ഷഹീൻ ബാഗിലെ പെണ്ണുങ്ങളുടെ സമരം

184

Nelson Joseph

സന്തോഷം, രോമാഞ്ചം, സങ്കടം…അങ്ങനെയങ്ങനെ.ഒരു വാർത്താ ചാനലിലെ ന്യൂസ് പ്രോഗ്രാം കണ്ട് വികാരങ്ങളുടെ വേലിയേറ്റമുണ്ടാവുന്നത് ആദ്യമാണ്.ഇന്നലത്തെ എൻ. ഡി.ടി.വിയുടെ രവീഷ് കുമാറിൻ്റെ പ്രോഗ്രാം.ആ പ്രോഗാം പക്ഷേ നടന്നത് ചാനലിൻ്റെ സ്റ്റുഡിയോ ഫ്ലോറിലല്ലായിരുന്നു.പ്രതിഷേധം തുടങ്ങിയിട്ട് ഇരുപത്തിരണ്ടാം ദിവസമായിരുന്നു ഷഹീൻ ബാഗിൽ ഇന്നലെ..അവർക്കിടയിലേക്കാണ് രവീഷ് കുമാർ, ഒരുപക്ഷേ ആദ്യമായി ചാനലിൻ്റെ കാമറക്കണ്ണുകളും മൈക്കുമായി കടന്നുചെന്നത്.

സ്ത്രീകളും കുട്ടികളുമാണ് അവിടെ…അവർ പറഞ്ഞ ചില വാക്കുകളിലേക്ക് മാത്രം, അറിയുന്ന, മനസിലായ അല്പം ഹിന്ദി മലയാളത്തിലേക്ക് മാറ്റിയെഴുതാം.രവീഷ് കുമാർ അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് ഇതാണ്. ” ഒരുപാട് വൈകിയാണ് ഞാൻ ഷഹീൻ ബാഗിൽ വരുന്നത്..കാരണം എനിക്കും കാണണമായിരുന്നു ഷഹീൻ ബാഗിലെ പെണ്ണുങ്ങളുടെ പ്രതിഷേധം എത്ര നീളുമെന്ന്.ഒരു ദിവസം മുദ്രാവാക്യം വിളിക്കുമ്പൊ തൊണ്ട തളരും ശരീരം തളരും ഇരുപത്തിരണ്ടാം ദിവസവും പക്ഷേ നിങ്ങൾ മുദ്രാവാക്യം വിളിക്കുമ്പൊ, പ്രതിഷേധിക്കുമ്പൊ മനസിലാവും നിങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് എന്ന്…” ഒരു കുഞ്ഞുമായി രാത്രിയിൽ തണുപ്പത്ത് വന്നിരിക്കുന്ന അമ്മയുടെ അടുത്താണ് ആദ്യ ചോദ്യം.

” എത്ര ദിവസമായി നിങ്ങൾ വരുന്നുണ്ട്? ”
” ഇരുപത്തിരണ്ട്..”
” ഈ ഇരുപത്തിരണ്ട് ദിവസങ്ങൾക്ക് മുൻപ് ഏതെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടോ?”
” ഇല്ല…”
” അപ്പോൾ എന്തിനാണ് നിങ്ങൾ ഇവിടെ വന്നത്?”
” ഞാൻ വന്നത് എൻ.ആർ.സിയും സി.എ.എയും പിൻവലിപ്പിക്കാനാണ്..”

ഒന്നുമറിയാതെ ആരോ പറഞ്ഞതു കേട്ട് വന്നവരാണവർ എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് ആദ്യം തന്നെ അങ്ങ് മടക്കിവയ്ക്കേണ്ടിവരും.പലയിടത്തും ബീഫിൻ്റെ പേരിൽ കൊലപാതകങ്ങൾ നടന്നിരുന്നു. അപ്പൊഴൊന്നും നിങ്ങൾ പ്രതിഷേധിച്ചില്ല, പിന്നീട് എന്തിനാണ് ഇപ്പോൾ പ്രതിഷേധം എന്നാണ് രവീഷ് മറ്റൊരാളോട് ചോദിക്കുന്നത്…ഉത്തരം ഒരുപാട് ചിന്തിപ്പിക്കേണ്ടതാണ്.
” യഥാർഥത്തിൽ ഇത് നമ്മുടെ ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമാണ്…
മുൻപ് പ്രതിഷേധിച്ചിരുന്നുവെങ്കിൽ അതൊരു മതപരമായ വിഷയമായി വ്യാഖ്യാനിക്കപ്പെട്ടേനെ..മുസ്ലിമാണ് അതുകൊണ്ട് മുസ്ലിമിനുവേണ്ടി പ്രതിഷേധിച്ചുവെന്ന് വന്നേനെ..
ഇത് പക്ഷേ ഭരണഘടനയ്ക്കായുള്ളതാണ്..ഒരുപാട് പാവപ്പെട്ടവരുണ്ട്, ഭൂമിയില്ലാത്തവരുണ്ട്..പേപ്പറുകളില്ലാത്തവരുണ്ട്…അവരുടെ കാര്യം എന്താവും? ”

