വെറുപ്പിന്റെ മനഃശാസ്ത്രം

68

പ്രസാദ് അമോർ (സൈക്യാട്രിസ്റ്റ്, എഴുത്തുകാരൻ)

വെറുപ്പിന്റെ മനഃശാസ്ത്രം

നിർദയമായ ആ പരിസരത്തു ഒരു വിസർജ്യ തടാകമുണ്ടായിരുന്നു.ചാണകകൂനകളിൽ നിന്നൊഴുകുന്ന മലിന ജലം ആ അന്തരീക്ഷത്തെ ഘനീഭവിച്ചിരുന്നു.വിസർജ്യങ്ങളുടെ അസഹ്യമായ ദുർഗന്ധമുയർന്നു വന്നുകൊണ്ടിരുന്നു.കന്നുകാലികളും നായ്ക്കളും രുഗ്‌ണ ഗാത്രരായ മനുഷ്യരും താദാത്മ്യം പ്രാപിക്കുന്ന പാതയോരങ്ങൾ.ചാക്കുകളും ഫ്ളക്സ് ബോർഡുകളും കെട്ടിയുണ്ടാക്കിയ ചതുരങ്ങളിൽ മനുഷ്യരും മാടുകളും കിടന്നുറങ്ങുന്നു.കീറത്തുണികളിൽ പൊതിഞ്ഞു വഴിവക്കിൽ കൂട്ടംകൂടി നിൽക്കുന്ന ആളുകളെ ഞങ്ങൾ രൂക്ഷമായി നോക്കി.നിര്ദയമായ അവരുടെ മുഖഭാവം ഞങ്ങളെ തെല്ലു ചകിതരാക്കി.സഹശയനത്തിനായി മാടി വിളിക്കുന്ന തെരുപെണ്ണുങ്ങൾ പലയിടങ്ങളിലായി നിൽക്കുന്നുണ്ടായിരുന്നു.
“നീചരായി പരിഗണിക്കപ്പെടേണ്ട മനുഷ്യർ”. ചെതു സിങി പിറുപിറുത്തു.

വൃത്തിയില്ലാത്ത മനുഷ്യർ ബഹിഷ്‌കൃതരാണ്.അറപ്പും വെറുപ്പുമാണ് അവരോടുള്ളത്.ഞങ്ങൾ നടന്നുവന്ന ആ പരിസരത്തിലെ അഴുക്കുകുമ്പാരങ്ങൾ, വിസർജ്യങ്ങൾ,സദാ പ്രകോപിതരായ മനുഷ്യർ ഒക്കെ വെറുക്കപ്പെടേണ്ടവരായി ഞങ്ങൾക്ക് തോന്നി .അറപ്പും വെറുപ്പും ഉളവാക്കുന്ന സാഹചര്യങ്ങൾ,വ്യക്തികൾ വിശ്വാസങ്ങൾ,വസ്തുക്കൾ എല്ലാം മസ്തിഷ്കത്തിലെ ആന്റീരിയർ ഇൻസുല എന്ന ഭാഗത്തു ചില പ്രവർത്തനങ്ങൾ നടത്തുന്നു.ന്യൂറൽ വ്യവസ്ഥയിലും അത് രൂപപ്പെടുന്നുണ്ട്. ഒരു സമൂഹത്തിനുള്ളിലെ ആളുകൾക്കിടയിൽ പ്രത്യക്ഷത്തിൽ കാരണങ്ങളൊന്നുമില്ലാതെ തന്നെ ഭിന്നതകളും ശത്രുതകളും വികസിച്ചുവരും. ജനിതകപരമായോ സാംസ്കാരികമായോ ഉള്ള ഘടകങ്ങൾ മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്. ഗോത്രീയത, വംശം, ദേശീയത എന്നിവയെക്കുറിച്ചുള്ള അതി വൈകാരികമായ ആശയങ്ങൾ പരസ്‌പര സ്പർദ്ദയിലേയ്ക്ക് ഉദീപിപ്പിക്കപ്പെടുകയാണ്. ശ്രേണിബന്ധമായ സാമൂഹിക ജീവിതത്തിൽ അസമത്വങ്ങൾക്കെതിരെയുള്ള വികാസപ്രക്രിയകൾ പലപ്പോഴും മനുഷ്യ ബന്ധങ്ങളെ സംഘര്ഷഭരിതമാക്കുന്നു.

സാമൂഹിക നിലയും സാംസ്‌കാരിക അവസ്ഥയും മനുഷ്യന്റെ ജൈവാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.ജാതിയിൽ താഴ്ന്നവരോട് മേൽജാതിക്കാരന് തോന്നുന്ന വെറുപ്പ് സാമൂഹിക നിലയെക്കുറിച്ചുള്ള പ്രതീകങ്ങൾ അതിന്റെ സങ്കല്പനങ്ങൾ സൃഷ്ടിക്കുന്ന ശാരീരിക പ്രതികരണങ്ങളാണ്.ഓരോ വ്യക്തിയും സങ്കീർണ്ണമായ സാമൂഹ്യ കണ്ടീഷനിംഗിന് വിധേയമാക്കുന്നുണ്ട്.മതപരവും ജാതീയവും രാഷ്ട്രീയവും സദാചാരപരവുമായ വെറുപ്പുകൾ പ്രബലനം ചെയ്യപ്പെടുന്നു.സാമൂഹികവും സാംസ്കാരികവുമായ വിശ്വാസങ്ങളിൽ അന്യരോടുള്ള വെറുപ്പിന്റെ ഘടകങ്ങൾ ഉണ്ട്.മനുഷ്യരുടെ വൈകാരികമായ നിലപാടുകളിൽ തങ്ങളിൽ നിന്ന് വ്യതിരിക്തമായവർ സുരക്ഷിതമായ ജീവിതത്തിന് ഒഴിവാക്കപ്പെടേണ്ടവരാണെന്ന ഗോത്രചോദനയുടെ സ്വാധീനമുണ്ട്.സങ്കീർണമായ സാമൂഹ്യ സാഹചര്യങ്ങളിൽ സ്വന്തം ഗോത്രതാത്പര്യങ്ങളും സ്വത്വബോധവും നിലനിർത്താൻ സഹായിക്കുന്ന ജീവന്റെ അതിരുബോധമാണ് അന്യരെ അകറ്റുന്നതിനുള്ള ജീവശാസ്ത്രപരമായ ഘടകമായി തീരുന്നത്.

