ആണിനെ പെണ്ണാക്കുന്ന വിദ്യ !

0
144

Swaminathan Parekkat

ആണിനെ പെണ്ണാക്കുന്ന വിദ്യ !

അമ്മ പണ്ടെ നിയ്ക്കൊരു റമ്പൂട്ടാൻ തൈ നട്ടു മുളപ്പിച്ചു തന്നു. കൂടെ ഒരെണ്ണം ചെറിയമ്മയ്ക്കും.റമ്പൂട്ടാനായതു കൊണ്ട് എൻ്റെ ഇത്തിരി സ്ഥലത്ത് വളരെ ശ്രദ്ധയോടെ ഞാൻ നട്ടുവളർത്തി. സാമാന്യം നന്നായി തന്നെ വളർന്ന് പടർന്ന് പന്തലിച്ചു.നാലു വർഷം കഴിഞ്ഞു മരം നിറയെ പൂത്തു. ഒപ്പം എൻ്റെ മനസ്സും. പൂവെല്ലാം കൊഴിഞ്ഞു, കായ കണിയ്ക്കു പോലുമില്ല. ചെറിയമ്മയുടെ മരവും പൂത്തു.നിറയെ കായ്ക്കുകയും മധുര മുള്ള പഴങ്ങൾ സമ്മാനിക്കുകയും ചെയ്തു.

May be an image of outdoorsKTG യാണ് പറഞ്ഞു തന്നത്, എൻ്റെ പുര നിറഞ്ഞു നിന്നത് പുരുഷനാണ്, വംശവർദ്ധനയ്ക്ക് പുള്ളിയ്ക്ക്കഴിവില്ല, താല്പര്യവുമില്ല എന്നത് . പരിഹാരം രണ്ടെന്ന് പലരും ഉപദേശിച്ചു. ഒന്ന് ഇവനെ വേരോടെ പിഴുതെറിഞ്ഞ് പുതിയ ഒരു പെൺ മണിയെ വീണ്ടും പോറ്റി വളർത്തി വലുതാക്കുക. നന്നായി നോക്കിസംരക്ഷിച്ചാൽ അവൾ പ്രത്യുൽപാദനത്തിൽ ഒന്നാമതായി നിങ്ങളെ സംതൃപ്തനാക്കും.
അതല്ലെങ്കിൽ കീറി മുറിച്ച് ഒരു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണിനെ പെണ്ണാക്കുക. മനുഷ്യരിലൊക്കെ ഇത് വിജയകരമായി നടപ്പിലാക്കി വരുന്നതാണ്. ഏതു വേണമെന്ന് തീരുമാനിക്കാം.

May be an image of outdoors and treeദിനവും കാണുന്ന അവനെ കൊല്ലാൻ മനസ്സ് വരാത്തതു കൊണ്ട് പിന്നെയും അവനെ തീറ്റി പോറ്റി കഴിഞ്ഞ ഒരു വർഷം. ഇന്ന് പക്ഷെ ആ തീരുമാനമെടുത്തു.കത്തിയും കത്രികയും കൈവാളും ടേപ്പുമൊക്കെയായി ഞാൻ തന്നെ അപ്പോത്തിക്കിരി ആയി. വേദനയോടെ എൻ്റെ പ്രിയപ്പെട്ട കുഞ്ഞിൻ്റെ ജഡയിറക്കി,കൈകളറുത്തു, ഒ ടുവിൽശിരഛേദം തന്നെയും നടത്തി.
അടുത്തൊരുപറമ്പിലെ കായ്ച്ചു തുടങ്ങിയ ഒരു പെങ്ങളുടെ അംഗങ്ങൾ തുന്നിച്ചേർത്തു.ഇനി കാത്തിരിപ്പാണ്. അവയവമാറ്റം വിജയിച്ചോ എന്നറിയാനുള്ള ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്.പുതിയ അവയവങ്ങൾ വരുമ്പോൾ സ്വാഭാവികമായും മാതൃ ശരീരം എല്ലാ വിധ പ്രതിക്ഷേധങ്ങളും നടത്തുമെ ന്നാണ് കേട്ടിട്ടുള്ളത്. പറ്റിയാൽ പുറന്തള്ളുമെന്നും .മനുഷ്യരാണെങ്കിൽ ഇതിനെ ചെറുക്കാൻ മരുന്നുകളുണ്ടത്രെ. സസ്യകുലജാതർക്ക് അങ്ങിനെ വല്ലതും?അറിയില്ല. എനിക്കങ്ങിനെ കേട്ടുപരിചയമില്ല. ആരിൽ നിന്നെങ്കിലും ഇനി കേട്ടു പഠിക്കണം.

May be an image of outdoorsവാൽക്കഷ്ണം:
പരസ്യമാക്കില്ലെങ്കിൽ, എനിക്കെതിരെ കേസ്സൊന്നും എടുക്കില്ലെങ്കിൽ ഞാനൊരു രഹസ്യം പറയാം.ഞാനങ്ങിനെ ഈ ചികിത്സ പഠിച്ചിറങ്ങിയ വിദഗ്ദനല്ല. വ്യാജ നല്ലെങ്കിലും അംഗീകൃത ഭിഷഗ്വരനുമല്ല.ഇതെൻ്റെ ആദ്യ ശസ്ത്രക്രിയയാണെന്നും പതുക്കെ പറയട്ടെ. ആരുമറിയണ്ട.നോക്കട്ടെ ഈ ആണിനി പെണ്ണാവുമോ എന്ന് ! പെണ്ണായാൽ പഴം തിന്നാം. പാഴായാൽ വേറെ വഴി നോക്കാം.