ആടുജീവിതത്തിലെ നജീബ് ഇപ്പോൾ മലയാളികൾക്ക് താരമാണ്. ആ വേഷത്തെ അഭ്രപാളികളിൽ അവതരിപ്പിച്ച പൃഥ്വിരാജ് , ഒരുപാട് ത്യാഗം സഹിച്ചു സിനിമയൊരുക്കിയ ബ്ലെസി , ആടുജീവിതത്തിന്റെ കർത്താവ് ബെന്യാമിൻ ഇവരെല്ലാം നജീബിന്റെ ജീവിതകഥയിലൂടെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുന്നവരാണ്. ഗദ്ദാമയിലെ ബഷീറിനെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയും അറബിക്കഥയിലെ ക്യൂബ മുകുന്ദനെ അവതരിപ്പിച്ച ശ്രീനിവാസനും ഇതിനു സമാനമായ വേഷങ്ങൾ കൈകാര്യം ചെയ്തവരാണ്. ജിസിസി രാജ്യങ്ങളിൽ പലയിടത്തും നിങ്ങൾക്ക് അവരെ കാണാം എന്നാണു അത്തരമൊരു കഥാപാത്രത്തെ നേരിൽ പരിചയപ്പെടേണ്ടിവന്ന അരുൺ കെ ചന്ദ്രൻ പറയുന്നത്. അരുണിന്റെ കുറിപ്പ് വായിക്കാം

Arun K Chandran 

ഫുജൈറയിൽ പണിയെടുക്കുന്ന കാലത്ത്…. ഒരു സ്ഥലത്ത് ഡീസൽ അടിക്കാൻ വേണ്ടി പോകുകയുണ്ടായി… ഡീസൽ വണ്ടിയിൽ പണിയെടുക്കുന്നത് കാരണം ഫുജൈറ,,മസാഫി ഏരിയകളിലെ ഒരുവിധം സ്ഥലങ്ങളും അറിയാം…. പക്ഷേ അന്ന് പോയത് ഞാൻ അതുവരെ പോകാത്ത ഒരു സ്ഥലത്തേക്ക് ആയിരുന്നു…
പർവ്വതങ്ങൾക്ക് ഇടയിൽക്കൂടി കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാവുന്ന റോഡ്.. എതിരെ ഒരു വണ്ടി വന്നാൽ വീതിയുള്ള സ്ഥലം നോക്കി ഒന്നുകിൽ ആ വണ്ടി റിവേഴ്സ് എടുക്കണം,, അല്ലെങ്കിൽ നമ്മൾ റിവേഴ്സ് പോകണം…

കുറച്ചു ദൂരം പോയപ്പോൾ തന്നെ മൊബൈലിന്റെ റേഞ്ച് കട്ടായി പോയി,, അതിനിടയിൽ പാക്കിസ്ഥാനി ഡ്രൈവർ ,, ഇവിടങ്ങളിൽ സുഡാനി പിള്ളേർ പിടിച്ചുപറി നടത്തും, വണ്ടി കേടായാൽ എന്തു ചെയ്യും എന്നൊക്കെ പറഞ് ആ സ്ഥലത്ത് ഓർഡർ എടുത്തതിന് എന്നെ കുറ്റപ്പെടുത്തികൊണ്ടിരുന്നു….ആരെങ്കിലും ലിഫ്റ്റ് ചോദിചോ മറ്റൊ കൈ കാണിച്ചാൽ വണ്ടി നിർത്തില്ല എന്നും മുനീർ ഹസൻ എന്ന് പേരുള്ള അദ്ദേഹം പിറുപിറുത്തു കൊണ്ടിരുന്നു..

ഏകദേശം ഒരു 30 കിലോമീറ്റർ ഓളം ഞങ്ങൾ ഉള്ളിലോട്ടു പോയി കാണണം.. ആളുകളോ കടകളും ഒന്നുമില്ലാതെ രണ്ട് സൈഡും പർവ്വതങ്ങൾ മാത്രമുള്ളഒരു ഏരിയ….. പർവ്വതങ്ങൾക്കിടയിൽ ആയ കാരണം കൊണ്ട് തന്നെ ചെറിയ ഒരു പച്ചപ്പും,, അവിടെ അവിടെയായി തോടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ കുഴികളും കാണാമായിരുന്നു.

