‘ഉമ്മ’കളുടെ രാഷ്‌ട്രീയം’

0
115

Sudheesh KN

‘ ഉമ്മ’ കളുടെ രാഷ്‌ട്രീയം’

എന്തുകൊണ്ടാവും സ്ത്രീകൾ തമ്മിലുള്ള വിനിമയത്തിൽ ഉമ്മകൾ വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോഴും. Opposite sex തമ്മിലുള്ള വ്യവഹാരങ്ങളിലിപ്പോഴും അതിന് സ്വീകാര്യത ഇല്ലാതെ പോകുന്നത് ?

സ്ത്രീ/പുരുഷ സൗഹൃദങ്ങളുടെ അതിർവരമ്പുകൾ എവിടെയാണ്? സ്വാതന്ത്ര്യത്തിന്റെ പരിധികൾ ആരാകും നിശ്‌ചയിക്കുന്നത്? വൈകാരികമായ ഊഷ്മളത നിലനിർത്തുന്ന ബന്ധങ്ങളെന്നും same sex നിടയ്ക്ക് മാത്രേ സാദ്ധ്യമാകൂ?ഒരു കപ്പു കാപ്പി കുടിയ്ക്കാൻ, ഒരുമിച്ച് സിനിമയ്ക്ക് പോകുവാൻ, ഷോപ്പിങ് നടത്താൻ, യാത്ര പോകുവാൻ, പബ്ലിക്ക് സ്‌പേസിൽ ദീർഘനേരം ഇരുനൊന്നു സംസാരിയ്ക്കുവാൻ നമ്മളെന്തേ മടിച്ചു നിൽക്കുന്നു? അതിലൂടെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതാണോ മാനവും മര്യാദയുമൊക്കെ? ആണെങ്കിൽ നമ്മളെന്തു മാത്രം കുടുസ്സായ ലോകങ്ങളിലാണ് ഇപ്പോഴും ജീവിയ്ക്കുന്നത്! വിവാഹം കഴിയുന്നതോടെ ഒരാളുടെ അട്ടിപ്പേറവകാശം മുഴുവനായും പങ്കാളിയ്ക്ക് തീറെഴുതപ്പെടുകയാണോ? ആണും പെണ്ണും അടുത്തിടപഴകുന്നിടത്തൊക്കെ അവിഹിതത്തിന്റെ സാദ്ധ്യതകൾ നിലനിൽക്കുന്നതായി തോന്നുന്നെങ്കിൽ, മാനസികരോഗമല്ലേ? അതോ, നമുക്ക് നമ്മെ തന്നെ വിശ്വാസമില്ലാഞ്ഞിട്ടോ!

