തബ്ലീഗ്കാരന്റെ ജീവിതം അഥവാ എന്റെ സ്വന്തം ജീവിതത്തിൽ സംഭവിച്ചത് – ഞാനും കുടുംബവും അനുഭവിച്ചത്

0
215

അബ്ദുൾ അലി കാപ്പാട്

തബ്ലീഗ്കാരന്റെ ജീവതം അഥവാ എന്റെ സ്വന്തം ജീവിതത്തിൽ സംഭവിച്ചത് – ഞാനും കുടുംബവും അനുഭവിച്ചത്

എനിക്ക് മൂന്ന് പെൺമക്കൾ. അതിൽ എന്റെ ഒരു മകളെ വിവാഹം കഴിച്ചത് ഒരു എഞ്ചിനിയറിങ്ങ് കോളേജ് അധ്യാപകൻ ആയിരുന്നു. മതപരമായ കാര്യങ്ങളിൽ അത്ര തൽപരനല്ലാത്ത സ്വന്തം ജോലിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആൾ. കണ്ണൂർ government engineering college ലെ അധ്യാപകൻ വളരെ സെക്കുലർ ആയ രീതിയിൽ ജീവിച്ച ഇദ്ദേഹത്തിന്റെ ജീവിതം തകരാറിലാക്കിയത് തബ്ലീഗ് ജമാ അത്ത് ആയിരുന്നു. ഇവിടുത്തെ കോളേജിൽ നിന്ന് ലീവ് എടുത്ത് ഗൾഫിൽ എത്തിയതിനു ശേഷം അദ്ദേഹം തബ്ലീഗിന്റെ വലയിൽ കൂടുങ്ങി : തബ്ലീഗ് കാർ അവരുടെ ആശയപ്രചരണത്തിന് സാധാരണയായി തിരഞ് പിടിക്കാറുള്ളത് ഡോക്ടർ, എഞ്ചിനിയർ, അധ്യാപകർ തുടങ്ങിയവരെ ആണല്ലോ. പൊതുവെ സാധുവായ എന്റെ മരുമകനും അതു തന്നെ സംഭവിച്ചു. തബ്ലി ഗിന്റെ അന്ധവിശ്വാസ വലയിൽ കുടുങ്ങി.

നിരന്തര ബ്രെയിൽ വാഷിങ്ങിലൂടെ ഇദ്ദേഹം ഒരു തികഞ്ഞ യാഥാസ്തികനായി പരിണമിച്ചു. ഗൾഫിൽ എത്തിയ ഇദ്ദേഹo തബ്ലീഗ് ജീവിത രീതി പിന്തുടർന്നതിനാൽ കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമിക ചെയ്തിയായി കണ്ടു. ഒന്നിനു പിറകെ ഒന്നായി എന്റെ മകൾക്ക് 8 കുട്ടികൾ പിറന്നു. അവിടം കൊണ്ടൊന്നും തീർന്നില്ല. പെൺകുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിനയക്കുന്നത് അനിസ്ലാമികമായി കണ്ടു എന്റെ മരുമകൻ.

മൂത്ത പെൺകുട്ടിയെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടിൽ തന്നെ തളച്ചിട്ടു. വിദ്യാഭ്യാസത്തിനു ആഗ്രഹിച്ചിരുന്നതിനാലും പഠിക്കാൻ നല്ല മിടുക്കി ആയതിനാലും മൂത്ത പെൺകുട്ടിയെ എന്റെ നിർബന്ധപൂർവമായ സമ്മർദത്താലും കുട്ടിക്ക് പഠിക്കാനുള്ള ആഗ്രഹത്താലും ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു. സർക്കാരിന്റെ special Permission വാങ്ങി മിടുക്കിയായ എന്റെ പേരക്കുട്ടിയെ കോഴികോട് നടക്കാവ് ഗേൾസിൽ ചേർത്തു പഠിപ്പിച്ചു. ഇതിനിടയിൽ കുട്ടിയുടെ പഠനം നിറുത്തുവാൻ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു കുട്ടിയുടെ തബ്ലീഗ് കാരനായ, എഞ്ചിനീയറായ സ്വന്തം പിതാവ്.