സ്ത്രീകളുടെ കരുത്തിനെക്കുറിച്ചും സമൂഹം എങ്ങനെ അവരെ കാണുന്നുവെന്നതിനെക്കുറിച്ചും ഇത്ര തെളിഞ്ഞ ബോദ്ധ്യം ഒരു സാധാരണക്കാരിക്കുണ്ടാവുമെന്നത് അറിയുന്നതൊന്ന് നല്ലതാണ്…
” സ്ത്രീകൾ അടുക്കളയിൽ കഴിയുമ്പൊ ആളുകൾ കരുതും, പെണ്ണാണ്, ദുർബലയാണ് എന്ന്..ഒരു പൊതുബോധമുണ്ട്, മുസ്ലിം സമുദായത്തിലെ വനിതകൾ സംസാരിക്കാറില്ല എന്ന്..അവർ ഇവിടെ വന്നിട്ടുണ്ട്..അവരുടെ ശബ്ദമുയർത്തിയിട്ടുണ്ട്..”രവീഷ് കുമാർ മറു വാദവും നൽകുന്നുണ്ട്…ഈ നിയമം കൊണ്ട് ഇന്ത്യക്കാർക്ക് കുഴപ്പമുണ്ടാവില്ല എന്ന്..അതിനു നൽകുന്ന മറുപടി ഇങ്ങനെയാണ്..

” അങ്ങനെയല്ല…ഹോം മിനിസ്റ്റ്രിയുടെ വെബ് സൈറ്റിൽ ഞങ്ങൾ പോയി നോക്കി. എൻ.ആർ.സി കൊണ്ടുവരില്ല എന്ന് അവർ പറഞ്ഞു..പിന്നെ അവർ എൻ.പി.ആർ കൊണ്ടുവന്നു..
ഞങ്ങൾ ഹോം മിനിസ്റ്റ്രിയുടെ സൈറ്റിൽ ചെന്ന് നോക്കിയപ്പോൾ അവിടെ എഴുതിയിട്ടുണ്ട് എൻ.പി.ആർ എന്നത് എൻ.ആർ.സിയുടെ ആദ്യ പടിയാണ് എന്ന്..”വെറുതെ വാട്സാപ് വഴി വരുന്നത് വിശ്വസിക്കുന്ന പെണ്ണുങ്ങളല്ല അവർ..അവർക്ക് കൃത്യമായ സോഴ്സുകളുണ്ട്. നിങ്ങൾ അടിക്കാൻ വെട്ടി വച്ചിരിക്കുന്ന വടിയെടുത്തുതന്നെയാണ് അവർ നിങ്ങളെ അടിക്കാൻ പോവുന്നത്..” നമ്മുടെ കുഞ്ഞുങ്ങളുടെ തലയിലേക്ക് എന്താണ് ഈ ഇട്ടുകൊടുക്കുന്നത്?…കളിച്ചു നടക്കേണ്ട പ്രായത്തിൽ ഹിന്ദുവെന്നും മുസ്ലീമെന്നും തലയിലേക്ക് നിറച്ചുകൊടുത്താൽ നാളെ നമ്മുടെ രാജ്യം എന്താവും ” എന്ന് അവർ ചോദിക്കുന്നുണ്ട്. എപ്പൊഴേ ചിന്തിച്ചു തുടങ്ങേണ്ടതാണ് !!