നമുക്കിനിയെങ്കിലും പച്ചമനുഷ്യനായി ജീവിയ്ക്കാനാകേണ്ടതില്ലേ? Be natural എന്നു പറയും പോലെ.. പൊട്ടിച്ചിരിയ്ക്കാനും, പൊട്ടിക്കരയാനും, കെട്ടിപ്പിടിച്ചാശ്വസിപ്പിയ്ക്കാനും, കെട്ടിപ്പിടിച്ചുമ്മവെയ്ക്കാനും ഒക്കെയാകേണ്ടതില്ലേ? അവിടെയൊന്നും സൃഷ്ടിയിൽ പാതിയായവൾ/അവൻ മാറ്റി നിർത്തപ്പെടേണ്ടതില്ല! അതുകൊണ്ട് ‘ഉമ്മ’ യുടെ വ്യാഖ്യാനങ്ങൾ കാണുന്നവന്റെ കണ്ണിനും, സംസ്കാരത്തിനും അനുസരിച്ച് മാറിമറയും! അവിടെയൊന്നും സദാചാര കമ്മിറ്റിക്കാരെ നോക്കിയിരിക്കേണ്ടതില്ല… സ്വന്തം ബോദ്ധ്യങ്ങൾക്കൊത്ത് നീങ്ങുക. പറയുന്നവനും കേൾക്കുന്നവനും ഇടയ്ക്ക് ആ സ്വീകാര്യത (understanding )ഉണ്ടെങ്കിൽ മറ്റൊന്നും കാര്യമാക്കേണ്ടതില്ല. ഇതിനൊരു മറുപുറമുണ്ട്. നമ്മൾ ജീവിയ്ക്കുന്ന സമൂഹത്തിൽ സ്ത്രീ ശരീരത്തെ അടയാളപ്പെടുത്തുന്നതേ രതിബിംബമായാണ്. വായിക്കുന്ന പുസ്തകങ്ങളും, കാണുന്ന പരസ്യങ്ങളുമൊക്കെ അതാകും വെളിപ്പെടുത്തുന്നത്. അവളൊരു വ്യക്തി എന്നതേക്കാൾ, ‘ലൈംഗിക വസ്തു’ അഥവാ ‘ചരക്ക്’ എന്നതിലേക്ക് ചവിട്ടി താഴ്‌ത്തപ്പെടുന്നു. ഒരു കുപ്പി വെള്ളം വിൽക്കുന്ന പരസ്യത്തിൽപ്പോലും അവളുടെ നഗ്‌നത പ്രദർശിപ്പിയ്ക്കേണ്ടതുണ്ട്!

രതി വാങ്ങാനായേക്കും. എന്നാൽ, സ്നേഹവും, സൗഹൃദവുമൊന്നും കമ്പോളത്തിന്റെ ഉത്പന്നമല്ല! സ്വന്തം ഹൃദയത്തിലുണരുന്ന അനുഭൂതിയാണ്. നഞ്ഞൊട്ടിയൊരാളെ തന്റെ കുടക്കീഴിലേയ്ക്ക് ക്ഷണിയ്ക്കും പോലെ, എത്രയും സൗമ്യവും ദീപ്തവുമായി അവളോടിടപെടാൻ ആണധികാര മനസ്സിനിയും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു! അത്തരമൊരിടപെടൽ സാദ്ധ്യമാകാത്തിടത്തോളം അവളെന്നും പുരുഷനെ സംശത്തോടെയേ വീക്ഷിയ്ക്കൂ! ആർക്കെങ്കിലുമൊക്കെ വിശ്വാസത്തോടെ ചാരി നിൽക്കാവുന്നൊരു ചുമലാകുമ്പോഴേ സ്നേഹത്തിന്റെ ഇതേവരെ അന്യമായ കവാടങ്ങൾ തുറക്കപ്പെടൂ. അതുവരെ അവനെന്നും അവൾ അന്യയാകും. അതിനാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല!

നമ്മൾ സ്വപ്നം കാണുന്ന സമൂഹം, വെള്ളം കടക്കാത്ത അറകൾ പോലെ(water tight compartments) സ്ത്രീയുടേതും, പുരുഷന്റേതുമായ ഒറ്റപ്പെട്ട ലോകങ്ങൾ ആയിക്കൂടാ! സുന്ദരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങൾ നിലനിൽക്കുന്നത് കൂടിയാകണം. അതിനാകണമെങ്കിൽ സ്ത്രീ പുരുഷ അടുപ്പങ്ങളെ എന്നും ലൈംഗികതയുടെ കണ്ണുകളിലൂടെ മാത്രം നോക്കി കാണുന്ന പ്രവണതകളോട് എതിരിട്ടേ പറ്റൂ!
സ്ത്രീ/പുരുഷ സമ്മിളിതമാണ് മനുഷ്യാസ്തിത്വം. അതുകൊണ്ട് തന്നെ സൃഷ്ടിയിൽ പാതിയായ അവളെ/അവനെ ഒഴിച്ചു നിർത്തികൊണ്ടുള്ള ഏത് ലോകവും അപൂർണ്ണമായി കലാശിയ്ക്കും!