ജയ്‌പൂർ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനം പിങ്ക് സിറ്റി അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് . വാസ്തു ശാസ്ത്രപ്രകാരം പണിതുയർത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണിത്.1727 ൽ മഹാരാജാ സവാഇ ജയ്‌സിംഗ് രണ്ടാമൻ ആണ് ഈ നഗരം സ്ഥാപിച്ചത്.1876 യിൽ വെയിൽസിലെ രാജകുമാരനും ഭാര്യയും ഇന്ത്യ സന്ദർശിച്ചപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ആതിഥ്യത്തിന്റെ നിറമായ പിങ്ക് നിറം പൂശാൻ ഉത്തരവിട്ടു. അങ്ങനെയാണ് ഇവിടത്തെ തെരുവുകൾക്ക് പിങ്ക് നിറം. ഞാനാദ്യമായിട്ട് ജയ്‌പൂർ പോകുന്നത് പത്ത് വർഷത്തിന് മുന്നേയാണ്. ഏതാനും വർഷത്തെ വിദേശവാസത്തിനിടയ്ക്കുള്ള സന്ദർശനമായിരുന്നു. 1876 യിൽ അടിച്ച പിങ്ക് നിറമായിരിന്നിരിക്കാം ആകെ നരച്ച നിറത്തോടെയുള്ള കെട്ടിടങ്ങളും (ഇന്ന് അതിന് വ്യത്യാസം വന്നിട്ടുണ്ട്) അവിടത്തെ വൃത്തിയില്ലായ്മയും രാജസ്ഥാനിലെ ചൂടും …എല്ലാം കൊണ്ടും എനിക്ക് ഒന്നും കാണേണ്ട എന്ന് പറഞ്ഞുകൊണ്ട് അന്ന് തിരിഞ്ഞോടുകയായിരുന്നു.

പിന്നീട് ഡൽഹിൽ താമസം തുടങ്ങിയപ്പോഴാണ്,ജയ്‌പൂർ ആയിട്ട് അധികനാൾ പിണങ്ങി നില്ക്കാൻ സാധിക്കില്ലായെന്ന് മനസ്സിലായത്. ഷോപ്പിംഗിന്റെ കലവറയാണവിടെ . ആയിരം രൂപ പെട്രോളിന് ചെലവാക്കി അവിടെയെത്തിയിട്ട് പത്തോ – ഇരുപതോ രൂപ ലാഭം കിട്ടുന്നതിനെ കുറിച്ച് വീട്ടുകാർക്ക് മതിപ്പ് ഇല്ലയെന്നുമാത്രം.അപ്പോഴേക്കും മറ്റേതൊരു വടക്കേന്ത്യയിലെ സ്ഥിരം കാഴ്ചയായ ആളുകളുടെ ‘നീട്ടിയുള്ള തുപ്പൽ’ എനിക്ക് പുതുമ അല്ലാതെയായിരിക്കുന്നു അല്ലെങ്കിൽ എപ്പോൾ നോട്ടം മാറ്റണമെന്ന് ഞാൻ പഠിച്ചിരിക്കുന്നു. ചരിത്രത്തിലേക്കുള്ള യാത്രയിൽ വർത്തമാനത്തിനും ഭൂതകാലത്തിനും ഇടയിൽ ഒരു പാലം പോലെ നിലകൊള്ളുന്നതാണ് ഈ നഗരം.

Albert wall museum

ഗവണ്മെന്റ് സെൻട്രൽ മ്യൂസിയം എന്നറിയപ്പെടുന്നയിത് ഇന്തോ -സാർസ്‌നിക് ( Indo -Saracenic ) വാസ്തുവിദ്യയുടെ ഉത്തമഉദാഹരണമാണ്. ബോംബയിലെ ഛത്ര[പതി ശിവജി ടെർമിനൽസും ഈ വാസ്തുശൈലിയിലുള്ളതാണ്. മനോഹരമായ പൂന്തോട്ടത്തിനകത്താണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. അത് ആ കെട്ടിടത്തിന്റെ ഭംഗി കൂട്ടിയോ എന്ന് സംശയം. കെട്ടിടം കാണാൻ തന്നെ മനോഹരം. സർ. സ്വിൻടൺ ജേക്കബ് -യാണ് ഇതിന്റെ ഡിസൈനർ. , നഗരത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ, പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങൾ, കരകൗശലങ്ങൾ, വാസ്തുവിദ്യാരൂപങ്ങൾ എന്നിവയുടെ സംരക്ഷണവും അതൊക്കെ വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രവുമാണ്. ഇന്ത്യക്കാർക്ക് 25 രൂപയും വിദേശികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്. ടിക്കറ്റ് എടുത്ത് അകത്തോട്ട് ചെല്ലുന്നതോടെ പലതരത്തിലുള്ള ചിത്രങ്ങൾ പരവതാനികൾ ആനക്കൊമ്പ്, മെറ്റൽ ശില്പങ്ങൾ. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയശേഖരങ്ങൾ ………അങ്ങനെ അനവധി. ഇവിടത്തെ പ്രധാന ആകർഷണം ഈജിപ്‌ത്തിലെ ‘മമ്മി’ എന്നാണ് പറഞ്ഞുകേട്ടതെങ്കിലും ടിവിയിലും മറ്റും കണ്ടിട്ടുള്ളതു കൊണ്ടാകാം വലിയ പുതുമ തോന്നിയില്ല.എന്തായാലും ഫോട്ടോയിലെ സ്ഥിരം കാഴ്ചകളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള തിരക്കാണവിടെ.

