The Fort Unchagaon ഉത്തർ പ്രദേശ്

0
533

പനി  മാറിയതിന്റെ ക്ഷീണം കാരണമായിരിക്കാം, യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു ഞാൻ. അതു കൊണ്ട് തന്നെ യാത്രക്ക് തയ്യാറെടുക്കുമ്പോഴും അതിന്റേതായ ഉത്സാഹമോ കൗതുകമോ തോന്നിയില്ല.വീട്ടിൽ നിന്നും ഏകദേശം 130 കി.മീ ദൂരമുള്ള “Heritage Resort “ ആയ  “The Fort Unchagaon” ആണ്  ചെന്നു ചേരേണ്ട ഇടം.ഉത്തർപ്രദേശ്, നഗരത്തിലൂടെയുള്ള യാത്ര വണ്ടിയോടിക്കുന്ന ആൾക്ക് മാത്രമല്ല അതിനകത്ത് ഇരിക്കുന്നവരേയും ഒരേ പോലെ മുൾമുനയിലാക്കി.ട്രാഫിക്ക് നിയമങ്ങൾക്കും സിഗ്നലുകൾക്കും വലിയ  പ്രാധാന്യമൊന്നും തദ്ദേശനിവാസികൾ കൊടുക്കാത്തതായിരുന്നു പ്രധാനകാരണം.

19- ആം നൂറ്റാണ്ടിലെ ഈ കോട്ട അന്നത്തെ രാജകുടുംബത്തിൽപ്പെട്ട ” സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) ന് അനന്തരവകാശമായി ലഭിച്ചതാണ്.വാരാന്ത്യം അല്ലാത്തതുകൊണ്ടാവും അതിഥികളായി ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്പരപ്പിക്കുന്ന നിശ്ശബ്ദതയാണവിടെ. ഞങ്ങളെ സ്വീകരിക്കാനും “വെൽക്കം ഡ്രിംങ്ക് ” തരാനുമായിട്ട് അവിടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിനടക്കുന്നുണ്ട്.ഒരുപക്ഷെ  അവരുടെ “വെബ് സൈറ്റ്-യിൽ പറഞ്ഞിരിക്കുന്ന വിശേഷഗുണങ്ങളോട് നീതിപുലർത്താനുള്ള വെപ്രാളത്തിലായിരിക്കാം .ഇന്ത്യയുടെയും ബ്രിട്ടീഷുകാരുടേയും വാസ്തുശൈലി കൂട്ടികലർത്തിയ രീതിയിലാണ് സൗധം.

ഞങ്ങൾക്ക് അവിടെയെല്ലാം കാണിച്ചു തരാനായിട്ട് “ഛോട്ടു എന്ന ചെല്ലപ്പേരിലുള്ള ഒരാൾ അവിടെ ഉണ്ടായിരുന്നു.ആ സുഖവാസകേന്ദ്രത്തിന്റെ പുറകിലായി ഏതാനും ഏക്കറുകൾ മാവിൻ തോട്ടമാണ്.പ്രധാന വിളവെടുപ്പ് കഴിഞ്ഞിരുന്നു.എന്നാലും ബാക്കിയുള്ള ഏതാനും മാങ്ങകൾക്ക് വേണ്ടിയായിരിക്കാം എല്ലാതരം പ്രായത്തിലുള്ള  കുരങ്ങന്മാരുണ്ട്, അവിടെ.അതൊക്കെ കണ്ടപ്പോൾ സ്കൂൾ അവധിക്കാലത്ത്‌ തറവാട്ടിലുള്ള പറമ്പ് കളിലൊക്കെ ഓടിക്കളിച്ചതാണ് ഓർമ്മ വന്നത്. കുരങ്ങന്മാർക്ക് പകരം ഞങ്ങൾ കുട്ടികളായിരുന്നു എന്ന് മാത്രം !

ഏതോ കാലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഇവിടെ മാത്രം വെള്ളം കേറിയില്ല, അങ്ങനെയാണ്, ഊച്ച -ഗാവ് എന്ന പേര് വന്നത്.

ശ്രീ.സുരേന്ദ്ര പാൽസിംഗ് (Surendra pal Singh), ശ്രീ. നെഹ്രു വിന്റേയും ശ്രീമതി. ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു.ശ്രീമതി. ഗാന്ധിയുടെ കാലത്ത് ” Tourism Minister” ആയിരുന്നുവത്ര. പിന്നീട് രാഷ്ട്രീയം ഇഷ്ടമല്ലാത്ത കാരണം അതൊക്കെ ഉപേക്ഷിച്ചു.അദ്ദേഹത്തിന്റെ മകൻ, എല്ലാവിധ മലിനീകരണത്തിൽ നിന്നുള്ള രക്ഷ എന്ന രീതിയിൽ അവിടെ തന്നെ താമസിക്കുന്നുണ്ട്.വഴിമദ്ധ്യേ 2 കുതിരകൾ കൂടിയ കുതിരാലയങ്ങളും കണ്ടു.കാഴ്ചകളും ഛോട്ടുവിന്റെ വിശേഷ ങ്ങളുമായിട്ട്, ഏക്കറുകൾ താണ്ടിയത് അറിഞ്ഞില്ല.

