നെപ്പോളിയന്റെ മരണരഹസ്യം

189
Akhilesh Akhi
നെപ്പോളിയന്റെ മരണരഹസ്യം
സൗത്ത് അറ്റ്ലാന്റിക്കിലെ ഒരു കൊച്ചുദീപാണ് സെന്റ് ഹെലീന. 1821 മേയ് അഞ്ച്, വൈകീട്ട് ആറുമണിയാകാൻ 11 മിനിറ്റു ബാക്കിയുള്ളപ്പോൾ അവിടം ഒരു ചരിത്രമുഹൂർത്തതിന് സാക്ഷ്യം വഹിച്ചു. യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു ദശാബ്ദക്കാലം തന്റേതാക്കി മാറ്റിയ നെപ്പോളിയൻ ബോണപ്പാർട്ട് മരണത്തിനു കീഴടങ്ങി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉദരത്തിൽ അർബുദത്തിന് കാരണമായ ചിലരോഗങ്ങളാണ് മരണകാരണമെന്ന് വിധിയെഴുതി. ചരിത്രമെഴുതുകാർ ആ വാക്കുകൾ കാലത്തിന്റെ പുസ്തകത്തിൽ എഴുതിച്ചേർത്തു. നെപ്പോളിയന്റെ മരണത്തോടെ ചരിത്രത്തിലെ ഒരു യോഗംകൂടി അവസാനിക്കുന്നു എന്നെഴുതി അവർ കഥക്ക് ഫുൾസ്റ്റോപ്പിട്ടു. പക്ഷെ അതുമറ്റൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും നെപ്പോളിയൻ കഥകൾ ലോകമെങ്ങും പാടികേട്ടപ്പോഴും ഒരു സത്യം മാത്രം ഇരുട്ടത്ത് ഒളിഞ്ഞിരുന്നു. പുറത്തുവരാൻ ഒരു അവസരം കാത്ത്. അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ രഹസ്യമായിരുന്നു അത്. ഒന്നും രണ്ടുമല്ല നൂറ്റിമുപ്പതിലേറെ വർഷങ്ങളാണ് ചരിത്രം കാത്തിരുന്നത്. കാൻസർമൂലമെന്നു വിധിയെഴുതിയ നെപ്പോളിയന്റെ മരണം ഒരു കൊലപാതകമായിരുന്നു.
ആർസനിക് എന്ന ലോഹം ഉയർന്ന അളവിൽ ഉള്ളിൽ ചെന്നാണ് നെപ്പോളിയൻ മരിച്ചത്. കാലത്തെ ഞെട്ടിച്ച ഈ സത്യം പുറത്തുവിട്ടത് സ്വീഡിഷ് സയന്റിസ്റ്റായിരുന്ന സ്‌റ്റെൻ ഫോർഷുഡ് ആയിരുന്നു. നെപ്പോളിയന്റെ അവസാന നാളുകളെക്കുറിച്ച് 1955ൽ പുറത്തുവന്ന ഒരു ലേഖനത്തിന്റെ പൊരുത്തക്കേടുകൾ തേടിപ്പോയ ഫോർഷുഡ് നിശബ്ദമായി രചിക്കപ്പെട്ട ഒരു കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു ലോകത്തിനുമുന്നിൽ ചുരുളഴിച്ചത്. നെപ്പോളിയന്റെ അന്ത്യനാളുകളെക്കുറിച്ച് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ലൂയിസ് മർച്ചന്റ് എഴുതിയതായിരുന്നു ആ ലേഖനം. കാൻസർ എന്ന് നിഗമനത്തിലെത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മർച്ചന്റിന്റെ വിവരണങ്ങളും തമ്മിൽ പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെ സ്‌റ്റെൻ ഫോർഷുഡ് കണ്ടെത്തി. കാൻസർ ആയിരുന്നെങ്കിൽ അതിന്റേതായ ശാരീരിക അസ്വസ്ഥതകൾ നെപ്പോളിയനിൽ ഉണ്ടായേനെ. ഇത് എന്തുകൊണ്ട് സഹായിയായ മർച്ചന്റിന് തോന്നിയില്ല? മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യനില, വീർത്തുകെട്ടിയ കരൾ, ചീർത്തുവിങ്ങിയ ശരീരം… ഇങ്ങനെ നെപ്പോളിയന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചിരുന്ന പലതും ഫോർഷുഡിന്റെ മനസ്സിൽ സംശയങ്ങൾ മുളപ്പിച്ചു.
