മനുഷ്യർ ഭ്രാന്ത് പിടിച്ചോടിയ കാലം

122

ചരിത്രമാണ്. അഞ്ച് മിനിറ്റ് മാറ്റി വയ്ക്കാം..പൂർണ്ണമായി വായിക്കണം. ഇതിലെ രാഷ്ട്രീയം തിരിച്ചറിയണം.

1.സിപിഐ എം അംഗങ്ങൾ ഭരണഘടനാപ്രകാരം അംഗത്വത്തിന് ലെവി നല്‍കേണ്ടാത്ത ഒരേ ഒരു ബ്രാഞ്ചേ കേരളത്തിലുള്ളൂ. അത് ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ ആശുപത്രിയായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ചാണ് .
പതിനഞ്ച് അംഗങ്ങളില്‍ കൂടിയാല്‍ ബ്രാഞ്ച് പുനഃസംഘടിപ്പിക്കണമെന്ന വ്യവസ്ഥയും ബാധകമല്ല.
വര്‍ഷങ്ങള്‍ക്കുമുമ്പേ പാര്‍ടി ഇവിടെ ലെവി ഒഴിവാക്കിയതാണ്. വരിസംഖ്യയായി രണ്ടുരൂപ മാത്രം നല്‍കിയാല്‍ മതി. ദേശാഭിമാനി പത്രമുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും സൗജന്യം.
സമൂഹം ഭീതിയും വെറുപ്പും കലര്‍ത്തി കുഷ്ഠരോഗികളെ അകറ്റിയ കാലത്ത് സാനിട്ടോറിയത്തില്‍ ഇവരെ കാണാന്‍ എത്തിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ മാത്രമായിരുന്നു. ഇടതുപക്ഷചിന്തകള്‍ ഇവിടെ വേരോടാന്‍ അത് കാരണമായി.
1936ലാണ് സാനിട്ടോറിയം സ്ഥാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് കമ്യൂണിസ്റ്റ് നേതാവുമായ നാഗര്‍കോവില്‍ സ്വദേശി ഇളങ്കോവന്‍ 1946ല്‍ ഇവിടെ അന്തേവാസിയായി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇളങ്കോവന് കുഷ്ഠരോഗമുണ്ടെന്ന് കണ്ടെത്തിയതോടെ നൂറനാട് സാനിട്ടോറിയത്തില്‍ ജയില്‍ നിര്‍മിച്ച് മാറ്റുകയായിരുന്നു.
പാര്‍ടി നിര്‍ദേശമനുസരിച്ച് അന്ന് പാര്‍ടി കായംകുളം ഡിവിഷന്‍ സെക്രട്ടറിയായിരുന്ന തോപ്പില്‍ ഭാസി സാനിട്ടോറിയത്തില്‍ എത്തി ഇളങ്കോവന്റെ സ്ഥിതി ആരായുമായിരുന്നു. ഈ ബന്ധം ക്രമേണ മറ്റ് അന്തേവാസികളിലേക്കും വളര്‍ന്നു.

കുഷ്ഠരോഗികളുടെ ദൈന്യത തിരിച്ചറിയാന്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ളവര്‍ക്കായി. ഇതിന്റെ പ്രതിഫലനമാണ് തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘അശ്വമേധം’ നാടകം. ഇത് സിനിമയാക്കിയപ്പോള്‍ ഏറിയ ഭാഗം ചിത്രീകരിച്ചതും സാനിട്ടോറിയം വളപ്പില്‍ത്തന്നെ.
ഇ എം എസ്, എം എന്‍ ഗോവിന്ദന്‍നായര്‍, സി അച്യുതമേനോന്‍, എന്‍ ശ്രീധരന്‍, ശങ്കരനാരായണന്‍തമ്പി, കാമ്പിശ്ശേരി കരുണാകരന്‍, ചാമവിള കേശവപിള്ള തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ ഇവിടെ സന്ദര്‍ശകരായിരുന്നു.
