അമ്പിഷ്യസ്, മാനിപ്പുലേറ്റിവ്, കണ്ണിങ്

ഇന്ദ്രാണി മുക്കർജിയുടെ കൂടെ വ്യക്തിപരമായി പ്രവർത്തിച്ചിരുന്നവരിൽ എന്റെ പരിചിതവലയത്തിൽ ഉണ്ടായിരുന്നവരിൽ നിന്നും അവരെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളിൽ മിക്കവാറും കയറി വന്നിരുന്ന മൂന്ന് വാക്കുകളാണ്. അതിൽ ആദ്യത്തേത് അത്ര മോശമായ ഒരു കാര്യമല്ല. എന്നാൽ അതിലേക്കുള്ള പാതയിൽ അവർ തിരഞ്ഞെടുത്ത മറ്റു രണ്ടു വാക്കുകൾ ആണ് അവരെ അപകടകാരിയായ ഒരു വ്യക്തിയായി മാറ്റുന്നത്. തനിക്ക് അർഹതയില്ലാത്ത ഒരു സ്ഥാനത്താണ് താനിരിക്കുന്നത് എന്നൊരു തോന്നൽ അവർക്ക് എപ്പോഴും ഉണ്ടായിരുന്നെന്നും, അത് മനസ്സിൽ വെച്ചുകൊണ്ടാണ് സഹപ്രവർത്തകരോട് ഇടപഴകിയിരുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നലെ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയ ഇന്ദ്രാണി മുക്കർജി സ്റ്റോറി – ബറീഡ് ട്രൂത്ത് എന്ന സീരീസ് വിപരീതോദ്ദേശത്തിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും ആ ഒരു അറിവിനോട് ചേർന്ന് നിൽക്കുന്ന തലത്തിലുള്ളതാണ്.

ഫെബ്രുവരി 25ആം തിയതി നടക്കുമെന്ന് അനൗൺസ് ചെയ്തിരുന്ന സ്ട്രീമിങ് സിബിഐ തടയണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയത് കൊണ്ട് മാർച്ച് 15ലേക്ക് മാറ്റിയതായി പറഞ്ഞിരുന്നുവെങ്കിലും, ഇന്നലെ ഹൈക്കോടതി സിബിഐയുടെ ആവശ്യം തള്ളിയപ്പോൾ ഒട്ടും താമസം കൂടാതെ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. പക്ഷെ നാല് എപ്പിസോഡുകൾ ഒറ്റയിരുപ്പിന് കണ്ടു തീർത്തപ്പോൾ സിബിഐ ശരിയായിരുന്നു എന്നുള്ള ഒരു തോന്നലിലാണ് ചെന്നെത്തിയത്. ഇന്ത്യൻ കോടതികൾ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിധി കൽപ്പിക്കുന്നത്, അല്ലാതെ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല എന്നത് വാസ്തവമാണ്. എന്നാലും കുറഞ്ഞ പക്ഷം സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ പോവുന്ന തരത്തിലാണ് സീരീസ് എടുത്തിരിക്കുന്നത്.

ഇന്ദ്രാണി ഒഴിച്ച് ഈ കേസുമായി നേരിട്ട് ബന്ധമുള്ളവരാരും അഭിമുഖം ആവശ്യപ്പെട്ടിരുന്നെങ്കിലും, അവരൊക്കെ ആവശ്യം നിരാകരിച്ചുവെന്ന് സീരീസിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഉപരിവർഗ സമൂഹത്തിലെ എല്ലാവിധ പുഴുക്കുത്തുകളും എക്സ്പോസ് ചെയ്യപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഷീന ബോറായുടെ കൊലപാതകം. അർത്ഥശൂന്യമായ ബന്ധങ്ങളുടെ അനിവാര്യമായ പരിണാമമായിരുന്നു ജീവിതം തുടങ്ങിയ ഒരു പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത് എന്ന് പറയുന്നത്തിൽ വല്ലാത്ത വിഷമമുണ്ട്. എന്നാലും സത്യമതാണ്. നുണകളുടെ, വഞ്ചനയുടെ, സ്വാർത്ഥതയുടെ… ജുഗുപ്സ ഉണർത്തുന്ന പല അനുഭവങ്ങളും ചേർന്നതാണ് ഗുവാഹത്തിയിൽ നിന്നും തുടങ്ങി, മുംബൈയിലെ ഹൈ സൊസൈറ്റിയിൽ നിന്നും ജയിലഴികൾക്ക് പിറകിലേക്ക് നീണ്ട ഇന്ദ്രാണിയുടെ ജീവിത കഥ. ഒരു ബോളിവുഡ് മസാല സിനിമയുടെ എല്ലാ ചേരുവകളും ചേർന്നത്.

