ഇവനൊക്കെ ഒരു അധ്യാപകനാണോ ?

0
181
Remya Sunoj
പെൺകുട്ടികൾ പീഡനങ്ങൾക്കു വിധേയരാകുന്ന വാർത്തകൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. എന്നാൽ ഇതൊന്നും നമ്മുടെ അടുത്തൊന്നും ഇല്ലല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു അതാണ് എതാനം ദിവസങ്ങൾക്കു മുൻപ് തകർന്നത്.
ചേലക്കരയിലെ പ്രശസ്തവും പഴക്കം ചെന്നതുമായ ശ്രീ മൂലം തിരുനാൾ ഹയർ സെക്കണ്ടറി സ്ക്കൂളിലെ NCC അധ്യാപകൻ ഗോപകുമാർ മകളെ പോലെ കരുതേണ്ട അൽപ്പം ബുദ്ധിപരമായ വൈകല്യമുള്ള ഒരു കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു.. വാർത്ത അറിഞ്ഞയുടനെ ഇതുമായി ബന്ധപ്പെട്ടവരോട് സംസാരിക്കുകയും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിരുന്നു.
കുട്ടി അമ്മയോട് പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ സ്ക്കൂളിൽ അമ്മ വിവരമറിയിച്ചിരുന്നു. എന്നാൽ അധ്യാപകർ അത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ഒടുവിൽ പുറം ലോകമറിഞ്ഞപ്പോൾ പി.ടി.എ യുടെ വക ഒരു സസ്പെൻഷൻ നാടകം കൂടെ പോലീസിലേക്ക് പരാതിയും . പോലീസാകട്ടെ വേണ്ടത്ര പ്രധാന്യം നൽകാതെ അലസമായി കൈകാര്യം ചെയ്തു. ഒടുവിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതു. അറസ്റ്റ് വാറണ്ട് വൈകിയത് അയാൾക്ക് ഒളിവിൽ പോകാനുള്ള അവസരമായി മാറി. പിന്നീട് നീണ്ട പത്തു ദിവസം ഒരു വിവരവുമില്ല.കഴിഞ്ഞ ഞായറാഴ്ച്ച വളരെ നാടകീയമായി തന്നെ പോലീസ് പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്യുന്നു . പ്രതിക്ക് ജാമ്യം കിട്ടുന്നു പുറത്തു വരുന്നു. അതെങ്ങനെയെന്നല്ലേ എന്റെ ഒരു സുഹൃത്തിന്റെ വാക്യം കടമെടുത്തു പറയട്ടെ പണവും സ്വാധീനവും ഉണ്ടെങ്കിൽ യൂദാസിനെ പോലും ഉണ്ണീശോ ആക്കുന്ന കാലമാണ് പിന്നെയാണോ പീഢന കേസിലെ പ്രതി.
ഇനി പറയാനുള്ളത് അധ്യാപകരോടാണ്. ഈ കേസിന്റെ തുടക്കം മുതൽ അയാളെ സംരക്ഷിക്കുന്നതു നിങ്ങളാണ്. ഒളിവിൽ പോകാനും കേസ് വഴിതിരിച്ചു വിടാനും ഇതാ ഒടുവിൽ ജാമ്യം കിട്ടുന്നതിനു കൂടി അധ്യാപക സംഘടനയായ കെ.എസ്.ടി.എ.നടത്തിയ ഗൂഢനീക്കങ്ങൾ നാട്ടിലെങ്ങും പരസ്യമായി കഴിഞ്ഞു. “മാതാ പിതാ ഗുരു ദൈവം’ ” എന്ന് കുട്ടികളെ പഠിപ്പിച്ച് ആ കുട്ടികളോട് ഒരൽപം സ്നേഹമോ ആത്മാർത്ഥതയോ ഇല്ലാതെ ഇവർ തങ്ങളുടെ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വീണുപോകുന്നത് അധ്യാപക സമൂഹത്തോട് ഒന്നാകെയുള്ള ബഹുമാനമാണ്.
സമൂഹത്തിൽ മഹനീയമായ സ്ഥാനം വഹിക്കുന്നവരാണ് തങ്ങളെന്നും സർക്കാരിനെ വരെ വീഴ്ത്താനുള്ള വോട്ടു ബലം തങ്ങൾക്കു കൊണ്ടന്നുമുള്ള അഹങ്കാരം കൊണ്ടാകണം ഗോപകുമാറിനെതിരെ സംസാരിക്കുന്നവരെ എതിർ സംഘടനാ പ്രതിനിധികളെ പോലുംഭീഷണിപ്പെടുത്തിനിർത്തിയിരിക്കുന്നത്.
