അന്താരാഷ്ട്ര സിനിമകൾ
The Warden (Persian/Iran 2019)
Jaseem Jazi
ഹോ.. എന്തൊരു സിനിമയാണിത്. ഒരു നോർമൽ മിസ്റ്ററി മൂവിയായി കൊണ്ട് പോയി ക്ലൈമാക്സിൽ ചങ്കില് കൊളുത്തി വലിക്കുന്ന ഫീല് നൽകി അവസാനിച്ചു.! അല്ലേലും ഈ ഇറാനിയൻ സിനിമകൾക്കൊക്കെ മനസ്സിനെ പിടിച്ചുലക്കാൻ അസാധ്യ കഴിവാണ്. ഇത്രയും മികച്ചൊരു സിനിമ എന്റെ കണ്ണിൽ പെടാൻ വളരെ വൈകിപ്പോയി. ‘ദി വാർഡൻ’ എന്ന ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ.. ഞാൻ വളരെ സ്ട്രോങ്ങായി റെക്കമെന്റ് ചെയ്യുകയാണ്. നിങ്ങള് തീർച്ചയായും കാണണം. വളരെ ചെറിയൊരു ത്രഡ്. ആകെ ഒരു മണിക്കൂർ 25 മിനിറ്റ് മാത്രം ദൈർഘ്യത്തിൽ അതിൽ നിന്നും പടച്ചടുത്ത മികച്ചൊരു സൃഷ്ടിയാണീ സിനിമ.
എയർപോർട്ട് നവീകരണത്തിന്റെ ഭാഗമായി.. അതിന്റെ സമീപമുണ്ടായിരുന്ന പഴയ ജയിൽ കെട്ടിടം പൊളിച്ചു നീക്കാൻ അധികൃതർ തീരുമാനിക്കുന്നു. അവിടെയുണ്ടായിരുന്ന ജയിൽവാസികളെ വാർഡനായ ജാഹേദിന്റെ നേതൃത്വത്തിൽ മറ്റൊരു ജയിലിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ജയിൽ പുള്ളി അവിടെ നിന്നും മിസ്സിംഗ് ആവുന്നു. ഒരു കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് മിസ്സിംഗ് ആയ അഹമ്മദ്. അയാൾ ആ കെട്ടിടം വിട്ട് പുറത്തേക്ക് പോയിട്ടില്ല. അയാൾ അതിനുള്ളിൽ എവിടെയോ ഒളിച്ചിരിക്കുകയാണ്. പക്ഷേ ഒരു നിലക്കും അയാളെ കണ്ടെത്താനോ പിടികൂടാനോ ജാഹേദിനും കൂടെയുള്ള പോലീസ് സംഘത്തിനും കഴിയുന്നില്ല. തൊട്ടുമുമ്പ് ജോലിയിൽ ഒരു പ്രമോഷൻ കിട്ടി എന്ന വാർത്ത കേട്ട് സന്തോഷിച്ചു നിൽക്കുന്ന സമയത്താണ്, ഇത്തരമൊരു ദുരനുഭവം വാർഡനായ ജാഹേദിന് ഉണ്ടാവുന്നത്.
അഹമ്മദിനെ ഉടനെ കണ്ടെത്തിയില്ലെങ്കിൽ തന്റെ ഭാവിജീവിതം അവതാളത്തിൽ ആകുമെന്ന് വ്യക്തമായി അറിയാവുന്ന ആ വാർഡൻ.ഊർജിതമായ അന്വേഷണങ്ങളും ചില കടുത്ത തീരുമാനങ്ങളുമെടുക്കാൻ നിർബന്ധിതനാവുകയാണ്.ഒന്നരമണിക്കൂറിന് താഴെ ദൈർഘ്യത്തിൽ, മുഴുവൻ സമയവും ആകാംക്ഷയോടെ മാത്രമേ ‘ദി വാർഡൻ’ എന്ന സിനിമ കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ.! വെറുമൊരു മിസ്റ്ററി മൂവി എന്നതിലുപരി, കുറ്റം, ശിക്ഷ, നീതി, നിരപരാധിത്വം.. എന്നീ വ്യവസ്ഥിതികളെയും.. കുറ്റബോധം, മനുഷ്യത്വം, ദയ, സ്നേഹം എന്നീ മാനുഷിക വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചു പോകുന്നൊരു ഗംഭീര സിനിമയാണിത് ❤