വംശീയതയുടെ ഉറവിടംതേടിയുള്ള യാത്ര

190
Veena C

വംശീയതയുടെ ഉറവിടംതേടിയുള്ള യാത്ര

കാർഷിക വിപ്ലവവും വ്യാവസായിക വിപ്ലവവും നവോത്ഥാനവും കടന്ന് ‘ശാസ്ത്രീയ വിപ്ലവം’ എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്… ഇന്ന് ഒരു ജനത എന്ന നിലയിൽ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നത്തിനും -ആഗോള താപനം, വളരുന്ന ജനസംഖ്യ, വരളുന്ന ജലാശയങ്ങൾ എന്നിങ്ങനെ ഏതിനും നാം ശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്. ശാസ്ത്രത്തിൽ നിരുപാധികം വിശ്വാസം അർപ്പിക്കാനാണ് നാം ഈ തലമുറയെ പാകപ്പെടുത്തുന്നത്. എന്നാൽ, മറ്റേതൊരു പ്രത്യശാസ്ത്രത്തെയും പോലെ, ശാസ്ത്രവും പ്രത്യേകിച്ച്, ശാസ്ത്രം കൈയാളുന്ന ശാസ്ത്രജ്ഞരും നിക്ഷേപകരും അങ്ങനെ ആരുംതന്നെ മുൻവിധികൾക്ക് അതീതരല്ല എന്ന സത്യം ഓർമിപ്പിക്കുകയാണ്
തന്റെ ഉത്ഭവരഹസ്യം അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയ്ക്ക് മനുഷ്യരാശിയോളംതന്നെ പഴക്കം ഉണ്ടെങ്കിലും, ‘റേസ്’ അഥവാ ‘വംശം’ എന്ന ആശയം താരതമ്യേന പുതിയതാണ്. അതിന് നമ്മുടെ ‘കൊളോണിയൽ’ ചരിത്രത്തിന്റെ പഴക്കമേയുള്ളൂ എന്നതാണ് വാസ്തവം. യൂറോപ്യൻ ശാസ്ത്രശാഖയുടെ വളർച്ചയിലാണ് വംശീയതയുടെ നാമ്പ് വിളഞ്ഞത്. അതുകൊണ്ടുതന്നെ, വെളുത്ത യൂറോപ്യൻ പുരുഷൻമാർ വംശീയതയുടെ പട്ടികയിൽ ഉന്നതസ്ഥാനം പിടിച്ചത് സ്വാഭാവികം മാത്രം എന്നുവേണം പറയാൻ.

റേസ് സയൻസ്, അഥവാ ‘വംശീയ ശാസ്ത്ര’ത്തിന്റെ തുടക്കംപോലും പതിനെട്ടാം നൂറ്റാണ്ടിലാണ്. ശാസ്ത്രലോകം ജീവജാലങ്ങളുടെ ശാസ്ത്രീയ നാമത്തിനായി ഇന്നും പിന്തുടർന്നുപോകുന്ന ‘ബൈനോമിയൽ നോമിൻസിലർ’ എന്ന നാമകരണ പ്രക്രിയയുടെ ഉപജ്ഞാതാവായ കാറൽ ലിന്നേയ്സ് എന്ന സ്വീഡിഷ് സസ്യശാസ്ത്രജ്ഞനാണ് ആദ്യമായി മനുഷ്യരാശിയെയും വംശങ്ങളായി തിരിച്ചത്.

1758-ൽ ‘ഹോമോ സാപിയൻസ്’ എന്ന ആധുനിക മനുഷ്യനെ അദ്ദേഹം അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ എന്ന തരത്തിൽ ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്ന നിറങ്ങളായി വിഭജിച്ചു. ശാസ്ത്രത്തിന്റെ പേരിൽ മനുഷ്യരെ കാഴ്ചയുടെ മാത്രം അടിസ്ഥാനത്തിൽ സംസ്കാരസമ്പന്നർ, പ്രാകൃതർ, രാക്ഷസർ എന്നിങ്ങനെ പല ഗണങ്ങളിലായി പിന്നീട് വേർതിരിക്കുകയാണ് ഉണ്ടായത്. വംശീയത അങ്ങനെ വളർന്നു. ജനിതക ശാസ്ത്രത്തിൽ വേരുറപ്പിച്ച് വളർന്ന് പന്തലിച്ച വംശീയത അങ്ങനെ ‘യൂജിനിക്സ്’ എന്ന ശാസ്ത്രശാഖ അതിന്റെ എല്ലാ പ്രൗഢിയുമോടെ കൊളോണിയലിസത്തിന്റെ കാലംമുതൽ രണ്ടാംലോക മഹായുദ്ധം വരെ ജൈത്രയാത്ര തുടർന്നു.

അടിമത്തം, വംശഹത്യ, മനുഷ്യമൃഗശാലകൾ എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഓരംചേർന്ന് കാലാകാലങ്ങളിൽ വംശീയതയുടെ മറവിൽ നടന്നുവന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഏറ്റവും ഭീകരമായ എന്നാൽ ഒരു ശാസ്ത്രജ്ഞനും ഒരിക്കലും പറയാത്ത ചരിത്രമാണ്.

Previous articleറുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് വാതം
Next articleകണികാ പരീക്ഷണങ്ങള്‍
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.