പാലസ്തീൻ്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ട് ആ ചുമർചിത്രം തലയുയർത്തി നിൽക്കുകയാണ്

0
98
വിമോചകർ(അൽ അഹ്റർ) എന്ന തലക്കെട്ടോടെ പാലസ്തീനിലെ വെസ്റ്റ് ബാങ്കിലെ പത്ത് മീറ്റർ ഉയരത്തിലുള്ള ചുമർചിത്രം ശ്രദ്ധേയമാവുന്നു. ഈ കൂറ്റൻ ചുമർചിത്രത്തിൽ കമ്യൂണിസ്റ്റ് നേതാക്കളായ ചെഗുവേരയും ഫിദൽ കാസ്ട്രോയും വെനസ്വേലയെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിച്ച ഹ്യൂഗോ ഷാവേസും പലസ്തീൻ വിമോചന പോരാളി യാസർ അറാഫാത്തും വരച്ചുചേർക്കപ്പെട്ടിരിക്കുന്നു.
1959ലെ ക്യൂബൻ വിപ്ലവാനന്തരം മാസങ്ങൾക്കുള്ളിൽ തന്നെ പാലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചെഗുവേരയും റൗൾ കാസ്ട്രോയും കെയിറോയിൽ ആഫ്രിക്കൻ വിമോചന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ പോയ വേളയിൽ ഗാസ സന്ദർശിക്കുകയും പാലസ്തീൻ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 1973ലെ ഒക്ടോബർ യുദ്ധത്തോടെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം പൂർണമായും ക്യൂബ ഉപേക്ഷിച്ച്. 1974ൽ ക്യൂബയിലെത്തിയ യാസിർ അറാഫാത്തിനെ പാലസ്തീൻ രാഷ്ട്രത്തലവൻ എന്ന നിലയിലാണ് ക്യൂബ അന്ന് സ്വീകരിച്ചത്. എല്ലാ വർഷവും പാലസ്തീനിൽ നിന്നുള്ള 150ലധികമാളുകൾക്ക് ക്യൂബ മെഡിക്കൽ, എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം നൽകിയിരുന്നു.
2013ൽ ഷാവേസ് മരിച്ചപ്പോൾ പാലസ്തീനിലെ തെരുവുകളിലൊന്ന് ഷാവേസിൻ്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. പാലസ്തീൻ്റെ വിമോചന പോരാട്ടങ്ങൾക്ക് പരിപൂർണ പിന്തുണ നൽകിയ ഷാവേസ് ‘പാലസ്തീൻ്റെ ആവശ്യം ഞങ്ങളുടെയും ആവശ്യമാണ്” എന്ന് തുറന്നുപറഞ്ഞിരുന്നു. 2009ൽ ഗാസയിൽ ഇസ്രായേൽ നടത്തിയ കടന്നാക്രമണത്തെത്തുടർന്ന് ഇസ്രായേലുമായുള്ള ബന്ധം പൂർണമായും വെനസ്വേല വിച്ഛേദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ജനറലിന് പാലസ്തീൻ രാജ്യത്തിൻ്റെ പ്രഖ്യാപനമാവശ്യപ്പെട്ട് ഷാവേസയച്ച കത്തിൻ്റെ അവസാനം ഇങ്ങനെ പറയുന്നു, ” പാലസ്തീൻ നിലനിൽക്കും, അതിജീവിക്കും..”
ഇപ്പോൾ ആ ചുമർചിത്രം തലയുയർത്തി നിൽക്കുകയാണ്. സാർവദേശീയതയുടെ മാനങ്ങളേന്തിക്കൊണ്ട്, സോഷ്യലിസത്തിൻ്റെ, കമ്യൂണിസത്തിൻ്റെ രാഷ്ട്രീയം വിളിച്ചുപറഞ്ഞുകൊണ്ട് തെക്കൻ വെസ്റ്റ് ബാങ്കിൽ പത്ത് മീറ്റർ ഉയരത്തിൽ ലോകം കാൺകെ പാലസ്തീൻ്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ട് ഉയർന്നു നിൽക്കുകയാണ്.