ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന ഏകശിലാ പാളി എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷ പ്പെടുന്ന ഏകശിലകൾ ലോകത്ത് ആദ്യമായി യുഎസിലെ യൂട്ടായിലെ മരുപ്രദേശത്താണ് പ്രത്യക്ഷപ്പെട്ടത്. നവംബർ 12ന് ഇതുവഴി പോയ ഹെലിക്കോപ്റ്റർ സംഘം ഇതു കണ്ടെത്തി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തോടെ വലിയ ലോകശ്രദ്ധ ഇതു നേടി.
കോവിഡിനെ പോലും അവഗണിച്ച് ആളുകൾ യൂട്ടായിലേക്ക് ഏകശില കാണാനായി ഒഴുകി.പന്ത്രണ്ടടിയോളം പൊക്കമുള്ളതായി രുന്നു ഈ ഏകശില.വിജനമേഖലയായ ഇവിടെ എങ്ങനെ ഇങ്ങനൊരു ശില വന്നു എന്നതാ യിരുന്നു ആളുകളെ ഏറ്റവും അമ്പരപ്പിച്ച സംഗതി. പാറക്കെട്ടിലേക്ക് എങ്ങനെ ഇതിത്ര ഭംഗിയായി തുരന്നിറക്കി വച്ചു എന്നത് വേറൊരു സംശയം.ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചു.എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ ആകെപ്പാടെ സംഭ്രമജനകമായ സംഭവങ്ങൾ. യൂട്ടായ്ക്കു ശേഷം പിന്നീട് പാളി പ്രത്യക്ഷപ്പെട്ടത് യൂറോപ്യൻ രാജ്യമായ റുമേനിയയിലാണ്. അവിടെ നീംറ്റ് പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതനവും , അൽപം നിഗൂഢതയുമൊക്കെ യുള്ള കോട്ടയ്ക്കു സമീപമാണ് രണ്ടാമത്തെ ഏകശില പൊടുന്നനെ ഉയർന്നത്.എന്നാൽ യൂട്ടായിലെ ഏകശില പോലെ അത്ര ഫിനിഷിങ്ങും , ഭംഗിയുമൊന്നും ഇതിനില്ലായി രുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ
കലിഫോർണിയയിൽ മറ്റൊരു പാളി പ്രത്യക്ഷപ്പെട്ടു.

മേഖലയിലെ പൈൻ മലമുകളിലാണ് ഇതു കണ്ടത്.വെള്ളികൊണ്ട് നിർമിച്ച നിലയി ലായിരുന്നു ഈ പാളി.ഇതെല്ലാം കൂടിയായ തോടെ ഈ ശരത്കാലം മോണോലിത്തുകളുടെ സീസണാണെന്നു തോന്നുന്നെന്നാണു സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. ഇവ എവിടുന്നു വരുന്നു? എന്താണിവയുടെ പ്രത്യേകത? ആരാണ് ഇതിനു പിന്നിൽ? സോഷ്യൽ മീഡിയ എല്ലാം മറന്നു ചർച്ച തുടങ്ങി.അന്യഗ്രഹജീവികൾ കൊണ്ടു വന്നു സ്ഥാപിച്ചതാണെന്ന് ഒരു കൂട്ടർ ശക്തമായി വാദിച്ചപ്പോൾ, അതല്ല ഏതോ ഉപഗ്രഹത്തിൽ നിന്ന് അടർന്നു വീണതാണു യൂട്ടായിലെ ഏകശിലയെന്നായി മറ്റു ചിലർ.

