പൗരത്വം തെളിയിക്കാൻ മത്തായി കാണിച്ച അപൂർവ്വ സാധാനം

125

മത്തായിയുടെ രേഖ !!

ഉച്ചയൂണും കഴിഞ്ഞു വരാന്തയിൽ കിടന്ന് ചെറുതായി ഒന്ന് മയങ്ങുബോഴാണ് ആ വിളി മത്തായി കേട്ടത് .ചേട്ടാ ..ചേട്ടാ . കണ്ണ് തുറന്ന് നോക്കിയ മത്തായിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പാന്റും ഷർട്ടും ടൈയും ഒക്കെ ധരിച്ച രണ്ടുപേർ വീടിനു മുന്നിൽ നിൽക്കുന്നു . മത്തായി കണ്ണ് തിരുമ്മി നോക്കി. പിരിവുകാരല്ല,
ആണേൽ വേഷം ഇതായിരിക്കില്ല .ത ന്നെയുമല്ല കയ്യിലോ കക്ഷത്തിലോ ഒരു ഡയറി കണ്ടേനെ . ഇത് പക്ഷെ രണ്ടു പേരുടെയും കയ്യിൽ വലിയ ഫയലുകളാണ് .
ഭാഗ്യം. പിരിവുകാരല്ല. മത്തായി പിറുപിറുത്തു കൊണ്ട് വന്നവരെ നോക്കി ചോദ്യരൂപേണ ഒന്ന് മൂളി. ഉം ?
വന്നവർ കണ്ഠ കൗപീനം ഒന്ന് പിടിച്ചു നേരെയിട്ടു കൊണ്ട് വിനീത വിധേയ ഭാവത്തിൽ പറഞ്ഞു. ചേട്ടാ, ഞങ്ങൾ സർക്കാരിൽ നിന്നുമാണ്. ചേട്ടന്റെ പൗരത്വ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്താൻ വന്നവരാണ്. ചേട്ടൻ സഹകരിക്കണം.
അവസാനം പറഞ്ഞ ‘സഹകരണം’ എന്ന വാക്കിന്റെ ഉദ്ദേശ്യം കൃത്യമായി മനസ്സിലായില്ലെങ്കിലും മത്തായി കിടന്നിടത്തു നിന്നും എണീറ്റു കൊണ്ട് പറഞ്ഞു. ആധാർ കാർഡ് എല്ലായിടത്തും ബന്ധിപ്പിച്ചിട്ടുണ്ട് . ഇനി ബന്ധിപ്പിക്കാൻ ട്രൗസറിന്റെ വള്ളിയെ ബാക്കിയുള്ളു. എങ്ങനെയെന്ന് പറഞ്ഞു തന്നാൽ അതുമാവാം.
അതല്ല ചേട്ടാ, ചേട്ടൻ ഈ രാജ്യക്കാരനാണെന്നു തെളിയിക്കുന്ന രേഖ വേണം. പുതിയ നിയമമാണ്. ഒരു കണ്ഠകൗപീനക്കാരൻ മൊഴിഞ്ഞു .
ആധാർ , വോട്ടർ കാർഡ് , റേഷൻ കാർഡ് ഇത്രയുമേ എന്റെ കയ്യിലുള്ളൂ മക്കളെ. മത്തായി ഒള്ള കാര്യം പറഞ്ഞു.
അത് പോരാ ചേട്ടാ. ചേട്ടന്റെ അപ്പനപ്പൂപ്പന്മാരൊക്കെ ഈ രാജ്യത്ത് ജീവിച്ചിരുന്നവരാണെന്നുള്ളതിന്റെ തെളിവ് വേണം. അവരുടെ എന്തെങ്കിലും രേഖകൾ. ഇല്ലങ്കിൽ ചേട്ടൻ ഈ രാജ്യത്ത് നിന്നും പുറത്താക്കപ്പെടും .
ങേ !! മത്തായി ഞെട്ടി. ഇവിടുന്ന് പുറത്താക്കിയാൽ പിന്നെ എവിടെ പോകും ? ക്രിസ്ത്യാനി ആയതു കൊണ്ട് ആകെയുള്ള പ്രതീക്ഷ റോം ആണ്. പക്ഷെ ഇപ്പോഴത്തെ സഹചര്യത്തിൽ കേരളത്തിൽ നിന്നാണെന്നു പറഞ്ഞാൽ പോപ്പ് ചാട്ടവാറിനടിച്ചു പുറത്താക്കുകയെ ഒള്ളു . അമ്മാതിരി പണിയല്ലെ ചില പാതിരിമാരും പിന്നെ ചില കുഞ്ഞാടുകളും കൂടി കാണിച്ചു കൂട്ടിയേക്കണത് . മത്തായി മനസ്സിൽ പ്രാകി .
മക്കളെ , വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ ? എന്നെ കണ്ടാലറിഞ്ഞു കൂടെ ഞാൻ ഈ നാട്ടുകാരനാണെന്ന് . മത്തായി അവസാന അടവെടുത്തു നോക്കി .
ചേട്ടന്റെ അപ്പൂപ്പനോ, അല്ലങ്കിൽ അങ്ങേരുടെ അപ്പനോ ഈ രാജ്യത്ത് ജീവിച്ചിരുന്നതിന്റെ തെളിവ് വേണം, വേറെ വഴിയില്ല . വന്നവർ നയം വ്യക്തമാക്കി .
ശരി , എന്തെങ്കിലും കിട്ടുമോന്ന് ഞാനൊന്ന് തപ്പി നോക്കട്ടെ . മത്തായി അകത്തോട്ടു കേറിപ്പോയി .
