കറുപ്പും വെളുപ്പും ആണും പെണ്ണും മലയാള സിനിമയിൽ

376

The Mallu Analyst post

മലയാള സിനിമ Bechdel test പാസാകുമോ?

ഞാൻ ഈയടുത്ത് സിനിമയിലെ സ്ത്രീ പ്രാതിനിധ്യം തെളിയിക്കുന്ന ഒരു രസകരമായ ടെസ്റ്റിനെകുറിച്ച് വായിച്ചു. അത് ഇങ്ങനെയാണ്. ഒരു സിനിമയിലെ നായികയുടെ സ്ഥാനത്ത് ഒരു സെക്സി ലാംപ് അതായത് മലയാളികരിച്ചാൽ ഒരു കുത്തുവിളക്ക് ഉപയോഗിക്കുകയാണെങ്കിൽ പോലും സിനിമയുടെ കഥയ്ക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ല എങ്കിൽ സിനിമ ഈ ടെസ്റ്റ് പരാജയപ്പെടുമെന്ന്. എനിക്ക് തോന്നുന്നത് മലയാള സിനിമയിലെ പകുതിയിലധികവും തമിഴ് സിനിമ മുക്കാൽഭാഗവും ഇത്തരത്തിൽ നടിക്ക് പകരം കുത്തുവിളക്ക് ഉപയോഗിച്ചാലും മാറ്റമില്ലാതെ പോകുന്ന കഥകളാണ് എന്നാണ്. സിനിമയിലെ വിഭാഗീയതയെ അതിപ്പോൾ വർണ്ണവിവേചനം ആയാലും സ്ത്രീവിരുദ്ധത ആയാലും പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് വച്ച് അളക്കേണ്ടതില്ല എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. നമ്മളെ രസിപ്പിക്കുന്ന എന്തിനെയും നമ്മൾ അംഗീകരിക്കും എന്നതാണു നമ്മുടെ നയം. അതിനിടയിൽ കുട്ടിക്കാലത്ത് കളിച്ച പല കളികളും നമ്മളിപ്പോൾ ഇഷ്ടപ്പെടുന്നില്ല എന്നും നമ്മുടെ തലച്ചോറിന്റെ വളർച്ചയ്ക്കനുസരിച്ച് നമ്മെ രസിപ്പിക്കുന്നവയുടെ സ്റ്റാൻഡേർഡ് മാറുമെന്നും entertainment നമ്മുടെ ബൗദ്ധിക നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും നമ്മളങ്ങ് മറക്കും. ആ മറവിയെ മുതലെടുത്ത് ചില പ്രത്യേക ഫോർമുലകളുമായി വരുന്ന സിനിമകളെ നമ്മൾ ഇന്നും കയ്യടിച്ച് സ്വീകരിക്കുന്നത് entertainer എന്ന നിലയിലാണ് എന്ന് പറയുമ്പോൾ അത് നമ്മുടെ ബുദ്ധിയുടെ ഒരു അളവുകോൽ കൂടിയാണെന്നും നമ്മൾ ഓർക്കേണ്ടതുണ്ട്. വർണ്ണവിവേചനം, ബോഡി ഷെയ്മിങ്, സ്ത്രീപ്രാതിനിധ്യം എന്നിവയൊക്കെ എത്രത്തോളമുണ്ടെന്ന് നമുക്ക് അളക്കാൻ കഴിയും. അത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്.

ഒരു സിനിമയിൽ സ്ത്രീകളുടെ പ്രാതിനിത്യം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനുള്ള ഒരു ടെസ്റ്റ് ആണു Bechdel test. ഈ ടെസ്റ്റ് ഒരിക്കലും സിനിമയുടെ ക്വാളിറ്റിയെയോ സിനിമയിലെ ഫെമിനിസത്തെയോ അളക്കാനുള്ളതല്ല, മറിച്ചു സ്ത്രീ പ്രാതിനിത്യത്തെ, സ്ത്രീകഥാപാത്രങ്ങളെ എത്രമാത്രം deep ആയാണ് അവതരിപ്പിക്കപ്പെടുന്നത് എന്നത് അളക്കാൻ ഉള്ളതാണ്. ഈ ടെസ്റ്റിന്റെ പല വകഭേദങ്ങൾ പിന്നീട് വന്നിട്ടുണ്ട്. അതിലൊന്നു സിനിമയിലെ വർണ്ണവിവേചനം അളക്കുന്നതാണ്. ഈ രണ്ട് ടെസ്റ്റുകൾ എങ്ങനെയാണെന്ന് നമുക്കൊന്നു നോക്കാം. ആദ്യത്തെ ടെസ്റ്റ് അതായത് സ്ത്രീ പ്രാതിനിത്യത്തെ അളക്കുന്നത് ഇങ്ങനെയാണ്. ഇതിൽ മൂന്ന് പോയിന്റുകളാണുള്ളത്.
1. സിനിമയിൽ കുറഞ്ഞത് രണ്ടു സ്ത്രീകഥാപാത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം. ആ കഥാപാത്രങ്ങൾക്ക് പേരുകൾ ഉണ്ടായിരിക്കണം.
2. ഇവർ രണ്ടുപേരും പരസ്പരം സംസാരിക്കണം.
3. ഇവർ സംസാരിക്കുന്നത് ഒരാണിനെകുറിച്ചല്ലാതെ മറ്റെന്തെങ്കിലും ആയിരിക്കണം.

