ഭയാന്തർ വാലി (The valley of flowers): പൂക്കളുടെ താഴ്‌വര

0
186

Vipin Kumar 

ഭയാന്തർ വാലി (The valley of flowers): പൂക്കളുടെ താഴ്‌വര

1931 ൽ ബ്രിട്ടീഷ് പർവതാരോഹകരായിരുന്ന ഫ്രാങ്ക് എസ് സ്മിത്ത്, എറിക് ഷിപ്റ്റണ്‍, ഹോർഡ്സ്വെർത്ത് എന്നിവർ ഹിമാലയത്തിലെ ഗഢ്വാൾ മലനിരകളിലെ കോമറ്റ് എന്ന കൊടുമുടിയുടെ ഉയരം അളക്കാൻ പോയതാണ്. ജോലികഴിഞ്ഞ് മടങ്ങിവരവെ അവർക്ക് വഴിതെറ്റി. മലനിരകൾ പലതു, പിന്നിട്ട് അജ്ഞാതമായ ഏതോ താഴ്വരയിലൂടെ അവർ ആശങ്കയോടെ എങ്ങോട്ടെന്നില്ലാതെ നടന്നു. എന്നാൽ ആ നടപ്പ് അവസാനിച്ചത് അനേകായിരം പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഒരു വർണസാഗരത്തിലായിരുന്നു.

Image may contain: flower, mountain, outdoor and natureതന്റെ മുന്നിലെ നിറ വൈവിദ്ധ്യം കണ്ട് അവരൊരു നിമിഷം സ്തബ്ദരായി നിന്നു പോയി. ഭൂമിയിൽ ഇത്രയധികം പൂക്കളോ? അതും വിവിധ നിറങ്ങളിൽ, രൂപങ്ങളിൽ! വഴിതെറ്റിയ കാര്യമൊക്കെ അവർ മറന്നു. കൂടാരം കെട്ടാനുള്ള സാമഗ്രികൾ പുറത്തെടുത്തു. അപ്രതീക്ഷിതമായി താൻ എത്തിച്ചേർന്ന ആ പൂങ്കാവനത്തിൽ അവരന്ന് തമ്പടിച്ചു. അവിടം മുഴുവനും ചുറ്റിനടന്നു കണ്ടു.

പിന്നീട് 1937ൽ വീണ്ടും സ്മിത്ത് അവിടെയെത്തി. കുറെക്കാലം താമസിക്കാനുള്ള തയ്യാറെടുപ്പോടെയായിരുന്നു അത്തവണ അദ്ദേഹം അവിടെ എത്തിയത്. എങ്ങും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ആ താഴ്വരയിലിരുന്ന് ഭൂമിയിൽ താൻ കണ്ട സ്വർഗത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകമെഴുതി: ‘The valley of flowers’
പുസ്തകം പുറത്തിറങ്ങിയതോടെ ഈ സുന്ദരഭൂമി കാണാൻ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. വൈകാതെ ഭയാന്തർ വാലി ‘The valley of flowers’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

Image may contain: mountain, outdoor and nature1939-ല്‍ മാര്‍ഗരറ്റ് ലെഗൈ എന്ന സസ്യശാസ്ത്രജ്ഞ പൂക്കളുടെ താഴ്‌വരയില്‍ എത്തിയിരുന്നു. എഡിന്‍ബര്‍ഗ് ബോട്ടനിക്കല്‍ ഗാര്‍ഡെന്‍സാണ് അവരെ അവിടേക്ക് അയച്ചത്. പൂക്കള്‍ ശേഖരിക്കുന്ന സമയത്ത് അവര്‍ അവിടെ തെറ്റി വീണു മരിച്ചു. നാട്ടുകാര്‍ അവരുടെ ശരീരം അവിടെത്തന്നെ മറവുചെയ്യുകയും ചെയ്തു.

ലക്ഷക്കണക്കിന് തരം ചെടികളാണ് ഈ താഴ്വരയിലുള്ളത്. ബ്രഹ്മകമലം, കോൺട്ര ലില്ലി, ഓർകിഡ് തുടങ്ങി നമ്മുടെ നാട്ടിലുള്ളതും ഇല്ലാത്തതുമായ നിരവധി ചെടികൾ. പൂച്ചെടികൾ മാത്രമല്ല അത്യപൂർവമായ ഔഷധ സസ്യങ്ങളും ഇവിടുണ്ട്. ജൂനിപ്പെർ, ഹിമാലയൻ ഫിര്‍, ബിർച്ച്, പൈൻ, ദേവദാരു എന്നീ വൃക്ഷങ്ങളും ഇവിടെ വളരുന്നു. എന്തുകൊണ്ടാണ് താഴ്വരയിൽ ഇത്രയധികം വൈവിദ്ധ്യമാർന്ന ഒരു പൂന്തോട്ടം സൃഷ്ടിക്കപ്പെട്ടത്? ഒരുപക്ഷെ, ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇതിന് ഒത്തിരി സഹായിച്ചിട്ടുണ്ടാവും.

Image may contain: sky, mountain, cloud, outdoor and natureചെടികളുടെ വൈവിദ്ധ്യം ഉള്ളതുകൊണ്ടു തന്നെ വൈവിധ്യമാർന്ന ജന്തുക്കളും ഇവിടുണ്ട്. പലതരം ചിത്രശലഭങ്ങൾ, കിളികൾ, മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, ഹിമാലയൻ താര്‍, പറക്കും അണ്ണാൻ, മലയാട്, എന്നിങ്ങനെ പട്ടിക നീളുന്നു.