City Palace

രാജസ്ഥാനി മുഗള്‍ യൂറോപ്യന്‍ വാസ്തുവിദ്യകളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് ഈ കൊട്ടാരസമുച്ചയം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു ഗൈഡ് ഇല്ലെങ്കിൽ നമ്മൾ അവിടത്തെ കെട്ടിടങ്ങൾ കണ്ടു മടങ്ങേണ്ടി വരും. അതുകൊണ്ട് ഇപ്രാവശ്യം വിവരങ്ങൾ അടങ്ങിയ ഓഡിയോ ഗൈഡ് വാടകക്ക് എടുത്തു. ചെവിയിൽ ഇയർഫോണും തിരുകി കഴുത്തിൽ device ബന്ധിപ്പിച്ചിട്ടുള്ള മാലയും ഇട്ടുകൊണ്ട് ഞാൻ ഒരു സംഭവമാണു ട്ടോ എന്ന മട്ടിൽ കൊട്ടാരത്തിലേക്ക്. പതിവുപ്പോലെ പഴയക്കാല ആയുധങ്ങളുടെ പ്രദർശനം വസ്ത്ര മ്യൂസിയം രാജാവിന്റേയും കൂടെയുള്ളവരുടെ സിംഹാസനവും മറ്റു ഇരിപ്പിടങ്ങളും അതേ പോലെ സൂക്ഷിച്ചിട്ടുണ്ട്.ഇതിനടുത്തതെല്ലാം നമ്പർ വെച്ചിട്ടുണ്ട്. ഓഡിയോയിൽ പറയുന്ന ആ നമ്പർ അനുസരിച്ച് കാഴ്ചകൾ കണ്ടും വിവരണങ്ങൾ കേട്ടും നമുക്ക് മുന്നേറാം. പ്രധാന കൊട്ടാരമായ ചന്ദ്രമഹലിന്റെ കൂടുതൽ ഭാഗങ്ങൾ രാജകുടുംബത്തിൻ്റെ താമസത്തിനായി നീക്കി വെച്ചിരിക്കുന്നു.അങ്ങോട്ട് നമുക്ക് പ്രവേശനമില്ല.ഇതിന്റെ പുറകിലത്തെ നടുമുറ്റവും അങ്ങോട്ടേക്കുള്ള നാലു വാതിലുകൾ ഓരോ ഋതുക്കളെ പ്രതിനിധീകരിക്കുന്നു.ആ വിധത്തിലുള്ള ശില്പകലയാൽ അലങ്കരിച്ചിരിക്കുന്നു. നിരവധി ഹിന്ദി ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. പുതുമ തോന്നിയത് വെള്ളി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുള്ള രണ്ടു വെള്ളിക്കുടങ്ങളാണ്. രണ്ടു വർഷമെടുത്തതാണ് ഇതിന്റെ പണി കഴിപ്പിച്ചത്. 1902 -ൽ അവിടത്തെ രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോയ രാജാവ് ഗംഗാജലം നിറച്ച് ഈ കുടങ്ങളും യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു. രസകരവും വിജ്ഞാനപരവുമായ ചില വിവരങ്ങളായിരിക്കും ഇങ്ങനത്തെ പാലസുകൾക്ക് നമ്മളോട് പറയാനുണ്ടാവുക.