1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് അന്തേവാസികള്‍ക്ക് വോട്ടവകാശം നല്‍കിയത്. ഇവര്‍ക്ക് മാത്രമായി ബൂത്തും ഇവിടെയുണ്ട്…

2.മഹാമാരികളെ ചെറുക്കുന്നതിൽ കേരളം നേടിയ ഈ കരുത്തിനു പിന്നിൽ നമ്മുടെ ശാസ്‌ത്രബോധത്തിനും ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടത്തിനുമൊപ്പം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ നാം കൈവരിച്ച ചില അനുഭവങ്ങൾ കൂടിയുണ്ട്‌. അത്‌ 1940കളുടെ മധ്യത്തിൽ കേരളത്തിൽ, പ്രത്യേകിച്ച്‌ വടക്കൻ കേരളത്തിൽ നടമാടിയ വസൂരിക്കും കോളറയ്‌ക്കുമെതിരെ അന്ന്‌ കമ്യൂണിസ്റ്റുകാർ ജീവൻ പണയംവച്ച്‌ നടത്തിയ പോരാട്ടത്തിന്റെ ജ്വലിക്കുന്ന പാഠങ്ങളാണ്‌. അത്തരം ഇടപെടലുകൾ കൂടുതൽ ചരിത്രവായനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌.
ചാവേറുകളെപ്പോലെ കമ്യൂണിസ്റ്റുകാർ
വസൂരിയെ ദേവീവിളയാട്ടമായി കണ്ട ഒരുകാലം. രോഗികളുണ്ടെന്ന്‌ അറിയിച്ചുകൊണ്ട്‌ വീട്ടുമുറ്റത്ത്‌ ചിരട്ടയിൽ ചാണകവെള്ളം കൊണ്ടുവച്ച കാലം. രോഗബാധിതരെ പായയിൽ കെട്ടിപ്പൊതിഞ്ഞ്‌ ആളില്ലാത്ത പ്രദേശത്ത്‌ കൊണ്ടു തള്ളി മരിക്കാൻ വിട്ട കാലം. ചാവേറുകളെപ്പോലെ അന്ന്‌ കമ്യൂണിസ്റ്റുകാർ രോഗബാധിതർക്കിടയിലേക്കിറങ്ങി. പാർടിയുടെ പ്രാരംഭദശയിൽ കമ്യൂണിസ്റ്റുകാരായി ജീവിക്കുക എന്നതുതന്നെ കഠിനമായ സാഹസിക ദൗത്യമായിരുന്നിട്ടും ജനങ്ങൾ മരിച്ചുവീഴുമ്പോൾ മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും മഹാഗായകരായ അവർക്ക്‌ വെറുതെയിരിക്കാൻ സാധിക്കുമായിരുന്നില്ല.

വസൂരിയും കോളറയും ജീവിതപ്പാതയിൽ

ചെറുകാടിന്റെ അതിപ്രശസ്‌തമായ ആത്മകഥ, ജീവിതപ്പാതയിലും ഇ എം എസിന്റെ രചനകളിലുമൊക്കെ വസൂരിയെക്കുറിച്ചും കോളറയെക്കുറിച്ചും പരാമർശങ്ങളുണ്ട്. കാക്കനാടൻ വസൂരി എന്ന നോവൽ തന്നെ എഴുതി. എൻ എസ്‌ മാധവന്റെ ലന്തൻ ബത്തേരയിലെ ലുത്തിനിയകൾ എന്ന Cholera outbreak: Act before it's too late - The Himalayan Timesനോവലിലും വസൂരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. വസൂരിയെയും കോളറയെയും ചെറുക്കാൻ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രവർത്തനം ജീവിതപ്പാതയിൽ ചെറുകാട്‌ വിവരിക്കുന്നുണ്ട്‌. ‘ഇരുനാവൂരി’ എന്ന അധ്യായത്തിൽ ചെറുകാട് വസൂരിബാധിതനായ കുഞ്ഞമ്മാമനെ കാണാൻ ചെല്ലുന്ന വിവരം ഹൃദയസ്‌പൃക്കായി വിവരിക്കുന്നത് നോക്കുക.

