The Runner(1985/Iran/Persian)
[Drama]{7.7/10 of 2.1K}
Mohanalayam Mohanan ·
സിനിമ വിശേഷം പങ്കുവയ്ക്കുന്നതിന് മുന്നേ ചെറിയൊരു കാര്യം ചോദിച്ചോട്ടെ.നിങ്ങള്‍ “മാന്‍മാര്‍ക്ക് കുടകള്‍ ” എന്നു കേട്ടിട്ടുണ്ടോ?കേരളചരിത്രത്തിലെ ഒരു പ്രധാന കാര്യമാണ് മാന്‍മാര്‍ക്ക് കുടകള്‍.സംഭവം ഇതാണ്,പാലക്കാട്,മലപ്പുറം അതിര്‍ത്തിയിലെ ഒരു ചെറിയ ക്ഷേത്രം.കാലം നവോത്ഥാനത്തിന് മുന്നേ.ആ ക്ഷേത്രത്തില്‍ ഒരു ചെറുപ്പക്കാരനായ പൂജാരിയുണ്ടായിരുന്നു.പൂജ കഴിഞ്ഞാല്‍ കിടന്നുറങ്ങും,അല്ലെങ്കില്‍ ബീഡി വലിച്ചു തള്ളും.ഒരു ദിവസം ഈ പൂജാരിയോട് സമീപത്തുള്ള അഞ്ചാംക്ലാസ്സുകാരി ഒരു പെണ്‍കുട്ടി സ്കൂളില്‍ നിന്നും ഹോംവര്‍ക്ക് കൊടുത്ത കണക്ക് ഒന്നു പറഞ്ഞു തരാമോ എന്നു ചോദിക്കുന്നു.പിന്നെന്താ എന്നു പൂജാരി.ബുക്ക് നിവര്‍ത്തി നോക്കിയ പൂജാരി ഞെട്ടിപ്പോയി.അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ” കാക്ക കിള്ളിയിട്ടതുപോലെ കുറേ വരകളും കുറികളും മാത്രം.” അപ്പോഴാണദ്ദേഹത്തിന് മനസ്സിലായത് തനിക്ക് എഴുത്തും വായനയും അറിയില്ലെന്ന്.പെണ്‍കുട്ടിയോട് സത്യം തുറന്നു പറഞ്ഞിട്ടും അവള്‍ കളിയാക്കിയില്ല.
കണക്ക് ചെയ്തുകൊണ്ട് ചെന്നില്ലെങ്കില്‍ ടീച്ചര്‍ തല്ലുമെന്ന പേടിയായിരുന്നു അവള്‍ക്ക്.പക്ഷേ പിറ്റേന്നവളെ പൂജാരി അടുത്ത് വിളിച്ചു,ഗുരുവായി വരിച്ചു,ആ അഞ്ചാം ക്ലാസ്സുകാരി അയാളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ തുടങ്ങി.ദിവസങ്ങള്‍ക്ക് ശേഷം ഒരു ദിവസം അമ്പലത്തില്‍ ശര്‍ക്കര പൊതിഞ്ഞു കൊണ്ടുവന്ന കടലാസിലെ വലിയ അക്ഷരങ്ങള്‍ കണ്ടു ആ പൂജാരി തപ്പിത്തടഞ്ഞു വായിച്ചു,മാന്‍ മാര്‍ക്ക് കുടകള്‍. തീര്‍ന്നില്ല,ആ പൂജാരിയാണ് കേരള നവോത്ഥാന നായകരിലൊരാളായി മാറിയ വി.ടി.ഭട്ടതിരിപ്പാട്. ഇതിവിടെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഒരു അതുജ്വല സിനിമ കണ്ടതുകൊണ്ടാണ്.എല്ലാവരും ഈ സിനിമ കാണണം,അതും വീട്ടുകാരെല്ലാം – മുത്തശ്ശന്‍,മുത്തശ്ശി മുതല്‍ കുട്ടികള്‍ വരെയുള്ളവരെ .- കൂടെയിരുത്തി കാണണം.