ജന്തർ – മന്തർ

ടെലെസ്കോപ്പോ മറ്റു ആധുനിക ഉപകരണങ്ങളോ ഇല്ലാതെയുള്ള വാനനീരീക്ഷണം. 1727 -1733 -യിൽ നിർമ്മിച്ചിട്ടുള്ളതാണിത്. 90 അടിയാണ് ഇതിന്റെ ഉയരം. ലോക പൈതൃക സ്മാരകങ്ങളിൽ 28 -മത്തെ സ്ഥാനമാണുള്ളത്.അങ്ങനെയുള്ള വിശേഷണങ്ങളുണ്ടെങ്കിലും പല വലുപ്പത്തിലും ചരിവിലുള്ള ശില്പങ്ങൾ പോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല എന്നത് സത്യം. വാനനിരീക്ഷണവും അതിനെ തുടർന്നുള്ള പ്രവചനങ്ങളും പണ്ടുള്ളവർ നടത്തിയിരുന്നതാണ്. അവിടെ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ഏതാനും ആൾക്കാർ പ്രാവിന് കഴിക്കാനുള്ള ഭക്ഷണം വിൽക്കാനായിട്ട് ഇരുപ്പുണ്ട്. അവിടെ നിന്ന് ഭക്ഷണം മേടിക്കുക താഴെയിട്ടുകൊടുക്കുമ്പോൾ പ്രാവുകൾ കഴിക്കാൻ വരും. വലിയൊരു കൂട്ടമാവുമ്പോൾ അവരെ ഓടിച്ചുവിടുക. ആ സമയം പോസ് ചെയ്ത് ഫോട്ടോ എടുക്കുക.ഫോട്ടോയിൽ പറക്കുന്ന പ്രാവുകളുടെ ഇടയിൽ നമ്മൾ. കാമറ, ഫോണിൽ ആയതോടെ ആളുകളുടെ ആശയങ്ങളിലും മാറ്റം വന്നിരിക്കുന്നു. മനോഹരമായ ഐഡിയ!.

വൈകുന്നേരങ്ങളിൽ jaipur ലെ പ്രാന്തപ്രദേശത്തുള്ള ‘chokhi dhani’ സന്ദർശിക്കാം. . ഇത് ഒരു റിസോർട്ട് ഗ്രാമം ആണ്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങൾ പോലെയല്ല ടിക്കറ്റ് ന്റെ വില കൂടുതലാണ്.പശുക്കളും അതിനായിട്ടുള്ള കുടിലുകൾ( തൊഴുത്ത് ) അലങ്കാര ചുവർകലകൾ എന്നിവയെല്ലാം ചേർന്ന ഗ്രാമീണ കുടിലുകളുടെ ഒരു പരമ്പരയാണിവിടെ.അതുപോലെ ഒരു ഗ്രാമത്തിൽ കാണാവുന്ന നിരവധി പ്രാദേശിക ആകർഷണങ്ങൾ ഇവിടെ കാണാം. കൈയ്യിൽ മെഹന്ദി ഇട്ടു
തരുക, പാവക്കളി, കൈനോട്ടക്കാരൻ. മാന്ത്രികൻ, രാജസ്ഥാനി നൃത്തങ്ങൾ – നമ്മുക്ക് അതിൻ്റെ സ്റ്റെപ്പുകൾ പഠിപ്പിച്ചു തരുകയും പിന്നീട് അവരുടെ കൂടെ കളിക്കുകയും ചെയ്യാം ഒരു പ്രാവശ്യം ടിക്കറ്റ് എടുത്ത് കേറിയാൽ പിന്നെയൊന്നിനും കാശ് ചെലവാക്കണ്ടയെന്നാണ്.’tips’ കൊടുക്കരുത് എന്ന് അവിടെയൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും അവർ അത് പ്രതീക്ഷിക്കുന്നുണ്ടെന്ന് അവരുടെ മുഖം പറയുന്നു.രാജസ്ഥാനി സജ്ജീകരണത്തിൽ അതായത് നിലത്തിട്ടിരിക്കുന്ന കുഷ്യനിൽ ഇരുന്നുകൊണ്ടുള്ള ‘ ‘രാജസ്ഥാനി ഭക്ഷണവും നമുക്ക് പരീക്ഷിക്കാം. അതിനായിട്ട് വേറെ ടിക്കറ്റ് കൂടെ മേടിക്കണം. രാജസ്ഥാനിലെ പൈതൃകവും സംസ്കാരവും ഭക്ഷണവുമെല്ലാം ഒരു ‘text book’ വായിച്ച് മനസ്സില്ലാക്കുന്നതിനേക്കാളും എളുപ്പത്തിൽ അതിന്റെ ഒരു ഗൈഡ് വായിച്ച് മനസ്സിലാകുന്നത് പോലെയാണ് ഈ സ്ഥലം. അന്തരാഷ്ട്ര പ്രാദേശിക വിനോദസഞ്ചാരികൾ ധാരാളം.

പതിവുപ്പോലെ അത്യാവശ്യം ഷോപ്പിംഗ്‌ -യും നടത്തി. രജപുത്ര സംസ്കാരത്തിന്‍റെ സ്മരണകളുര്‍ത്തുന്ന അവിടെ നിന്ന് തിരിച്ച് വീട്ടിലേക്ക് ……..

Advertisements