തിയേറ്ററിലെ ഭൂകമ്പം

783

സ്നേഹിതനായ ഷബീർപട്ടാമ്പി തിരുവനന്തപുരത്തുവന്നപ്പോൾ നമ്മളൊരുമിച്ചു ശ്രീ തിയേറ്ററിൽ സിനിമകാണാൻ കയറി. എന്റെ ബാല്യകാലത്ത് വലിയ ഹിറ്റായ മലയാളത്തിലെ ആദ്യത്തെ ത്രീഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തന്റെ പുതിയ പതിപ്പായിരുന്നു. വെറുപ്പീരു പടമെന്നാണ് അഭിപ്രായമെങ്കിലും ബാല്യത്തിലേ കാണാൻപറ്റിയില്ല അതിനാൽ കണ്ടുകളയാം എന്ന് തീരുമാനിച്ചു ടിക്കറ്റെടുത്തു കണ്ണടയുംവാങ്ങി നമ്മൾ അകത്തുകയറി ഇരുന്നു. ഒരറ്റത്തായിട്ടാണ് ഞങ്ങൾക്കു സീറ്റ് കിട്ടിയത്. പിന്നെയുള്ള സ്ഥലത്തു, അതായത് ഞങ്ങളുടെ വലതുവശത്തായി മൂന്നുസീറ്റുകൾ കൂടിയുണ്ട്. അവിടെ ഒരു പെൺകുട്ടിയും രണ്ടു പയ്യന്മാരും വന്നിരുന്നു.

സിനിമതുടങ്ങി, പ്രതീക്ഷിച്ചപോലെ ബോറൻ രംഗങ്ങളിലൂടെ, അറുബോറൻ ഗ്രാഫിക്സിലൂടെ സിനിമയങ്ങനെ പുരോഗമിക്കവേ ഞങ്ങളിരുന്ന റോ പതിയെപ്പതിയെ വൈബ്രെറ്റ്‌ ചെയ്യാനാരംഭിച്ചു. പിന്നെപ്പിന്നെ തിരമാലകളുടെ ക്രമത്തിൽ ഷബീർ പട്ടാമ്പി മുതൽ എന്നെയും കടന്നു ആ റോയുടെ അറ്റത്തിരിക്കുന്നവർ വരെ ഉയർന്നുതാഴാൻ തുടങ്ങി. ഇതെന്താ സംഭവം ? കുട്ടിച്ചാത്തന്റെ പ്രഭാവമോ!  ഭൂകമ്പമോ ! . കുട്ടിച്ചാത്തന്റെ മായ ഗംഭീരം,ടിക്കറ്റ് വസൂലായി..ഒന്നൊന്നര ത്രീഡി തന്നെയെന്ന ഭാവത്തിൽ പലരും പല്ലിളിച്ചു സ്‌ക്രീനിൽ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്നാൽ തൊണ്ണൂറു കിലോയുള്ള എന്നെയും നൂറു കിലോയുള്ള ഷബീറിനെയും പൊക്കിയടിക്കാൻ പോന്ന പ്രഭാവമോ എന്ന സംശയത്തോടെ ഞാൻ മുന്നിലത്തെ റോയിലെ ഒരു സീറ്റിൽ സ്പർശിച്ചുനോക്കി. ഇല്ല ! അവരാരും ചലിക്കുന്നില്ല. പിന്നിലേക്ക് നോക്കി അവിടെയും ചലനമില്ല.

അപ്പോഴാണ് ഷബീർ, ഇങ്ങനെയൊരു വൻ തരംഗവ്യതിയാനത്തിൽ താനും ആടിയുലയുന്ന കാര്യം ശ്രദ്ധിച്ചത്. അവൻ എന്നെ നോക്കി. ഞാൻ ഒടുവിൽഉണ്ണികൃഷ്ണനെ പോലെ ചിരിച്ചു. അവൻ എന്റെ കൈകളെ നോക്കി, പ്രശ്നമില്ല അത് ഫ്രീയായി തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഷബീറിനെ നോക്കി അവൻ മാമുക്കോയയെ പോലെ ചിരിച്ചു, ഞാൻ അവന്റെ കൈകളെ നോക്കി. അതും ഫ്രീയായി ഇരിക്കുന്നുണ്ട്. മാരകമായി വിറച്ചുകൊണ്ട് ഞങ്ങൾ ഇടതുവശത്തുള്ള എല്ലാരേയും നോക്കി. അവരുടെയെല്ലാം കൈകൾ മര്യാദയ്ക്ക് ഇരിക്കുന്നുണ്ട്. അപ്പോഴാണ് വലതുവശത്തു മൂന്നുപേർ കൂടി ഉണ്ടല്ലോ എന്ന കാര്യം ഓർത്തത്. ഒരു പെൺകുട്ടിയും രണ്ടു പയ്യന്മാരും.

