ഇതൊരു റിപബ്ലിക് ആണ് , അതായത് ജനങ്ങളുടെ ഉടമസ്ഥതയിലുള്ള രാഷ്ട്രം, ജനങ്ങൾ ഭരണമേൽപിച്ചവരാണ് യഥാർത്ഥ ഭരണാധികാരികൾ, ഗവർണ്ണർ റബ്ബർ സ്റ്റാമ്പ് തന്നെയാണ്

116

ജനാധിപത്യത്തിൽ ജനായത്ത സർക്കാരിനാണോ അതോ ഗവർണർക്കാണോ വില എന്ന് ചോദ്യമുയർന്നാൽ അത് ജനായത്ത സർക്കാരിനാണ് എന്നതാണ് മറുപടി. അതായത് ഒരു ഭരണഘടനാ ഭേദഗതി കൊണ്ട് എടുത്ത് കളഞ്ഞാൽ പോലും ജനാധിപത്യത്തിന് ഒരു ചുക്കും സംഭവിക്കാത്തത്ര, ജനാധിപത്യത്തിൽ അത്രമാത്രം അപ്രധാനമായ ഒരു പദവി ആണ് ഗവർണറുടേത്.

അതു കൊണ്ട് ഗവർണർ എന്ന പദവിക്ക് ഭരണഘടനാ സാധുത ഉണ്ട് എന്ന് കരുതി ഗവർണറുടെ രാഷ്ട്രീയത്തിന് നിയമസാധുത ഉണ്ടെന്നങ്ങ് തെറ്റിദ്ധരിക്കരുത്. സർക്കാരും പ്രതിപക്ഷവുമൊക്കെ ജനങ്ങളോട് സംവദിച്ചും അവരുടെ പ്രാതിനിധ്യം സ്വായത്തമാക്കിയിട്ടുമാണ് നിലപാട് പറയുന്നത്. അതായത് അവർ പറയുന്ന വർത്തമാനം നാട്ടിലെ ജനങ്ങൾക്ക് പറയാനുള്ള വർത്തമാനത്തിന്റെ പ്രതിധ്വനിയാണ്. ഗവർണർ പറയുന്ന വർത്തമാനം അദ്ദേഹത്തിന്റെ മാത്രമാണ്.

അദ്ദേഹത്തിന്റെയല്ലാതെ രണ്ടാമതൊരാളുടേതാണെന്ന് ഒരിക്കലും അവകാശപ്പെടാനാകാത്ത വാചകമാണത്. പൗരനെന്ന നിലയിൽ അത് പറയാൻ അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷെ വ്യക്തിപരമായ അഭിപ്രായമാണത്. കാരണം ഗവർണർ ഭരണ തലവനാകുന്നത് സാങ്കേതികമായാണ്. ഗവർണറുടേത് ഒരു ആലങ്കാരികമായ സ്ഥാനമാണ്. ഗവർണർ കരുതുന്നത് പോലെ ആ സ്ഥാനം ഒരു നാട്ടുരാജാവിന്റേതല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും രാജ ഭരണത്തിലെ രാജാവിന്റെ കീഴിലെ മന്ത്രിമാരല്ല. മുഖ്യമന്ത്രിയാണ് യഥാർത്ഥ ഭരണാധികാരി.

അതിന്റെ കാരണം ഇതൊരു റിപബ്ലിക് ആണ് എന്നതാണ്. എന്ന് വെച്ചാൽ ഇത് ജനങ്ങളുടെ ഉടമസ്ഥതയിലുള്ള രാഷ്ട്രമാണ്. ഭരണ തലവന്മാരുടെ പ്രജകളല്ല ജനം അതുകൊണ്ട് തന്നെ ജനങ്ങളാണ് പരമാധികാരികൾ.അവരാണ് രാഷ്ട്രത്തിൻറെ ഉടമകൾ. അവരുടെ പ്രതിനിധിയെയാണ് അവർ ഭരണം ഏൽപിച്ചിരിക്കുന്നത്. അതു കൊണ്ടാണ് അവർ തിരഞ്ഞെടുത്തതും അവരോട് നേരിട്ട് ഉത്തരവാദിത്വമുള്ളവരുമായ മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമുള്ള ഭരണകർത്താക്കളാകുന്നതും ഗവർണർ എന്നത് കടലാസിലൊതുങ്ങുന്ന ഭരണതലവനാകുന്നതും. തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറുന്ന സർക്കാരിന്റെ തലയിൽ കയറി ഇരുന്ന് രാഷ്ട്രീയം കളിച്ചാൽ ആ രാഷ്ട്രീയം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.

(കടപ്പാട്)