സ്റ്റാർട്രക്ക് പോലെ ഒട്ടേറെ സയൻസ് ഫിക്‌ഷൻ സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് യൂട്ടായിലെ മരുഭൂമി.അന്നു ചിത്രീകരണത്തിനുപയോഗിച്ച ഏതോ സാമഗ്രിയാകാം ഇതെന്നായിരുന്നു മറ്റൊരു വാദം.എന്നാൽ അധികൃതർ സംശ യിച്ചത് ഏതോ കലാകാരൻമാർ ഒപ്പിച്ച പണിയാണിതെന്നാണ്.വളരെ സവിശേഷത യുള്ള ഭൂഭാഗങ്ങളിൽ കലാനിർമിതികൾ സ്ഥാപിക്കുന്ന ‘ലാൻഡ് ആർട്’ എന്ന കലാശാഖ വളരെ പ്രശസ്തമാണ്. ഇത്തരത്തിലുള്ള ഒരു ലാൻഡ് ആർട്ടാകാം ഏകശിലകളെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
നിഗൂഢ സിദ്ധാന്തക്കാർ ഏറ്റെടുത്ത ഏകശിലാപാളി (മോണോലിത്) ഇന്ത്യയിലെ മുംബൈയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ബാന്ദ്രയിലെ പാർക്കിലാണ് ഇത്തവണ ഏകശിലാപാളി ഉയർന്നത്. ഡിസംബറിൽ അഹമ്മദാബാദിലെ താൽതേജിലുള്ള സിംഫണി ഫോറസ്റ്റ് പാർക്കിലും ഏകശിലാപാളി പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിൽ പ്രത്യക്ഷ പ്പെടുന്ന രണ്ടാമത്തെ ഏകശിലാപാളി യാണിത്. ബാന്ദ്ര മുനിസിപ്പൽ കൗൺസിലറായ ആസിഫ് സക്കറിയ ആണ് ഏകശിലാപാളിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന നിഗൂഡ ഏകശിലകളുടെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.ഇതിനു മുൻപ് ഏകശിലാപാളി പ്രത്യക്ഷമായത് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഷാനയിലാണ്.

ഫെബ്രുവരി 14നാണ് ഏകശില നഗരമധ്യത്തി ൽ പ്രത്യക്ഷപ്പെട്ടത്. ഏകശില യുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കു തുടങ്ങി. പല അഭ്യൂഹങ്ങളും ഏകശിലയെക്കുറിച്ച് പ്രചരിച്ചു. അന്യഗ്രഹജീവികളും അന്ധവിശ്വാസവുമെല്ലാം കൂട്ടിക്കുഴച്ച് കഥകൾ പ്രചരിച്ചതോടെ ഭയന്ന പ്രദേശവാസികൾ ഏകശില അടിച്ചു തകർത്ത ശേഷം തീവച്ചു നശിപ്പിച്ചതോടെ സംഭവത്തിനു തിരശ്ശീല വീണു. ഏകശില പ്രത്യക്ഷപ്പെട്ട മറ്റ് സ്ഥലങ്ങളിലെല്ലാം കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത് അപ്രത്യക്ഷമാവുകയായിരുന്നു പതിവ്. എന്നാൽ ഇവിടെ ആ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ജനങ്ങളുടെ പ്രതികരണം.

മൂന്ന് മീറ്ററോളം ഉയരമുള്ള ഏകശിലയുടെ അകം പൊള്ളയായിരുന്നു. കല്ലെറിഞ്ഞും , വടികൊണ്ടടിച്ചും തകർത്ത ശേഷമാണ് ജനങ്ങൾ പൊള്ളയായ ഏകശില തീവച്ച് നശിപ്പിച്ചത്.ഫെബ്രുവരി ആദ്യം തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ സൻലി ഉർഫയിൽ ഏകശില കണ്ടെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് അപ്രത്യക്ഷ മാവുകയും ചെയ്തു. തുർക്കിയിലെ പുരാതന ക്ഷേത്രമായ ഗോപെക്‌ലിടെപെയ്ക്ക് സമീപമാണ് ഏകശില കണ്ടത്. മൂന്ന് മീറ്ററോളം ഉയരമുണ്ടായിരുന്നു ലോഹനിർമിതമായ ഈ ഏകശിലയ്ക്ക്.
ആധുനിക കാലത്ത് മനുഷ്യരെ ഭീതിയിലാക്കിയ പല ക്രോപ്പ് സർക്കിളുകളും ഇത്തരത്തില്‍ ലാൻഡ് ആർട്ടിൽ താൽപര്യമുള്ളവരുടെ നമ്പറായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. ഏകശിലകൾക്ക് അമേരിക്കൻ പൊതുബോധ ത്തിൽ പ്രത്യേക ഒരു സ്ഥാനമുണ്ട്.1968ൽ പുറത്തിറങ്ങിയ സ്പേസ് ഒഡീസി എന്ന ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചിത്രവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്.പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ സർ ആർതർ സി. ക്ലാർക്ക് തിരക്കഥയെഴുതിയ സ്പേസ് ഒഡീസിയിൽ ഇത്തരം ഏകശിലകൾ പ്രധാന കഥാ തന്തുവായി വരുന്നുണ്ട്.

