ഏറ്റവും ഭാരം കൂടിയ കറൻസി !

272

Julius Manuel

ഏറ്റവും ഭാരം കൂടിയ കറൻസി !

പസഫിക്കിലെ മൈക്രൊനേഷ്യൻ ദ്വീപുകളിൽപെട്ടതാണ് യാപ് ഐലൻഡുകൾ . ആയിരത്തി അഞ്ഞൂറുകളിൽ മാത്രം പുറംരാജ്യക്കാരുടെ കണ്ണിൽപെട്ട ഈ ദ്വീപുകളിൽ യാപ്സെ എന്ന ഗോത്രവിഭാഗമാണ് ജീവിക്കുന്നത്. പണ്ടുകാലങ്ങളിൽ പലവിധങ്ങളിലുള്ള നാണയസമ്പ്രദായങ്ങൾ ഇവർ അനുവർത്തിച്ചു പോന്നിരുന്നുവെങ്കിലും അതിലേറ്റവും കൗതുകകരമാണ് റായ് എന്ന് അറിയപ്പെടുന്ന കല്ല് നാണയങ്ങൾ.
ചുണ്ണാമ്പ് കല്ലുകളാൽ നിർമ്മിതമായ ഇവയോരോന്നിനും ഏകദേശം മൂന്നര മീറ്ററോളം വ്യാസം ഉണ്ടാവും. അതായത് ഒരാൾക്ക് ഒരിക്കലും കൊണ്ടുനടക്കാനാവില്ല എന്ന് സാരം. സമീപങ്ങളിലുള്ള മറ്റ് ദ്വീപുകളിൽ പോയി ചുണ്ണാമ്പുകല്ലുകൾ വെട്ടിമാറ്റിയാണ് ഇവർ റായ് കല്ലുകൾ ഉണ്ടാക്കിയെടുത്തിരുന്നത്. ശേഷം വലിയ വള്ളങ്ങളിലോ , ചങ്ങാടങ്ങളിലോ യാപ് ദ്വീപുകളിൽ കൊണ്ടുവരും. പിന്നീട് ആളുകൾക്ക് കാണാൻ പാകത്തിൽ ഏതെങ്കിലും പൊതു സ്ഥലങ്ങളിൽ ഇത് സ്ഥിരമായി ഉറപ്പിക്കും. റായ് നാണയത്തിന്റെ ഉടമസ്ഥാവകാശം വാക്കാൽ പറഞ്ഞുറപ്പിക്കുകയാണ് ചെയ്യുന്നത്. ഉടമസ്ഥൻ ഇത് ചുമന്നുകൊണ്ട് വീട്ടിൽ പോകേണ്ട കാര്യമില്ല. കാരണം എല്ലാവർക്കും അറിയാം ഈ നാണയം ഇപ്പോൾ ആരുടേതാണെന്ന്. പിന്നീട് ഈ നാണയം വേറൊരാൾ കൈവശമാക്കുമ്പോഴും ഇതുപോലെ വാക്കാൽ പറയുക മാത്രമാണ് ചെയ്യുന്നത്. നാണയത്തിന്റെ, പഴക്കം, നേരത്തെ കൈവശം വെച്ചിരുന്ന ആളിന്റെ സാമൂഹ്യനിലവാരം അങ്ങിനെ പലവിധ കാരണങ്ങൾ ഒരു റായ് നാണയത്തിന്റെ വിലയെ സ്വാധീനിക്കും. പ്രശസ്തനായ ഒരാളുടെ കൈയിലിരിക്കുന്ന റായിക്ക് വിലകൂടുമെന്ന് സാരം.
Image may contain: one or more people, people standing and outdoorപക്ഷെ ഇതിനിടക്ക് ചെറിയൊരു തമാശ നടന്നു. റായ് നാണയം വെച്ച് യാപ് നിവാസികൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥ തരക്കേടില്ലാതെ കൊണ്ടുപൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു വെള്ളക്കാരൻ കപ്പലപകടത്തിൽ പെട്ട് ഈ ദ്വീപിൽ എത്തിച്ചേർന്നു. 1871ൽ അമേരിക്കൻ – ഐറിഷ് കപ്പിത്താനായിരുന്ന ഡേവിഡ് ഡീൻ ഒ’ കീഫ് ആയിരുന്നു അത്. യാപ് നിവാസികളുടെ വിചിത്ര നാണയത്തെക്കുറിച്ചും, അത് മറ്റ് ദ്വീപുകളിൽ നിന്നും ഇവിടെ കൊണ്ടുവരാനുള്ള പ്രയാസത്തെക്കുറിച്ചും അറിഞ്ഞ ഡേവിഡ് , ദ്വീപ് നിവാസികളെ കാര്യമായി തന്നെ സഹായിച്ചേക്കാം എന്നങ്ങ് വിചാരിച്ചു. തൻ്റെ കപ്പലിൽ നിന്നും വീണ്ടെടുത്ത ആധുനിക ഇരുമ്പ് ആയുധങ്ങൾ വെച്ച് കക്ഷി നാട്ടുകാരെയും കൂട്ടി മറ്റ് ദ്വീപുകളിൽ പോയി നൂറുകണക്കിന് റായ് നാണയങ്ങൾ ചെത്തിയെടുത്ത് കുറഞ്ഞ ചിലവിൽ ദ്വീപിൽ കൊണ്ടെത്തിച്ചു. അവസാനം എന്ത് പറ്റി ? നാണയങ്ങളുടെ പെരുപ്പം കൂടിയതോടെ അതിൻ്റെ വില കുത്തനെ ഇടിഞ്ഞു. അവസാനം പട്ടിക്കും, പൂച്ചക്കും വേണ്ടാതെ ആറായിരത്തോളം റായ് കല്ലുനാണയങ്ങൾ ദ്വീപിൽ പ്രേതകുടീരങ്ങൾ പോലെ അവിടെയും ഇവിടെയുമായി ആർക്കും വേണ്ടാതെ കിടന്നു. കല്ലുകളും, കക്കകളും ഉപയോഗിച്ചുള്ള വേറെ മൂന്ന് തരം കറൻസികൾ ദ്വീപ് നിവാസികൾ ഉപയോഗിച്ചിരുന്നതിനാൽ റായ് കല്ലുകൾ അവസാനം ഉപയോഗശൂന്യമായി. ഇന്നും ദ്വീപിൽ ചെന്നാൽ ഡേവിഡിന്റെ പേരിലുള്ള ചില കല്ലുകൾ കാണുവാൻ സാധിക്കും. വായ്മൊഴിയായി ഉടമസ്ഥാവകാശം കൈമാറുന്ന പതിവ് ഈ കല്ലുകളുടെ കാര്യത്തിൽ ദ്വീപ് നിവാസികൾ ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോഴിത് പാരമ്പര്യവും, പ്രൗഢിയും പറയാനാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം !

JULIUS MANUEL

Advertisements