തീവണ്ടിയാത്ര
ഇന്നലെയുള്ള തീവണ്ടിയാത്രയില്‍ ഞാന്‍ കണ്ട ടിക്കറ്റ് പരിശോധകന് ആ മുറിയില്‍ ഉള്ള യാത്രികരക്കാളെല്ലാം ഉയരമുണ്ടായിരുന്നു. ടിക്കറ്റില്‍ ഇത്തിരി പ്രശ്നങ്ങള്‍ ഉള്ളവരെല്ലാം അദ്ദേഹത്തിന്നരികിലേക്ക് വന്ന് മുകളിലേക്ക് നോക്കിയാണ് സംസാരിച്ചത്.
71 total views
ഇന്നലെയുള്ള തീവണ്ടിയാത്രയില്‍ ഞാന്‍ കണ്ട ടിക്കറ്റ് പരിശോധകന് ആ മുറിയില്‍ ഉള്ള യാത്രികരക്കാളെല്ലാം ഉയരമുണ്ടായിരുന്നു. ടിക്കറ്റില്‍ ഇത്തിരി പ്രശ്നങ്ങള്‍ ഉള്ളവരെല്ലാം അദ്ദേഹത്തിന്നരികിലേക്ക് വന്ന് മുകളിലേക്ക് നോക്കിയാണ് സംസാരിച്ചത്. തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നും കയറുന്നവനായതുകൊണ്ട് വളരെ നേരത്തെയാണ് ഞാന്‍ സ്റ്റേഷനില്‍ എത്തിയത്. അതിനു കാരണം എന്നെ സ്നേഹിക്കുന്ന ഒരു കുടുംബമായിരുന്നു. അവരുടെ തീവണ്ടി 8:10നും എന്റേത് 9:20 നും. സ്റ്റേഷനിലേക്ക് അവരോടൊപ്പം യാത്ര ചെയ്യാന്‍ അവരെന്നെ നിര്‍ബന്ധിച്ചു. യാത്രയാകുമ്പോള്‍ തീവണ്ടിയില്‍ നിന്നും കഴിക്കാന്‍ അവര്‍ എനിക്ക് രണ്ട് നേന്ത്രപ്പഴവും രുചിയുള്ള നാല് കപ്പ്കെയ്ക്കും ഉള്ള സഞ്ചി കയ്യില്‍ വെച്ചു തന്നു. എത്ര പറഞ്ഞിട്ടും അവരത് തിരിച്ചു വാങ്ങിയില്ല. വാസ്തവത്തില്‍ ഞാന്‍ മറ്റെന്തെങ്കിലും കഴിക്കാം എന്ന ആഗ്രഹത്തില്‍ ആയിരുന്നു. അവരെ യാത്രയാക്കാനായി ജനലരികില്‍ നില്ക്കവേ അരികിലൂടെ യാത്രയായ ഉള്ളിവടയുടെ വാസനയില്‍ ഞാന്‍ വീണുപോയി. അവര്‍ക്കും എനിക്കും ഞാന്‍ ഉള്ളിവട വാങ്ങി. അപ്പോള്‍ അതിനൊരു അകമ്പടിയായി അവര്‍ വണ്ടിക്കകത്തു വന്ന ചായക്കാരനില്‍ നിന്നും ചായ വാങ്ങി ഒരെണ്ണം എന്റെ കയ്യിലും വെച്ചു. അവരുടെ മനസ്സുപോലെ ലോലമായ കടലാസ് ഗ്ലാസ്സും തീവണ്ടിയേക്കാള്‍ ചൂടുള്ള ചായയും. ആ ഗ്ലാസ്സ് പിടുത്തം വലിയൊരു സര്‍ക്കസ്സാണ്.