പലപ്പോഴും വ്യക്തികളോടും ആശയങ്ങളോടും തോന്നുന്ന വെറുപ്പ് അവയെകാണുമ്പോൾ ചാണകം, മലം, ചവറ് തുടങ്ങിയ അറപ്പ് ഉളവാക്കുന്ന വസ്തുക്കളായി മസ്തിഷ്ക്കം പരിഗണിക്കുന്നു.തന്നെക്കാൾ താഴ്ന്ന തൊഴിൽ ചെയ്യുന്നവരോടും സാമ്പത്തിക കുറവുള്ളവരോടും താഴ്ന്ന ജാതിയിൽപെട്ടവരോടുമെല്ലാം മേധാവിത്വ സ്വഭാവം പ്രകടിപ്പിക്കുന്നത് പലപ്പോഴും ജനിതകപരമായോ സാംസ്കാരികപരമായോ ഉള്ള ഭിന്നതകളും വാർപ്പുമാതൃകകളും വ്യക്തികളെ സ്വാധീനിക്കുന്നതുകൊണ്ടാണ്.മനുഷ്യർക്ക് പല സ്വത്വ ബോധങ്ങൾ ഉണ്ട്. മനുഷ്യ വൈവിദ്ധ്യങ്ങൾക്കിടയിൽ എല്ലാവരോടും സമരസപ്പെട്ടു ഐക്യത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോഴും പലതരം കെട്ടുപാടുകളുടെ നടുക്കു നിൽക്കുന്ന ഓരോ മനുഷ്യനും അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും വെറുപ്പിന്റെ സാമൂഹ്യപരമായ കാരണങ്ങളാകുകയാണ്. ജനിതകപരമായ വേർതിരിവുകളും അതിന്റെ പ്രതിലോമകരമായ ആശയങ്ങളും മനുഷ്യർ തമ്മിൽ വെറുപ്പുകൾ രൂപപ്പെടുത്തുന്നു. സാമൂഹ്യാഭിന്നതകൾക്കിടയിൽ ശക്തരും അശക്തരുമായ മനുഷ്യർ തമ്മിലുള്ള പലതരത്തിലുള്ള അസമത്വങ്ങൾ വെറുപ്പുകൾ ഉത്പാദിപ്പിക്കുന്നവയാണ്.ലൈംഗികതയിലും ഇണബന്ധങ്ങളിലും ആധിപത്യം പുലർത്താൻ ശ്രമിക്കുന്ന മനുഷ്യവാസന മറ്റൊരു തരത്തിൽ വെറുപ്പുകൾ രൂപപ്പെടുത്തുന്നു.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും അവരുടെ പരസ്പ്പര പ്രവർത്തനങ്ങളിലും സ്വന്തം ആന്തരിക പ്രവണതയ്‌ക്കെതിരെ പെരുമാറേണ്ടിവരുന്ന അവസ്ഥയുണ്ടാകാറുണ്ട്.വ്യക്തികളോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിൽ പലതരത്തിലുള്ള ക്രമീകരണങ്ങളുണ്ട്.വ്യക്തികൾ എത്രതന്നെ ജീവിതഗുണങ്ങൾ കൈവരിച്ചാലും ജന്മനാ ലഭിക്കുന്ന ചില ലേബലുകൾ ജീവിതത്തിലുടനീളം അവരോട് മറ്റുള്ളവർക്കുള്ള പെരുമാറ്റത്തെ നിർണ്ണയിക്കുന്നവയാണ്.ഭാഷ, സംസ്കാരം, മതം ജാതി,ശാരീരികരൂപം, കുടുംബപശ്ചാത്തലം, രാഷ്ട്രീയനിലപാട് തുടങ്ങിയവ സാമൂഹ്യമുദ്രകുത്തലിനെ സ്വാധീനിക്കുന്നു. ദരിദ്രർ, ദളിദർ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്നവർ -ഇവരെയൊക്കെ ഒഴിവാക്കാനുള്ള പ്രേരണ സൃഷ്ടിക്കുന്ന സംവേദന ക്ഷമത, യഥാർത്ഥത്തിൽ ശോച്യനീയമായ വസ്‌തുക്കൾ കാണുമ്പോഴുണ്ടാകുന്ന വെറുപ്പിന്റെ മറ്റൊരു പ്രതിരൂപമായി വ്യക്തികൾ അനുഭവിക്കുകയാണ് . വെറുപ്പ് നമ്മുടെ വൈകാരിക ജീവിതത്തെ രൂപപ്പെടുത്തുന്നു.രാഷ്ട്രീയ വിശ്വാസങ്ങളെയും മുൻവിധികളെയും സ്വാധീനിക്കുന്നു.വൈകാരികമായ അസ്വസ്ഥത സൃഷ്ടിക്കുന്നു, പരസ്‌പര അകൽച്ചയും വിരക്തിയും ഉണ്ടാക്കുന്നു.