ഐ എൻ എസ് വിനാഷിന്റെ മഹത്തായ നാവിക യുദ്ധത്തിന്റെ കഥ

48

പ്രസാദ്, ത്രിശ്ശിവപേരൂർ .

The story of the great naval battle of I N S Vinash.

1971-ലെ ഇന്ത്യാ-പാക്ക് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേന ഇന്ത്യൻ എയർഫോഴ്സുമായി സഹകരിച്ച് പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ പൈത്തൺ-ൻ്റെ ഭാഗമായി , ഇരുപത്തഞ്ചാം കില്ലർ മിസൈൽ സ്ക്വാഡ്രൺ നടത്തിയ സിംഗിൾ ഷിപ്പ് ആക്ഷനെക്കുറിച്ചുള്ള ഒരു ചെറു വിവരണം.

പശ്ചാത്തലം :-
1971 ഡിസംബർ 3 രാത്രി, ഓപ്പറേഷൻ ചെങ്കി സ്ഖാൻ എന്ന പാക്കിസ്ഥാൻ എയർഫോഴ്‌സിൻ്റെ ഇന്ത്യൻ ആക്രമണത്തോടു കൂടി ഇന്തോ- പാക് യുദ്ധത്തിന് തുടക്കമായി.അതിനടുത്ത ദിവസം തന്നെ (ഡിസംബർ – 4 – 5) ഇന്ത്യൻ നേവി ഓപ്പറേഷൻ ട്രൈഡൻറ് എന്ന ആക്ഷനിൽ വിജയകരമായി പാക്കിസ്ഥാൻ നേവിയുടെ ഹോം പോർട്ട് ആക്രമിക്കുകയും , വളരേയധികം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.(ഇന്ത്യൻ ഭാഗത്ത് ആളപായമില്ലാത്ത, ഈ പോരാട്ടം രണ്ടാം ലോക മഹായുദ്ധാനന്തര ആധുനിക നാവിക ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ വിജയത്തിന്റെ ഓർമ്മക്കായി ഇന്ത്യൻ നാവികസേന വർഷം തോറും ഡിസംബർ 4 ന് നേവി ദിനം ആഘോഷിക്കുന്നു.) ഇതിന് പ്രതികാരമെന്നോണം പാക് എയർ ഫോഴ്സ് ഇന്ത്യൻ തുറമുഖമായ ഗുജറാത്തിലെ ഓഖ-യിൽ ആക്രമണം നടത്തി. ഇതിന് മറുപടിയായി ഇന്ത്യൻ നേവി കറാച്ചി തുറമുഖത്ത് ഓപ്പറേഷൻ പൈത്തൺ വിജയകരായി നടപ്പിലാക്കി.

I N S- വിനാശ് :-

ഇന്ത്യൻ നാവികസേന സോവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയ എട്ട് അതിവേഗ മിസൈൽ ബോട്ടുകളിൽ ഒന്നായിരുന്നു
I N S- വിനാശ് . Soviet Osa 1 class എന്ന വിഭാഗത്തിൽ പെട്ട ഇവ ഇന്ത്യയിൽ Vidyut-class missile boats – Fast attack craft ആയി ഇരുപത്തഞ്ചാം മിസൈൽ സ്വാക്ഡ്രൺ രൂപീകരിക്കപ്പെട്ടു. നാല് SS-N-2A Styx anti-ship missile ലുകൾ വഹിക്കാൻ ശേഷിയുള്ള ഇവക്ക് 245 ton ഭാരമുണ്ടായിരുന്നു. ഇതിനു പുറമേ രണ്ട് AK-230/30mm ഡെക്ക് ഗണ്ണുകളും 39 മീറ്റർ നീളമുള്ള ഈ ബോട്ടുകളിലുണ്ടായിരുന്നു. അന്നത്തെ കാലത്തെ അതിശക്തമായ റഡാർ സിസ്റ്റവും, 37 knot ലധികം വേഗതയുമായിരുന്നു മറ്റൊരു പ്രത്യേകത. ഇതിന് ആകേയുണ്ടായിരുന്ന ഒരു പോരായ്മ ഇതിൻ്റെ റേഞ്ച് കുറവായിരുന്നു എന്നത് മാത്രമാണ്. 35 knots സ്പീഡിൽ 500 nmi (930 km) മാത്രമായിരുന്നു ഇതിൻ്റെ റേഞ്ച് . എന്നാൽ 14 knots സ്പീഡിലാണെങ്കിൽ 1,800 nmi (3,300 km) സഞ്ചരിക്കാനും ഇവക്ക് സാധിക്കുമായിരുന്നു. മുപ്പത് നാവികരേയും വഹിച്ചുകൊണ്ട് അഞ്ച് ദിവസങ്ങൾ കടലിൽ കഴിയാനുള്ള കഴിവും ഇവക്കുണ്ടായിരുന്നു. 4000 HP യുള്ള മൂന്ന് Zvezda M503 എഞ്ചിനുകളും മൂന്ന് Propulsion shaft കളുമാണ് ഈ ബോട്ടുകളിൽ ഘടിപ്പിച്ചിരുന്നത്.