എനിക്ക് പാല്‍ച്ചായ ഇഷ്ടവുമല്ല. ഇഷ്ടമുള്ള ഉള്ളിവടയും ഇഷ്ടമില്ലാത്ത പാല്‍ചായയുമായി ഞാന്‍ ജനലരികില്‍ നില്‍ക്കേ തീവണ്ടി ഇഷ്ടത്തോടെ യാത്രയായി. പരസ്പരം രസിക്കാത്ത രണ്ടുപേരെ ഒരുമിച്ച് ചേര്‍ക്കുന്നപോലെ ഞാന്‍ അരികിലെ ഒരു കസേരയില്‍ ഇരുന്ന് പാല്‍ച്ചായയും ഉള്ളിവടയും ആസ്വദിച്ചു. ആ നേരത്താണ് എനിക്കുള്ള തീവണ്ടി അപ്പുറത്തുള്ള പ്ലാറ്റ്ഫോമില്‍ നേരത്തെ ഉടുത്തൊരുങ്ങി നില്‍ക്കുന്നത് കണ്ടതും രണ്ട് പത്രം വാങ്ങി അതിലേക്ക് കയറിയതും. പത്രത്തില്‍, ജോലി രാജിവെച്ച മാരന്, കല്ല്യാണ തട്ടിപ്പറിഞ്ഞ് പന്തലില്‍ നിന്നും ഇറക്കിവിട്ട മാരനെപോലെ എന്നെ നോക്കി സങ്കടത്തോടെ ഇരിക്കുന്നു.ഞാന്‍ വരുമ്പോള്‍ എന്റെ തീവണ്ടി മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നെ മറ്റൊരാള്‍ വന്നു. അപ്പോള്‍ അത് അയാളുടെ മുറിയായി. പിറകെ കുട്ടികള്‍ ഉള്ള ഒരു കുടുംബം വന്നു. ഇത് ഞങ്ങളൂടെ മുറി എന്ന പൂര്‍ണ്ണ ധൈര്യത്തോടെ കുട്ടികള്‍ ഇടംവലം ഓടിക്കളിച്ചു. എന്നാല്‍, ഇത് നമ്മുടെ മുറിയല്ല എന്ന ശങ്കയോടെ, അഛന് കുട്ടികളെ ദേഷ്യപ്പെട്ടു. അമ്മ ശാന്തയായി ആ ശബ്ദഘോഷം കേട്ട് ഇരുന്നു. അവര്‍ക്ക് നല്ല വയ്യായ്ക ഉണ്ടായിരുന്നു. അവരുടെ വയറ്റില്‍ അടുത്ത കുട്ടി തീവണ്ടി കാണാനായി കാത്തിരിക്കുന്നു. കുട്ടികള്‍ ഇരിപ്പിടങ്ങളൂടെ അക്കങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അഛനില്‍ നിന്നും ഉത്തരം കിട്ടിയിരുന്നില്ല. പിന്നീട് ടിക്കറ്റ് പരിശോധകന് വന്നപ്പോഴാണ് അഛന്റെ ആശങ്കയുടെ കാര്യം വ്യക്തമായത്. അവരുടെ നാല് ടിക്കറ്റുകളില്‍ രണ്ടെണ്ണം അപ്പോഴും അകത്ത് ഇരിപ്പിടം ഉണ്ടെന്ന ഉറപ്പിനായി കാത്തിരിക്കുകയാണ്. (മലയാളത്തില്‍ പറഞ്ഞാല്‍ വെയ്റ്റിങ്ങ് ലിസ്റ്റില്‍ ആണ്.) ആ അഛനും ടിക്കറ്റ് പരിശോധകന്നരികില് ചെന്ന് മുകളിലേക്ക് നോക്കി. അപ്പോഴും അവരുടെ ടിക്കറ്റ് ഇരിപ്പിടം കാത്ത് ഇരിക്കയാണെന്നറിഞ്ഞതും അഛന് വിയര്‍ത്തു. ഇനിയെന്ത് ചെയ്യും എന്നമ്മ. കുട്ടികളിലും ഒരു ഭീതിപോലെ.
എന്നാല്‍ ആ ഉയരമുള്ള ടിക്കറ്റ് എക്സാമിനര്‍ വളരെ ഉയരത്തില്‍ ആയിരുന്നു. ഒരു നല്ല റിങ്ങ് മാസ്റ്ററെപോലെ അനായാസം അയാള്‍ എല്ലാവരെയും ഇരുത്തി. ചതുരംഗക്കരുക്കളായി ആളുകള്‍ അയാള്‍ പറയും പോലെ നീങ്ങി. നെറ്റില്‍ നിന്നും ടിക്കറ്റെടുത്തവര്‍ കൂടുതലും വെയ്റ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ചിലരെല്ലാം രാജ്യത്തെയും തീവണ്ടികളെയും ചീത്തവിളിക്കുന്നുണ്ടായിരുന്നു. എനിക്കരികില്‍ ഒരാള്‍ വന്ന് അയാള്‍ക്കും ഒരു സുഹ്യത്തിനും ഒരുമിച്ച് ഇരിക്കാനായി എന്റെ സീറ്റ് ചോദിച്ചു. പകരം അയാളുടെ സീറ്റ് തന്നു. പക്ഷെ ഞാന്‍ ഇറങ്ങുന്നതുവരെ അത്ര അടുത്തടുത്ത് ഇരുന്നിട്ടും അവര്‍ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ കോയമ്പത്തൂര്‍ എത്തിയതും പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ അവര്‍ പരസ്പരം എന്തോ പറഞ്ഞ് തെറ്റി പെട്ടെന്ന് അടി തുടങ്ങി. പരസ്പരം ഷര്‍ട്ട് വലിച്ചു കീറി. ആളുകള്‍ പിടിച്ചു മാറ്റുമ്പോഴേക്കും രണ്ടുപേരും വിയര്‍ത്ത് കിതച്ചിരുന്നു. ഒരുത്തന്റെ ഷൂസ് എനിക്കു മുന്നിലൂടെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു. അയാള്‍ക്കത് വീണ്ടു കിട്ടിയോ എന്തോ…
പലരും ഓരോ യാത്ര അവസാനിപ്പിക്കുന്നതും ഒരുപാട് പേരെ വഴിയില്‍ ഉപേക്ഷിച്ചാണ്..
72 total views, 1 views today
