The Hairdresser’s Husband ❤️
Sajid AM
കൗമാരപ്രായത്തിൽ പ്രേമമോ മറ്റൊരാളോടുള്ള ആകർഷണമോ തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരു സ്വാഭാവികമായ കാര്യമാണ്. ആ പോയ കാലത്തിന്റെ നിറമുള്ള ഓർമയിൽ ജീവിക്കുന്നവരാണ് നമ്മൾ പലരും. എന്നാല് ചിലർ ആ ഓർമ്മകൾക്ക് പിന്നീട് പുതുജീവൻ നൽകി കൂടെ കൂട്ടറുമുണ്ട്. അത്തരത്തിൽ ഒരാളുടെ കഥയാണ് 1990ൽ പുറത്തിറങ്ങിയ The Hairdresser’s Husband എന്ന ഈ ചിത്രത്തിൽ നമ്മളോട് പറയുന്നത്. ഇറോട്ടിക് ചിത്രം എന്ന ലേബലിൽ പലരും കരുതിയിരിക്കുന്ന ഇത് യഥാർത്ഥത്തിൽ പ്രണയത്തിൻ്റെ രതിയുടെ മറ്റൊരു തലമാണ് പറയുന്നത്.
തൻ്റെ ചെറുപ്പത്തിൽ മുടി മുറിക്കാൻ എത്തിയ യുവതിയോട് തോന്നിയ ആകർഷണം മനസ്സിൽ സൂക്ഷിച്ചു നിധിപോലെ കൊണ്ട് നടന്ന് തൻ്റെ അമ്പതുകളിൽ അതുപോലൊരു അതി സുന്ദരിയായ സ്ത്രീയെ കണ്ടത്തി തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് Antoine. തുടർന്ന് അങ്ങോട്ട് സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ രതിയുടെ കുളിർ കാറ്റ് ഇരുവരുടെയും ജീവിതത്തില്‍ നിര്‍ത്താതെ വീശികൊണ്ടിരിക്കുന്നത് നമ്മുക്ക് കാണാം.
ജീവിതത്തെ വരണ്ട വേനലായി നോക്കിക്കാണുന്ന കാലമാണത് എന്നാണു ഭൂരിപക്ഷം അൻപതുകാരുടെയും അഭിപ്രായം. അതുകൊണ്ടു തന്നെ ആ വയസ്സിലെ പ്രണയം എന്നൊക്കെ കേള്‍ക്കുമ്പോള്‍, അയ്യേ! എന്ന് മൂക്കത്ത് വിരല്‍ വെക്കും. എന്നാല് ഇവിടെ പ്രായത്തിന് പ്രസക്തിയില്ല. പ്രായം കൂടുന്തോറും ഒരുപക്ഷേ ശരീരം ജീർണ്ണിക്കാം പക്ഷേ പ്രണയം ഒരിക്കലും വാർദ്ധക്യത്തെ തോട്ടറിയില്ല, എന്തിനേറെ മരണത്തെ പോലും.അറബിക് സംഗീതത്തിന്റെ ഒഴുക്കിൽ നൃത്തം ചെയ്തും തങ്ങളുടെ വികാരങ്ങൾ പങ്കുവെച്ചും പരസ്പരപൂരകമായ ദാമ്പത്യ ജീവിതം ഇവർ ഇവിടെ മുന്നോട്ട് നയിക്കുമ്പോൾ വാക്കുകളുടെയോ സംഭാഷണത്തിൻ്റെയോ ആവശ്യമില്ലതെ തന്നെ അവരുടെ ആ പ്രണയത്തിൻ്റെ രതിയുടെ തീവ്രത നമ്മുക്ക് തിരിച്ചറിയാൻ കഴിയും.
ജീവിതം, പ്രണയം, വാര്‍ദ്ധക്യം, മരണം എന്നിവക്കിടയില്‍പ്പെടുന്ന മനുഷ്യന്‍ എന്ന അരുളിനു സംഭവിക്കുന്ന മാറ്റങ്ങളും വികാരങ്ങളും ഇത്രയും ലളിതവും സൂക്ഷ്മവുമായി അതിൻ്റെ ആ സത്ത നഷ്ടപ്പെടാതെ തന്നെ പ്രക്ഷകനെ അത്രമേൽ തൃപ്തിപെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് എളുപ്പമല്ല. അവിടെ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയം. കാരണം പ്രണയം അതിന്റെ സൂക്ഷ്മസ്ഥലങ്ങളില്‍ ഏത് തരത്തില്‍ ഇടപെടുന്നുവെന്ന് കാണിച്ചു തരുന്ന അത്യാസാധാരണമായ ദൃശ്യാവിഷ്കാരമാണിത്.ഡ്രാമ റോമൻസ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ട് നോക്കാം