നിങ്ങളുടെ ഹൃദയത്തിലേക്ക് ഒരു വിങ്ങലില്‍ കലര്‍ന്ന വേദനയും സന്തോഷവും ഉണ്ടായില്ലെങ്കില്‍ ഇനി ഒരു സിനിമയും കാണാന്‍ ഞാന്‍ നിങ്ങളോട് പറയില്ല.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും ബൌദ്ധിക വികസനത്തിനുള്ള ഇന്‍സ്റ്റിറ്റൂട്ട് അവതരിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.ഒരുകൂട്ടം തെരുവുപിള്ളേരുടെ കഥയാണ് ചിത്രം പറയുന്നതു.ആ കൂട്ടത്തില്‍ പെട്ട മറ്റുള്ളവരേക്കാള്‍ പ്രായം കുറഞ്ഞ ആരോഗ്യം കുറഞ്ഞ ഒരു പയ്യനാണ് അമീരോ.ആ ഗ്യാങ്ങിലെ അംഗമാണെങ്കിലും അവരില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഒരു പ്രവണത അവന്‍ കാണിക്കുന്നുണ്ട്.ആരുമില്ലാത്ത അവന്‍ കടല്‍തീരത്ത് കയറ്റിയിട്ടിരിക്കുന്ന ഒരു പൊളിഞ്ഞ ബോട്ടില്‍ ഒറ്റക്കാണ് താമസം. ആക്രി പെറുക്കിയാണ് അവര്‍ ജീവിക്കുന്നതു. പക്ഷേ ഇവനാരോഗ്യം കുറവായതിനാല്‍ മറ്റു ബലവാന്മാരായ കുട്ടികള്‍ പലപ്പോഴും ഇവനെ തട്ടിപ്പറിക്കുന്നു. അതുകൊണ്ട് ഇവന്‍ പലവട്ടം ജോലി മാറുന്നുണ്ട്.ഇവിടെയൊക്കെ ഇവന്നുണ്ടാകുന്ന തിരിച്ചടികളും ഒരു വിദ്യാഭ്യാസവുമില്ലാത്ത അമീരോ തിരിച്ചടികളെ ആയുധമാക്കി മുന്നേറുന്നതും ഒക്കെ നമ്മെ ടെന്‍ഷനടിപ്പിക്കും പിന്നേ കോരിത്തരിപ്പിക്കും.അവനും കൂട്ടുകാരും ട്രെയിനിന് പിന്നാലേ ഓടുന്നതും,റണ്‍വേയിലൂടെ പാഞ്ഞുവരുന്ന വിമാനത്തിനു മുമ്പേ ഓടുന്നതും നമ്മേ ടെന്ഷന്‍ അടിപ്പിക്കുമ്പോള്‍ കൂട്ടുകാരോട് തല്ലുകൂടുന്നത് നമ്മില്‍ വിഷാദം സൃഷ്ടിക്കും.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതീവഹൃദ്യമായ ഒരു മനോഹരചിത്രം.സകുടുംബം കാണാവുന്ന കാണേണ്ട ചിത്രം.സംവിധായകന്‍ Amir Naderi യും Behrouz Gharibpour യും സംയുക്തമായാണ് തിരനാടകം.സംവിധായകന്റെ ഇടപെടല്‍ വ്യക്തമാണ്.ക്യാമറ സംഗീതം ഒന്നിന്നും ഒരു പ്രസക്തിയുമില്ല.ആ കൊച്ചുപയ്യന്‍ അമീരോ വിന്റെ മുഖത്ത് നോക്കി ആശ്ചര്യവാനായിനമ്മള്‍ ഇരുന്നുപോകും.Madjid Niroumand ആണ് മജീരോവായി സ്ക്രീനില്‍ നിറഞ്ഞു നിന്ന്‍ നമ്മെ കീഴടക്കുന്നത്.അതിമനോഹരമാണ് അവന്റെ മുഖത്ത് വികാരങ്ങള്‍ ഇടവിട്ടിടവിട്ട് വരുന്നത് കാണാന്‍.ചേതോഹരമായ കാഴ്ച തന്നെയാണ് ഈ സിനിമ.