അതിനുശേഷം അവിടെ കുറച്ച് പൊളിഞ്ഞു വീഴാറായ പ്രോട്ടോ ക്യാബിൻ പോലെയുള്ള അഞ്ചോ ആറോ വീടുകൾ…പിന്നീടാണ് മനസ്സിലായത് അവ വീടുകൾ ആയിരുന്നില്ല… ആടുകളുടെയും ഒട്ടകങ്ങളുടെയും കൂടുകൾ ആയിരുന്നു എന്ന്….. അവിടെനിന്ന് കുറച്ചു കൂടെ പോയാൽ ഒരു അറബിയുടെ അത്യാവശം കുഴപ്പമില്ലാത്ത ഒരു ചെറിയ വീട്… ഡീസൽ അടിക്കാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഒരാൾ വന്നു ഗേറ്റ് തുറന്നു തന്നു… എന്റെ കൂടെയുണ്ടായിരുന്നത് ഒരു പാക്കിസ്ഥാനി ഡ്രൈവർ ആയിരുന്ന കാരണം കൊണ്ട് തന്നെ അദ്ദേഹം ഹിന്ദിയിലാണ് അയാളോട് സംസാരിച്ചത്… നല്ല ഫ്ലുവന്റായി ഹിന്ദിയും ഉറുദുവും പറയുന്ന അദ്ദേഹത്തെ കണ്ടപ്പോൾ ഞാനും ആദ്യം കരുതിയത് ഒരു ബംഗാളിയോ പാക്കിസ്ഥാനിയോ ആയിരിക്കും എന്നാണ്… ഡ്രസ്സിംങ്ങും ഏകദേശം പാക്കിസ്ഥാനികളുടെ പോലെ തന്നെ…

അതിനിടയ്ക്കാണ് എനിക്ക് മൊബൈലിൽ ഒരു കോൾ വന്നത്… ആ അറബിയുടെ വീടിന്റെ പരിസരത്ത് മാത്രമാണ് അവിടങ്ങളിൽ റെയിഞ്ച് ലഭിക്കുന്നത്.. കമ്പനിയിൽ നിന്ന് വന്ന ഫോണെടുത്ത് ഞാൻ മലയാളത്തിൽ സംസാരിച്ചു,, കട്ട് ചെയ്തു.അത് കേട്ടിട്ടാണോ എന്ന് എനിക്കറിയില്ല,,, അദ്ദേഹം പെട്ടെന്ന് തന്നെ അറബിയുടെ വീടിനകത്തെ അടുക്കളയിൽ പോയി,, ഞങ്ങൾക്ക് ഒരു ഗ്ലാസ് ചായയും അവിടുത്തെ തോട്ടങ്ങളിൽ വിളഞ്ഞതാണ് എന്ന് പറഞ്ഞ് ഈന്തപ്പഴവും കുറച്ചു ഫ്രൂട്ട്സും കൊണ്ടുവന്നു തന്നു… ആദ്യം ഡ്രൈവറായ മുനീറിന് കൊടുത്തതിനുശേഷം ആണ് അദ്ദേഹം എന്റെ അടുത്തോട്ട് വന്നത്…
“മലയാളിയാണല്ലേ…??’
എന്ന അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം ഞാനൊന്ന് പകച്ചു പോയി….. അതെ എന്ന് മറുപടി കൊടുത്ത ശേഷം സ്വാഭാവികമായ ഞെട്ടലോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു
“ചേട്ടനും മലയാളിയാണോ??? ”

ഞെട്ടൽ ഉണ്ടാകാൻ കാരണം മറ്റൊന്നുമായിരുന്നില്ല,, അഞ്ചുവർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇത്രയും മുഷിഞ്ഞ വസ്ത്രങ്ങളും താടിയും മുടിയുമായി ഞാനാദ്യമായി ആയിരുന്നു ഒരു മലയാളിയെ കണ്ടത്….
“അതേ ” എന്ന അദ്ദേഹത്തിന്റെ മറുപടിക്ക് ശേഷം കുറച്ചുനേരം ഞങ്ങൾ കുശലാന്വേഷണങ്ങൾ നടത്തി…..
മലപ്പുറം കോഴിക്കോട് ഭാഗത്ത് എവിടെയാണ് അദ്ദേഹത്തിന്റെ വീട് എന്ന് എന്നോട് പറഞ്ഞതായാണ് എന്റെ ഓർമ്മ.ഏകദേശം 20 വർഷത്തിനു മുകളിലായി അദ്ദേഹം അവിടെ വന്നിട്ട് എന്നു പറഞ്ഞിരുന്നു,, അദ്ദേഹത്തിന്റെ അറബാബായ അറബി ഒരു അറബിക് കവിയാണെന്നും, അദ്ദേഹം വർഷത്തിൽ കുറച്ചു പ്രാവശ്യം മാത്രമേ ആ സ്ഥലത്തോട്ട് വരാറുള്ളൂ എന്നും, അദ്ദേഹത്തിന്റെ ഈന്തപ്പന തോട്ടവും,, ആടുകളെയും കുതിരകളെയും ഒട്ടകങ്ങളെയും നോക്കുന്നതാണ് ഇദ്ദേഹം അടക്കമുള്ള മൂന്നുപേരുടെ ജോലി എന്നും യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ലാതെ അദ്ദേഹം പറഞ്ഞ് നിർത്തി.കൂടെയുള്ള മറ്റു രണ്ടുപേർ വേറെ ഏതോ രാജ്യക്കാരാണ് എന്നും പറഞ്ഞതായി ഓർക്കുന്നു.കയ്യിൽ ഉണ്ടായിരുന്നത് നോക്കിയയുടെ ഒരു കീപാഡ് സെറ്റ് ആയിരുന്നു..അതും കംപ്ലൈന്റ്റ് ആയത്..അറബിക്ക് ഇദ്ദേഹത്തെ വിളിക്കണമെങ്കിൽ വീട്ടിലെ ലാൻഡ് ഫോണിൽ വിളിക്കും….