ഒരു സീരീസ് എന്ന നിലയ്ക്ക് ഗ്രിപ്പിങ് ആയ രീതിയിലാണ് ആഖ്യാനം. കിട്ടിയ പ്രതലം പരമാവധി ഉപയോഗിക്കാൻ ഇന്ദ്രാണി ശ്രമിച്ചിട്ടുണ്ട്. എന്നാലും അമിതമായ ഒരു ആത്മവിശ്വാസം ഓരോ വാക്കിലും കുമിയുമ്പോൾ അവർ അറിയാതെ തന്നെ കരുതലോടെ മറച്ചു പിടിക്കുന്ന പലതും പുറത്തേക്ക് വിടുന്നുണ്ട്. ഒരു ശരാശരി നെറ്ഫ്ലിക്സ് സീരീസിന്റെ എല്ലാ പ്രൊഡക്ഷൻ ക്വാളിറ്റിയും നാല് എപ്പിസോഡുകളിലും തെളിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റയിരുപ്പിൽ തന്നെ കണ്ടു തീർക്കും. പക്ഷെ നീതി പുലരുമോ ഇല്ലയോ എന്ന ചോദ്യം ബാക്കി വെച്ച് കൊണ്ട് കണ്ടു തീരുമ്പോൾ വായിലൊരു അരുചിയുടെ ലാഞ്ചനയും ബാക്കിയാവും. ബറീഡ് ട്രൂത്ത് – ദി ഇന്ദ്രാണി മൂക്കർജി സ്റ്റോറി. നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു

You May Also Like

നാഗാർജുന നായകനായ ‘ദി ഗോസ്റ്റ്’ ഒഫീഷ്യൽ ട്രെയിലർ

നാഗാർജുന നായകനായ ‘ദി ഗോസ്റ്റ്’ ഒഫീഷ്യൽ ട്രെയിലർ. ഒക്ടോബർ 5 റിലീസ്. പ്രവീൺ സട്ടാറു സംവിധാനം…

യാഷിനെയും പ്രശാന്ത് നീലിനെയും മാത്രമല്ല രവി ബസ്‌റൂറിനെയും ആഘോഷിക്കേണ്ടതുണ്ട്

കെജിഎഫ് എന്ന സിനിമയെ ഇത്ര മനോഹരമായ അനുഭവമാക്കി തീർത്ഥത്തിൽ അതിന്റെ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. കെജിഎഫിന്റെ…

വീട്ടിലെ ഷെൽഫിൽ എന്നൊരു മികച്ച നടനുള്ള ശിൽപം കൊണ്ടുപോയി വയ്ക്കും ജയറാം ?

Rahul Madhavan പെർഫോമൻസിൽ മികച്ചത് നോക്കി ഇതുവരെ കിട്ടാത്തവർക്ക് കൊടുക്കുക എന്നൊരു പോളിസിയാണ് ജൂറി കുറെ…

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘വീരസിംഹ റെഡ്ഡി’ ഒഫീഷ്യൽ ട്രെയിലർ

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘വീരസിംഹ റെഡ്ഡി’ ഒഫീഷ്യൽ ട്രെയിലർ. ജനുവരി 12 റിലീസ്. മൈത്രി മൂവി…