 

എന്നെ ആശ്ചര്യഭരിതയാക്കിയത് അവിടെയുള്ള മ്യൂസിയം കണ്ടപ്പോൾ ആണ്, മുറിയുടെ ഭിത്തിയിലെ 2 വശത്തും പുലിയുടെ തലകൾ സ്റ്റഫ് (stuffing)ചെയ്തുവെച്ചിരിക്കുന്നു.കൂട്ടത്തിൽ വർഷവും പുലിയുടെ നീളവും തൂക്കവും എഴുതിവെച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കുന്ന മുറിയിലാണെങ്കിൽ

മാൻ -ൻറെ കൊമ്പുകളും. ശ്രീ.സുരേന്ദ്ര പാൽസിംഗ് -ൻറെയും അദ്ദേഹത്തിന്റെ പുത്രന്റെയും നായാട്ടിന്റെ ബാക്കിപത്രങ്ങൾ!

 

അവർ ഉപയോഗിച്ചിരുന്ന പഴയകാല റേഡിയോ, ടൈപ്പ് റൈറ്റർ, ski(ഹിമപാദുകം) വായിച്ചിരുന്ന പുസ്തകങ്ങൾ-.എല്ലാം  ഭംഗിയായി അടുക്കി വെച്ചിട്ടുണ്ട് ആ  പ്രദർശനാലയത്തില്‍. .അതെല്ലാം കണ്ടപ്പോൾ, ആ കാലത്തും അവർക്കെല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതിയാണല്ലോ എന്നായിരുന്നു!

 

ഗംഗാനദിയുടെ അടുത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.അവിടെ ഡോൾഫിനുകളെ കാണാൻ സാധിക്കും എന്നുള്ളത് മറ്റൊരു ആകർഷണമാണ്.പിറ്റെദിവസം രാവിലെ തന്നെ ഞങ്ങൾ ഡോൾഫിനുകളെ കാണാനായിട്ട് ഇറങ്ങി.പോകുന്നവഴിക്ക് സുരേന്ദ്ര പാൽസിംഗ് (Surendra pal Singh) -ൻറെ മകൻ, റൂബിൻ എന്നാണ് പറഞ്ഞത്, ഏകദേശം 70 വയസ്സ് കാണുമായിരിക്കും, അദ്ദേഹം അവിടെയുള്ള ജോലിക്കാരോട്  സൗഹൃദസംഭാഷണം നടത്തി കൊണ്ടിരിക്കുന്നു.അദ്ദേഹത്തിനോട് “ഹലോ പറയാനും പരിചയപ്പെടാനും സാധിച്ചു.ഡോൾഫിനുകളെ കാണാൻ വരുന്നോ എന്ന ചോദ്യത്തിന്,

 

അതിന്റെ  തല സ്റ്റഫ് ചെയ്തു വെക്കാൻ പറ്റില്ലല്ലോ …….ഹി ഹി

ഗംഗാ നദി കാണാനുള്ള ഞങ്ങളുടെ ക്ഷണത്തിന്…… ” ഞാനും അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ് ചിലപ്പോൾ അടുത്ത 3-4വർഷത്തിനകം അവിടെ എത്തുമായിരിക്കും…..എന്തായാലും നല്ലൊരു രസികനായിട്ട് തോന്നി നമ്മുടെ “ഹിസ്‌ ഹൈനസ് !

പോത്ത് വലിക്കുന്ന വണ്ടിയിലാണ് ഞങ്ങളുടെ യാത്ര.വണ്ടിയിൽ കിടക്കയും അതിനുമുകളിൽ നല്ല വിരിപ്പ് വിരിച്ച് ഇരിപ്പിടം കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്.മുകളിൽ തകരം കൊണ്ട്മൂടിവെച്ചിട്ടുണ്ട്പോരാത്തതിന് നല്ല ഓപ്പണ്‍ എയർ കണ്ടിഷണറും.ഞാനടക്കം പലരും ആദ്യമായിട്ടാണ് അങ്ങനെയൊരു വണ്ടിയിൽ കേറുന്നത് അതുകൊണ്ട് തന്നെ 7 Series BMW കേറിയ പ്രതീതിയായിരുന്നു.വഴിയിൽ പലരും ഞങ്ങളെ  കാണാനായിട്ട് നോക്കി നിന്നു.പല കർഷകരും അവരുടെ കാള/ പോത്ത് വണ്ടിയിൽ  കുട്ടികളും പെണ്ണുങ്ങളുമായി കൃഷിസ്ഥലത്തേക്ക് പോവുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് “ഹോണ്‍ -ന്റെ ബഹളമൊന്നുമില്ലാതെ തന്നെ അവരെല്ലാം ഞങ്ങൾക്ക് വേണ്ടി മാറി  നിന്നു.ആകെ കൂടെ vip ആയോ എന്ന് സംശയം!