ഞാനും ഷബീറും ഞങ്ങളുടെ നാലു കൃഷ്ണമണികളെ വലതുവശത്തേയ്ക്ക് സ്റ്റിയറിംഗ് തിരിച്ചു. ഇനിയും തിരിച്ചാൽ കൃഷ്ണമണികൾ തലയ്ക്കു പിറകിലേക്ക് പോകുമെന്നെ അവസ്ഥയായി. അങ്ങനെ നോക്കുമ്പോൾ വളരെ വിചിത്രമായ ഒരു കാഴ്ചകണ്ടു. സ്വിമ്മിങ്ങ് പൂളിലേക്ക് തലകുത്തനെ ചാടുന്നപോലെ, ഒരു സ്ത്രീ കുഴിയിലേക്ക് ചാടിയാൽ എങ്ങനെയിരിക്കും ? ശീർഷാസനത്തിൽ നിൽക്കുന്നപോലെയാകും. ഞങ്ങളുടെ വലതുവശത്തുള്ള മൂന്നുസീറ്റുകളിൽ മധ്യസീറ്റിൽ ഇരുന്ന പെൺകുട്ടി ഏതാണ്ട് അങ്ങനെയാണ് ഇരിക്കുന്നത്. ഇതെങ്ങനെ സാധിച്ചു എന്ന് അത്ഭുതപ്പെട്ട നിമിഷം തന്നെ ഇരുട്ടത്തു പിന്നെയുംചില കാഴ്ചകൾ തെളിഞ്ഞുവന്നു. ആ രണ്ടു പയ്യന്മാർ ഓളെ താങ്ങിപ്പിടിച്ചിരിക്കുകയാണ്. അവന്മാരുടെ നോട്ടം സ്ക്രീനിലേക്ക് തന്നെ. ഒരു തമാശയുമില്ലാത്ത സീനുകൾ നോക്കി ചിരിക്കുന്നു, ഒരു ദുഃഖവുമില്ലാത്ത സീനുകൾ നോക്കി സെന്റിയാകുന്നു, ഒരു രതിയുമില്ലാത്ത സീനുകൾ നോക്കി ചുണ്ടുകൾ കടിച്ചുപിടിക്കുന്നു. കറന്റ് പോയപ്പോഴും സ്‌ക്രീനിലേക്ക് ഗംഭീരമെന്ന ഭാവം എറിയുന്നു. അവന്മാരുടെ യഥാർത്ഥ സിനിമ സീറ്റുകളിലാണ് നടക്കുന്നതെന്നു മനസിലായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും.

റിക്ച്ചർ സ്കെയിലിൽ പത്തൊക്കെ രേഖപ്പെടുത്തുന്ന കുതിരശക്തിയുള്ള തീവ്രചലനത്തിൽ ഞങ്ങളുടെ സദാചാരത്തിന്റെ ശിലാഫലകങ്ങൾ പക്ഷെ തെന്നിമാറിയില്ല. ഇടയ്ക്കിടയ്ക്ക് ആ പെൺകുട്ടി, കാലു പെരുക്കുന്നു എന്ന് കുശുകുശുക്കുന്നു. അപ്പോൾ അവന്മാർ മത്സരിച്ചു പാദസേവ ചെയ്യുന്നു. അവളുടെ ഹൈഹീലിന്റെ തുമ്പിൽ വരെ മസാജ് ചെയ്യുന്നു. ത്രീഡി കണ്ണട വച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങളുടെ നോട്ടം അവർക്കു മനസിലായതുമില്ല. ഒരുപക്ഷെ ആ റോയിൽ ഇരുന്ന മുഴുവൻ ആളുകളും സിനിമകാണുന്നെന്ന വ്യാജേന ഇതായിക്കാം ശ്രദ്ധിച്ചത്. കണ്ണട പലതിനും ഒരു പരിഹാരമാണല്ലോ.

ഇന്റർവെൽ ആയപ്പോൾ ആ മൂന്നുപേരും എഴുന്നേറ്റുപോയി.പിന്നെ വന്നതുമില്ല. ഞങ്ങളെ കടന്നുപോകുമ്പോൾ ‘ഇനി സിനിമയൊരു രസമില്ല…’ എന്ന് തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു. ഇടവേളയ്ക്കു ശേഷം തുടർചലനങ്ങളില്ലാതെ ഞങ്ങൾ സിനിമ കണ്ടു. ത്രീഡി കണ്ണട വച്ച് ഇത്തരം സിനിമകണ്ടാൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നു വീട്ടിൽകൊണ്ടുപോയി പരീക്ഷിക്കാൻ ഞാനൊരു കണ്ണട അവിടെ തിരിച്ചേല്പിക്കാതെ അടിച്ചുമാറ്റി. പുറത്തേക്കിറങ്ങിയപ്പോൾ എന്റെയും ഷബീറിന്റെയും മുഖത്ത് ഭൂമി വിണ്ടുകീറി പിളർന്നപോലുള്ള ചമ്മലിന്റെ ഭൂകമ്പാനന്തര പാടുകൾ.