ഞാൻ ഇടനാഴിയിൽ കടന്നു താഴത്തെ തെക്കേ അറയുടെ വാതിൽ തുറന്നു. ധൂപക്കൂട്ടിന്റെയും ചന്ദനത്തിരിയുടെയും പനിനീരിന്റെയും മണം എന്നെ എതിരേറ്റു. മുറിയിൽ ഇരുട്ടായിരുന്നു.
“എത്ര കണ്ടിട്ടുണ്ട്?” ഞാൻ അന്വേഷിച്ചു.
“ആപാദചൂഡം നയനാഭിരാമം” കുഞ്ഞമ്മാമൻ പറഞ്ഞു.
“വാതിൽ തുറക്കൂ. ഗോവിന്ദൻ കാണേണ്ടിയിരുന്നില്ല. സാരമില്ലെങ്കിലും പകരുന്നതല്ലേ?”
“നിങ്ങളിൽനിന്നൊക്കെ പകർന്നുപകർന്നാണല്ലോ ഞാനുമുണ്ടായത്!” ഞാൻ ജനവാതിൽ തുറന്നുകൊണ്ട് തുടർന്നു: “ഞാനാണ് കാണേണ്ടത്. ഞാൻ കാണും.”
കുഞ്ഞമ്മാമൻ കൗപീനം മാത്രമുടുത്ത്‌ കട്ടിലിൽ ഇരിക്കുകയാണ്. കുറച്ചു ചീർത്തിരിക്കുന്നു. മേലാകെ കൊച്ചുകുരുക്കൾ പൊങ്ങിയിട്ടുണ്ട്. മണൽത്തരിമുതൽ കുന്നിക്കുരുവരെ.- എള്ള്, കടുക്, ചാമ, ഉഴുന്ന്, മുതിര തുടങ്ങിയ ധാന്യമണികളുടെ വലുപ്പമുള്ള കുരുക്കൾ.
അന്നുതന്നെ കുഞ്ഞമ്മാമനെ, സഖാവ് പള്ളത്തിനെ കൊണ്ടുവന്നു ചികിൽസിപ്പിക്കുന്നുണ്ട് ചെറുകാടും സഖാക്കളും. ‘പൊതുപ്രവർത്തനത്തിലെന്നപോലെ നിസ്വാർഥമായി വസൂരി രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു പരിചരിക്കുന്നതിലും വിദഗ്ധൻ’ എന്നാണ് പള്ളത്തിനെ ചെറുകാട് വിശേഷിപ്പിക്കുന്നത്.

വടക്കേ മലബാറിൽനിന്ന്‌ പാർടി പ്രവർത്തനത്തിന്‌ വള്ളുവനാട്ടിലെത്തിയ നല്ലോളി കുഞ്ഞിക്കണ്ണൻ എന്ന സഖാവിന്റെ നേതൃത്വത്തിൽ പുലാമന്തോളിലും പരിസരത്തും നടന്ന കോളറ പ്രതിരോധപ്രവർത്തനങ്ങൾ ജീവിതപ്പാതയിൽ വിശദീകരിക്കുന്നുണ്ട്‌.
തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴപെയ്‌തു. പുഴവെള്ളം കയറി. തുരുത്തിനെ മറ്റു ഭാഗങ്ങളിൽനിന്ന്‌ ഒറ്റപ്പെടുത്തി. ഉയർന്നുപൊങ്ങിയ പുഴവെള്ളത്തിൽ ചെറുമച്ചാളകളാകെ മുങ്ങിക്കുതിർന്നു. ഞങ്ങൾ ഇടയ്‌ക്കിടെ അവിടെപ്പോയി അന്വേഷിച്ചുവെങ്കിലും ആരോഗ്യവകുപ്പ്‌ അങ്ങോട്ട്‌ തിരിഞ്ഞുനോക്കിയതേയില്ല.

