മകളെ ലൈംഗികമായി പീഡിപ്പിച്ചവരിൽ ഒരാളെ വെട്ടിക്കൊന്ന ‘ലയൺ മമ്മ’

588

‘ ലയൺ മമ്മാ….! ‘

ദക്ഷിണാഫ്രിക്കക്കാരിയായ നൊകുബങ്ക ആ പേരിലാണ് അറിയപ്പെടുന്നത്.അതിന് വ്യക്തമായ കാരണവുമുണ്ട്.തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച മൂന്നുപേരിൽ ഒരാളെ അവർ സംഭവസ്ഥലത്തുവെച്ചുതന്നെ വെട്ടിക്കൊന്നു ! മറ്റു രണ്ടുപേരെ സാരമായി മുറിവേൽപ്പിക്കുകയും ചെയ്തു ! ഈ അമ്മയുടെയും മകളുടെയും കഥ ലോകം മുഴുവൻ അറിഞ്ഞിരിക്കേണ്ടതാണ്.

നൊകുബങ്കയുടെ മകൾ സിബോക്കസി തൻ്റെ കൂട്ടുകാരെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതാണ്.അവിടത്തെ ഒരു വീട്ടിൽ വെച്ച് അവൾ റേപ്പ് ചെയ്യപ്പെട്ടു.ഈ സംഭവം നേരിൽക്കണ്ട ഒരു പെൺകുട്ടിയാണ് നൊകുബങ്കയെ ഫോണിലൂടെ വിവരമറിയിച്ചത്.മകൾ അപകടത്തിലാണെന്നറിഞ്ഞ അമ്മ പാതിരാത്രിയിൽ കറിക്കത്തിയുമായി അടുത്തുള്ള ഗ്രാമത്തിലേക്ക് തിരിച്ചു.വീട് കണ്ടുപിടിക്കുകയും ചെയ്തു.

നൊകുബങ്കയെ കണ്ടതോടെ അക്രമികൾ മകളെ വിട്ട് അമ്മയുടെ നേരെ തിരിഞ്ഞു ! മകളുടെ അവസ്ഥയ്ക്കുപുറമെ സ്വന്തം ജീവൻ കൂടി പ്രധാനമായപ്പോൾ നൊകുബങ്ക മടിച്ചുനിന്നില്ല.പച്ചക്കറികൾ നുറുക്കുന്ന കത്തിയെടുത്ത് ആ നരാധമൻമാർക്കുനേരെ പ്രയോഗിച്ചു.അവിടം മുഴുവൻ രക്തക്കളമായി ! അങ്ങനെ റേപ്പിസ്റ്റുകളിൽ ഒരാൾ മരിക്കുകയും മറ്റു രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു ! അമ്മയുടെയും മകളുടെയും ജീവന് അപായം സംഭവിച്ചില്ല.

പൊലീസ് നൊകുബങ്കയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.പക്ഷേ ദക്ഷിണാഫ്രിക്ക എന്ന രാജ്യം ഒറ്റക്കെട്ടായി ആ അമ്മയ്ക്കു പുറകിൽ നിന്നു.മറ്റു രാജ്യങ്ങളിൽ നിന്നുവരെ സഹായങ്ങളെത്തി.അവസാനം കോടതി നൊകുബങ്കയെ കുറ്റവിമുക്തയാക്കി ! ഒരമ്മയുടെ വികാരത്തെ മാനിക്കുന്നു എന്നാണ് കോടതി പ്രസ്താവിച്ചത്.നൊകുബങ്കയുടെ കത്തിയിൽ നിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു റേപ്പിസ്റ്റുകൾക്ക് 30 വർഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു.

റേപ്പ് ചെയ്യപ്പെട്ടുവെങ്കിലും സിബോക്കസി തൻ്റെ പേരും മറ്റു വിവരങ്ങളും രഹസ്യമാക്കിവെച്ചില്ല.അവൾ ചങ്കൂറ്റത്തോടെ മുന്നോട്ടുവന്നു.തെറ്റു ചെയ്യാത്തവർ ഒളിച്ചോടേണ്ട ആവശ്യമില്ല എന്ന നിലപാട് മുറുകെപ്പിടിച്ചുകൊണ്ട് ആ മകളും അമ്മയും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.

സിബോക്കസിയ്ക്ക് കൗൺസിലിങ്ങൊന്നും വേണ്ടിവന്നില്ല.സ്വന്തം അമ്മയുടെ സാന്നിദ്ധ്യം തന്നെ ധാരാളമായിരുന്നു !

ബലാത്സംഗമെന്നാൽ ലോകാവസാനമാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യ ചെയ്യുകയും ഒളിവുജീവിതം നയിക്കുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് വഴികാട്ടുകയാണ് സിബോക്കസി.പെണ്ണിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്ന വിഡ്ഢികൾക്കുള്ള മുഖമടച്ചുള്ള അടിയാണ് ആ ജീവിതം !

