Theju P Thankachan
സൊമാറ്റോയും സ്വിഗ്ഗിയുമെല്ലാം കോടിക്കണക്കിന് രൂപ മുടക്കി യൂട്യൂബിലെ അഞ്ചു സെക്കന്റ് നീളമുള്ള ആഡ് വിൻഡോ സ്വന്തം കുത്തകയാക്കി വെച്ചിരിക്കുന്നത് തങ്ങളുടെ സേവനം ജനങ്ങളിലേക്ക് ഇടതടവില്ലാതെ കടത്തിവിടാൻ വേണ്ടിയാണ്. വല്ലതും കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് ഒപ്പമോ അല്ലെങ്കിൽ അതിന് മുൻപോ തങ്ങളെന്ന സേവനദാതാക്കളെക്കൂടി ജനങ്ങൾ ഓർക്കുവാൻ വേണ്ടി.
അതിനവർ തിരഞ്ഞെടുത്തിരിക്കുന്ന സമയം വെറും അഞ്ചു സെക്കന്റ് ആണ്; ഈ പോസ്റ്റിലെ ആദ്യത്തെ ഫുൾസ്റ്റോപിലേക്ക് എത്താൻ പോലും വേണ്ടാത്ത അത്രയും കുഞ്ഞു സമയം. എന്നാൽ ആ അഞ്ചു സെക്കൻഡിന്റെ വില വളരെ വലുതാണ്. അത് പക്ഷേ സമയത്തിനിട്ടിരിക്കുന്ന വിലയല്ല. അത് മനുഷ്യരുടെ ക്ഷമയുടെ വിലയാണ്.
45 സെക്കന്റ് ടിവി പരസ്യത്തിന് കാശിറക്കുന്നത് അല്ലേ കുറേ കൂടി കാര്യക്ഷമം എന്ന് തോന്നാം.എന്നാൽ എവിടെ ഇൻവെസ്റ്റ് ചെയ്യണം എന്നത് കൃത്യമായി അറിഞ്ഞ് വെച്ചിട്ടാണ് ഈ തീറ്റി കോർപ്പറേറ്റുകൾ കളിക്കിറങ്ങുന്നത്. അത് കൊണ്ടാണവർ ഇൻസ്റ്റാഗ്രാമും ഇന്റർനെറ്റും തന്നെ തിരഞ്ഞെടുക്കുന്നത്. അവർ ലക്ഷ്യമിട്ടിരിക്കുന്ന പ്രേക്ഷകൻ ഇരിക്കുന്നത് ഓണ്ലൈനിൽ ആണ്. ഒരു തരി ക്ഷമയില്ലാത്ത ഞാനും നിങ്ങളും അടങ്ങുന്ന കൂട്ടം.
അപ്പോൾ നമ്മുടെ അക്ഷമയുടെ മുകളിൽ നിൽക്കണം ഇവരുടെ 5 സെക്കന്റ് ജിംഗിളിന്റെ ക്വാളിറ്റി. എന്നാലേ നമ്മളത് കേൾക്കാൻ മെനക്കെടൂ. ഇവിടെയാണ് വാട്സാപ്പിലെ സ്റ്റാറ്റസ് ഓപ്ഷന്റെ ദൈർഘ്യം വിചിത്രമാവുന്നതും അതിന് പ്രസക്തിയേറുന്നതും. അവിടെ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയം 30 സെക്കന്റ് ആണ്. റ്റൂ ലോങ് ഫോർ അസ് റ്റു ഇൻവെസ്റ് ടൈം ഇൻ.! എന്നാൽ ജെൻ സി എന്നോ മില്ലേനിയൽ എന്നോ വ്യത്യാസം ഇല്ലാതെ പിള്ളേര്സെറ്റ് സ്കിപ് അടിക്കാതെ കാണുന്ന ചില ക്ലിപ്പിംഗുകൾ ഉണ്ട്; കോഹ്ലിയുടെ അപ്രതീക്ഷിത സെഞ്ചുറി..അല്ലെങ്കിൽ മോഹൻലാൽ-എൽ ജെ പി പടപ്രഖ്യാപനം..അതുമല്ലെങ്കിൽ മെസ്സിയുടെ ഗോട്ട് ആധിപത്യം ഉറപ്പിക്കുന്നൊരു അസിസ്റ്റോ ഗോളോ..
