മലയാളിയെ അടയാളപ്പെടുത്തിയ 11 സിനിമ ഡയലോഗുകൾ

726

കടപ്പാട് : The Mallu Analyst

മലയാളിയെ അടയാളപ്പെടുത്തിയ 11 സിനിമ ഡയലോഗുകൾ

യഥാർത്ഥത്തിൽ സിനിമകൾ നമ്മളോട് പറയുന്നത് നമ്മുടെ ചരിത്രം കൂടിയാണ്. നമുക്ക് മുമ്പുള്ള കേരളം, മലയാളികൾ എങ്ങനെ ആയിരുന്നു എന്നും അവരുടെ സ്വഭാവത്തിൽ, പെരുമാറ്റത്തിൽ കാലം ഏൽപ്പിച്ച മാറ്റങ്ങൾ എന്തൊക്കെയാണെന്നും പഴയ സിനിമകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. അതുപോലെ Image may contain: 1 person, beardഇന്നത്തെ സിനിമയും നാളെ ചരിത്രമാകും. നമ്മളെങ്ങനെയാണ് ജീവിച്ചത് എന്ന് വരും തലമുറയ്ക്ക് കാട്ടി കൊടുക്കാൻ കഴിയുന്ന മികച്ച രേഖകളിൽ ഒന്ന് സിനിമയായിരിക്കും. മലയാള സിനിമയുടെ ഒരു പ്രത്യേകത അതിലെ ചില ഡയലോഗുകൾ നമ്മൾ പിന്നീട് നിത്യജീവിതത്തിന്റെ ഭാഗമാക്കി എന്നതാണ്. അത്രമാത്രം നമ്മൾ സിനിമയെയും ജീവിതത്തെയും കൂട്ടിക്കലർത്തുന്നുണ്ട്. അങ്ങനെ സിനിമയിൽ തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ ചില ഡയലോഗുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കിയാലോ.

1. നമ്മൾ കുറച്ച് വിചിത്രമായി പെരുമാറിയാൽ അല്ലെങ്കിൽ എന്തെങ്കിലും അബദ്ധം ചെയ്തിട്ട് അതിലെ അബദ്ധം മനസ്സിലാക്കാതെ ഇരിക്കുമ്പോൾ കൂട്ടുകാർ ചോദിക്കുന്ന ചോദ്യം അല്ലെങ്കിൽ കൂട്ടുകാർ അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾ അവരോട് എടുത്ത വഴി ചോദിക്കാൻ സാധ്യതയുള്ള ചോദ്യം. ഏതാണ് ആ ചോദ്യം?

കിലുക്കത്തിൽ മോഹൻലാൽ രേവതിയോട് ചോദിച്ച ചോദ്യം – “വട്ടാണല്ലേ”

2. മലയാളികളിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക സ്വഭാവത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു പ്രശസ്തമായ ഡയലോഗ്. നമ്മൾ മറ്റുള്ളവരെ മണ്ടന്മാരാക്കാൻ മിടുക്കരാണ്. മലയാളികൾ പൊതുവെ ബുദ്ധിമാന്മാർ ആണെങ്കിലും തട്ടിപ്പുകളിൽ നുണകളിൽ ചെന്നുവീണു കൊടുക്കാൻ പ്രത്യേക കഴിവുണ്ട്. ഇങ്ങനെ അതിബുദ്ധിയുടേയും ബുദ്ധിയില്ലായ്മയുടെയും മിക്സ് ആയ നമ്മളെ മൊത്തത്തിൽ ഒന്ന് ആക്കിയ ആ ഡയലോഗ് ഏതാണ്? ഒന്നും സംഭവിക്കില്ലെന്ന് നല്ല ഉറപ്പുണ്ടെങ്കിലും എങ്ങാനും മറ്റവന് കിട്ടിയാലോ എന്ന് വിചാരിച്ചു അവന്റെ പുറകെ ഓടുമ്പോൾ നമ്മൾ സ്വയം പറയുന്ന ഡയലോഗ്!

വൺമാൻഷോയിലെ സലിംകുമാറിന്റെ ഡയലോഗ് – “എങ്ങാനും ബിരിയാണി കിട്ടിയാലോ”

3. എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമ്പോൾ അത് കൂടെയുള്ളവൻറെ തലയ്ക്കു വച്ച് മുങ്ങാൻ ശ്രമിക്കാത്ത ആരാണുള്ളത്! മറ്റവന്റെ തലയിൽ കൊണ്ടിടാൻ വേണ്ടി നമ്മൾ എന്തും പറയും അതിപ്പോ ഉള്ള അറിവ് ഇല്ല എന്ന് പറഞ്ഞിട്ടാണെങ്കിലും നമ്മൾ രക്ഷപ്പെടാൻ നോക്കും. മാത്രമല്ല കൂടെയുള്ളവന് നന്നായി അറിയാം എന്നുവച്ച് കാച്ചാനും നമ്മൾ മടിക്കില്ല. കൂടെയുള്ളവനെകുറിച്ച് ഒരു ചുക്കും നമുക്ക് അറിയില്ലെങ്കിൽ പോലും! ഇത്തരം അവസ്ഥകളിൽ രമണനെ മനസ്സിൽ ധ്യാനിച്ച് നമ്മൾ കൂട്ടുകാരന് പണി കൊടുക്കുമ്പോൾ ഓർക്കുന്ന ഡയലോഗ്..

പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് – “ഇവന് നന്നായി ഷൂ പോളിഷ് ചെയ്യാൻ അറിയാം, എനിക്ക് ഒട്ടും അറിയില്ല”

4. ഒരുമാതിരിപ്പെട്ട ഷോ ഓഫും കാണിച്ച് വന്നവൻ അവസാനം ഒന്നുമല്ലെന്നു തിരിച്ചറിയുമ്പോഴും, ഒരു കാര്യത്തിനു വേണ്ടി എല്ലാ പ്ലാനിങ്ങും നടത്തിയിട്ടും അവസാനം കുളമാകുമ്പോഴും നമ്മൾ സ്ഥിരമായി ഓർക്കുന്നത് ഈ വാടക കൊലയാളിയെയാണ്!

നാടോടിക്കാറ്റിലെ തിലകന്റെ ഡയലോഗ് – “അവസാനം പവനായി ശവമായി”

5. ചെയ്യാത്ത തെറ്റിന് ക്ഷമ പറയേണ്ടി വന്നിട്ടുണ്ടോ? ചെയ്തിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും തലയിൽ കയറാത്ത മരത്തലയൻമാരോട് അവരുടെ കയ്യിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി മാത്രം ക്ഷമ പറയേണ്ടി വരുമ്പോൾ മാണിക്കനെ മനസ്സിലോർത്തു ഇങ്ങനെ പറഞ്ഞാൽ മതി..
തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിന്റെ ഡയലോഗ് – “ലേലു അല്ലു ലേലു അല്ലു”

6. ഇനി പറയാൻ പോകുന്ന ഡയലോഗ് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഓർക്കുക അത് ഒരിക്കലും നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ചല്ല, മറിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പുള്ള ഒരു കാര്യത്തിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമമാണെന്ന്. അതല്ല സൗന്ദര്യത്തെ കുറിച്ച് തന്നെയാണ് അവർ ഉദ്ദേശിച്ചതെങ്കിൽ അപ്പൊ തന്നെ പറഞ്ഞേക്കണം കടക്ക് പുറത്ത്!

ഉദയനാണ് താരത്തിലെ മോഹൻലാലിൻറെ ഡയലോഗ് – “മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ”

7. നമ്മളോട് സുഹൃത്ത് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ കേട്ടിട്ടും അത് ചെയ്യാൻ മനസ്സില്ലെങ്കിൽ ഇങ്ങനെ പറഞ്ഞാൽ മതി. അവന് കാര്യം മനസ്സിലായിക്കൊള്ളും. ഫാൻ ഓഫ് ചെയ്യാൻ അമ്മ പറയുമ്പോൾ, റിമോട്ട് എടുത്തു തരാൻ അനിയത്തി പറയുമ്പോഴൊക്കെ ഇത് എടുത്തിട്ട് ഉപയോഗിക്കാം. സിനിമക്ക് അങ്ങനെയും ചില ഗുണങ്ങളുണ്ട്!

റാംജിറാവു സ്പീക്കിങ്കിലേ മുകേഷും മാട്രനും തമ്മിലുള്ള ഡയലോഗ് – “കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്”

8. നിങ്ങൾ അമേരിക്കയിൽ ആണെങ്കിൽ ഇത് പെട്ടെന്ന് മനസ്സിലാവും, അവിടെയുള്ള ഒരു സ്ഥലത്തിൻറെ പേരാണ്. അമേരിക്കയിൽ പോകാത്തവർക്കും ജനറൽനോളജ് കാണിക്കാൻ ഈ സ്ഥലത്തിൻറെ പേര് ഉപയോഗിക്കാം, അതിപ്പോ എല്ലാ സ്ഥലത്തും കാണുമല്ലോ ഒരു ജംഗ്ഷൻ!

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിലെ മോഹൻലാലിൻറെ ഡയലോഗ് – “അമേരിക്കൻ ജംഗ്ഷൻ”

9. സ്വയം ആത്മവിശ്വാസം വർധിപ്പിക്കാൻ ഇപ്പോൾ ധാരാളം മോട്ടിവേഷൻ ക്ലാസുകളുണ്ട്. എന്നാൽ ഇതൊന്നും അല്ലാതെ തന്നെ സ്വയം മോട്ടിവേറ്റ് ചെയ്ത ഒരാളെ നമുക്കറിയാം. ആ വചനങ്ങൾ പ്രതിസന്ധികൾ മറികടക്കാനായി ഇടയ്ക്കിടയ്ക്ക് നമ്മൾ ഉരുവിടാറുണ്ട്. ഒരു മോട്ടിവേഷൻ ക്ലാസിനും നൽകാൻ കഴിയാത്ത ധൈര്യം നൽകാൻ ആ വാക്കുകൾക്ക് കരുത്തുണ്ട്..

വിയറ്റ്നാം കോളനിയിലെ ഇന്നസെൻറ് ഡയലോഗ് – “ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണീ കെ കെ ജോസഫ്”

10. നമ്മടത്ര ഇംഗ്ലീഷ് സായിപ്പിന് പോലും അറിയില്ല. ഇന്നലെ സൂപ്പർ മാർക്കറ്റിൽ വെച്ച് സായിപ്പിൻറെ കാലിൽ അറിയാതെ ഒന്നു ചവിട്ടിയപ്പോൾ തുറിച്ചുനോക്കിയ സായിപ്പിനെ നോക്കി ഞാൻ സോറി പറഞ്ഞത് ഇങ്ങനെയാണ്,

“അയാം ദി സോറി അളിയാ, അയാം ദി സോറി” – തിളക്കത്തിലെ സലിംകുമാർ ഡയലോഗ്.

ഇതുപോലെ സിനിമയിൽ നിന്ന് കടം കൊണ്ട നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരുപാട് ഡയലോഗുകൾ ഇനിയും ഉണ്ടെന്നറിയാം നിങ്ങൾക്ക് ഓർമ്മ വരുന്നവ കമൻറ് ബോക്സിൽ എഴുതുമല്ലോ.

written by ‘TheMalluAnalyst’

Advertisements