ചില അധ്യാപകർ സർവീസിൽ കയറുന്നത് തന്നെ സർക്കാർ ചെലവിൽ രാഷ്ട്രീയം കളിക്കാനും സ്വയം വലിയ ആളാണെന്ന് സമൂഹത്തെ അറിയിക്കാനും വേണ്ടിയാണ്. ഇത്തരക്കാർ ഒരു ക്ലാസ്സ് പോലും പഠിപ്പിക്കില്ല . തനിക്ക് ദേഷ്യമുള്ളവരെ എത് ഓണം കേറാ മൂലയിലേക്കും തട്ടി കളയാൻ കഴിവുണ്ടെന്ന് മറ്റ് അധ്യാപകർക്കു മുന്നിൽ നടിക്കും ഏറെക്കുറെ നിത്യസംഭവം എന്നതിനാൽ ഇത്തരക്കാർക്കെതിരെ ആരും പ്രതികരിക്കുമില്ല. അറിഞ്ഞ വിഷയങ്ങൾ വെച്ച് നോക്കുമ്പോൾ ഗോപകുമാർ എന്ന അധ്യാപകനെക്കാൾ കെ.എസ്. ടി.എക്കാവശ്യം ഗോപകുമാർ എന്ന നേതാവിനെയാണ്. അതിനു വേണ്ടി എന്തും ചെയ്യും. ഈ നിമിഷം കൺമുന്നിൽ നീതിക്കുവേണ്ടി അലയുന്നത് ഒരു കൊച്ചു പെൺകുട്ടിയാണെന്നോ അവൾ തങ്ങളുടെ കൂടി മകളാണെന്നും ഇവർ മറന്നു പോകുന്നു.
ഈ സ്ഥിതിക്ക് സ്വന്തം ഭാര്യയെയും മകളെയും സഹോദരിയെയും ഒക്കെ ഗോപകുമാറിനെ പോലുള്ളവർ ഇല്ലാതാക്കിയാൽ പ്രതിക്കൊപ്പം തന്നെ നിൽക്കുമല്ലേ….? സ്വന്തം കുടുംബത്തിൽ അയാൾക്ക് രക്ഷപ്പെടാൻ സംരക്ഷണം കൊടുത്ത അധ്യാപകരുടെ മനസ്സിന്റെ വലിപ്പത്തെ ചെറുതായി കാണുന്നില്ല.
ഒരിക്കൽ കവിയായ കബീർ ദാസ് പറഞ്ഞുവത്രെ.ഗുരുവും ഈശ്വരനും ഒരേ സമയം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ഞാൻ ആദ്യം ഗുരുവിനെ വന്ദിക്കും കാരണം ഗുരുവാണ് എനിക്ക് ദൈവത്തെ കാണിച്ചു തന്നതെന്ന്. നമ്മുടെ കുട്ടികളും അങ്ങിനെ തന്നെയാണ് അധ്യാപകരെ. കുട്ടികൾക്ക് നിങ്ങളോടുള്ള സ്നേഹം ബഹുമാനം ഒക്കെ സ്വീകരിക്കാനുള്ള യോഗ്യത ഇല്ലെന്ന് നിങ്ങൾ തന്നെ തെളിയിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റുകളുടെ മഹത്വത്തെക്കാൾ എതൊരു കുട്ടിക്കും പൂർണ്ണമായ ആശ്വാസവും സ്നേഹവും നൽകുന്നതാണ് തങ്ങളുടെ കരവലയങ്ങൾ എന്ന ബോധ്യം കുട്ടികൾക്കുണ്ടാകണം. ഇവിടെ അതില്ല എന്ന് ബോധ്യമായി. സത്യത്തിൽ നിങ്ങൾ ഈ കുട്ടിയെ മാത്രമല്ല ആ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കൂടിയാണ് വഞ്ചിക്കുന്നത്.ഗോപകുമാർ ചെയ്ത അതേ കുറ്റം തന്നെയാണ് നിങ്ങളും ചെയ്യുന്നത്.
