1600 കൊല്ലത്തിലേറെ പഴക്കമുള്ള ഡൽഹിയിലെ ഇരുമ്പ് തൂൺ തുരമ്പ് പിടിക്കാത്തത് എന്തുകൊണ്ടാകും ?

0
1160

എഴുതിയത്  : സഞ്ജയ്‌ മേനോൻ

ഡൽഹി ഇരുമ്പ് തൂൺ
***************

AD മൂന്നാം നൂറ്റാണ്ട് മുതൽ 543 വരെ പാടലീപുത്ര ആസ്ഥാനമായി ഭരിച്ച രാജവംശം ആണ് ഗുപ്‌ത സാമ്രാജ്യം. ഗുപ്‌ത രാജാക്കന്മാരിലെ ചന്ദ്രഗുപ്തൻ ഒന്നാമന്റെയും, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമന്റെയും ഭരണകാലം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം ആയി ചരിത്രകാരന്മാർ കണക്കാക്കുന്നു.
എഡി 400 ൽ ചന്ദ്രഗുപത രണ്ടാമന്റെ ഭരണകാലത്താണ് ഇരുമ്പുതൂൺ നിർമ്മിക്കപ്പെടുന്നത്.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചന്ദ്രഗുപ്തന്റെ സ്മരണയ്ക്ക് നിർമിക്കപ്പെട്ട ഇരുമ്പുതൂൺ ഡൽഹിയിലെ കഠിനമായ കാലാവസ്ഥയിൽ ഇതുവരെ ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്നതാണ് ശാസ്ത്രജ്ഞരെ പോലും അമ്പരിപ്പിക്കുന്നത്.

ഭൂനിരപ്പിൽ നിന്ന് 23.8 അടി മാത്രം ഉയരമുള്ള തൂണിന് ഏകദേശം ആറു ടൺ ഭാരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ നിരവധി ലിഖിതങ്ങൾ കൊത്തിവെച്ചിട്ടുള്ള ലോഹ തൂണിൽ ഏറ്റവും പഴക്കം ഉള്ളത് ചന്ദ്രഗുപ്‌ത്തന്റെ യുദ്ധവിജയം ആണ്. ഇന്നുവരെ ഇ തൂൺ ഏത് ലോഹസങ്കരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് ആർക്കും കണ്ടെത്താനായിട്ടില്ല. ശുദ്ധമായ പച്ചിരുമ്പ് കൊണ്ടാണ് ഇത് നിർമിച്ചത് എന്നാണ് ഡോ പേഴ്സി, ഡോ മുരാരെ തോംസൺ എന്ന തൂണിനെ കുറിച്ച് പഠിച്ച ഗവേഷകർ പറയുന്നത്. അങ്ങിനെയാണെങ്കിൽ ഏത് വിധേനെയാണ് ഇരുമ്പ് ഖനനം ചെയ്തിട്ടുണ്ടാകുക, അത് തുരുമ്പിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമായിരുന്നു എന്നതിനു ഇന്നും ഉത്തരമില്ല !!

1831 ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ വില്യം ഇല്ലിയോട്ട് ആണ് തൂണിൽ കൊത്തിയ സംസ്കൃത ലിഖിതങ്ങളെ കുറിച്ച് പഠനം നടത്താൻ തുടങ്ങിയത്. മഹാവിഷ്ണു ഭക്തൻ ആയ ചന്ദ്ര രാജാവിന്റെ പേരിൽ ആണ് ലിഖിതങ്ങൾ ഉള്ളത്. വിഷ്ണുവിന്റെ ഗരുഡ വാഹനത്തിന്റ ശില്പവും പണ്ട് തൂണിന്റ മുകളിൽ സ്ഥാപിച്ചിരുന്നു. അത് പിൽക്കാലത്ത് നാദിർ ഷായുടെ ഡൽഹി പടയോട്ടത്തിൽ തകർക്കപ്പെട്ടു.

തുടക്കത്തിൽ മധുരയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുതൂൺ മുഹമ്മദ്‌ ഘോറിയുടെ ആക്രമണത്തിൽ അവിടെനിന്നും ഡൽഹിയിൽ എത്തിക്കുകയും പൃഥ്വിരാജ് ചൗഹാന്റെ രാജധാനിയിൽ രജപുത്ര രാജാവിനെ രണ്ടാം ടെറൈൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയതിന്റ സ്മരണയ്ക്ക് വേണ്ടി പടത്തലവൻ ഇൽത്തുമിഷ് പുനഃസ്ഥാപിക്കുകയും ചെയ്തു. പൃഥ്വിരാജ് ചൗഹാന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും അഫ്ഘാനിസ്ഥാനിലേക്ക് തടവുകാരൻ ആയി കൊണ്ടുപോകുകയും ചെയ്തു.

അതിനോടനുബന്ധിച്ചു തൂണിനോട് ചേർന്ന് രണ്ടാം ടെറൈൻ യുദ്ധവിജയത്തിന്റ സ്മരണക്കായി ഖുതബ് മിനാർ നിർമിക്കുകയും ഡൽഹിയിൽ ആദ്യമായി കുവാത് ഉൽ ഇസ്ലാം പള്ളി സ്ഥാപിക്കുകയും ചെയ്തു. അതിന് വേണ്ടി പൃഥ്വിരാജ് ചൗഹാന്റെ തകർത്ത ക്ഷേത്രവസ്തുക്കൾ ഇൽത്തുമിഷ് ധാരാളം ഉപയോഗപ്പെടുത്തി. നിർമാണത്തോടെ ആദ്യമായി ഇന്ത്യയിൽ സുൽത്താൻ ഭരണത്തിന് തുടക്കമായി.
ശാസ്ത്രത്തിലും ലോഹനിര്മിതിയിലും ഭാരതീയർക്ക് ഉണ്ടായിരുന്ന വൈദഗ്ധ്യത്തിന്റെ തെളിവായി ഡൽഹി ഖുതബ് മിനാർ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പ് തൂൺ ഇന്നും ആരെയും ആകർഷിച്ചുകൊണ്ടിരിക്കുന്നു !!