അദ്ദേഹത്തിന്റെ വീട്ടുകാരെ പറ്റി ചോദിച്ചപ്പോൾ അയാൾ കൂടുതലായി ഒന്നും പറഞ്ഞില്ല,,, വീട്ടുകാർക്ക് വേണ്ടതെല്ലാം അറബി മാസം അയച്ചുകൊടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്,അത് അയക്കുന്നുണ്ടോ അതിന്റെ റെസിപ്റ് നിങ്ങൾക്ക് കിട്ടാറുണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ അതിനെപ്പറ്റി ഒന്നും പുള്ളിക്ക് യാതൊരുവിധ അറിവും ഇല്ല.നാട്ടിൽ പോകാൻ ആഗ്രഹമില്ലേ, എന്തിനാണ് ഇവിടെ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നൊക്കെ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അയാൾ എന്നോട് പറഞ്ഞത് എന്താണ് എന്ന് പോലും എനിക്ക് മനസ്സിലായില്ല…

ഫുജൈറ കടൽതീരത്ത് ഒരു ഉരുവിൽ വന്നിറങ്ങിയ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ആ അറബി അദ്ദേഹത്തിന്റെ ദൈവമാണ്, കഴിക്കാനുള്ളതും, ഉടുക്കാനുള്ളതും കുറച്ചു പഴകിയതായാലും അദ്ദേഹം എത്തിച്ചു കൊടുക്കുന്നുണ്ട്… അതുപോലെതന്നെയാണ് അവിടെയുള്ള കുതിരകളും ആടുകളും ഒട്ടകങ്ങളും അവ വെറും ജീവികൾ… മാത്രമായിരുന്നില്ല അദ്ദേഹത്തിന്,, കൂടപ്പിറപ്പുകൾ ആയിരുന്നു….. അവരോടാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിഷമങ്ങൾ പലതും പങ്കുവെച്ചിരുന്നത്… ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരു മലയാളിയോട് അദ്ദേഹം ഇതൊക്കെ പറയുന്നത് എന്ന് എനിക്ക് തോന്നിപ്പോയി.അയാൾക്ക് അന്നത്തെ ഡേറ്റ് അറിയില്ല, ഡെലിവറി നോട്ടിൽ ഞാൻ ഡേറ്റ് എഴുതുന്നത് കണ്ടപ്പോഴാണ് അദ്ദേഹം മുമ്പ് എപ്പോഴോ ഫുജൈറ വന്നിരുന്ന കാര്യം പറഞ്ഞത്.

ഗദ്ദാമ സിനിമയിലെ ഷൈൻ ടോം ചാക്കോയെയും, ഇപ്പോൾ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെയും വേഷങ്ങൾ കണ്ടപ്പോൾ ഇതൊക്കെ എവിടെയെങ്കിലും ഒന്ന് കുറിച്ചിടണം എന്ന് തോന്നിയതുകൊണ്ട് എഴുതിയതാണ്..നജീബും, ക്യൂബ മുകുന്ദനും, ഗദ്ദാമയിലെ ബഷീറുമൊക്കെ സിനിമകളിൽ മാത്രമല്ല ഉള്ളത്…. ജിസിസി രാജ്യങ്ങളിൽ പലയിടത്തും നിങ്ങൾക്ക് അവരെ കാണാം.

Nb.. തിരിച്ചുവരുമ്പോൾ,,, ഞാനും വർത്തമാനപ്രിയനായ പാക്കിസ്ഥാനി ഡ്രൈവർ മുനീർ ഹസനും സംസാരിക്കാൻ മറന്നു പോയിരുന്നു..

You May Also Like

“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരിപ്പാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ

“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരിപ്പാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി…

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ വൈറൽ ചിത്രങ്ങൾ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

സിനിമാട്ടോഗ്രാഫർ ആനന്ദകുട്ടൻ, സിനിമാക്കാരുടെ കുട്ടേട്ടൻ

Nithin Ram മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് ക്യാമറ ചെയ്ത സിനിമാട്ടോഗ്രാഫർ ആനന്ദകുട്ടൻ, സിനിമാക്കാരുടെ കുട്ടേട്ടൻ.…

നദിക്കരയിൽ അതിസുന്ദരിയായി മാളവിക മോഹനൻ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.