ആക്രമണം :-

1971 ഡിസംബർ 8 ന് അതിരാവിലെ 4 മണിക്ക് ഇന്ത്യൻ നേവി ഡിസ്ട്രോയർ ആയ INS Ranjit ബോംബെ തുറമുഖത്ത് നിന്ന് I N S- വിനാശിനെ കെട്ടിവലിച്ചുകൊണ്ട് കറാച്ചി ലക്ഷ്യമാക്കി നീങ്ങി. ഉൾക്കടലിൽ വെച്ച് INS Thrisool ഉം INS Talwar ഉം ഇവർക്കൊപ്പം അണിചേർന്നു.പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽ പെടാതെ പ്രക്ഷുബ്ദമായ കടലിലൂടെ സഞ്ചരിച്ച്, ടാസ്ക് ഫോഴ്സ് രാത്രി കറാച്ചി തുറമുഖത്തിന് 40 നോട്ടിക്കൽ മൈൽ അടുത്തെത്തി. I N S- വിനാശിനെ INS Ranjit ൽ നിന്ന് വേർപെടുത്തി, വിജയ് ജെറാത്ത് ആയിരുന്നു വിനാശിൻ്റെ ക്യാപ്റ്റൻ. മിസൈൽ ബോട്ടിനെ കെട്ടിവലിച്ച് കറാച്ചി തടത്തിലെത്തിച്ച് തൻ്റെ കർത്തവ്യം വിജയകരമായി നിർവ്വഹിച്ച് ഡിസ്ട്രോയർ INS Ranjit ബോംബേയിലേക്ക് മടങ്ങി. വിനാശിൻ്റെ നേതൃത്വത്തിൽ നാവിക വ്യൂഹം കറാച്ചി തുറമുഖം ലക്ഷ്യമാക്കി നീങ്ങി. I N S- വിനാശിനെ ശത്രുവിൻ്റെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ത്രിശൂലിൻ്റേയും, തൽവാറിൻ്റേയും ജോലി. കറാച്ചി തുറമുഖത്തിന് സമീപമുള്ള മനോര (Manora) ഉപദ്വീപിൻ്റെ 20 നോട്ടിക്കൽ മൈൽ ദൂരം വരെ അവർ വിനാശിനെ അനുഗമിച്ചു. അതിനു ശേഷം സുരക്ഷാകാരണങ്ങളാൽ ഐ എൻ എസ് ത്രിശൂലും, ഐ എൻ എസ് തൽവാറും പിന്തിരിഞ്ഞു. I N S- വിനാശ് തൻ്റെ ദൈത്യത്തിനായി ക്യാപ്റ്റൻ വിജയ് ജെറാത്തിൻ്റെ നേതൃത്വത്തിൽ ഏകയായ് കറാച്ചി തുറമുഖം ലക്ഷ്യമാക്കി കുതിച്ചു.

