ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രീയ അജണ്ടകൾ

0
244

ആഷിക് മുഹമ്മദ്

ജമാഅത്തെ ഇസ്ലാമിയെന്നത്‌‌ അന്തർദ്ദേശീയ തലത്തിൽപ്പോലും കൃത്യമായ ഇസ്ലാമിക രാഷ്ട്രീയ അജണ്ടകളുള്ള ഒരു രാഷ്ട്രീയപാർട്ടിയാണ്‌. ഇഖാമത്തുദ്ദീൻ അഥവാ മതസംസ്ഥാപനമാണ്‌ ഇവരുടെ പരമമായ ലക്ഷ്യം. ദീൻ അഥവാ മതമെന്ന വാക്കിന്റെ പരിഭാഷയായി മൗദൂദി പല സ്ഥലങ്ങളിലും പാർട്ടി എന്ന വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളതെന്ന് പലരും വിലയിരുത്തുന്നുണ്ട്‌. ബംഗ്ലാദേശിലേയോ, പാക്കിസ്ഥാനിലേയോ അല്ലെങ്കിൽ അഫ്ഗാസ്ഥാനിലേയോ പോലെ നേരിട്ടൊരു ഇടപെടൽ ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യപ്രക്രിയയിൽ സാധ്യമല്ലെന്ന ബോധ്യമാണ്‌‌ ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച്‌ ജനാധിപത്യത്തിൽ ഇടപെടാൻ വെൽഫയർ പാർട്ടിയെന്ന ഒരു സംഘടന രൂപീകരിച്ച്‌ പ്രവർത്തിക്കാൻ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ചത്‌.

“സംക്രമണഘട്ടത്തിലെ ദീനിന്റെ സംസ്ഥാപനം” എന്ന ലേഖനത്തിൽ ജമാഅത്ത്‌ അമീർ സഅദത്തുള്ള ഹുസൈനി ഇന്ത്യയിൽ ഇസ്ലാം മതസംസ്ഥാപനം എത്തരത്തിലായിരിക്കണമെന്നും അതിനുപയോഗിക്കേണ്ട മാർഗ്ഗങ്ങൾ എങ്ങനെയായിരിക്കണമെന്നും വിശദീകരിക്കുന്നുണ്ട്‌. മാത്രമല്ല മുസ്ലീങ്ങൾ അല്ലാത്തവരില്‍നിന്നുമുള്ള പിന്തുണയുണ്ടെങ്കിലേ പ്രസ്ഥാനത്തിന്‌ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്നും വ്യക്തമാക്കുന്നുണ്ട്‌.

ഇന്ത്യയുടെ സമകാലീന സാഹചര്യത്തില്‍ ഇഖാമത്തുദ്ദീനിന്റെ അനിവാര്യ താല്‍പ്പര്യങ്ങളായി അദ്ദേഹം‌ കാണുന്നത്‌ രാജ്യത്തെ പൊതു സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ മുഖ്യധാരാ പ്രശ്നങ്ങളിൽ ഇടപെടുന്നതും അതിലൂടെ ജനങ്ങൾക്കിടയിലുള്ള സ്വാധീനം വർദ്ധിപ്പിക്കുന്നതുമാണ്‌.

അടിസ്ഥാനപരമായി ഇസ്ലാമിക വ്യവസ്ഥയോട്‌ ഏറ്റുമുട്ടുന്ന ഒന്നാണ്‌ ജനാധിപത്യം എന്ന വാദമുള്ള ജമാഅത്തെ ഇസ്ലാമിക്ക്‌‌ ജനാധിപത്യപ്രക്രിയയിൽ എന്താണ്‌ കാര്യമെന്ന സ്വന്തം പ്രവർത്തകരുടെ വിമർശനത്തെ അദ്ദേഹം ഖണ്ഡിക്കുന്നത്‌ ഇങ്ങനെയാണ്‌. “ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം രാഷ്ട്രീയ നയവുമായി ബന്ധപ്പെടുത്തിയാണ്. സമയം ഇവിടെ ഒരു പ്രധാന ഘടകമാണ്. മുസ്ലീങ്ങളല്ലാത്തവർ ബഹുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല. അതിന് വളരെക്കാലത്തെ കഠിനാധ്വാനം ആവശ്യമായി വരും. നമ്മുടെ മുമ്പിലുള്ളത് വളരെ ദീര്‍ഘിച്ച ഒരു സംക്രമണ ഘട്ടമാണ്. അതിലേക്കുള്ള കര്‍മപദ്ധതിയാണ് തയാറാക്കുന്നത്. ഈ സംക്രമണ ദശയില്‍ ചിലപ്പോള്‍ താല്‍പര്യങ്ങള്‍ പരസ്പരം ഇടഞ്ഞുപോയെന്നുവരാം; പല പല ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടിവന്നേക്കാം. ഇതൊക്കെ താണ്ടി വേണം പ്രസ്ഥാനത്തിന് ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാന്‍.”

പല സ്ഥലങ്ങളിലായി ലക്ഷ്യം എന്നത്‌ കൊണ്ട്‌ അദ്ദേഹം ഉന്നം വെക്കുന്നത്‌ മതരാഷ്ട്ര സ്ഥാപനമെന്നത്‌ മാത്രമാണ്‌.

നിലവിലുള്ള വ്യവസ്ഥകളെ സ്വാധീനിച്ച്‌ കാലുറപ്പിച്ച്‌ നിർത്താനുള്ള മറ്റൊരു തന്ത്രമായി അദ്ദേഹം കാണുന്നത്‌ ഇസ്ലാമിന്റെ പേര് പറയാതെത്തന്നെ ഒരു ക്ഷേമരാഷ്ട്ര സങ്കൽപം മുന്നോട്ട്‌ വെക്കുക എന്നതാണ്‌. തങ്ങൾ പല വിധത്തിലുള്ള പുരോഗമന മാനവിക മൂല്യങ്ങള്‍ പൊതുസമൂഹത്തിൽ കൊണ്ടു വരുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഇസ്ലാമിക രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്റെ വേഗത കൂട്ടാനുള്ള ഗൂഢതന്ത്രങ്ങളാണ്‌ ഈ ലേഖനത്തിലുടനീളം അദ്ദേഹം വരച്ച്‌ വെച്ചിരിക്കുന്നത്‌‌. സമൂഹത്തെ കയ്യിലെടുക്കാനുള്ള ഇത്തരം തന്ത്രങ്ങളെയെല്ലാം ഇസ്ലാമിക കർമ്മസാക്ഷ്യം എന്നാണ്‌ ഇദ്ദേഹം വിശേഷിപ്പിക്കുന്നത്.

രൂപീകരണം തൊട്ട്‌ ഇന്നിത്‌ വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കൃത്യമായ ഇസ്ലാമികരാഷ്ട്ര ലക്ഷ്യം ഒളിച്ച്‌ കടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടേയും വെൽഫെയർ പാർട്ടിയുടേയും ഫ്രട്ടേണിറ്റി പോലുള്ള അതിന്റെ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടേയും കപട പുരോഗമന മതനിരപേക്ഷ പുറംതോട്‌ പൊളിച്ച്‌ കാട്ടേണ്ടത്‌ ജനാധിപത്യ മതനിരപേക്ഷതയിൽ വിശ്വാസമുള്ള ഓരോ പൗരന്റേയും കടമയാണ്‌.