ഒരു മികച്ച കുറ്റാന്വേഷണ ചിത്രത്തിന്റെ കഥ !

119
Vijay Kumar
ലോകത്തെല്ലാഭാഷകളിലും ഇറങ്ങുന്ന ക്രൈം ത്രില്ലർ സിനിമകൾ കാണുന്നവരാണ് നമ്മൾ. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കേസന്വേഷണവുമൊക്കെ പല രീതിയിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമകളിൽ ഇത്തരം സംഗതികൾ വരുമ്പോൾ protagonist ന് അന്വേഷണം വഴിമുട്ടി നിൽക്കുന്ന നിർണ്ണായക സമയത്ത് ഒന്നുകിൽ വെളിപാട് പോലെ അല്ലെങ്കിൽ യാദൃശ്ചികമായോ ഒരു “ക്ലൂ കിട്ടുന്നു ” (eg:വാപ്പച്ചീടെ ലെഗസി
Protagonist നും കൂട്ടാളികൾക്കും ഉണ്ടാകുന്ന /ലഭിക്കുന്ന ഇത്തരം “ദൈവികമായ വെളിപാടുകൾ ” ഇല്ലാതെ “അന്വേഷണത്തിലൂടെ” ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയിലെത്തുന്ന തരത്തിലുള്ള സിനിമകൾ വളരെ അപൂർവ്വമാണ് അത്തരത്തിൽ ഉള്ള സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ടത് “കാണാതായ പെൺകുട്ടി ” എന്ന സിനിമയാണ്. ശരിക്കും വിശ്വസനീയമായ രീതിയിലുള്ളതെന്ന് തോന്നിപ്പിക്കുന്ന അതിലെ പോലീസ് അന്വേഷണം അതിനെ മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളിൽ (strictly personal opinion )ഒന്നായി മാറ്റുന്നു.
ഇത്രയും ആമുഖമായി എഴുതിയത് ഇന്നലെ കേരള പോലീസ് അന്വേഷണം പൂർത്തിയാക്കിയ ഒരു കേസിനെക്കുറിച്ച് അതിൽ ഒളിഞ്ഞിരിക്കുന്ന ഒരു കിടിലൻ സിനിമയെക്കുറിച്ച് പറയാൻ വേണ്ടിയാണ്..
2017 ജൂൺ 18ന് ഒരു മനുഷ്യന്റെ ഇടതുകൈ കോഴിക്കോട് ജില്ലയിലെ ചാലിയം കടപ്പുറത്തുനിന്ന് ലഭിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല ഒരു മാസം കഴിഞ്ഞ് അതേ കടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വികൃതമായ രീതിയിൽ ഒരു മനുഷ്യന്റെ തല കാണുന്നു. നേരത്തെ ലഭിച്ച അവശിഷ്ടത്തിന്റെ ബാക്കിയാണിതെന്ന് DNA പരിശോധനയിലൂടെ പൊലീസിന് മനസ്സിലാകുന്നു.
കൈകൾ കണ്ടെത്തിയപ്പോൾത്തന്നെ fingerprints എടുത്തിരുന്നെങ്കിലും ശരീരം അഴുകിയതിനാൽ അവ വ്യക്തായിരുന്നില്ല. എങ്കിലും വിദഗ്ധരുടെ സഹായത്തോടെ അവ വ്യക്തതയോടെ എടുത്ത് state fingerprints bureau ക്ക് കൈമാറുന്നു. ഇവിടെയുള്ള ഡാറ്റ ബേസിൽ നിന്നും കൊല്ലപ്പെട്ടത് ക്രിമിനൽ പശ്ചാത്തലമുള്ള മലപ്പുറം വണ്ടൂർ സ്വദേശി ഇസ്മായിലിന്റേതാണെന്ന് വ്യക്തമാകുന്നു.