സോവിയറ്റ് യൂണിയൻ്റെ ഓസ ക്ലാസ് മിസൈൽ ബോട്ടുകളിൽ മികച്ച പരിശീലനം ലഭിച്ച ഓഫീസറായിരുന്നു വിജയ് ജെറാത്ത്. ഡിസംബർ എട്ട് രാത്രി പതിനൊന്ന് മണിയോടു കൂടി അവർ കറാച്ചി തുറമുഖത്തിന് 12 നോട്ടിക്കൽ മൈൽ ദൂരത്തിലെത്തി. കൂടുതൽ ഉള്ളിലേക്ക് കയറിയാൽ ഒരു പക്ഷേ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന കോസ്റ്റൽ ഗണ്ണുകളുടെ പരിധിയിൽ വരുമെന്നതിനാൽ അവർ ആക്രമണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പക്ഷേ ഇതിനിടയിൽ ബോട്ടിലെ ഇലക്ട്രിക്കൽ തകരാറുമൂലം മെയിൻ റഡാർ പ്രവർത്തിക്കാതായി. ബോട്ടിലെ ടെക്നിക്കൽ ടീം തകരാറുകൾ റിപ്പയർ ചെയ്യുന്നതിൽ മുഴുകി. ഐ എൻ എസ് ത്രിശൂലിലേക്ക് വിവരം കൈമാറിയ ശേഷം ക്യാപ്റ്റൻ വിജയ് ജെറാത്തും, മിസൈൽ ഗണ്ണറി ഓഫീസറും റഡാർ സിസ്റ്റം ഉപയോഗിക്കാതെ ആക്രമണം നടത്താനുള്ള ശ്രമങ്ങളിൽ മുഴുകി. മുൻപത്തെ പ്ലാനിൽ നിന്നും വ്യതിചലിച്ച് കറാച്ചി തുറമുഖത്തെ ഫ്യൂവൽ സ്റ്റോറേജ് ഫെസിലിറ്റിയായ Kemari Oil Farm ആക്രമിക്കാൻ അവർ പദ്ധതിയിട്ടു. ഭാഗ്യവശാൽ ടെക്നിക്കൽ ടീം ഇലക്ട്രിക്കൽ തകരാറുകൾ പരിഹരിച്ചതോടു കൂടി റഡാർ വീണ്ടും പ്രവർത്തനക്ഷമമായി.

“Launch the number one missile ” വിജയ് ജെറാത്ത് വയർലെസിലൂടെ അലറി. ബോട്ടിൻ്റെ ഡെക്കിൽ ഒരു വലിയ തീഗോളം സൃഷ്ടിച്ചു കൊണ്ട് മിസൈൽ Kemari Oil Farm ലക്ഷ്യമാക്കി ആകാശത്തിലൂടെ കുതിച്ചു.
ഡീസൽ ,പെട്രോൾ എന്നിവ വലിയ രീതിയിൽ സംഭരിച്ച് വെച്ചിരുന്ന Kemari ഓയിൽ ടാങ്കുകൾ മിസൈൽ പ്രഹരമേറ്റ് ഒന്നൊന്നായി പൊട്ടിതെറിക്കാൻ തുടങ്ങി. കറാച്ചി തുറമുഖം വലിയൊരു അഗ്നി മലയായി ജ്വലിച്ചു. പാക്കിസ്ഥാൻ്റെ ഇന്ധന സംഭരണ ശേഷിയുടെ ഏകദേശം പകുതിയോളം നശിപ്പിക്കാൻ ഈ ഒരു മിസൈലിനു കഴിഞ്ഞു.
അടുത്തതായി വിനാശിൻ്റെ റഡാർ സ്ക്രീനിൽ പതിഞ്ഞ കപ്പലിന് നേരെ രണ്ടാമത്തെ മിസൈൽ തൊടുത്തു. പനാമ രജിസ്ട്രേഷനിലുള്ള S S Gulfstar എന്ന മർച്ചെൻ്റ് നേവി കപ്പലായിരുന്നു അത്. പാക്കിസ്ഥാൻ സൈന്യത്തിനാവശ്യമായ സാധനങ്ങളുമായി വന്ന ഗൾഫ് സ്റ്റാർ മിസൈൽ പതിച്ച് വലിയ സ്ഥോടനങ്ങളും, തീഗോളങ്ങളും സൃഷ്ടിച്ചു കൊണ്ട് കടലാഴങ്ങളിലേക്ക് മറഞ്ഞു.