പി.ടി.എ യെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അധ്യാപകരെ നിയന്ത്രിക്കാനും, കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനും കഴിയാത്ത സ്വാർത്ഥരായ പി.ടി.എ മെമ്പർമാർ അവിടെയുണ്ടെന്ന് മനസ്സിലായി. ഗോപകുമാറിന്റെ രക്ഷയ്ക്കുവേണ്ടി പ്രയത്നിക്കുന്ന നിങ്ങളുടെ മക്കൾ ആണോ പെണ്ണോ ആരുമാകട്ടെ നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾക്കിടയിൽ സുരക്ഷിതരാകുമെന്ന് പ്രതീക്ഷിക്കാം കാരണം നിങ്ങൾക്ക് ഇതൊരു വിഷയമേ അല്ലല്ലോ ?..
ഇനി ഇവിടെ എല്ലാ പാർട്ടികളുടെയും പ്രതിഷേധം കണ്ടു… പിന്നീട് ഞാനാദ്യം നീയാദ്യം പ്രതിഷേധിച്ചു എന്ന അടിയും കണ്ടു. പ്രതിഷേധിച്ചു… എല്ലാവർക്കും നന്ദിയുണ്ട് ചെറിയ ശബ്ദമായാലും ഉയർന്നതിന് സത്യത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചെങ്കിൽ എന്ന് പ്രത്യാശിച്ചു പോയി.എന്നാൽ ആദ്യം സ്ക്രീനിൽ ഉണ്ടായ വലിയ നേതാക്കളെല്ലാം പിന്നീട് പിൻമാറി പിന്നീട് അൽപ്പം നെഞ്ചുറപ്പും മനുഷ്യത്വവുമുള്ള യുവാക്കൾ മാത്രമായി.
പണ്ട് ഉത്തരേന്ത്യയിൽ ആസിഫ കൊല്ലപ്പെട്ടപ്പോൾ ഞാനൊരു ഫെമിനിസ്റ്റ് അണെന്ന ധാരണ മനസ്സിൽ വെച്ച് നിങ്ങളൊരു പത്രസമ്മേളനം പോലും നടത്തിയില്ലല്ലോ എന്ന് ചോദിച്ച ഒരു കുട്ടി സഖാവുണ്ടായിരുന്നു. എന്തിനും ഏതിനും ഫേസ് ബുക്കിൽ ലൈവിട്ടു പ്രതികരിക്കുന്ന അഭ്ദ്ദേഹം മൂക്കിൻ തുമ്പിലെ ഇത് മാത്രം കണ്ടില്ലെന്ന് നടിച്ചു. അറസ്റ്റ് നടന്ന ദിവസം പോലീസുകാർക്ക് കിട്ടി മൂപ്പരുടെ വക ഒരു അഭിനന്ദന പോസ്റ്റ് …. പിന്നീട് രണ്ട് കമന്റ് അവിടെ വീണതോടെ പോസ്റ്റ് മുങ്ങിപ്പോയി.
സഹോദരാ… ആസിഫയുടെ അതേ സ്ഥാനമാണ് ഈ പെൺകുട്ടിക്കും. നിങ്ങൾ മരിച്ചു പോയവർക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കുമ്പോൾ കടുത്ത മാനസിക പ്രയാസമനുഭവിക്കുന്ന കുടുംബത്തെയും നിസ്സഹായയായ പെൺകുട്ടിയെയും മറന്നു പോയത് എന്ത് സ്ഥാനമാനങ്ങളുടെ പേരിലായാലും നീതീകരിക്കാനാകില്ല. ഗോപകുമാർ ഈയൊരു കുട്ടിയെ മാത്രമേ ഉപദ്രവിച്ചിട്ടുള്ളൂ എന്നു കരുതരുത് ആ വിദ്യാലയത്തിൽ ഒട്ടേറെ കുട്ടികൾ ഇതിനിരയായിട്ടുണ്ട്. ഭയന്നിട്ടാണ് ആരും പുറത്ത് പറയാത്തത് എന്ന സത്യം കൂടി പറയട്ടെ. അതിൽ പെൺകുട്ടികൾ മാത്രമല്ല ഉണ്ടാകൂ എന്ന് ഞാൻ വിചാരിക്കുന്നു കാരണം നമ്മുടെ ആൺകുട്ടികളും ഇത്തരം നീചൻമാർക്കു മുന്നിൽ ഒട്ടും സുരക്ഷിതരല്ല.
നീതി കിട്ടും വരെ അതിനു വേണ്ടി പ്രയത്നിക്കുന്നവരോടൊപ്പമുണ്ട്. പേരെടുത്തു പറയുന്നില്ല അവളെ കൂടെ ചേർത്തു പിടിക്കുന്ന എല്ലാവരോടും സ്നേഹം. ആയിരം നുണകൾ പ്രചരിപ്പിച്ചാൽ അത് സത്യമാകില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ .