അങ്ങനെ ഒരു കല്ലുവെച്ച നുണ പൊളിയുന്നു !

0
446

അഡ്വ ശ്രീജിത്ത് പെരുമന

അങ്ങനെ ഒരു കല്ലുവെച്ച നുണ പൊളിയുന്നു !

ജനസംഖ്യാ രജിസ്റ്റർ അഥവാ NPR സെൻസസിനല്ല; പൗരത്വത്തിനാണ് എന്ന അർഥശങ്കയ്ക്കിടയിലാത്തവിധം വ്യക്തമാക്കിക്കൊണ്ട് പുതിയ ഉത്തരവ് .രാജ്യത്ത് NPR അഥവാ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കുന്നത് സെൻസസ് 2021 ന്റെ ഭാഗമായാണ്, പൗരത്വ രജിസ്റ്ററിന്റെ ഭാഗമായല്ല എന്ന് പടച്ചുവിടുന്ന ആളുകളോടാണ് ഇതാ 31 ചോദ്യങ്ങളുമായി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് 07 /1 /2020നു സെൻസസ് കമ്മീഷണർ ഇറക്കിയ ഉത്തരവിലാണ് വീടുകൾകയറി 31 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ രേഖപ്പെടുത്തി സെൻസസ് നടത്താൻ ഉത്തരവായത്. സെൻസസ് കമ്മീഷണർ വിവേക് ജോഷിയാണ് ഉത്തരവിറക്കിയിട്ടുള്ളത്.

1955 ലെ പൗരത്വ നിയമത്തിന്റെയും, പൗരത്വ റൂളിന്റെയും ഭാഗമായി പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് രാജ്യത്താകമാനം NPR ജനസംഖ്യ കാണലെടുപ്പ് നടത്താൻ ജൂലൈ 31 , 2019 ഇറക്കിയ ഉത്തരവിന് പുറമെയാണ് 1948 ലെ സെൻസസ് ആക്റ്റ് പ്രകാരം സെൻസസ് നടത്താൻ ഇപ്പോൾ ഉത്തരവിറക്കിയത്.

രാജ്യത്ത് പൗരത്വ നിയമ പ്രകാരം ജനസംഖ്യാ കണക്കെടുപ്പിനു നേതൃത്വം നൽകുന്നതും, സെൻസസിന് നേതൃത്വം നൽകുന്നതും ഒരു ഓഫീസാണ് എന്നാണ് മറ്റൊരു പ്രത്യേകത. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയും, സെൻസസ് കമ്മീഷണറും ഒരാളാണ് എന്നതും മനസിലാക്കുക. ഒരേ ഓഫീസിൽ നിന്നാണ് രണ്ട് ഉത്തരവുകളും ഇറങ്ങിയത്.

ജനങ്ങളിൽ നിന്നും എടുക്കുന്ന ജനസംഖ്യാ/സെൻസസ് കണക്കുകളോ വിവരങ്ങളോ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുകയോ പബ്ലിഷ് ചെയ്യുകയോ ചെയ്യരുത്. സെൻസസ് വിവരങ്ങൾ ഒരാൾ നൽകിയില്ലെങ്കിൽ അത് കുറ്റകരമോ, പിഴയടയ്‌ക്കേണ്ടതോ ഇല്ല. എന്നാൽ NPR വിവരങ്ങൾ നൽകാൻ തയ്യാറായില്ലെങ്കിൽ 2003 ലെ റൂൾ 17 പ്രകാരം ആയിരം രൂപവരെ പിഴ അടയ്‌ക്കേണ്ട കുറ്റമാണ്.

#വാൽ ; മതപരമായി ഭിന്നിപ്പിക്കുന്ന വർഗീയ നിയമം പിൻവാതിലിലൂടെ നടപ്പിലാക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കിടെ നട്ടാൽ മുളയ്ക്കാത്ത നുണകളാണ് വിവിധ കേന്ദ്രങ്ങൾ പടച്ചുവിടുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സെൻസസ് 2021 നു വേണ്ടിയാണു NPR അഥവാ ജനസംഘ്യ രജിസ്റ്റർ നടപ്പിലാകുന്നത് എന്നതായിരുന്നു.

ഇപ്പോഴിതാ NPR നു പുറമെ 31 ചോദ്യങ്ങളുമായി സെൻസസ് നടത്താനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നു. അതായത് സെൻസസിന് വേണ്ടിയല്ല NPR എന്നും, പൗരത്വ രജിസ്റ്ററിനു വേണ്ടിയാണു എന്നും ഇതിൽ നിന്നും വ്യക്തമായി മനസിലാക്കാം. സെൻസസ് 2021 എന്ന പേരിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ കുടില ബുദ്ധി ചോദ്യം ചെയ്യപ്പെടണം.