I N S- വിനാശിൻ്റെ മൂന്നാമത്തെ ഇരയായി തീർന്നത് ബ്രിട്ടീഷ് മെർച്ചൻ്റ് വെസ്സലായിരുന്ന
P N S Harmattan ആയിരുന്നു. സൈനീക സാമഗ്രികൾ തന്നേയായിരുന്നു ഇതിലും ഉണ്ടായിരുന്നത്. റഡാറിൽ പതിഞ്ഞ പി എൻ എസ് ഹാർമ്മട്ടനെതിരെ മൂന്നാമത്തെ മിസൈൽ തൊടുക്കാൻ സംശയലേശമന്യേ കമാണ്ടിങ്ങ് ഓഫീസറായിരുന്ന വിജയ് ജെറാത്ത് ആജ്ഞാപിച്ചു. മിസൈൽ പതിച്ച ഹാർമ്മട്ടൻ സ്ഥോടനത്തിൽ രണ്ടായി പിളർന്ന് മുങ്ങി .
ഇതിനിടെ ശത്രു സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പാക് സൈന്യം തുറമുഖത്തിലെ നേവൽ ഗണ്ണുകൾ പ്രവർത്തന ക്ഷമമാക്കി. എങ്ങോട്ടെന്നില്ലാതെ അവ കടലിലേക്ക് തീ തുപ്പി കൊണ്ടിരുന്നു. കറാച്ചിയുടെ ആകാശം മുഴുവൻ തീയും പുകയും കൊണ്ട് നിറഞ്ഞു.
ഇതേ സമയം കറാച്ചി തുറമുഖത്തിന് കുറേ അകലെ നങ്കൂരമിട്ടു കിടക്കുകയായിരുന്നു പാക്കിസ്ഥാൻ നേവിയുടെ മൾട്ടി പർപ്പസ് ഫ്ലീറ്റ് ടാങ്കറായിരുന്ന P N S Dacca . കറാച്ചി തുറമുഖത്തിനു നേരെ ഇന്ത്യൻ എയർഫോഴ്സ് ആക്രമണം നടത്തുകയാണെന്ന് തെറ്റിദ്ധരിച്ച്
P N S Dacca തൻ്റെ സെർച്ച് ലൈറ്റുകൾ ഓണാക്കുകയും ആൻ്റി എയർക്രാഫ്റ്റ്‌ ഗണ്ണുകളുപയോഗിച്ച് ആകാശത്തേക്ക് തുടർച്ചയായി നിറയൊഴിച്ചു കൊണ്ടിരിക്കുകയും ചെയ്തു. തൻ്റെ വിധി ഇരന്നു വാങ്ങുകയായിരുന്നു P N S Dacca ചെയ്തത്. അടുത്ത ഇരക്കായി നിരീക്ഷണം നടത്തിയിരുന്ന വിനാശിൻ്റെ റഡാർ സ്ക്രീനിൽ P N S Dacca യുടെ രൂപം തെളിഞ്ഞു. അടുത്ത നിമിഷം വിനാശിൽ നിന്നും നാലാമത്തേയും, അവസാനത്തേതുമായ മിസൈൽ ശത്രുവിനെ ലക്ഷ്യമാക്കി ഉയർന്നു. പാഞ്ഞു വരുന്ന മിസൈലിനു നേരെ എയർക്രാഫ്റ്റഗണ്ണുകളുപയോഗിച്ച് P N S Dacca വെടിവെച്ചെങ്കിലും മിസൈൽ ലക്ഷ്യം ഭേദിക്കുക തന്നെ ചെയ്തു. വലിയൊരു അഗ്നിഗോളമായ P N S Dacca യിൽ നിന്ന് നാവികർ ജീവരക്ഷാർത്ഥം കടലിലേക്ക് ചാടി. Captain – S Q Raza എന്ന ധീരനായ കമാണ്ടിംഗ് ഓഫീസറായിരുന്നു P N S Dacca യെ നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കുറച്ച് നാവികരുടെ ശ്രമഫലമായി നേരം വെളുക്കുമ്പോഴേക്കും ,തീ നിയന്ത്രണ വിധേയമാക്കാനും ആസന്നമായ മുങ്ങലിൽ നിന്ന് കപ്പലിനെ രക്ഷിക്കാനും കഴിഞ്ഞു. പക്ഷേ പുനരുപയോഗിക്കാൻ കഴിയാത്ത തരത്തിൽ കേടുപാടുകൾ സംഭവിച്ച P N S Dacca യെ പിന്നീട് കണ്ടം ചെയ്യുകയാണുണ്ടായത്.