ഇസ്മായിലിനെപ്പറ്റി പോലീസ് കൂടുതൽ അന്വേഷിച്ചപ്പോൾ അവരെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. നാലു വിവാഹങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെയൊരാളെ കാണാതായ വിവരം ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല. ഇതിനെപറ്റി അന്വേഷിച്ചപ്പോൾ അതിലൊരു ഭാര്യ പറഞ്ഞത് ഏതെങ്കിലും കേസിൽപെട്ട് ജയിലിലായിരിക്കും എന്നുവിചാരിച്ചു എന്നാണ്.
കൂടുതലന്വേഷണത്തിനൊടുവിൽ ഇസ്മായിൽ അവസാനമായി ജോലി ചെയ്തത് മലപ്പുറം മോങ്ങത്തെ ഒരു വീട്ടിൽ ആണെന്ന് പോലീസ് കണ്ടെത്തുന്നു. അവിടെ നടത്തിയ അന്വേഷണത്തിൽ ഇസ്മായിൽ മുക്കത്തുള്ള ഒരു “അച്ചായനെ “കാണാൻ വേണ്ടിയാണ് പോയതെന്ന് മനസിലാക്കുന്നു. ഇസ്മയിലിന്റെ ഭാര്യമാരിലൊരാളുടെ വീട് മുക്കത്തായതിനാൽ പോലീസ് അവിടെ അന്വേഷണം ഊർജ്ജിതമാക്കുന്നു. അവിടെയുള്ള സുഹൃത്തുക്കളിൽ നിന്നും ഒരു കൊട്ടേഷൻ ഇടപാടിൽ നേരത്തെ പറഞ്ഞ അച്ചായൻ രണ്ടുലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് ഒരു സുഹൃത്ത് പറയുന്നു. ഒരു സ്വത്ത് തർക്കം പരിഹരിക്കുന്നതിനായി ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമാണ് ഈ രണ്ട് ലക്ഷം എന്ന് വേറൊരു സുഹൃത്ത് പറയുന്നു.
ഇതോടുകൂടി പോലീസ് അവിടെ നടന്ന അസ്വാഭാവിക മരണങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുന്നു. അതിൽ നിന്നും എഴുപത് വയസ്സായ ഒരു സ്ത്രീ ആത്മഹത്യ ചെയ്ത കേസ് അവരുടെ ശ്രദ്ധയാകർഷിച്ചു. കൂടുതൽ അന്വേഷണത്തിൽ മരിച്ച ജയവല്ലിയും മകൻ ബിർജുവും തമ്മിൽ സ്വത്തിനെക്കുറിച്ച് തർക്കമുണ്ടായിരുന്നെന്നും ജയവല്ലിയുടേത് ആത്മഹത്യയല്ലെന്ന് സംശയമുണ്ടെന്നും അയൽവാസികൾ പോലീസിനോട് പറയുന്നു.
എന്നാൽ “അച്ചായനെ ” കാണാൻ വന്ന ഇസ്മായിൽ “ബിർജുവിനെ ” “അച്ചായൻ ” എന്ന് വിളിക്കാനുള്ള സാധ്യത തീരെയില്ലാത്തത് പോലീസിനെ കൂടുതൽ കുഴക്കി. വീണ്ടും അന്വേഷണം നീളുന്നു. അവസാനം ബിർജുവിനെ വിവാഹം കഴിച്ചിരുന്ന ക്രിസ്ത്യൻ യുവതി അയാളെ “അച്ചായനെന്നാണ് “വിളിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി ചില സുഹൃത്തുക്കളും അങ്ങനെ വിളിക്കാറുള്ളതായി പൊലീസിന് മനസ്സിലായി. ഇസ്മയിലിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയ സമയത്ത് ബിർജു നാട് വിട്ടതും പൊലീസിന് സംശയം ഉണ്ടാക്കി.