9 മുതൽ +2, ഡിഗ്രി തുടങ്ങി അദ്ദേഹം മരിക്കുന്നതു വരെ പഠനം മുടക്കുവാനുള്ള നിരന്തരമായ പല ശ്രമങ്ങളും നടന്നു.എന്തായാലും ആ കുട്ടിയുടെ പരിശ്രമത്താലും എന്റെസമയോചിതമായ ഇടപെടൽ കൊണ്ടും ഇപ്പോൾ ചെറുമകൾ Phd ക്ക് തയ്യാറെടുക്കുന്നു.തബ്‌ലീഗിന്റെ ആശയത്തിൽ മുങ്ങിപ്പോയ ഇദ്ദേഹം തികച്ചും നബിയുടെ ജീവിത വഴിയിൽ തന്നെ ജീവിക്കുവാൻ തന്നെ വെമ്പൽ കൊണ്ടു . രോഗം വന്നാൽ ചികിൽസകൾക്ക് മോഡേൺ മെഡിസിനെ സമീപിക്കുന്നത് ഇദ്ദേഹം അനിസ്ലാമികമായി കണ്ടു. പലപ്പോഴും കരിഞ്ചീരകവും തേനും ആയിരുന്നു മരുന്ന്. നബി പഠിപ്പിച്ചതും കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാത്തിനുമുള്ള ദിവ്യ ഔഷധം ആണെന്നാണല്ലോ. സ്വന്തം ജീവിതത്തിൽ മോഡേൺ മെഡിസിനോട് ഇദ്ദേഹം സ്വീകരിച്ച അറുപിന്തിരിപ്പൻ നീലപാട് അദ്ദേഹത്തിനു തന്നെ വിനയായി ഭവിച്ചു. ഇതിനിടയിൽ ഇവിടെ ജോലിയിൽ ലീവ് അവസാനിച്ചതിനാൽ അദ്ദേഹം കുടുംബവുമായി കേരളത്തിലേക്ക് തിരികെ വന്ന് ഇവിടെ തിരികെ ജോലിയിൽ പ്രവേശിച്ചു.

ജോലിയിൽ ഇരിക്കെ ക്യാൻസർ ബാധിച്ച ഇദ്ദേഹം അന്ധവിശ്വാസം കാരണം കുറേ കാലം വൈകിയാണ് ചികിൽസ ആരംഭിച്ചത്. രോഗം തരുന്നത് അല്ലാഹു ആണെന്നും അതുകൊണ്ട് പ്രാർഥന കൊണ്ട് രോഗം സൗഖ്യമാവുമെന്നും ആൽമാർഥമായി വിശ്വസിച്ച ഇദ്ദേഹം രോഗം അമിതമായി മൂർഛിച്ചപ്പോൾ മാത്രമാണ് ആദിവാസികളുടെ പച്ച മരുന്ന് ചികിൽസയെ ആശ്രയിച്ചത്. അവസാന കാലത്താണ് മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിൽ കാണിച്ചത്.

2014 ജൂലൈ മാസത്തിൽ അദ്ദേഹം ലോകത്തോട്‌ വിടപിറഞ്ഞു പോയി. (ഇപ്പോൾ ആശ്വാസമായി ഇദ്ദേഹത്തിന്റെ ഭാര്യക്ക് അഥവാ എന്റെ മകൾക്ക് കുടുംബ പെൻഷനും ആശ്രിത ജോലിയും ലഭിച്ചിട്ടുണ്ട് ). 8 കുട്ടികളും ഭാര്യയും അനാഥമായി. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്ന എന്റെ മകൾക്ക് പ്രസവത്തിന് തന്നെ സമയം തികയാത്തതിനാലും സ്ത്രീകൾ ജോലി ചെയ്യുന്നത് മത വിശ്വാസത്തിന് എതിരായതിനാലാണെന്ന് വിശ്വസിച്ചതിനാലും അവൾക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അന്ന് നിഷേധിക്കപ്പെട്ടത്.

ഞാൻ ഈ സംഭവം ഇത്ര വിശദമായി എഴുതാൻ കാരണം ഒരാൾക്ക് എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അയാളുടെ മതാന്ധത ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കും എന്ന് കാണിക്കാനാണ്. വിശ്വസിക്കുന്ന ആ വ്യക്തിക്ക് മാത്രമല്ല അവർക്ക് ചുറ്റും ജീവിക്കുന്നവർക്കും ഈ മത വൈറസ് പ്രശ്നക്കാരനാകും എന്നതാണ് ഇത്തരം ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.
ഇതു പോലുള്ള ഓരോ മതാന്ധതാ ജീവിതങ്ങൾ ആണ് ഡൽഹിയിലെ മർകസ് സമ്മേളനത്തിൽ തടിച്ചു കൂടിയത്. പരലോകത്തെ ജീവിതത്തെ മാത്രം സ്വപനം കണ്ടു നടക്കുന്ന ഇവരോട് കൊറോണ വൈറസിന്റെ വ്യാപനത്തെയും ഭവിഷ്യത്തിനെയും കുറിച്ച് പറഞ്ഞാൽ മത വൈറസ് തലക്കുപിടിച്ച് മരവിച്ചു പോയ ഇവർക്ക് എങ്ങനെ മനസിലാവാൻ.