സ്ത്രീകളെ കുറച്ചുകൂടി deep ആയി സിനിമയിൽ കാണിക്കുന്നുണ്ടോ എന്നത് തെളിയിക്കാൻ മാത്രമാണ് ഈ ടെസ്റ്റ് ഉപകരിക്കുകയുള്ളൂ. സ്ത്രീപക്ഷ സിനിമകളും ഈ ടെസ്റ്റിൽ പരാജയപ്പെട്ടേക്കാം. ഒരുപക്ഷേ സെക്സിസ്ററ് കമൻറുകൾ ഒരുപാടുള്ള പല സിനിമകളും ഉദാഹരണത്തിന് നമ്മുടെ ഒമർ ലുലു ടൈപ്പ് പടങ്ങൾ ഈ ടെസ്റ്റ് വിജയിക്കാമെന്നത് അതിന്റെ ഒരു പോരായ്മയാണ്. ഈ പോരായ്മയെ മറികടക്കാൻ ഈ ടെസ്റ്റിനെ പലരും മോഡിഫൈ ചെയ്തിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: സിനിമയുടെ മെയിൻ പ്ലോട്ടിൽ പുരുഷൻറെ കഥയെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം വരുന്ന സ്ത്രീ കഥാപാത്രമാണെങ്കിൽ സിനിമ ടെസ്റ്റിൽ പരാജയപ്പെട്ടു. മറ്റൊന്ന് നേരത്തെ പറഞ്ഞ സെക്സി ലാംപ് ടെസ്റ്റാണ്. അതുകേട്ടപ്പോൾ കാജൽ അഗർവാൾ, തമന്ന തുടങ്ങിയവരുടെ തമിഴ് സിനിമകൾ ഒരുപക്ഷേ നിങ്ങൾക്ക് ഓർമ്മ വന്നിരിക്കാം. മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയ പല സിനിമകളും ഈ ടെസ്റ്റ് പാസ് ആകുന്നുണ്ട് എന്നത് ഒരു മാറ്റത്തിൻറെ സൂചനയാണ്. കുറച്ചു മുൻപ് വരെ സിനിമയിലെ സ്ത്രീകൾ ആണിനെകുറിച്ചല്ലാതെ പരസ്പരം സംസാരിക്കുന്ന സീനുകൾ വളരെ വിരളമായിരുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി, കമ്മാരസംഭവം എന്നിവയൊക്കെ ഈ ടെസ്റ്റിൽ മുഴുവനായും പരാജയപ്പെടുന്ന സിനിമകളാണ്. വിക്രമാദിത്യൻ സിനിമയിൽ നായിക മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. കമ്മാരസംഭവത്തിൽ ആവട്ടെ സംസാരിക്കുന്നത് അത്രയും കാമുകനെകുറിച്ചാണ്. നമ്മുടെ പുതിയ കാലത്തെ മുൻനിര നടികൾ സ്ക്രിപ്റ്റ് സെലക്ഷനിൽ കാണിക്കുന്ന ഒരു ശുഷ്കാന്തി നമിത പ്രമോദ് എന്ന നടി കാണിക്കുന്നില്ല എന്നത് അവരുടെ സിനിമകൾ അവലോകനം ചെയ്താൽ മനസിലാകും. അവരുടെ സിനിമകളിൽ ഭൂരിഭാഗവും ഈ ടെസ്റ്റ് പാസ്സാകാത്തവയാണ്. നമിതാ പ്രമോദിന്റെ കരിയർഗ്രാഫ് എത്രതന്നെ ഉയർന്നു വന്നാലും സ്ക്രിപ്റ്റ് സെക്ഷനിലെ ഈ ഒരു പോരായ്മ പരിഹരിക്കാത്തിടത്തോളം അതൊരു കുറവായി തന്നെ നിലനിൽക്കും. പുതുമുഖ നായികമാർ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.