ഏതാണ്ട് അര മണിക്കൂറിനൊടുവിൽ വിയർത്തു കുളിച്ചു മത്തായി പ്രത്യക്ഷപ്പെട്ടു . കയ്യിലിരുന്ന, കാലങ്ങളായി മടക്കി വച്ചിരുന്നതായി തോന്നിപ്പിക്കുന്ന ഒരു ചെറിയ പഴം തുണികഷണം വളരെ ഭവ്യതയോടെ രണ്ടു കയ്യും കൊണ്ട് വന്നവരുടെ നേരെ നീട്ടി മത്തായി പറഞ്ഞു . ഇതൊന്നു നോക്കിയേ . ഇത് പറ്റിയേക്കും .
വന്നവരിലൊരാൾ എട്ടായി മടക്കിയ തലമുറകൾ പഴക്കമുള്ള ആ വിശിഷ്ട വസ്തു എടുത്തു നിവർത്തി . ഏതാണ്ട് ഒരു മീറ്ററോളം നീളവും 6 ഇഞ്ചു വീതിയുമുള്ള പഴകി നിറം മങ്ങിയ വെളുത്തതെന്നു തോന്നിപ്പിക്കുന്ന ആ വസ്തുവിലേക്കു കണ്ഠകൗപീനധാരികൾ അത്ഭുതത്തോടെ നോക്കി നിന്നു .
അന്തം വിടണ്ട . നിങ്ങൾ ഇപ്പൊ കഴുത്തിൽ കെട്ടിയിരിക്കുന്ന പോലത്തെ ഒന്ന് പണ്ട് നമ്മുടെയൊക്കെ അപ്പനപ്പൂപ്പൻമാർ കെട്ടിയിരുന്നു . പക്ഷെ കെട്ടിയിരുന്ന സ്ഥലം വേറെയാണെന്നു മാത്രം . ഇത് എന്റെ വല്യപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്നതാ . വല്യപ്പൂപ്പൻ മരിച്ചപ്പോൾ വല്യമ്മൂമ്മ അദ്ദേഹത്തിന്റ ഓർമ്മക്കായി അവരുടെ പഴയ തകരപ്പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നതാ . അത് പിന്നെ തലമുറകൾ മറിഞ്ഞു എന്റെ കയ്യിലെത്തി . മത്തായി വിശദീകരിച്ചു .
പക്ഷെ ഇത് എങ്ങനെ തെളിവാകും ? വന്നവർക്കു സംശയം തീർന്നില്ല .
അതേ മക്കളെ , ഇന്നത്തെ കാലത്തെ ശാസ്ത്രീയ ടെസ്റ്റുകളൊക്കെ നടത്തി ഇതും ഞാനുമായിട്ടുള്ള ബന്ധം തെളിയിക്കാം . ഈ ഡി എൻ എ യൊ , ഈ എൻ എ യൊ അങ്ങനെ ഏതാണ്ടില്ലേ ? അതന്നെ സംഭവം .
പിന്നെ ഈ സാധനം ഉപയോഗിച്ചിരുന്നവർ ജീവിച്ചിരുന്ന ഒരേ ഒരു രാജ്യം നമ്മുടെതാണെന്നു ഏതു ചരിത്രം പരിശോധിച്ചാലും തെളിയും . ഇതിൽ കൂടുതൽ എന്ത് തെളിവാ വേണ്ടത് ? മത്തായി ഒരല്പം ഗമയിൽ അവരെ നോക്കി .
“പൗരത്വം ഉറപ്പാക്കാൻ ഇതിലും വലിയ തെളിവ് സ്വപ്നങ്ങളിൽ മാത്രം !!”
കണ്ഠകൗപീന ധാരികൾ പരസ്പരം മന്ത്രിച്ചുകൊണ്ടു ആ അതിവിശിഷ്ട വസ്തു പഴയതുപോലെ തന്നെ എട്ടായി മടക്കി ഫയലിൽ ഭദ്രമായി വച്ചു കൊണ്ട് മത്തായിയെ ബഹുമാനത്തോടെ ഒന്ന് നോക്കി പതിയെ ഗേറ്റ് കടന്നു അപ്രത്യക്ഷരായി .
മത്തായി അയയിൽ ഉണക്കാനായി വിരിച്ചിട്ടിരുന്ന വരയും വള്ളിയുമുള്ള തന്റെ ആ ‘ സാധനം ‘ ഒന്ന് നിരീക്ഷിച്ചു കൊണ്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു .
എടിയേ , നീ ഇതിലൊരെണ്ണം എടുത്തു എട്ടായി മടക്കി ആ ട്രങ്ക് പെട്ടിയിൽ വച്ചേരെ . ഭാവിയിൽ നമ്മുടെ കൊച്ചു മക്കൾക്കോ അവരുടെ മക്കൾക്കോ ഒക്കെ ആവശ്യം വന്നേക്കും .
അനന്തരം തന്റെ പൂർവ്വികരുടെ ദീർഘവീക്ഷണത്തെ മനസ്സിൽ നമസ്കരിച്ചു കൊണ്ട് മത്തായി ഇടക്ക് വച്ച് മുറിഞ്ഞു പോയ തന്റെ ഉച്ചമയക്കത്തിലേക്കു വീണ്ടും ഊളിയിട്ടു . മനസമാധാനത്തോടെ…അതിലേറെ ആശ്വാസത്തോടെയും
—–ശുഭം ——-

(കടപ്പാട്)