“Sir , this is the best Diwali we have seen” ആളി കത്തിക്കൊണ്ടിരുന്ന കറാച്ചിയെ നോക്കി ക്യാപ്റ്റൻ വിജയ് ജെറാത്ത് ഡെക്കിൽ നിന്ന്
I N S-Thrisool ലിലെ ക്യാപ്റ്റന് സന്ദേശമയച്ചു.
അതിനു ശേഷം തൻ്റെ കർത്തവ്യം നൂറു ശതമാനം വിജയമായതിൻ്റെ ചാരിതാർത്ഥ്യത്തിൽ ബോട്ടിനെ ഇന്ത്യൻ തീരത്തേക്ക് തിരിക്കാൻ ഓർഡർ കൊടുത്തു. അപ്പോഴും കറാച്ചി തീരത്ത് നിന്ന് നേവൽ ഗണ്ണുകൾ ഷെല്ലുകൾ വർഷിച്ചു കൊണ്ടിരുന്നു.
I N S വിനാശിൻ്റെ മൂന്ന് എഞ്ചിനുകളും ഫുൾ ത്രോട്ടിലിൽ പ്രവർത്തിച്ചു, പൂർണ്ണ വേഗതയിൽ തുറമുഖത്ത് നിന്ന് പുറത്ത് വന്ന് തൻ്റെ സംരക്ഷണക്കായി വന്ന ത്രിശൂലിൻ്റേയും, തൽവാറിൻ്റേയുമൊപ്പം വിനാശ് ബോംബെ തീരം ലക്ഷ്യമാക്കി നീങ്ങി.
അടുത്തത് ഇന്ത്യൻ എയർഫോഴ്‌സിൻ്റെ ഊഴമായിരുന്നു. നേവൽ ടാസ്ക് ഫോഴ്സിനെ പാക്കിസ്ഥാൻ എയർഫോഴ്സ് ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഇന്ത്യൻ കാർബറ വിമാനങ്ങൾ കറാച്ചി എയർ ഫീൽഡുകളിൽ അതി ഭയങ്കര ബോംബിങ്ങ് നടത്തി പാക്കിസ്ഥാൻ വിമാനങ്ങളെ ഹാങ്കറിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത വിധം പൂട്ടി. മാത്രമല്ല റൺവേയും, ഫൂവൽ സ്റ്റോറേജും നശിപ്പിക്കുകയും ചെയ്തു.

പിറ്റേ ദിവസം ഇന്ത്യൻ നേവൽ ടാസ്ക് ഫോഴ്സ് സുരക്ഷിതമായി, നഷ്ടങ്ങളൊന്നുമില്ലാതെ ഇന്ത്യൻ തുറമുഖത്തെത്തി.ഈ ഒരൊറ്റ പോരാട്ടത്തിലൂടെ ഇന്ത്യൻ നാവിക യുദ്ധ ചരിത്രത്തിൽ ഒരു മഹനീയ സ്ഥാനം കൈവരിക്കാൻ I N S വിനാശിന് സാധിച്ചു. ക്യാപ്റ്റൻ വിജയ് ജെറാത്തിനെ രാജ്യം വീർ ചക്ര പുരസ്കാരം നൽകി ആദരിച്ചു.