രണ്ടാമത്തെ ടെസ്റ്റ് വർണ്ണവിവേചനത്തെ കാണിക്കുന്ന ടെസ്റ്റാണ്. ഈ ടെസ്റ്റുകൾ കണ്ടുപിടിച്ചവർ ഇന്ത്യക്കാർ അല്ലാത്തതു കൊണ്ടും ഇത് ഹോളിവുഡ് ബേസ്ഡ് ടെസ്റ്റ് ആയതുകൊണ്ടും നമ്മുടെ സിനിമയിൽ പല റേസിലുള്ള ആളുകൾ ഇല്ലാത്തതുകൊണ്ടും മലയാളത്തിൽ ഉപയോഗിക്കുമ്പോൾ ഈ ടെസ്റ്റിന് നമുക്കൊന്ന് മോഡിഫൈഡ് ചെയ്യേണ്ടിവരും. മലയാളത്തിൽ നമുക്ക് ഈ ടെസ്റ്റ് റേസ് എന്നതിനുപരി ജാതി, മതം, നിറം എന്നിവയുമായി കണക്ട് ചെയ്തു പറയാൻ കഴിയും. ഈ ടെസ്റ്റ് എങ്ങനെയാണ്. മൈനോറിറ്റി വിഭാഗത്തിൽ പെട്ട രണ്ട് കഥാപാത്രങ്ങൾ എങ്കിലും സിനിമയിൽ ഉണ്ടായിരിക്കണം. അവർ അവരുടെ നിറത്തെകുറിച്ചോ അല്ലെങ്കിൽ റേസിനെകുറിച്ചോ അല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കണം. പ്രധാന കഥാപാത്രങ്ങളെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം ആയിരിക്കരുത് അവരുടെ കഥാപാത്രങ്ങൾ. അതായത് സിനിമയിൽ അവർക്ക് അവരുടേതായ ഒരു കഥ ഉണ്ടായിരിക്കണം. ഈ ടെസ്റ്റിൽ മൈനോറിറ്റി എന്നതിനുപകരം ജാതി, മതം എന്നിവ ഉപയോഗിച്ചാൽ 2010-നു മുമ്പുള്ള മിക്ക മലയാള സിനിമകളും അതിൽ പരാജയപ്പെടും.

നമ്മുടെ സിനിമയിൽ കറുപ്പിനെ കളിയാക്കുന്നത്, വൈകല്യങ്ങളെ കളിയാക്കുന്നതൊക്കെ ഇപ്പോഴും തമാശയാണ്. ഇതൊന്നുമില്ലാത്ത ഒരു സിനിമ എങ്ങനെയാണ് എഴുതേണ്ടത് എന്ന് അത്ഭുതപ്പെടുന്ന സിനിമാക്കാരും ഇതൊന്നുമില്ലാത്ത ഒരു സിനിമ എങ്ങനെയാണ് രസകരമാക്കുക എന്ന് ചിന്തിക്കുന്ന നമ്മൾ പ്രേക്ഷകരും ആണ് ഇപ്പോഴും ഇതൊക്കെ പ്രമോട്ട് ചെയ്യുന്നതു. സ്ത്രീവിരുദ്ധതയ്ക്ക് കാരണം സിനിമയുടെ അണിയറയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ അഭാവം ആണെന്ന് പറയുന്നവർ കറുപ്പിനെ കളിയാക്കുന്നതിനെ എന്തു പറയും. നമ്മളിൽ ഭൂരിഭാഗവും കറുത്തിട്ടുള്ളവരാണല്ലോ. നമ്മുടെ നാട്ടിൽ സ്ത്രീപുരുഷാനുപാതം നോക്കുകയാണെങ്കിൽ സ്ത്രീകളാണ് കൂടുതൽ. കറുത്തവരുടെയും വെളുത്തവരുടെയും കണക്ക് നോക്കിയാൽ തീർച്ചയായും കറുത്തവർ ആയിരിക്കും കൂടുതൽ. നമ്മുടെ സിനിമയിൽ സ്ത്രീകളുടെ റോളുകൾ പലപ്പോഴും കഥാഗതിയെ ബാധിക്കാത്തവയാണ്. നമ്മുടെ സിനിമയിൽ സ്ത്രീകൾ പരസ്പരം ആണുങ്ങളെ കുറിച്ചോ കുടുംബത്തെകുറിച്ചോ അല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഇല്ലാത്തവരാണ്. നമ്മുടെ സിനിമയിൽ ഇപ്പോഴും കറുത്തവർ നായകൻറെ വാലോ വില്ലനോ അപ്രധാന കഥാപാത്രങ്ങളോ കോമാളികളോ ആണ്. നമ്മുടെ ആസ്വാദന നിലവാരം ഉയർന്നിട്ടില്ല എന്നതിൻറെ സൂചനകളാണ് അവ പലപ്പോഴും. ഈയടുത്ത് ഈ ട്രെൻഡ് ഒന്നു മാറി വരുന്നുണ്ട് എന്നത് ആശാവഹമാണ്.

Written by ‘The Mallu Analyst’