സിബോക്കസിയെ റേപ്പ് ചെയ്തത് അവളുടെ ബന്ധുക്കൾ തന്നെയായിരുന്നു ! ഇതുപോലുള്ള വാർത്തകൾ നമ്മുടെ കേരളത്തിലും കേൾക്കാറുണ്ടല്ലോ.അച്ഛനും വലിയച്ഛനും അമ്മാവനുമൊക്കെ പ്രതിസ്ഥാനത്തുവന്ന എത്രയോ കേസുകൾ.പുറത്തുവരാത്ത സംഭവങ്ങൾ അതിനേക്കാൾ കൂടുതലുണ്ടാകും.സ്ത്രീകൾക്ക് വേണ്ടപ്പെട്ടവരെപ്പോലും പൂർണ്ണമായി വിശ്വസിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ! ലോകത്ത് എവിടെ ജനിച്ചാലും ഏറെക്കുറെ അതുതന്നെ അവസ്ഥ !

മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബങ്ങളിൽനിന്നാണ്.അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നതിനേക്കാൾ വലിയ അപരാധം വേറെയില്ലെന്ന് കുട്ടികളെ ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കണം.സ്ത്രീ പുരുഷൻ്റെ കാൽക്കീഴിലാണെന്ന് പറഞ്ഞുകൊടുക്കുമ്പോഴാണ് പ്രശ്നം.അങ്ങനെ വളർത്തപ്പെടുന്ന ആൺകുട്ടികൾ ഭാവിയിൽ പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചേക്കാം ; ജീവനോടെ കത്തിച്ചേക്കാം ! നൊകുബങ്ക കൊന്നുകളഞ്ഞ റേപ്പിസ്റ്റിൻ്റെ മാതാപിതാക്കൾ മകനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എന്ന വസ്തുത മനസ്സിലാക്കുക !

നൊകുബങ്ക എന്ന അമ്മയ്ക്ക് അറുപതിനടുത്ത് പ്രായമുണ്ട്.എന്നിട്ടും രാത്രിയിൽ തനിച്ച് സഞ്ചരിക്കാൻ അവർക്ക് ഭയമാണ്.പാതിരാത്രിയിൽ മകളെ അന്വേഷിച്ച് ഇറങ്ങിയപ്പോൾ കത്തി ഒപ്പം കരുതിയത് സ്വയരക്ഷ കൂടി കണക്കിലെടുത്താണ്.അമ്മൂമ്മമാർക്കു പോലും രക്ഷയില്ല.എന്നിട്ടും കുറേ കുലപുരുഷൻമാരും കുലസ്ത്രീകളും ഇപ്പോഴും പെണ്ണിൻ്റെ ഡ്രെസ്സിനെ കുറ്റം പറയുന്ന തിരക്കിലാണ് !

ഇൗ അമ്മയെ പ്രശംസിക്കരുത് എന്ന് അഭിപ്രായപ്പെടുന്നവരുണ്ടാകാം.നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലാത്തതിനാൽ ഇത് മികച്ച മാതൃകയല്ല എന്ന വാദമാകും അവർ ഉയർത്തുന്നത്.അത്തരക്കാർ ചിലതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.

നൊകുബങ്ക തൻ്റെ മകളെ കണ്ടെത്തുമ്പോൾ പ്രതികളിലൊരാൾ അവളെ റേപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.മറ്റു രണ്ടുപേർ വസ്ത്രമഴിച്ച് തങ്ങളുടെ ഊഴം കാത്തിരിക്കുകയായിരുന്നു ! ആ ചെകുത്താൻമാരുടെ നടുവിൽ അർദ്ധനഗ്നയും ബോധരഹിതയും ആയി സ്വന്തം മകൾ ! കത്തിയെടുത്ത് അരിഞ്ഞുതള്ളിയാൽ കുറ്റം പറയാനാവുമോ? അത്തരമൊരു സാഹചര്യത്തിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നോക്കി പ്രതികരിക്കാൻ ഏത് അമ്മയ്ക്കു കഴിയും !?

മകൾ പീഡിപ്പിക്കപ്പെടുകയാണെന്ന വിവരം അറിഞ്ഞപ്പോൾ നൊകുബങ്ക പൊലീസിനെയാണ് ആദ്യം വിളിച്ചത്.അവിടെ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടാകാതിരുന്നതുകൊണ്ടാണ് ആ അമ്മയ്ക്ക് ഇടപെടേണ്ടിവന്നത്.രാജ്യമേതായാലും നിയമങ്ങളും നിയമപാലകരും ഉണർന്നിരിക്കണം.അല്ലാത്തപക്ഷം നൊകുബങ്കമാർ ഉണ്ടായിക്കൊണ്ടേയിരി­ക്കും.

വിദ്യാസമ്പന്നരായ മലയാളികൾ മോബ് ജസ്റ്റിസിനു വേണ്ടി പലപ്പോഴും വാശിപിടിക്കുന്നുവെങ്കിൽ,അത് ഇവിടത്തെ നിയമത്തിൻ്റെ പരാജയം തന്നെയാണ്.

പെണ്ണിനെ കടന്നുപിടിക്കുന്ന എല്ലാ വൃത്തികെട്ടവൻമാരും ഈ പേര് ഒാർമ്മയിൽ സൂക്ഷിച്ചുകൊള്ളുക-

‘ ലയൺ മമ്മാ…!!! ‘

Written by-Sandeep Das

Advertisements