20 വർഷത്തോളം അദ്ദേഹം സംശയനിവാരണത്തിനായി ചിലവഴിച്ചു. നെപ്പോളിയന്റെ തലമുടി പലരുടെയും പക്കൽ ഉണ്ടെന്നറിയാമായിരുന്ന അദ്ദേഹം 140 സാമ്പിളുകൾ ശേഖരിച്ചു ഫോറൻസിക് പരിശോധനക്ക് അയച്ചു. സംശയങ്ങൾ ശരിവയ്ക്കുന്ന രീതിയിൽ ഞെട്ടിക്കുന്നതായിരുന്നു പരിശോധനാഫലം. എല്ലാ സാമ്പിളുകളിലും ആർസനിക് എന്ന മാരകവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി.
അതൊരു കൊലപാതകമല്ലെന്നും യാദൃശ്ചികത മാത്രമാണെന്നുമുള്ള പ്രതിവാദങ്ങൾ ഉയർന്നു. നെപ്പോളിയൻ ഉപയോഗിച്ചിരുന്ന ഹെയർഓയിലിൽനിന്നോ മുറിയിൽ തൂക്കിയിരുന്ന ചിത്രത്തിലെ പെയിന്റിൽനിന്നോ ആയിരിക്കാം വിഷമുള്ളിലെത്തിയതെന്നായിരുന്നു കരുതിയത്. എന്നാൽ ലൂയിസ് മർച്ചന്റ് നെപ്പോളിയന്റെ മൃതശരീരത്തിൽ നിന്നെടുത്തു സൂക്ഷിച്ചിരുന്ന മുടിനാരിന്റെ പരിശോധനയിൽ അനുവദനീയമായതിന്റെ 600 മടങ്ങ് ആർസനിക് കണ്ടെത്തിയതോടെ ആദ്യസംശയങ്ങൾ ചവറ്റുകൊട്ടയിലായി. എപ്പോഴൊക്കെ മുടിയിഴകളിൽ വിഷാശം കൂടുതലുണ്ടായിരുന്നോ അപ്പോഴൊക്കെ നെപ്പോളിയൻ രോഗശയ്യയിലായിരുന്നു എന്ന് ഫോർഷുഡ് കണ്ടെത്തി. മറ്റൊരുകാര്യംകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. നെപ്പോളിയന്‌ നൽകിയിരുന്ന മരുന്നുകളാണ് അദ്ദേഹത്തിന്റെ മരണം വേഗത്തിലാക്കിയത്. ആന്റിമണി, മെർക്കുറി എന്നീ വിഷലോഹങ്ങൾ അടങ്ങിയ മരുന്നുകൾ അദ്ദേഹത്തിന്റെ ഉദരത്തെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞു.
ഫോർഷുഡ് ഉയർത്തിക്കൊണ്ടുവന്ന തെളിവുകൾ ഇരുപതാം നൂറ്റാണ്ടിലെ കുറ്റാന്വേഷ ഏജൻസികൾ ശരിവച്ചു. കൊലയാളിയാരെന്ന ചോദ്യത്തിന്നെപ്പോളിയന്റെ കൂടെ സെന്റ് ഹെലീന ദ്വീപിലുണ്ടായിരുന്ന ചാൾസ് ട്രിസ്റ്റൻ ഡി മന്ത്ലോൺ എന്നയാളുടെ പേരാണ് ഉയർന്നുകേട്ടത്. വൈനിൽ കലർത്തിയാണ് ആർസനിക് നൽകിയതെന്ന് നിഗമനങ്ങൾ വെളിപ്പെടുത്തി. അവസാനിക്കാത്ത വിവാദങ്ങളുടെ പട്ടികയിൽ അങ്ങിനെ നെപ്പോളിയന്റെ മരണവും ഇടംനേടി.