തുരുത്തിൻമേൽ കോളറകൊണ്ട്‌ മൂന്നുനാലുപേർ മരിച്ചുകിടക്കുന്നുണ്ടെന്നും പത്തുപന്ത്രണ്ടുപേർക്ക്‌ രോഗബാധയുണ്ടെന്നും ശവം മറവുചെയ്യാൻ ആളില്ലാതെ കിടക്കുകയാണെന്നും ഞങ്ങളറിഞ്ഞു. ഉടനെ വിവരങ്ങളെല്ലാം ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആളെ അയച്ചു. പകൽ പത്തു മണിക്കടുത്ത്‌ ഒരു തോണി നേടി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ഞങ്ങൾ നാലഞ്ചുപേർ തുരുത്തിൻമേലേക്കു നീങ്ങി.
‘‘ചത്തവര്‌ ചത്തു. ഇത്‌ കോളറയാണ്‌. നിങ്ങടെ പിള്ളക്കളിയൊന്നും ചെലവാകൂല. തലമത്തട്ടിച്ചെകുത്താനാ! പോയി ചാവണ്ടാ.’’ ഞങ്ങളെ ചിലർ തടുത്തുനോക്കി. വകവയ്‌ക്കാതെ ഞങ്ങൾ തുരുത്തിന്മേലെത്തി. മഴ ചാറിക്കൊണ്ടിരുന്നു.
കുതിർന്നു കൂന്നുനിൽക്കുന്ന മൺകൂരകളിൽ ആളനക്കമില്ല. മേൽപ്പോട്ടും കീഴ്‌പ്പോട്ടും വിസർജിച്ച മലിനവസ്‌തുക്കളുടെ അടുത്ത്‌ ഒരു ശവം കിടക്കുന്നു. അടുത്തുതന്നെ മിണ്ടാട്ടമില്ലാതെ കീറത്തുണികൊണ്ട്‌ പുതച്ച ഒരു വൃദ്ധ ഇരിക്കുന്നു.
‘‘തുരുത്തിന്മേലുള്ള ചെറുമക്കളൊക്കെ ചത്തുകെട്ടുപോയല്ലോ.’’ ആ വൃദ്ധ ഞങ്ങളെ കണ്ടപ്പോൾ നെഞ്ചത്തടിച്ചുകൊണ്ടു പറഞ്ഞു.
‘‘ന്റെ കുഞ്ഞാടിയും പോയല്ലോ.’’ അയൽവക്കത്തെ മറ്റൊരു കൂരയിൽനിന്ന്‌ നിലവിളി കേട്ടു. കുഞ്ഞാടി മരിക്കുകയാണ്‌.
സഖാക്കളുടെ സാന്നിധ്യം കോളറബാധിതർക്കിടയിൽ ചലനമുണ്ടാക്കിയതായി ചെറുകാട്‌ വിശദീകരിക്കുന്നു.
കോഴിക്കോട് പാർടി പ്രവർത്തകരുടെ കമ്യൂണിൽ കഴിയുമ്പോൾ വസൂരി വന്നകാര്യം ഇ എം എസും തന്റെ രചനകളിൽ വിവരിച്ചിട്ടുണ്ട്‌.
