വർഗ്ഗീയവാദിയായ ടിടിഇയും മാനവികവാദിയായ ഓട്ടോ ഡ്രൈവറും

113

അഡ്വ.ഹരീഷ് വാസുദേവൻ

പൗരത്വബില്ലിനെ കുറിച്ച്‌ ഒരു റെയിൽവെ ടിടിഇയുടെയും ഓട്ടോക്കാരന്റെയും വീക്ഷണം, ഇന്ത്യയിൽ ഭൂരിഭാഗത്തിനും വിദ്യാഭ്യാസം വേസ്റ്റാണ്

തിരുവനന്തപുരം വരെ ട്രെയിനിൽ വരുന്നതിനിടെ ഒരു മണിക്കൂറാണ് ഒരു കോളേജ് അധ്യാപകനും TTE യുമായി CAA യെപ്പറ്റി സംസാരിക്കാൻ നിർബന്ധിതനായിത്തീർന്നത്. പറഞ്ഞു പറഞ്ഞു “മുസ്ലീങ്ങളെ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളത്തില്ലന്നേ. സത്യത്തിലീ ജനാധിപത്യമാണ് ഇന്ത്യയുടെ ശാപം” എന്നൊക്കെയായപ്പോൾ ഞാൻ ചർച്ച നിർത്തി.

തിരുവനന്തപുരത്ത് എത്തി ഓടി ഒരു ഓട്ടോയിൽ കേറുന്നു. 60 വയസ് പ്രായം തോന്നിക്കുന്ന ചേട്ടന് എന്നെ മനസിലായിട്ടില്ല. ഒരു സലാം വെച്ചിട്ട് വണ്ടിയെടുക്കുന്നു. BJP യുടെ CAA വിശദീകരണ യോഗത്തിൽ കിട്ടിയ നോട്ടീസുണ്ട് കയ്യിൽ. ഞാൻ അങ്ങോട്ട് ചോദിക്കും മുൻപേ പുള്ളി പറഞ്ഞു തുടങ്ങി.

“ഈ രാജ്യം എന്നൊക്കെ പറഞ്ഞാൽ ആരോ എപ്പഴോ വരച്ച ഒരു അതിർത്തിയല്ലേ സാറേ.. എന്തോ ഭാഗ്യത്തിന് നമ്മൾ ഇവിടെ ജനിച്ചു.. അതോണ്ട് എനിക്കിതുവരെ ജാതീം മതോം ഒന്നും പറേണത് കേട്ട് ജീവിക്കേണ്ടി വന്നില്ല.. ചിലര് അതുപോലെ അപ്പുറത്തും ജനിച്ചു.. അവർക്കവിടെ മതം പറേണ കേട്ട് ജീവിക്കേണ്ടി വന്നു.. ജീവിക്കാൻ പറ്റണില്ലാതാവുമ്പോ എല്ലാം ഉപേക്ഷിച്ച് കയ്യീ കിട്ടണതും എടുത്ത് അതിർത്തി കടന്ന് വരണ്.. അപ്പൊ ജനിച്ച ജാതീടെം മതത്തിന്റേം അടിസ്ഥാനത്തിൽ ഈ രാജ്യത്ത് കേറ്റൂല്ലന്നാണ് യെവര് പറേണത്..”

“ശരിയാ” ഞാനൊന്ന് പിന്താങ്ങി.
ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ചിരിച്ചിട്ട് ചേട്ടൻ തുടർന്നു.
“വെശപ്പിനെപ്പറ്റി ചിന്തിക്കാൻ പറ്റാത്തോണ്ടാണ് സാറേ യെവന്മാർ ഇങ്ങനെയൊക്കെ പറേണത്. അതിന്റെ വിഷമം അറിഞ്ഞൂടാ.. അവരുടെ കുറ്റവല്ല.” –
ഞാൻ ശരിക്കും ഞെട്ടി !!

ആറക്ക ശമ്പളവും വാങ്ങി, 20 വർഷം അധ്യാപകരായി കുട്ടികളെ പഠിപ്പിച്ചവർ പോലും ജാതിയും മതവും വർഗ്ഗീയതയും പറയുന്നത് കാണുമ്പോൾ, ഇവർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി ഈ രാജ്യത്തെ ജനം ചെലവഴിച്ച പണം മുഴുവൻ പാഴായല്ലോ എന്നു മാത്രമല്ല തോന്നുന്നത്. ഇവർ പഠിപ്പിച്ച കുട്ടികൾക്ക് എന്ത് മൂല്യമാണാവോ പകർന്നു കിട്ടിയിരിക്കുക എന്നുകൂടിയാണ്.

എന്നാൽ വിശപ്പിന്റെ വിളി എന്നും അറിഞ്ഞു ജീവിക്കുന്ന ജനത ആ മൂല്യം എന്നും ഉൾക്കൊള്ളുന്നുണ്ട്..
സുദീർഘമായ ഭരണഘടന എഴുതിയപ്പോൾ ഇന്ത്യയ്ക്ക് പറ്റിയ തെറ്റുകളിൽ ഒന്ന്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജീവിതം ആചരിക്കാത്തവർക്ക്, മൗലികാവകാശങ്ങൾ ലംഘിക്കുന്നവർക്ക്, അധികാരസ്ഥാനങ്ങളോ പൊതുപണമോ നൽകില്ല എന്നുകൂടി എഴുതേണ്ടതായിരുന്നു.

എങ്കിൽ PSC കോച്ചിങ് പോലെ ഇവിടെ ഭരണഘടനാമൂല്യ ജീവിതകോച്ചിങ് വന്നേനെ. അതിനൊരു മൂല്യം വന്നേനെ. അത് വിജയിക്കുന്നവർ മാത്രം സർക്കാർ സർവീസിൽ വന്നേനെ. ഈ രാജ്യം എല്ലാത്തരം വർഗീയതകളിൽ നിന്നും അൽപ്പം മെച്ചമായ അവസ്ഥയിൽ വന്നേനെ. ചുരുങ്ങിയത് സർക്കാരിന്റെ കാശും വാങ്ങിച്ചിട്ട് ഭരണഘടനയെ തള്ളി പറയില്ലായിരുന്നു.