The ഇൻക്രെഡിബിൾ കക്കൂസ്

1376

ഞാൻ ജനിക്കുന്നകാലത്ത് വീട്ടിൽ ഗ്രാമീണ കക്കൂസായിരുന്നു. തൂറലെന്നത് ഭാരതീയസംസ്കാരത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ടും അതുകേവലം പ്രകൃതിവ്യവസ്ഥയിൽ അധിഷ്ഠിതമായൊരു ശാരീരികപ്രവണതയാകയാലും ദഹനപ്രക്രിയ നടക്കുന്ന മുറയ്ക്ക്,
മെടഞ്ഞ ഓലകൊണ്ട് ചുവരുത്തീർത്ത കക്കൂസിൽ നമ്മൾ സന്തോഷത്തോടെ, ഒറ്റമനസോടെ പുഞ്ചിരിച്ചുകൊണ്ട് അപ്പിയിടുമായിരുന്നു. ഓലയുംമടലും പിൽക്കാലത്തു പഴമയുടെ ഫാഷനായി ആധുനികസമൂഹം ഏറ്റെടുത്തപ്പോഴാണ് ആ കക്കൂസ് പൊളിഞ്ഞു കളഞ്ഞതിലുള്ള അബദ്ധം ഞങ്ങൾ മനസിലാക്കുന്നത്. സായിപ്പന്മാരെ കൊണ്ടുകാണിച്ചാൽ കിട്ടിയേക്കാവുന്ന ഡോളറുകൾ പാഴാക്കിക്കളഞ്ഞതു ചരിത്രമണ്ടത്തരം.

ഇന്നത്തെപ്പോലെ വാതിലുകൾ കൊട്ടിയടച്ച കക്കൂസല്ലായിരുന്നു അത്. ഉള്ളിൽനിന്നും പലഭാഷകളിലെ ഗാനങ്ങൾ അലയടിക്കുമായിരുന്നു. അപ്രതീക്ഷിതമായി ആരെങ്കിലും വയറുംപൊത്തിപ്പിടിച്ചു കയറിവരാതിരിക്കാൻ നൽകുന്ന സ്വീറ്റ് സിഗ്നലുകൾ ആയിരുന്നു അക്കാലത്തു ഗാനങ്ങൾ. പാടാനറിയാത്തവർ പോലും അത്തരം കക്കൂസുകൾ ഉപയോഗിച്ചതിന്റെപേരിൽ നല്ല പാട്ടുകാരായി പേരെടുത്തിട്ടുണ്ട്. എന്നാൽ വാതിലില്ലായ്മ പലരും മുതലെടുത്തിട്ടുമുണ്ട്. മനഃപൂർവ്വം അകത്തുകയറിച്ചെന്നിട്ടു ഒരു സോറിയിലൊതുക്കുന്ന ഔപചാരികത പലരെയും മാനേഴ്‌സിന്റെ നിറകുടങ്ങളാക്കി. അവിടെയാണ് സായിപ്പിനെ എഴുന്നള്ളിച്ചുകൊണ്ടു കയറ്റി ‘ദിസ് ഈസ് അപ്പിയിടുന്ന ഇന്ത്യക്കാരൻ ‘ എന്നു കാണിക്കുന്നതിന്റെ ടൂറിസം സാധ്യത ഒളിഞ്ഞിരുന്നത്. എത്രയോ കാനോൻ കാമറകളിൽ പതിയേണ്ട അപ്പികളുടെ ഭാഗ്യത്തെ നമ്മൾ നശിപ്പിച്ചു.

പക്ഷെ അത്തരം സാംസ്‌കാരിക കക്കൂസുകൾ എന്നെയെന്നും ഭീതിയുടെ മുൾമുനയിൽ ആഴ്ത്തിയിരുന്നു. കോൺക്രീറ്റ് സ്ളാബ് ഒന്നുതകർന്നാൽ അഗാധമായ മലസാഗരത്തിൽ കൈകാലിട്ടടിച്ചു മറിയാനാട്രഞ്ചിന്റെ നിഗൂഢ ദുർഗന്ധമണ്ഡലത്തിൽ അമൃതുസേവിച്ചു പണ്ടാരമടങ്ങുന്ന ഛർദ്ദിയിൽ കുതിർന്ന ഭീകരസ്‌മൃതികൾ എന്നെയും കോടാനുകോടി ഇന്ത്യക്കാരെപ്പോലെ റെയിൽവേ ട്രാക്കിലേക്ക് പലായനം ചെയ്യിക്കാൻ പ്രേരിപ്പിച്ചതുകാരണം ട്രെയിനുകളുടെ സമയക്രമം മനഃപാഠമാക്കി ഞാൻ ശോഭിച്ചിരുന്നു. ട്രാക്കിലെ എല്ലാ സംസ്ഥാനങ്ങളിലെയും അപ്പികളുമായി നാനാത്വത്തിൽ ഏകത്വത്തോടെ എന്നപ്പി കിടക്കുന്ന മല’ബന്ധ’ഒരുമയിൽ മലബന്ധങ്ങൾ അപ്രസക്തമായ അക്കാലത്തു റെയിൽവേ ട്രക്കുകൾക്ക് സമീപത്തെ കുറ്റിക്കാടുകളിൽ ഉയർന്നുനിൽക്കുന്ന, പരിചയമുള്ള പലരുടെയും കഷണ്ടിശിരസ്സുകൾ കാണുമ്പൊൾ “എന്തിനുവേറൊരു സൂര്യോദയം” നാവിലെത്തും.