ആഹ്വാന നിർദേശങ്ങൾ
1945 വടക്കൻ കേരളത്തിൽ വസൂരി പടർന്നുപിടിച്ചപ്പോൾ പി കൃഷ്‌ണപിള്ള പാർടി ഘടകങ്ങൾക്ക് നൽകിയ ആഹ്വാന നിർദേശങ്ങൾ വായിക്കുമ്പോൾ മഹാമാരികളിൽനിന്ന് മനുഷ്യരെ രക്ഷിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർ നടത്തിയ സാഹസികപ്രവർത്തനങ്ങളെക്കുറിച്ച് ധാരണ ലഭിക്കും. പ്രവർത്തകരെ സജ്ജരാക്കാൻ സഖാവ് അയച്ച കുറിപ്പ്‌ പി പി ഷാജു എഴുതിയ “പടനിലങ്ങളിൽ പൊരുതിവീണവർ – ഒഞ്ചിയത്തിന്റെ വിപ്ലവപ്പോരാട്ടങ്ങളുടെ ചരിത്രം’ എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആഹ്വാനനിർദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ:
● ഓരോ പാർടി സഖാവും പാർടിക്ക് മെമ്പർഷിപ്പും ലെവിയും താൻ മെമ്പറായ ബഹുജന സംഘടനകൾക്ക് വരിസംഖ്യയും അടയ്‌ക്കുന്നതുപോലെ തന്നെ ദുരിതനിവാരണത്തിനായും ഒരു നിശ്ചിതസംഖ്യ വരുമാനത്തിൽനിന്ന് കൊടുക്കണം. ഇത് ഓരോരുത്തരും എത്ര കൊടുക്കണമെന്ന് കഴിവുനോക്കി പാർടി ശാഖ തീരുമാനിക്കണം.
● അതത് സ്ഥലത്തെ ദുരിതനിവാരണത്തിനായി പാർടി ശാഖകൾ സ്ഥിരം സംഭാവനക്കാരെയുണ്ടാക്കണം. പൊതുപ്രവർത്തകരും സമുദായസ്‌നേഹികളും രാജ്യാഭിമാനികളുമായ എല്ലാവരെയും സമീപിച്ച് ആ പ്രദേശത്ത് റേഷൻ വാങ്ങുവാൻ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി മാസംതോറും ഇന്നത് തരാമെന്ന് സമ്മതിപ്പിക്കണം. ഇങ്ങനെ പാർടി സഖാക്കളിൽനിന്നും മനുഷ്യസ്‌നേഹികളിൽനിന്നും കിട്ടുന്ന സ്ഥിരസംഭാവനകൾ കൊണ്ട് നിങ്ങളുടെ ശാഖയുടെ അതിർത്തിയിൽ റേഷൻ വാങ്ങാൻ കഴിവില്ലാത്തവരുണ്ടെന്ന് വരികയാണെങ്കിൽ അവർക്ക് റേഷൻ വാങ്ങിക്കൊടുക്കാം.
● നിങ്ങൾ പിരിക്കുന്ന സംഖ്യയിൽ മുക്കാൽഭാഗം മാത്രമേ ഇങ്ങനെ ചെലവുചെയ്യാൻ പാടുള്ളൂ. ബാക്കിയായ ഭാഗം കേരള റിലീഫ് കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. ഇന്നുള്ള വൈദ്യസഹായകേന്ദ്രങ്ങൾ നടത്താനും കൂടുതൽ തുറക്കാനും ഈ സംഖ്യ ഉപയോഗിക്കണം.
● ഈ ദുരിതനിവാരണപ്രവർത്തനത്തിൽ നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ സ്ഥാപനങ്ങളെയും പൊതുകാര്യ പ്രസക്തരെയും പങ്കുകൊള്ളിക്കാൻ അങ്ങേയറ്റം പരിശ്രമിക്കണം.
● വസൂരി കൂടുതലായുള്ള സ്ഥലങ്ങളിൽ പാർടി ശാഖകൾ ഈ ഭയങ്കരമായ പകർച്ചവ്യാധികളോട് പടവെട്ടാനുള്ള പരിശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്ന് വിതരണം ചെയ്യാനും ഏർപ്പാട് ഉണ്ടാക്കുന്നുണ്ട്. പൊതുവെ കുത്തിവയ്‌പിനുള്ള പ്രചാരവേലയും നടത്തുന്നുണ്ട്. എന്നാൽ, ഇത്രമാത്രം പോരാ. പകർച്ചവ്യാധികൾ ഇടയ്‌ക്കിടയ്‌ക്ക്‌ നമ്മുടെ നാട്ടിലേക്ക് ആക്രമണം നടത്താതിരിക്കാനും നാം ആവുന്നതെല്ലാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ജനസേവനമാണ് നമ്മുടെ പാർടിയുടെ കൊടിക്കൂറമേലെഴുതിയിട്ടുള്ളത്.

