൂടെ കടന്നു പോവുന്ന നിരവധി സ്ത്രീകഥാപാത്രങ്ങൾ ഉണ്ട് മലയാളസിനിമയിൽ. ജീവിതകയ്പുനീർ കുടിച്ചും,ശരശയ്യകളിൽ വീണും, തളർന്നും നീങ്ങുന്ന നിരാലംബകളായ കഥാപാത്രങ്ങൾ . ഒരു പാട്ടെഴുതുമ്പോൾ ആ സ്ത്രീ കഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെ പോകുമ്പോഴും പൊതുവിൽ സ്ത്രീ സമൂഹം അനുഭവിക്കുന്ന ദുരനുഭവങ്ങളിലൂടെയും കവി പോകും. എത്രയോ ഗാനങ്ങൾ ഉണ്ട് അത്തരത്തിൽ !

എഴുത്തുകാലത്തിലെ തുടക്കത്തിൽ തന്നെ “കണ്ണീർക്കടലിലെ കളിമൺദ്വീപിലെ പെണ്ണായ് ജനിക്കരുതേ ..”എന്ന് കൂട്ടുകാർ എന്ന ചിത്രത്തിലൂടെ വയലാർ അവൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. കാലങ്ങൾ കഴിഞ്ഞിട്ട് പിന്നെ അനുഭവങ്ങളിലൂടെ സ്ത്രീ എത്രയോ കാതം നീങ്ങി … “മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിന് മാപ്പു തരൂ,,, മാപ്പ് തരൂ.. ” എന്നും പറയിപ്പിക്കേണ്ടിയും വന്നു.. വിവിധതരത്തിലുള്ള തിരക്കഥകൾ മറന്നിട്ടല്ല പറയുന്നത്…

പലപ്പോഴും സ്ത്രീ മനസ്സുകളെ ആരും അറിയുന്നില്ല എന്ന വ്യഥയും അദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് സ്പഷ്ടം .
ആരുമിതേ വരെ തുറന്നിട്ടില്ല
അതിൻ മായഗോപുരനടകൾ
പ്രേമകവികളും ശാസ്ത്രമതികളും
വേദാന്തികളും ഗായകന്മാരും
ആരറിഞ്ഞു.. ആരറിഞ്ഞു
കഥയാരറിഞ്ഞു ?
കസവുതട്ടത്തിലെ നായികയ്ക്ക് വേണ്ടി വയലാർ പരിതപിക്കുമ്പോൾ അതും പൊതുവായ സത്യമായ് പരിണമിക്കുകയാണ്. ബൗദ്ധികാചാര്യന്മാരും , കവികളും,വേദാന്തികളും ആരായാലും അവർക്കൊന്നും പിടിതരാത്ത സ്ത്രീമനസ്സ് .

തിരിച്ചടിയിലെ നായിക ചോദിക്കുന്നു ..
കണ്ണീരിലലിയും വാർമഴവില്ലിന്
പെണ്ണെന്നെന്തിന്‌ പേരിട്ടു ?

സൃഷ്ടികർത്താവെന്ന അജ്ഞാതശിൽപിയും കുറ്റവാളി ആകുന്നുണ്ട് കവിയുടെ കാഴ്ചപ്പാടിൽ.കണ്ണുനീർമുത്തിന് പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാതശില്പി …
എന്ന് വ്യസനത്തോടെ കുറ്റാരോപിതനാക്കുന്നു.
ചേട്ടത്തി എന്ന ആ ചിത്രത്തിലെ ഗാനത്തിലെ അവസാന വരികൾ ഇങ്ങനെയാണല്ലോ ..
കവികൾ പാടി കാണാദ്വീപിലെ
കനകമല്ലോ സ്ത്രീഹൃദയം