മൂന്നു വശങ്ങളിലായി നിറുകയിൽ മഞ്ഞണിഞ്ഞ പർവതങ്ങൾ കാവൽക്കാരെന്നപോലെ താഴ്വരയെ പരിരക്ഷിക്കുന്നു. റ്റിബറ്റിൽ നിന്നുള്ള വരണ്ട തണുത്ത കാറ്റിനെ ഈ താഴ്‌വരയിലേക്ക് ഈ മലനിരകൾ അധികം കടത്തിവിടാറില്ല. താഴ്വരയുടെ വടക്കുഭാഗത്തായി ചെങ്കുത്തായി 2000 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ടുണ്ട്. തെക്കുഭാഗത്ത് അതേപോലെ ഒരു ഗർത്തവും. മൺസൂണിന്റെ വരവിനെ തെക്കുഭാഗത്തുള്ള ഈ ഗർത്തം നിയന്ത്രിച്ചു നിർത്തും.

Image may contain: flower, sky, plant, nature and outdoorസസ്യങ്ങള്‍ക്കെല്ലാം ജീവജലം നല്‍കിക്കൊണ്ട് ധാരാളം കുഞ്ഞരുവികള്‍ താഴ്വരയുടെ പല ഭാഗത്തുകൂടി ഒഴുകുന്നുണ്ട്. ഹിമാലയന്‍ നദിയായ പുഷ്പവതി ഒരു വെള്ളച്ചാട്ടമായി പരിണമിക്കുന്നകാഴ്ചയും ഈ താഴ്വരയിലുണ്ട്. 89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 7,817 മീറ്റർ ഉയരമുള്ള നന്ദാദേവീ കൊടുമുടി ഈ ഉദ്യാനത്തിലാണ്.

എല്ലാക്കാലത്തും ഒരേപോലുള്ള പൂക്കളല്ല ഇവിടെ വിരിയുന്നത് എന്നതാണ് ഈ പൂങ്കാവനത്തിന്റെ ഒരു പ്രത്യേകത. ഋതുക്കൾക്കനുസരിച്ച് പൂക്കൾക്ക് നിറഭേദം ഉണ്ടാകും. മഞ്ഞുകാലത്ത് തൂവെള്ള പൂക്കൾ താഴ്വരയെ പുതപ്പിക്കും. വസന്തഋതു ആവുമ്പോഴാണ് വർണവിപ്ലവം. അപ്പോൾ നിറങ്ങളിൽ നീരാടിനിൽക്കുന്ന താഴ്വരയുടെ മറ്റൊരു മുഖം കാണാം. ജൂണിൽ മൺസൂണിന്റെ വരവാണ്. ഈ സമയം പിങ്കും ചുവപ്പുമാണ് പ്രധാന പൂക്കൾ. വെള്ള, പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങൾ എല്ലാ കാലത്തും ഉണ്ടാകും. സപ്തംബർ ആകുന്നതോടെ തവിടുനിറമായിത്തീരും ഇവിടം. പിന്നീടങ്ങോട്ട് മേയ്മാസം വരെ മഞ്ഞു പെയ്യുന്ന കാലമാണ്.

Image may contain: mountain, cloud, outdoor and natureഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയിലാണ് വാലി ഓഫ് ഫ്ലവേഴ്സ്. ഹിമാലയത്തിലെ ഗഢ്വാൾ മലനിരകളിലെ സാസ്കാർ റേഞ്ചിൽ ഉൾപ്പെടുന്ന ഈ താഴ്വരയ്ക്ക് കേന്ദ്രസർക്കാർ 1982 ൽ ‘റിപ്പബ്ലിക്ക് പാർക്ക്’ എന്ന് നാമകരണം ചെയ്തു. അങ്ങനെ ഇതൊരു ദേശീയ ഉദ്യാനം (National Park) ആക്കി മാറ്റി. 2005 ല്‍ ‘നന്ദാദേവി ആന്‍ഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണല്‍ പാര്‍ക്ക്’ എന്നു പുനര്‍നാമകരണം ചെയ്തു. ഇതുള്‍പ്പെടുന്ന നന്ദാദേവി ജൈവവൈവിധ്യ മണ്ഡലം (Biosphere Reserve) യുണെസ്കോയുടെ വേള്‍ഡ് നെറ്റ് വര്‍ക്ക് ഓഫ് ബയോസ്ഫിയര്‍ റിസെറ്വ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേവലോകത്ത് നിന്ന് നാടുകടത്തപ്പെട്ട ഗന്ധർവൻമാർ വന്ന് മനോഹരമായ പൂക്കൾ വിടർത്തുന്ന ചെടികളായി മാറിയതാണീ താഴ്വരയെന്നാണ് ഐതിഹ്യം. ഹരിദ്വാറിൽ നിന്നോ ഡറാഡൂണിൽ നിന്നോ ഗഢ്വാളിലേക്ക് ട്രെയിനിൽ എത്താം. ഗഢ്വാളിൽ നിന്നും ബദരീനാഥിലേക്കുള്ള വഴിയേ 17 കിലോമീറ്റർ ട്രക്കിൽ സഞ്ചരിച്ചാൽ ഭൂമി എപ്പോഴും പൂക്കൾ വിരിയിച്ച് പുഞ്ചിരിതൂകുന്ന ഈ ഗന്ധർവവിഹാരഭൂമിയിലെത്താം.

Advertisements