ഗംഗാനദിയുടെ അനുഗ്രഹം ആ ഗ്രാമം മുഴുവൻ ഉണ്ടെന്ന് പറയാം,എവിടെയും സസ്യശ്യാമളതയാണ്.ചോളത്തിന്റേയും കരിമ്പിന്റെയും പാടങ്ങളാണ് പോകുന്ന വഴിക്ക് രണ്ടുവശത്തും.പല വീടുകളുടെ മുൻപിലും ധാരാളം പശുക്കളേയും എരുമകളേയും കണ്ടു വീടുകൾ മിക്കതും ഓലക്കൊണ്ടുള്ളതാണ്.co-operative society യിൽ നിന്ന് രാവിലെയും വൈകുന്നേരവും “പാൽ” ശേഖരിക്കുവാൻ വരുമെന്നാണ് ഛോട്ടു പറഞ്ഞത്. ഒരു പക്ഷേ ഞങ്ങൾ മേടിക്കുന്ന കവർ പാലിന്റെ ഉറവിടം അവിടെ നിന്നായിരിക്കുമോ?

 

ഗംഗാനദി, ഹിമാലയിലോ അതിനടുത്ത പ്രദേശങ്ങളിൽ എവിടെയോ ഉണ്ടായ കനത്ത മഴയുടെ ഭാഗമായി നദിയിലെ വെള്ളവും ഒഴുക്കും കൂടിയിരിക്കുകയാണ്.ആദ്യമഴയായതുകൊണ്ടായിരിക്കാം ചെളിവെള്ളമാണ് ഒഴുകുന്നത്.ഡോൾഫിനുകളെയൊന്നും കണ്ടില്ല പകരം 2 മുതലക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ. ഗംഗാനദിയിൽ കുളിച്ച് പാപരഹിതമായില്ലെങ്കിലും ഏറ്റവും കുറഞ്ഞത് കൈ എങ്കിലും നനയ്ക്കണമെന്നുണ്ടായിരുന്നു. മുതലക്കുട്ടികളുടെ കാര്യം കേട്ടതോടെ ഞാൻ ആ സാഹസത്തിൽ നിന്ന് പിന്മാറി.കണ്ണ് എത്താദൂരത്തോളം പരന്ന് കിടയ്ക്കുന്ന ആ നദിയെ നോക്കിനിൽക്കുക എന്നത് കണ്ണിനും മനസ്സിനും ഒരാനന്ദം തന്നെയാണ്.ശരിക്കും മനോഹരം!

 

അന്നവിടെ ചന്തദിവസം ആയിരുന്നു. ഏകദേശം 8 ഗ്രാമങ്ങളിൽ നിന്നും ആൾക്കാർ സാധനങ്ങൾ ക്രയവിക്രയം ചെയ്യാനായിട്ട് എത്തും.റോഡിനുരുവശവും കാർഷികഉത്പന്നങ്ങൾ, തുണിത്തരങ്ങൾ,……….കൂട്ടത്തിൽ ഐസ്ക്രീം വണ്ടികൾ, ബലൂണ്‍കാർ , ഉച്ചത്തിലുള്ള പാട്ടുകൾ ……ഒരു വ്യാപാരമേള തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.വൈകുന്നേരത്തോടെയാണ് കൂടുതൽ സജീവമാവുക. ആ യാത്രയിലും മാന്തോപ്പുകൾ സന്ദർശിച്ചു. അവിടെ മാങ്ങ പറിച്ച് ക്വാളിറ്റി അനുസരിച്ച് തരം തിരിക്കുന്നു.മഹാരാഷ്ട്ര യിലേക്ക് കേറ്റി വിടാനായിട്ട്  ഒരു ലോറി തയ്യാറായി നിൽക്കുന്നു.താഴെ വീണതും ചീത്തയാകാൻ പോകുന്ന മാങ്ങ മേടിക്കാൻ ഗ്രാമവാസികൾ എത്തിയിട്ടുണ്ട്, അവർ അതുകൊണ്ട് പോയി അച്ചാർ ഇട്ട് വിൽക്കുമെന്നാണ് പറയുന്നത്.കച്ചവടത്തിലെ രഹസ്യങ്ങൾ !

ഏതാനും ബൈക്കുകളും ഡിഷ്‌ ആന്റിനകളും അവിടെ കണ്ടെങ്കിലും നഗരവത്കരണത്തിൽ നിന്നും ഇപ്പോഴും  മാറി നിൽക്കുന്നതായി തോന്നി .ഗ്രാമങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് …….കൂട്ടത്തിലുള്ള പുതിയ തലമുറയ്ക്ക് പുതിയ അനുഭവവും എന്നെപ്പോലെയുള്ള  പഴയ ആൾക്കാർക്ക് ഓർമ്മകളെ അയവിറക്കിയുമായിരുന്നു ഞങ്ങളുടെ തിരിച്ചുള്ള യാത്ര.

നമ്മുടെ രാജ്യം, “Incredible India തന്നെ! പക്ഷെ അതൊക്കെ അറിയണമെങ്കിൽ ഇങ്ങനെയുള്ള യാത്രകൾ വേണമെന്ന് മാത്രം !!