എന്നാൽ ഇതെല്ലാം നമ്മൾ ആസ്വദിക്കുന്നതിന് പിന്നിലെ കാരണം ആ 30 സെക്കൻഡിലെ വിഷ്വലുകൾ കട്ട് ചെയ്തിരിക്കുന്നതിലെ ചടുലതയല്ല..പിന്നെയോ അതിലെ അകമ്പടിസംഗീതം കൊണ്ടാണ്. ഇന്ത്യ മുഴുക്കെ ശ്രദ്ധിച്ച് കേൾക്കുന്ന ആ സംഗീതശകലങ്ങൾ മിക്കതും ഒരാളുടെ സൃഷ്ടിയാണെനന്നുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ.. അതെ അതെല്ലാം ഒരു തലച്ചോറിൽ നിന്ന് ഉടലെടുത്തതാണ്. ആ കുട്ടിത്തലയുടെ മോഡേൺ സംഗീതത്തിന് എത്രയായിരം ആഡ് വിൻഡോകളെക്കാൾ വിലയുണ്ട്. ആ സംഗീതചെറുപ്പത്തിന്റെ പേരാണ് അനിരുദ്ധ് രവിചന്ദർ..!
മാസ്റ്ററിലെയോ വിക്രത്തിലെയോ ഏത് ബിറ്റ് എടുത്ത് വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ആർധനാമൂർത്തിക്ക് ഒരു ട്രിബ്യൂട്ട് ഒരുക്കാം;കൂട്ടിന് അനി എന്ന സംഗീതമൂർത്തി മാത്രം മതി. 30 സെക്കന്റ് നേരത്തേയ്ക്ക് ആരെയും ക്ഷമാശീലരാക്കുന്നൊരു പിടുത്തം അയാളുടെ സംഗീതത്തിലുണ്ട്. പ്രായം ഇരുപതുകളുടെ അന്ത്യത്തോടടുക്കുന്ന ഏതൊരാളിനെയും ഒന്ന് ചുവടുവെപ്പിക്കാൻ തോന്നിപ്പിക്കുന്ന വിധത്തിൽ ഉള്ളൊരു പിടുത്തംവിടലും അയാളിലെ സംഗീതത്തിന് സ്വന്തം.
ഓപ്പോസിറ്റുകളുടെ ഈ കൂടിച്ചേരൽ ആണ് അനിയെ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീതജ്ഞൻ ആക്കി മാറ്റുന്നത്.
കത്തിയിലെ പുല്ലാങ്കുഴലീണം പോലെ മാതൃസ്പർശം നിഴലിക്കുന്ന ലളിതസംഗീതവും പേട്ടയിലെ ഇൻട്രോ സോങ് പോലെ തീ പിടിപ്പിക്കുന്ന നമ്പറുകളും അനിയിൽ ജീവിക്കുന്നു. എ ആർ റഹ്മാനും ഇളയരാജയും യുവനും ഇന്നും സംഗീതതാരങ്ങൾ ആയി വിലസുന്ന തമിഴകത്ത് ചെന്ന് കേറി യൂത്തിന് പ്രിയപ്പെട്ടവൻ ആയി മാറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അനി വല്ലാത്ത കഴിവുള്ളൊരാൾ ആണ്;പ്രസക്തനാണ്. അയാളുടെ സംഗീതം ചർച്ച ചെയ്യപ്പെടേണ്ടതാണ്.
5 സെക്കന്റ് എന്ന ചെറുനേരത്തെ അതിജീവിക്കാൻ പാങ്ങില്ലാത്തവർക്കിടയിൽ 30 സെക്കന്റ് എന്ന ക്ഷമനേരത്തെ ജയിച്ച അനി ഒരു ജീനിയസ് ആണ്.
Anirudh Ravichander is the king of thirty seconds.!!