അവരിൽ മിക്കവരും ആദ്യമായി ഒരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരാണ്…വിവിധ പ്രായത്തിലുള്ളവർ…വിവിധ പ്രദേശങ്ങളിൽ നിന്ന് വന്നവർ…അതൊന്നും പക്ഷേ പറയേണ്ടത് കൃത്യമായിപ്പറയുന്നതിൽ നിന്ന് അവരെ തടയുന്നില്ല.ഇത് മുസ്ലീമുകളുടെ പോരാട്ടമാണെന്ന് ഒരു ചാനൽ എഴുതിയെന്ന് രവീഷ് കുമാർ പറയുമ്പൊ അവരുടെ മറുപടി ഞങ്ങളുടെ മുദ്രാവാക്യം ” ആവാസ് ദോ…ഹം ഏക് ഹെ ” എന്നാണ്…പരിഭാഷ വേണ്ടെന്ന് കരുതുന്നു.ഞങ്ങളുടെ പൂർവികരും ചോര വീഴ്ത്തി നേടിയെടുത്തതാണ് ഈ രാജ്യത്തിൻ്റെ സ്വാതന്ത്ര്യമെന്ന് ആവേശപൂർവം പറയുന്നവരെക്കണ്ടു അക്കൂട്ടത്തിൽ..വെടിവച്ചാലും ലാത്തിയടിയേറ്റാലും ഞങ്ങളിവിടെനിന്ന് മാറില്ലയെന്ന് പറയുന്നുണ്ട് അവർ..
വീട്ടിൽ നിന്ന് പ്രക്ഷോഭത്തിനിറങ്ങുന്നതിൽ നിന്ന് നിങ്ങളെ ആരും തടഞ്ഞില്ലേയെന്ന ചോദ്യത്തിന് ഇല്ലയെന്നാണ് ഉത്തരം.. ആദിത്യനാഥിന് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് ചോദിക്കുന്നത് ഒരു പെൺകുട്ടിയാണ്.ഞങ്ങൾ സുരക്ഷിതരാണല്ലോയെന്ന് കരുതി മിണ്ടാതെയിരിക്കുന്നവർക്കുമുണ്ട് അവരുടെ പക്കൽ മറുപടി..
” ഇന്ന് എൻ്റെ വീടിനു തീ പിടിച്ചില്ലല്ലോ എന്ന് കരുതി എനിക്ക് സുഖമായി കിടന്നുറങ്ങാനാവില്ല.. അവരുടെ വീട്ടിൽ തീ പിടിച്ചാലും എനിക്ക് ബുദ്ധിമുട്ട് തോന്നും..”

ഞങ്ങൾ ഭാരതീയരാണ് , പക്ഷേ ഞങ്ങളോട് ഇവിടത്തുകാരാണെന്നതിനു തെളിവ് ചോദിക്കുന്നത് എങ്ങനെയാണ് എന്ന് ചോദിച്ച് വിങ്ങിപ്പൊട്ടുന്നവരും അക്കൂട്ടത്തിലുണ്ട്.. അങ്ങനെ ഇല്ല എന്ന് രവീഷ് കുമാർ മറുവാദം ഉന്നയിക്കുമ്പൊ പ്രതിരോധ മന്ത്രി തന്നെ പ്രസംഗിച്ചില്ലേ എന്ന് അവർ തിരിച്ച് ചോദിക്കുകയാണ്.ഇവിടെയുള്ളവർ അംബേദ്കറെയും ദേശീയപതാകയെയും മുറുകെപ്പിടിച്ചാണ് സമരം ചെയ്യുന്നത്….എഴുതുവാൻ ഒരുപാടുണ്ടെങ്കിലും രവീഷ് കുമാർ പറഞ്ഞ ഒരു കഥയോടെ അവസാനിപ്പിക്കാം.അദ്ദേഹത്തിൻ്റെ വിദേശത്ത് ജോലിയുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ആളുടെ അമ്മ അഞ്ചാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അമ്മ പഠിപ്പില്ലാത്തയാളാണെന്ന് പറയാറുണ്ടായിരുന്നു.

പക്ഷേ അമ്മ ഷഹീൻ ബാഗിൽ പ്രതിഷേധത്തിനു പോവാറുണ്ടായിരുന്നുവെന്നും എന്തിനാണ് പ്രതിഷേധമെന്നും കൃത്യമായി അറിയാമെന്ന് അദ്ദേഹം അറിയാനിടയായി..അന്ന് ഒരു തീരുമാനമെടുത്തത്രേ…ഇനി ഒരിക്കലും അമ്മയ്ക്ക് പഠിപ്പില്ല എന്ന് പറയില്ല എന്ന്.അവർക്കൊക്കെ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെക്കാളും വിവരമുള്ളവരാണ്.

വാലറ്റം : ഷഹീൻ ബാഗിലെ പെണ്ണുങ്ങളുടെ പ്രതിഷേധം ഒഴിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
Nelson Joseph