കാണാദ്വീപിലെ കനകമാക്കി കവി . തിരിച്ചറിഞ്ഞിട്ടില്ലാത്ത,കണ്ടിട്ടില്ലാത്ത ആ അപൂർവ രത്നത്തെ കാണാത്തിടത്തിന്നിരുന്ന് ഭാവനയിൽ കണ്ടുകൊണ്ടു വിവരിക്കാനെ കവിയ്ക്കും കഴിയൂ എന്നല്ലേ പറഞ്ഞുവച്ചിരിക്കുന്നത്.ദേവതയോളം സ്ഥാനമാണ് അവൾക്ക് .ഋതുദേവതയായ് നൃത്തം വെയ്ക്കും
മുനികന്യകയായ് പൂജിച്ചും
ഹിമഗിരി പുത്രിയായ് തപസ്സിരുന്നും
അവൾ സ്വയംവരപന്തലിൽ ഒരുങ്ങിനിന്നു ..
അത്രയ്ക്കും തീക്ഷ്ണമായ ജീവിതചര്യയോടെ പുലരുന്ന ഒരുവളെയാണ് നമ്മൾ കാണുന്നത്…അങ്ങിനെയുള്ളവളെ സൃഷ്ടിച്ചവരോടും , അതിനി ദൈവമായാൽ തന്നെ ചോദ്യം ദൈവവും നേരിടണം…തീരാത്ത ദുഖത്തിൻ തീരാത്തൊരുനാൾ
സ്ത്രീയായ് ദൈവം ജനിക്കേണം …എന്ന് കർശനമായും, അത് തന്നെ താഴ്മയോടും കൂടി നായികയിലൂടെ പറയിപ്പിക്കുന്നുണ്ട് ശ്രീ വയലാർ ..ശരശയ്യയിലെ ഗാനം തന്നെ നോക്കൂ…
വെള്ളിച്ചൂരലും ചുഴറ്റി
വെള്ളത്താടിയും പറത്തി
നക്ഷത്രപളുങ്കുകൾ പാകിയ വഴിയിൽ
നടക്കാനിറങ്ങാറുണ്ടോ ?കണ്ണീരിവിടെ കടലായി
ഞങ്ങൾ കണ്ടിട്ടൊരുപാട് നാളായി …!!!
ശരിയ്ക്കും എന്തൊരു ഭാവനയാണ്. ഉയരങ്ങളിലേ കാവൽക്കാരൻ താഴെ നടക്കുന്ന സംഗതികൾ വല്ലതും അറിയുന്നുണ്ടോ എന്നാണു ചോദ്യം.കടലായൊഴുകുന്ന കണ്ണീർ… നിന്നെ കണ്ടിട്ട് തന്നെ എത്രയോ നാളുകളായല്ലോ ദൈവമേ എന്ന് കഥാപാത്രത്തിന് വേണ്ടി ചോദിച്ചു പോവുന്നു….ദുരനുഭവങ്ങളിലൂടെ പോകുന്നവൾക്കു സാന്ത്വനമായെന്നോണം വയലാർ വരികൾ ഇങ്ങനെയൊക്കെയും തഴുകുന്നുണ്ട്..
കാദംബരി പുഷ്പസദസ്സിൽ
കൗമാരം കൊരുത്തതാണീ മാല്യം ( ചുക്ക് )നീയും വിധവയെ നിലാവേ (രാസലീല )പണിതീരാത്ത വീട്ടിലെ എം എസ് വിശ്വനാഥൻ സംഗീതം ചെയ്ത കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ എന്ന ഗാനം ഇതിലെ എല്ലാ സത്തും നിലനിർത്തിക്കൊണ്ടുള്ള ഒരു സൃഷ്ടിയാണ്..

നമിച്ചു പോവുകയാണ്. സന്ദർഭങ്ങളൊക്കെ എന്തായാലും ഒരപൂർവഗാന രചന തന്നെയാണിത് . വ്യാസനായാലും,ഷെല്ലിയോ,ഷേക്പിയറോ ,കാളിദാസനോ ആരായാലും നിന്റെ ഭാവനയ്ക്ക് ,കണ്ടെത്തലിനു സലാം എന്ന് തന്നെ കവി പറയുന്നു..
വിഷാദസാഗരമുള്ളിൽ ഇരമ്പും
തുഷാരാഗദ്ഗദ ബിന്ദു ……………………………………ഇന്ദ്രനതായുധമാക്കി
ഈശ്വരൻ ഭൂഷണമാക്കി
വ്യഭിചാരത്തെരുവിൽ
മനുഷ്യനാമുത്തുക്കൾവിലപേശി വിൽക്കുന്നു……………………………….പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും
പ്രകാശ ബുൽബുദ ബിന്ദു…
ഇത്രയൊക്കെ എഴുതിയിട്ടും ,പറഞ്ഞിട്ടും, കേൾപ്പിച്ചിട്ടും………..!!!!!
ഈ പ്രകാശ സൗന്ദര്യം കവിയുടെ ഉള്ളിൽ പടർന്നൊഴുകാൻ കാരണം അമ്മയെന്ന സ്ത്രീയോടുള്ള അദമ്യമായ സ്നേഹമാണ്…ചായം എന്ന ചിത്രത്തിലെ അമ്മെ.. അമ്മെ.. അവിടുത്തെ മുൻപിൽ ഞാനാര് ദൈവമാര് .. എന്ന ഗാനം കേട്ടനുഭവിച്ചവർക്ക് അത് മനസ്സിലാകും.
ആദിയിൽ മാനവും ഭൂമിയും തീർത്തത്ദൈവമായിരിക്കാം.ആറാം നാളിൽ മനുഷ്യനെ തീർത്തത്
ദൈവമായിരിക്കാം.ആ ദൈവത്തെ പെറ്റുവളർത്തിയതമ്മയല്ലോ അമ്മ..ആ ദൈവത്തെ മുലപ്പാലൂട്ടിയ
തമായല്ലോ അമ്മ..ഇത്രമാത്രം മതിയല്ലോ.. ദൈവത്തെക്കാൾ മുന്തിയ സ്ഥാനം അമ്മയ്ക്കാണ്.. ‘അമ്മ കഴിഞ്ഞേ ഉള്ളൂ ആരും , ഏതു ജീവനും എന്ന് സാരം……
ഇനി ഒന്നും എഴുതേണ്ട കാര്യമില്ല എന്ന് തോന്നുന്നു…