സ്വപ്നക്കും സ്വകാര്യത ഉണ്ട്

80

സ്വപ്നക്കും സ്വകാര്യത ഉണ്ട്

അവരുടെ വീട്ടിൽ ആരൊക്കെ ഏതൊക്കെസമയത്തു വന്നിരുന്നു എന്ന് ഏഷ്യനെറ്റിലെ മധ്യമപ്രവർത്തകൻ അയൽവാസിയോട് ചോദിച്ചു കോൾമയിർ കൊള്ളുന്നുണ്ടായിരുന്നു. മാധ്യമ പ്രവർത്തകർ ആയ സ്ത്രീ ജനങ്ങൾ ഇതൊക്കെ ഒന്ന് ഓർത്തു വെക്കുന്നത് നല്ലതാണ്

Sunitha Devadas

ഉറങ്ങി ഉണർന്നപ്പോഴേക്കും എല്ലായിടത്തും ബഹളം. എന്താണ് ബഹളം എന്ന് നോക്കിയപ്പോ മാധ്യമപ്രവർത്തകരെ ആരൊക്കെയോ വ്യക്തിഹത്യചെയ്തതാണ് വിഷയം എന്ന് മനസിലായി. ആരെയും ആരും വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല. വിയോജിപ്പുകൾ പറയാൻ വ്യക്തിഹത്യകൾ ആവശ്യമില്ല എന്നത് എല്ലാവര്ക്കും ബാധകമാണ്. നിഷയെയും പ്രജുലയേയുമൊക്കെ വ്യക്തിപരമായി ആക്രമിക്കുന്നത് തെറ്റാണ്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇത്രയും വലിയ ബഹളം കണ്ടപ്പോ തന്നെ ഒരു കാര്യം മനസിലായി. ഇത്തവണ സ്ത്രീവിരുദ്ധ കമന്റുകൾ വന്നിരിക്കുന്നത് പ്രത്യക്ഷത്തിൽ ഇടത് എന്ന് തോന്നുന്ന ഏതെങ്കിലും പ്രൊഫൈലിൽ നിന്നായിരിക്കും എന്ന്. നോക്കിയപ്പോൾ ശരിയാണ്.

ഇടത് ലേബലില്ലാത്ത ആരെങ്കിലും സ്ത്രീ വിരുദ്ധത പറഞ്ഞാലോ പൊളിറ്റിക്കലി കറക്റ്റ് ആയില്ലെങ്കിലോ ഇവിടെ ചർച്ചയും സോഷ്യൽ ഓഡിറ്റും പ്രതിഷേധവുമൊന്നും ഉണ്ടാകാറില്ലെന്നു കാലങ്ങൾ കൊണ്ട് പഠിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിട്ട് നാലഞ്ച് കൊല്ലമായി. ഇക്കാലത്തിനിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ശക്തമായ ആക്രമണം നേരിട്ടിട്ടുള്ളത് പത്രപ്രവർത്തകരിൽ നിന്ന് തന്നെയാണ് എന്നതും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. അതുകൊണ്ട് നിങ്ങളൊക്കെ ഇപ്പോ വ്യക്തിഹത്യ എന്നും പറഞ്ഞു ഉറഞ്ഞു തുള്ളുന്നത് കാണാൻ നല്ല രസം തോന്നുന്നുണ്ട്. മാധ്യമപ്രവർത്തകരിൽ സിന്ധു സൂര്യകുമാർ മാത്രമാണ് എനിക്ക് കടുത്ത ഒരു പ്രതിസന്ധി വന്നപ്പോ പിന്തുണ തന്നിട്ടുള്ള ഏക മാധ്യമപ്രവർത്തക . മംഗളത്തിലെ ഹണി ട്രാപ് പെൺകുട്ടി എന്ന് പറഞ്ഞു എന്റെ ഫോട്ടോ പ്രചരിപ്പിച്ചപ്പോ സിന്ധു സൂര്യകുമാർ അതിൽ ഇടപെട്ടതും ഒരു വാർത്ത നൽകിയതും ഇന്നും വളരെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നു. ജിഷ എലിസബത്തും പലപ്പോഴും മാനസിക പിന്തുണ തന്നിട്ടുള്ളതും മറക്കുന്നില്ല.
ഇനി ബാക്കിയുള്ളവരെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്.

1 . ഒരു ആറു മാസം മുൻപാണ് ലക്ഷക്കണക്കിന് മനുഷ്യർ കാണുന്ന ന്യൂസ് അവറിൽ ഇരുന്നു വിനു വി ജോൺ എന്നെ “കാനഡയിലെ മലയാളി മദാമ്മ” എന്ന് വിളിച്ചു വ്യക്തിഹത്യ നടത്തിയത്. അത് ഞാൻ ചെയ്ത എന്ത് കുറ്റത്തിന്റെ പേരിലായിരുന്നു? ഏതെങ്കിലും മാധ്യമ പ്രവർത്തകർ അത് കണ്ടിരുന്നോ? അതിലെ സ്ത്രീ വിരുദ്ധത തിരിച്ചറിഞ്ഞു പ്രതിഷേധിച്ചിരുന്നോ ? അത് വ്യക്തിഹത്യ ആയിരുന്നോ? എഡിറ്റർ എം ജി രാധാകൃഷ്ണനോട് ഞാൻ പരാതി പറഞ്ഞിട്ട് ഏഷ്യാനെറ്റ് എന്ത് നടപടി സ്വീകരിച്ചു?

  1. പ്രെസ്സ് ക്ലബിലെ ലൈസൻസില്ലാത്ത മദ്യശാലയെക്കുറിച്ചു രണ്ടു വരി ഫേസ് ബുക്ക് പോസ്റ്റിട്ടതിനു മാധ്യമപ്രവർത്തകർ എന്നോട് ചെയ്തതെല്ലാം പൊളിറ്റിക്കലി കറക്റ്റ് ആയിരുന്നോ? വ്യക്തിഹത്യ ആയിരുന്നില്ലേ? (അതൊക്കെ എനിക്ക് തന്നെ പറഞ്ഞു പറഞ്ഞു ബോറടിച്ചു. അത് കൊണ്ട് ആവർത്തിക്കുന്നില്ല)

3 . മൂന്നാമത്തേത് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും എന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞതുമായ സംഭവമാണ്.
മനോരമയിലെ വനിതയിലെ ജേണലിസ്റ്റുകളായ നിതിൻ ജോസഫ് മംഗലശ്ശേരിയും വനിതയിലെ സംഘി സുജിത്തും ചേർന്ന് എനിക്കെതിരെ ഒരു കള്ളക്കഥ കെട്ടിച്ചമച്ചുണ്ടാക്കി ഞാൻ അഭിമുഖം മോഷ്ടിച്ച് എന്നൊരു തിരക്കഥ ഉണ്ടാക്കി പ്രചരിപ്പിച്ചപ്പോൾ ഈ മാധ്യമപ്രവർത്തകരൊക്കെ എവിടെയായിരുന്നു? അഭിമുഖം എന്നത് രണ്ടു വ്യക്തികൾക്കിടയിൽ നടക്കുന്നതാണെന്നും അത് മോഷ്ടിക്കാൻ പറ്റുന്നതല്ലെന്നുമുള്ള ജേണലിസത്തിന്റെ അടിസ്ഥാനപാഠം നിങ്ങളാരെങ്കിലും അന്ന് ഈ മനോരമക്കാർക്ക് പറഞ്ഞു കൊടുത്തോ? എന്നെ കള്ളി എന്ന് മുദ്രകുത്തി പൊതു സമൂഹത്തിനു ആക്രമിക്കാൻ വിട്ടു നല്കിയപ്പോ നിങ്ങളുടെയൊക്കെ ആത്മരോഷം അവധിയിലായിരുന്നോ? അതോ സുനിത ദേവദാസ് ശക്തയായ സ്ത്രീ ആയതു കൊണ്ട് ഒറ്റക്ക് നേരിട്ട് കൊള്ളും എന്ന് കരുതി റെസ്റ്റ് എടുത്തോ?

ഇനി ചോദിക്കാനുള്ളത് മനോരമയോടാണ്. ഈ വിഷയത്തിൽ ഞാൻ തന്ന പരാതിയിൽ നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു?
മനോരമയിലെ മാധ്യമപ്രവർത്തകർ നടത്തിയ ഈ നെറികെട്ട വ്യക്തിഹത്യ കാരണം ഇന്നും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരിയായി നിൽക്കുന്ന ആളാണ് ഞാൻ. നിങ്ങൾ എന്ത് നടപടി എന്റെ പരാതിയിൽ സ്വീകരിച്ചു മനോരമേ ?
വെറുതെ ഓര്മിപ്പിച്ചുവെന്നേയുള്ളു മാധ്യമപ്രവർത്തകരെ, അവനവനു നോവുമ്പോഴേ നിങ്ങൾക്കൊക്കെ പ്രശ്നമുണ്ടാവൂ എന്ന്. നിഷ അടക്കമുള്ള മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ ചെയ്യാതെ തന്നെ വിയോജിപ്പുകൾ പറയാനും വിമർശിക്കാനും കഴിയും എന്ന് കരുതുന്ന ആളാണ് ഞാൻ. ആ സ്റ്റാൻഡിൽ നിന്ന് കൊണ്ട് തന്നെ ചോദിക്കട്ടെ ഈ നാട്ടിലെ എത്രയോ സ്ത്രീകളെ മാധ്യമപ്രവര്തകരുൾപ്പെടെയുള്ളവർ നികൃഷ്ടമായും നീചമായും വ്യക്തിഹത്യ ചെയ്തപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു?

നിങ്ങളെ പോലെ ആവാൻ സാധിക്കാത്തതു കൊണ്ട് എല്ലാ ഇരകൾക്കൊപ്പവും നിൽക്കുന്നു. കാരണം അതിലൂടെയൊക്കെ വേദനയോടെ ഇഴഞ്ഞു നീങ്ങിയിട്ടുണ്ട് പലപ്പോഴും. ആ എമ്പതി കൊണ്ട് എനിക്ക് നിങ്ങളും അനുഭവിക്കുന്ന അവസ്ഥ മനസിലാവും .
ഇനിയെങ്കിലും മാധ്യമപ്രവർത്തകർ എന്നതിലുപരി മനുഷ്യരാവാൻ നോക്ക് എല്ലാവരും. മനുഷ്യനായാൽ ജീവിച്ചിരിക്കുന്ന കുട്ടി മരിച്ചു എന്നും ഓമനക്കുട്ടൻ കാശു തട്ടിച്ചു എന്നും ഒന്നും വാർത്ത നല്കാൻ തോന്നില്ല.