ബിർജുവിനെപ്പറ്റി അടുത്ത ബന്ധുക്കൾക്ക് പോലും ഒന്നും അറിയാത്തതു പോലീസിനെ കുഴക്കി. മകൾ പത്താം ക്ലാസ് വരെ പഠിച്ച സ്കൂളിൽ നിന്നും ഫോൺ നമ്പർ കിട്ടിയെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല. വായനാട്ടിലേക്കാണ് പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്നാട്ടിലേക്കാണ് പോകുന്നതെന്ന് വേറൊരു സുഹൃത്തിനോടും ബിർജു പറഞ്ഞിരുന്നു. പോലീസ് ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് -തമിഴ്നാട് അതിർത്തിയിൽ മലയാളികൾ താമസിക്കുന്ന സ്ഥലത്ത് അന്വേഷണം നടത്തുന്നു. ജയവല്ലിയുടെ ആധാരത്തിലുള്ള ഫോട്ടോയിൽ നിന്നും തയ്യാറാക്കിയ രേഖാചിത്രം മാത്രമാണ് ബിർജുവിന്റേതായി ആ സമയത്ത് പോലീസിന്റെ കയ്യിൽ ഉള്ളത്.
കൂടുതൽ അന്വേഷണത്തിനൊടുവിൽ രേഖാചിത്രത്തിലുള്ളയാളുമായി സാമ്യമുള്ള ഒരാൾ നീലഗിരിയിൽ ഉണ്ടെന്നും അയാളുടെ പേര് ജോർജ്ജുകുട്ടി എന്നാണെന്നും പൊലീസിന് വിവരം ലഭിക്കുന്നു. പൂട്ടിയിട്ട നീലഗിരിയിലെ വീട്ടിലെത്തിയ പൊലീസ് കേരള രെജിസ്ട്രേഷൻ ഉള്ള ഒരു ബൈക്ക് അവിടെ കാണുന്നു. ആ രെജിസ്ട്രേഷൻ നോക്കിയപ്പോൾ അത് ബിർജുവിന്റെ പേരിലുള്ള ബൈക്ക് ആണെന്ന് പോലീസിന് മനസ്സിലാകുന്നു. പിറ്റേദിവസം അവിടെ കാത്തുനിന്ന പോലീസിനെ വെട്ടിച്ച് രക്ഷപെടാൻ നോക്കിയെങ്കിലും ബിർജുവിനെ അവർ പിടികൂടുന്നു.
ബിർജുവിന്റെ വെളിപ്പെടുത്തൽ :-
ഭൂമി വിറ്റ് കിട്ടിയ പണമെല്ലാം ബിസിനസ് ചെയ്ത് കളഞ്ഞ ബിർജു അമ്മയുടെ കയ്യിലുള്ള പണവും ആവശ്യപ്പെടാൻ തുടങ്ങി. തരില്ലെന്ന് പറഞ്ഞപ്പോൾ ഇസ്മായിലിനെയും കൂട്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുന്നു. ഇതിന് ഇസ്മായിലിന് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സംഗതി നടന്നു കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നപ്പോൾ ഇത് പോലീസിൽ പറയുമെന്ന് പറഞ്ഞ് ഇസ്മായിൽ ബിർജുവിനെ ഭീഷണിപ്പെടുത്തുന്നു. പണം നൽകാമെന്ന് പറഞ്ഞ് ബിർജു ഇസ്മയിലിനെ വിളിച്ചു വരുത്തി കൊലചെയ്ത് കഷണങ്ങളാക്കി പലയിടത്തായി ഇടുന്നു.
അങ്ങനെ കേരള പോലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി തുന്നിച്ചേർത്ത് അന്വേഷണം ഇന്നലെ അവസാനിപ്പിച്ചതായി ADGP ടോമിൻ തച്ചങ്കരി പറഞ്ഞു. ക്രൈം ബ്രാഞ്ച് DYSP ബിനോയ്‌ ആണ് ഈ കേസന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. അപ്പോൾ എന്ത് തോന്നുന്നു “ദൈവികമായ വെളിപാടുകളില്ലാതെ തന്നെ “ഒരു മികച്ച കുറ്റാന്വേഷണ ചിത്രത്തിനുള്ള വകുപ്പില്ലേ ഇതിൽ..?????