പണ്ടൊരു ബന്ധുവീട്ടിൽ വെക്കേഷൻ ചിലവഴിച്ചകാലത്തു ആ വീട്ടിൽ നല്ല അസ്സൽ കക്കൂസുണ്ടായിരുന്നു. പൊതുശൗചാലയങ്ങൾ പോലെ ഹജൂരാഹോ ശില്പകലകൾ കൊണ്ട് അകം അലങ്കരിക്കപ്പെട്ടിരുന്നില്ലെങ്കിലും പിൽക്കാലത്തു ടൂറിസം നൽകിയേക്കാവുന്ന അനന്തസാധ്യതകൾ മുതലെടുക്കാൻ അന്നാ കക്കൂസിൽ അപ്പിയിട്ടു നാറ്റാതിരിക്കാനും ചൂട്ടുംകത്തിച്ചു വരിവരിയായി പദസഞ്ചലനം നടത്തി അന്യന്റെ പറമ്പിനെ യഥേഷ്ടം ഉപയോഗിക്കാനും കാണിച്ച അവരുടെ ദീർഘവീക്ഷണത്തോടു ഐക്യപ്പെടാൻ എനിക്കും സാധിച്ചതിൽ ഇന്നൊരുപാട് കൃതാർത്ഥത അനുഭവപ്പെടുന്നു.

കക്കൂസ് വിപ്ലവം നടക്കുന്ന ഇന്ത്യ സാങ്കേതികരംഗത്തു വലിയ ഉയർച്ചനേടുമെന്നും വയറ്റിലൊന്നുമില്ലാത്തതിനാൽ വായുഇന്ധനം ശക്തമായി ഭൂമിയിലടിച്ചു ഓരോ ഇന്ത്യക്കാരനും ജി.എസ്.എൽ.വി റോക്കറ്റുകൾ പോലെ ഉയരുന്ന കാലം താൻ സമാഗതമാക്കിയെന്നും നഗ്നനായ രാജാവ് പ്രഖ്യാപിക്കുമ്പോൾ ‘ഇൻക്രെഡിബിൾ കക്കൂസ്’ കാണാൻ പാശ്ചാത്യരുടെ ഒഴുക്കായി. ചേരിക്കുടിലുകളിൽ താമസിക്കുന്നവർ കട്ടിലിൽ ദ്വാരമുണ്ടാക്കി കിടന്നകിടപ്പിൽ തന്നെ അപ്പിയിടുന്ന ആധുനികജീവിതസൗകര്യത്തിന്റെ ഉന്നതികളിൽ വിരാജിക്കുന്നതായും പൈപ്പിൻ കുഴലുകളിൽ താമസിക്കുന്നവർ പൈപ്പുകളുടെ മുൻഭാഗത്തുകൂടി വേസ്റ്റ്‌ ബക്കറ്റുകളിലെ ആഹാരം ശേഖരിക്കുകയും പിൻഭാഗത്തുകൂടി മലം രാഷ്ട്രത്തിനു സമർപ്പയാമിൻ ചെയുകയും ചെയുന്ന ഏകരാജ്യമെന്ന റോക്കാർഡ് ഇന്ത്യയ്ക്കുമാത്രമെന്നും അദ്ദേഹം പറഞ്ഞു.

“തൂറുവാൻ മോഹം തൂറുവാൻ മോഹം എനിക്കെന്നുമെന്നും ഗൃഹശൗചാലയത്തിൽ തൂറുവാൻ മോഹം” എന്നു രാഷ്ട്രഭാഷയിൽ പാടിക്കൊണ്ടു ഇതുവഴി നടന്നുപോയ പെൺകുട്ടികൾ അല്ലയോ പ്രാകൃതലിപികൾ അണിഞ്ഞു മരക്കൊമ്പിൽ തൂങ്ങിനിന്നു ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെ മറ്റൊരു ഇൻസ്റ്റലേഷനാകുന്നതെന്ന് മൂക്കത്തുവിരൽ വയ്ക്കുന്നവർ വിരലെടുക്കാതെ തന്നെ ആസേതുഹിമാചലം യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.

താജ്മഹലുകൾ പൊളിച്ചു ആധുനിക ഇന്ത്യ കക്കൂസ് മഹലുകളിൽ സെല്ഫിയെടുക്കട്ടെ. ദുർഗന്ധം മറന്ന പാശ്ചാത്യർ നാസികകളുടെ വ്യത്യസ്താനുഭവങ്ങൾക്കായി ഒഴുകിയെത്തട്ടെ. ചാണക-മലങ്ങളിൽ നിന്നും പുതൊയൊരു വ്യാവസായികവിപ്ലവം ഇവിടെ സംജാതമാകട്ടെ .ഉദരസ്മൃതികളുടെ ദുർഗന്ധ ശവപ്പറമ്പുകൾ നമുക്കാഘോഷിക്കാം.. ഉദാരനിമിത്തം ബഹുകൃതവേഷംകെട്ടുന്നവർ നീണാൾ തൂറട്ടെ. ‘ദി ഇൻക്രെഡിബിൾ കക്കൂസ്’ തിളങ്ങട്ടെ.