മനുഷ്യർ ഭ്രാന്ത് പിടിച്ചോടിയ കാലം
എം എം ലോറൻസ്

വസൂരി വന്ന്‌ മൂക്കത്ത്‌ തുളവീണ മത്തോ എന്ന മാത്യൂസ്‌, രോഗം മൂർച്ഛിച്ച്‌ തലയ്‌ക്ക്‌ തീപിടിച്ച്‌ പാതിരാത്രി റോഡിലൂടെ അലറിക്കൊണ്ടോറിയ മട്ടാഞ്ചേരിക്കാരൻ, കുത്തിവയ്‌ക്കാൻ വരുന്ന ആരോഗ്യപ്രവർത്തകരെ കണ്ട്‌ ഓടിമറഞ്ഞ പൊന്നാരിമംഗലത്തെ കുട്ടികൾ, ഡോ. പടിയാരുടെ വസൂരിപ്രതിരോധ ഹോമിയോ ഗുളികകൾ. കൊച്ചി രാജ്യത്ത്‌ വസൂരിയും കോളറയുമൊക്കെ പടർന്നുപിടിച്ച കാലത്തെക്കുറിച്ച്‌ മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ ഓർമകളിൽ അതൊക്കെയുണ്ട്‌.
ലോറൻസിന്‌ അക്കാലം പതിനാലോ പതിനഞ്ചോ വയസ്സാണ്‌. കമ്യൂണിസ്റ്റ്‌ പാർടി അംഗമായിട്ടില്ലെങ്കിലും പൂർണ അംഗത്തെപ്പോലെ പ്രവർത്തനങ്ങളിലുണ്ട്‌.
ജന്മദേശമായ മുളവുകാട്‌ ദ്വീപിലും രോഗം പടർന്നിട്ടുണ്ട്‌. കായലിനപ്പുറം മട്ടാഞ്ചേരിയിലാണ്‌ വസൂരി ഉറഞ്ഞുതുള്ളിയത്‌. ദിവസവും നാലും അഞ്ചും മരണമുണ്ടാകും. ആരുടെയും നിർദേശപ്രകാരമല്ലെങ്കിൽപ്പോലും ലോറൻസ്‌ പ്രവർത്തനമേഖല മട്ടാഞ്ചേരിയിലേക്കു മാറ്റി. തുറമുഖത്തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു ലക്ഷ്യം. വസൂരി പടർന്ന കാലത്തും മട്ടാഞ്ചേരിയിൽ തൊഴിലാളികളെ സംഘടിപ്പിക്കലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. കപ്പലണ്ടിമുക്കിലെ കടമുറിയിലാണ്‌ പാർടി ഓഫീസ്‌. അവിടെത്തന്നെ കിടപ്പും. എന്നും ബോട്ടിൽ മുളവുകാട്ടേക്ക്‌ പോകേണ്ടെന്ന്‌ തീരുമാനിച്ചു. രോഗം വന്നാൽ വീട്ടിലുള്ളവർക്കും പകർത്തേണ്ടല്ലോ.