പക്ഷേ അവ കറുത്തപ്രതലമുള്ളവയാണെന്ന വ്യത്യാസം മാത്രം. ഭൂമിയിൽ ആദ്യകാലത്തു വസിച്ചിരുന്ന മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്, അന്യഗ്രഹ ത്തിൽ നിന്നുള്ള ഈ ഏകശിലകൾ സ്വാധീനം ചെലുത്തിയെന്നാണു ചിത്രത്തിന്റെ കഥ. അതിനാൽ നിഗൂഢതയൽപം ശക്തമാക്കാൻ ലക്ഷ്യമിട്ടു തന്നെയാകാം ഏകശിലാപാളി തന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല, ഈജിപ്തിൽ പിരമിഡ‍ുകളുടെ സമീപം കണ്ടെത്തിയിട്ടുള്ള ഒബെലിസ്കുകളും നിഗൂഢ സിദ്ധാന്തക്കാരുടെ റഡാറിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.പ്രാചീന കാലത്ത് അന്യഗ്രഹജീവികൾ ഭൂമിയിലെത്തി നിർമിച്ചതാണ് ഈ ഒബലിസ്കുകൾ എന്നൊക്കെ വാദിക്കുന്നവരുമുണ്ട്.

പ്രാചീന ഒബലിസ്കുകളുമായി സാമ്യമുള്ള ഏകശിലാ പാളി കൊണ്ട് ഇത്തരം നിഗൂഢ സിദ്ധാന്തങ്ങളൊക്കെ ഒന്നു പൊടി തട്ടിയെടു ക്കാനും ഇതു സ്ഥാപിച്ചവർ ലക്ഷ്യമിട്ടുകാണും. ഏതായാലും ഏകശിലാ പാളികൾ ഹിറ്റായി കഴിഞ്ഞു. ഒട്ടേറെ കമ്പനികൾ പോലും തങ്ങളുടെ മാർക്കറ്റിങ് ക്യാംപെയിനുകളിൽ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഉപയോഗിച്ചു തുടങ്ങി. ഇത്തരം ഞെട്ടിക്കുന്ന കലാരൂപങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നാണ് കലാകാരൻമാർ നൽകുന്ന സൂചന.

You May Also Like

അമേരിക്കയിൽ സർവീസ് നടത്തുന്ന ജാനറ്റ് എന്ന ചുവന്ന വരയുള്ള അജ്ഞാത വിമാനങ്ങൾ എന്താണ് ?

രഹസ്യ സർവ്വീസ് നടത്തുന്ന ജാനറ്റ് എന്ന ചുവന്ന വരയുള്ള അജ്ഞാത വിമാനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം? അറിവ്…

260 വർഷമായി ആ ഗോവണി പള്ളി ജാലകത്തിനടിയിൽ വെറുതെയിരിക്കുന്നു

പള്ളിയിലെ സ്ഥാവര ഗോവണി Immovable Ladder on the Church of the Holy Sepulchre…

കാനഡയിലെ ഫാൽക്കൺ തടാകത്തിന് സമീപം പറക്കുംതളികയെ കണ്ട സ്റ്റെഫാൻ മിച്ചാലക്കിന് സംഭവിച്ചത്

1967 മെയ് 20 ന്, ഫാൽക്കൺ തടാകത്തിന് സമീപം സ്റ്റെഫാൻ മിച്ചാലക്ക് ഒരു പറക്കുംതളികയെ (UFO)…

ഓസ്‌ട്രേലിയയിലെ ലിച്ച്‌ഫീൽഡ് ദേശീയ പാർക്കിലെ കാന്തിക ചിതൽ കുന്നുകൾ

കാന്തിക ചിതൽ കുന്നുകൾ… Magnetic Termite Mounds Sreekala Prasad ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത്, ഡാർവിനിൽ…