THE GHOST & THE DARKNESS (1996)
The Man-eaters of Tsavo – സാവോയിലെ നരഭോജികൾ 🦁
Rameez Muhammed
ജിം കോർബെറ്റിന്റെ പുസ്തകങ്ങളിൽ ഇന്ത്യയിലെ വനാതിർത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവകളെ കൊന്ന ത്രസിപ്പിക്കുന്ന സംഭവകഥകൾ വായിക്കാനാകും… അതിൽ നാന്നൂറോളം മനുഷ്യരെ ഒറ്റക്ക് കൊന്ന കടുവയും പുലിയും വരെയുണ്ട്… ഈ നരഭോജികളെല്ലാം പരിക്കോ പ്രായാധിക്യമോ കാരണം വേട്ടയാടാൻ കഴിയാതെ കാടിറങ്ങിയവയായിരുന്നു… പക്ഷേ സാവോയിലെ നരഭോജികൾ എന്നറിയപ്പെട്ട രണ്ട് ആൺ സിംഹങ്ങൾ മനുഷ്യരെ കൊന്നത് വിശപ്പകറ്റാൻ വേണ്ടിയായിരുന്നില്ല, അവർ ചോരചിന്തി രസിക്കുകയായിരുന്നു!
1898ൽ ബ്രിട്ടീഷ് മേൽനോട്ടത്തിൽ കെനിയ – ഉഗാണ്ട റെയിൽപാതയുടെ നിർമ്മാണം നടന്നുവരികയായിരുന്നു… തദ്ദേശീയർക്കൊപ്പം ആയിരക്കണക്കിന് ഇന്ത്യക്കാരും അവിടെ ജോലിക്കെത്തിയിരുന്നു… ആദ്യമൊക്കെ കുഴപ്പങ്ങളൊന്നുമില്ലാതെ നിർമ്മാണം മുന്നേറി… എന്നാൽ കെനിയയിലെ സാവോ നദിക്ക് കുറുകെ പാലം പണിയുന്ന സ്ഥലത്തായിരുന്നു പ്രശ്നങ്ങളുടെ ആരംഭം… റെയിൽപാതയ്ക്കടുത്ത് ടെന്റ് കെട്ടിയായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്… പണികഴിഞ്ഞു വന്നവർ രാത്രി ക്ഷീണത്താൽ പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതിവീണു… എന്നാൽ ഇരുട്ടിന്റെ മറവിൽ അവരെ വീക്ഷിച്ചുകൊണ്ട് രണ്ടു ജോഡി കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഉച്ചത്തിലുള്ള നിലവിളി കേട്ടുണർന്നവർ കൂട്ടത്തിലുള്ള ഒരാളെ എന്തോ വലിച്ചിഴച്ചുപോകുന്നതാണ് കണ്ടത്… എന്തു ചെയ്യണമെന്നറിയാതെ അവർ പകച്ചുനിൽക്കുമ്പോഴേക്ക് ആ ഹതഭാഗ്യന്റെ കരച്ചിൽ നിലച്ചിരുന്നു… രാവിലെ ക്യാമ്പ് പരിസരത്ത് തിരച്ചിൽ നടത്തിയവർ രക്തം ചിതറിത്തെറിച്ച പുൽനാമ്പുകളും കഴുകന് കൊത്തിവലിക്കാൻ ബാക്കിവെച്ച അസ്ഥിക്കഷ്ണങ്ങളും കണ്ട് ഞെട്ടിത്തരിച്ചു!!
‘സാവോ’ എന്നാൽ പ്രാദേശിക ഭാഷയിൽ ‘കശാപ്പിനുള്ള സ്ഥലം’ എന്നർത്ഥം… പിന്നീടവിടെ നടന്ന സംഭവങ്ങൾ ആ പേര് അച്ചട്ടതാക്കുന്നതായിരുന്നു… പാലം പണിയുടെ ചുമതലയുള്ള ലഫ്റ്റനന്റ് കേണൽ ജോൺ ഹെൻറി പാറ്റേഴ്സൺ സിംഹങ്ങളെ കൊല്ലാനും തൊഴിലാളികളെ സംരക്ഷിക്കാനും സകല മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം… 9 മാസത്തിനിടെ 135ഓളം പേർ നരഭോജികൾക്ക് ആഹാരമായി… അന്ധവിശ്വാസികളായ തൊഴിലാളികൾ സിംഹങ്ങൾ ചെകുത്താന്റെ പര്യായമാണെന്ന് വിശ്വസിച്ചു… അവയ്ക്ക് Ghost എന്നും Darkness എന്നും പേരുവീണു!… ഒടുവിൽ ഭയന്നുവിറച്ച ആളുകൾ സാവോ വിട്ട് പലായനം ചെയ്യാൻ തുടങ്ങി… അതോടെ ഒന്നുകിൽ താൻ അല്ലെങ്കിൽ സിംഹങ്ങൾ എന്ന് തീരുമാനിച്ച പാറ്റേഴ്സൺ തോക്കുമെടുത്ത് വേട്ടയ്ക്കിറങ്ങി.
റിയൽ സ്റ്റോറിയിൽ ത്രിൽ കൂട്ടാൻ കുറച്ച് ഫിക്ഷൻ കൂടി ചേർത്ത സിനിമ ഒരിടത്തും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല… ആഫ്രിക്കൻ മുഖമുദ്രയായ ഉഷ്ണമേഖല പുൽമേടുകളെ ചിത്രീകരിച്ച രീതിയൊക്കെ ഗംഭീരമായിരുന്നു… സാങ്കേതിക മികവ് കൊണ്ട് ശ്രദ്ധേയമായ ചിത്രം സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ ഓസ്കാർ നേടിയിരുന്നു.