പത്മരാജന്റെ നായികമാർ
ഇന്നലെ ആ പ്രതിഭയുടെ ഓർമദിവസമായിരുന്നു. കാലങ്ങൾക്ക് മുന്നേ കുറച്ച് സിനിമകൾ എടുത്ത് വച്ച്, വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും അവ ചർച്ചയാകുക-മലയാളത്തിലെ മറ്റൊരു സംവിധായകനും ഉണ്ടാകില്ല ഇങ്ങനെ ഒരു സവിശേഷത. പത്മരാജൻ ചിത്രങ്ങളിൽ ഇഷ്ടപെട്ടവ ഏതെന്ന് ചോദിച്ചാൽ ഒരുത്തരം പറയാനാവില്ല. ഇനിയുമെത്ര കഥകൾ ബാക്കി വച്ചാവും ആ ഗന്ധർവ്വൻ യാത്രയായത്! പത്മരാജൻ സിനിമകളിലെ നായികമാരെ കുറിച്ചാണ് ഈ കുറിപ്പ്.
ക്ലാര: ഈ പേരിൽ ഞാൻ തുടങ്ങിയില്ലെങ്കിൽ എന്നെ ആരാധകർ ബാക്കി വച്ചേക്കില്ല! സത്യത്തിൽ ഒരു വേശ്യയും സവർണ ജന്മി മുതലാളിയും തമ്മിലുള്ള പ്രണയം, ദിവസവും സദാചാരത്തിൽ ഉണർന്നെണീക്കുന്ന മലയാളിക്ക് ഇത്ര പ്രിയങ്കരമായ, നൊസ്റ്റാൾജിക് ആയ പ്രണയമായി തീരണമെങ്കിൽ അതാ ചലച്ചിത്രകാരന്റെ മായാജാലം എന്ന് തന്നെ പറയേണ്ടി വരും. ക്ലാര ഒരു ജിന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാലമില്ലാത്ത, പ്രായമേറാത്ത ഒരു ജിന്ന്. ഇന്നും ഒരു ശരാശരി മലയാളി പുരുഷന്റെ സ്വപ്ന സുന്ദരിയായി തന്നെ നിലനിൽക്കുന്നു ക്ലാര.
രാധ: അല്പം കുശുമ്പ്, വാശി, അഹങ്കാരം, പോസീസിവ്നെസ് ഇതെല്ലാം ചേർത്തിയാൽ കിട്ടുന്ന അക്കാലത്തെ ഒരു സാധാരണ മലയാളി പെൺകുട്ടിയാണ് രാധ. മറ്റൊരുവളിലാണ് സ്നേഹിക്കുന്നവന്റെ മനസെന്ന് അറിഞ്ഞിട്ടും അവനെ സ്വന്തമാക്കി വയ്ക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു നായിക. ക്ലാരയുടെ പ്രഭാവത്തിൽ മങ്ങിപ്പോയ രാധയോടാണ് ഇഷ്ടം കൂടുതൽ.
സോഫിയ: സോളമന്റെ സോഫിയ അധികം സംസാരിക്കാത്ത ഒരുവളാണ്. കണ്ണുകൾ കഥ പറഞ്ഞ ഈ പ്രണയ കഥയിൽ ദുരന്ത പര്യവസാനിയാകേണ്ടവളെ എത്ര മനോഹരമായാണ് പദ്മരാജൻ സോളമനോട് ചേർത്ത് നിർത്തിയത്.
മായ(ഗൗരി): ഓർമയില്ലാതായവളെ ഉപേക്ഷിച്ചു പോകേണ്ടി വരുന്ന ഡോ.നരേന്ദ്രനോട് ദേഷ്യം തോന്നിയിട്ടുണ്ട്. കാരണം എന്നെങ്കിലും ഓർമ തിരിച്ചു കിട്ടുമ്പോൾ മായ അനുഭവിക്കാൻ പോകുന്ന ധർമ്മസങ്കടം! അവളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഡോ.നരേന്ദ്രൻ ചെയ്തത്. പദ്മരാജൻ ജീവിച്ചിരുന്നെങ്കിൽ ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമായിരുന്നു!
ഭാമ: സംഭവിച്ചതെല്ലാം ഭാമയുടെ സങ്കൽപം ആയിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. പ്രണയത്തിന്റെ ഉന്മാദം ഒരു സ്ത്രീയിൽ എങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു എന്നറിയാൻ ഭാമയെ നോക്കിയാൽ മതി. ഒരു മിത്തിനെ സ്വാഭാവികമെന്ന വണ്ണം സിനിമയിലേക്ക് ലയിപ്പിച്ചു ചേർത്തത് കൊണ്ട് തന്നെ പദ്മരാജൻ സിനിമകളിൽ ഏറെ ഇഷ്ടമുള്ള ഒന്നാണ് ഞാൻ ഗന്ധർവ്വൻ.
നായകന്റെ നിഴലായി ആടി പാടാൻ മാത്രം നായിക എന്ന സിനിമ സങ്കല്പത്തിൽ ഇത്രയധികം നായികാ കഥാപാത്രങ്ങൾ ആസ്വാദകരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തതിന് നന്ദിയുണ്ട്. 45 വയസിൽ പൊഴിഞ്ഞു പോയില്ലായിരുന്നുവെങ്കിൽ..അദ്ദേഹം ഒരു ഗന്ധർവനായിരുന്നിരിക്കണം, അതാണ് ചെയ്യാനുള്ള ജോലി പെട്ടെന്ന് തീർത്ത് അങ്ങ് ഓടിമറഞ്ഞത്!
നിങ്ങൾക്ക് ഇതിൽ ആരെയാണ് ഇഷ്ടം? എന്ത് കൊണ്ട് എന്ന് കമെന്റിൽ പറയൂ!