വസൂരി നാട്ടിലാകെ ഒരുതരം ഭീതി പടർത്തിയിരുന്നു. ഒരു രാത്രി ഓഫീസിൽ ഒറ്റയ്‌ക്ക്‌ കിടന്നുറങ്ങുമ്പോഴാണ്‌ പുറത്ത്‌ വലിയ ബഹളം. പേടിപ്പെടുത്തുന്ന അന്തരീക്ഷം. വാതിൽതുറന്നു നോക്കുമ്പോൾ ഒരാൾ അലറിക്കൊണ്ട്‌ ഓടുകയാണ്‌. പിന്നാലെ കുറെയാളുകളും. വസൂരി ബാധിച്ചയാളാണ്‌ മുന്നിൽ ഓടുന്നത്‌. രോഗം ബാധിച്ചയാൾക്ക്‌ തലയ്‌ക്ക്‌ ഭ്രാന്തുപിടിച്ച അവസ്ഥയിലായിരിക്കുമത്രെ. അത്‌ സഹിക്കവയ്യാതെ ഇറങ്ങിയോടുന്നതാണ്‌. അത്തരം കാഴ്‌ചകൾ അക്കാലത്ത്‌ പതിവായിരുന്നു. എറണാകുളം നഗരത്തിലാണ്‌ ഡോ. പടിയാരുടെ ഹോമിയോ ക്ലിനിക്. വസൂരിപ്രതിരോധത്തിന്‌ ഹോമിയോ മരുന്ന്‌ മാത്രമാണുള്ളത്‌. പ്രതിരോധഗുളികകൾ നിറച്ച കുപ്പികൾ നാടുനീളെ നടന്ന്‌ വിതരണം ചെയ്യുന്നതും അന്നത്തെ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗം. വീടുകൾ കയറിയിറങ്ങി ഗുളികകൾ നൽകും. രോഗികളുള്ള വീടുമുണ്ടാകും അക്കൂട്ടത്തിൽ.
മട്ടാഞ്ചേരിയിലാണ്‌ ഏറ്റവുമധികം മരണം. എറണാകുളത്തും ഒരുപാടുപേർ മരിച്ചു. അവിടത്തെ ജനസാന്ദ്രതയും മറ്റുമായിരുന്നു കാരണം. സംസ്‌കാരത്തിനൊന്നും അധികം ആളുണ്ടാകില്ല. താൻ അവിടെയും പോകുമായിരുന്നെന്ന്‌ ലോറൻസ്‌. പ്രതിരോധ കുത്തിവയ്‌പ്‌ നടത്താനെത്തിയിരുന്ന ആരോഗ്യപ്രവർത്തകരോടുള്ള മനോഭാവം ഇന്നത്തേതു പോലെയല്ല. കുട്ടികളൊക്കെ കൂട്ടത്തോടെ ഓടിയൊളിക്കും. അറിവില്ലായ്‌മ മൂലം മുതിർന്നവരും അകലം പാലിച്ചു. കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രവർത്തനങ്ങളാണ്‌ അതിനു മാറ്റമുണ്ടാക്കിയത്‌. കോളറക്കാലത്ത്‌ രോഗികളെ പരിചരിക്കുന്നതുമുതൽ മരിച്ചവരെ സംസ്‌കരിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ കമ്യൂണിസ്റ്റുകാർ മുന്നിലുണ്ടായിരുന്നു. എത്രമാത്രം അന്ധവിശ്വാസങ്ങളും സാമൂഹ്യവിലക്കുകളും നിലനിന്ന കാലമാണത്‌. അന്നും കമ്യൂണിസ്റ്റുകാർക്ക്‌ അവരുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു ഇത്തരം പ്രവർത്തനം. പാർടി പ്രവർത്തകർക്ക്‌ വ്യക്തമായ നിർദേശങ്ങൾ നേതൃത്വത്തിൽ നിന്നു കിട്ടിയിരുന്നു. അതനുസരിച്ച്‌ അതതു പ്രദേശങ്ങളിലെ പരിമിതമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തി രോഗത്തോട്‌ പൊരുതാനും ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും അവർക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ലോറൻസ്‌ ഓർക്കുന്നു.
(No.2 ശ്രീ NS സജിത് എഴുതിയ ലേഖനം)
ഇക്കാലവും നാം അതിജീവിക്കും