Theju P Thankachan

അടിമുടി പാട്രിയാർക്കലായ ഒരു സമൂഹത്തിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ആണുങ്ങൾ അധികാരം കൈയ്യാളുന്നത് കൊണ്ട് തന്നെ ഇവിടെയുള്ള സകല പ്രശ്നങ്ങളും “മാൻമെയ്ഡ്” ആണ് അല്ലാതെ “വിമെൻമെയ്ഡ്” അല്ല.ഇവിടെയുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സാമൂഹികവും സംസ്കാരികപരവുമായ കുഴപ്പങ്ങൾക്ക് കാരണം പക്ഷേ പെണ്ണുങ്ങൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ യേശുക്രിസ്തുവിന്റെ കാലം മുതൽക്കേ സജീവമാണ്. ഓർക്കണം ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതങ്ങളിലൊന്നായ ക്രിസ്ത്യാനിറ്റിയുടെ ഉൽപത്തി ഒരു വിശ്വാസിയിലേക്ക് പകർന്ന് കൊടുക്കുന്നത് എല്ലാ പാപങ്ങളുടെയും ഉറവിടം ഒരു സ്ത്രീയായിരുന്നു എന്ന തെറ്റിദ്ധാരണയാണ്.

സ്ത്രീ സർപ്പം ആണെന്നും അവൾക്ക് വിവേചനബുദ്ധി ഇല്ലെന്നുമാണ് ബൈബിളിലെ ആദ്യ അധ്യായം പറഞ്ഞുവെയ്ക്കുന്നത് പോലും. ഏറ്റവും വലിയ വിരോധാഭാസം എന്ന് പറയുന്നത് ഇങ്ങനെ മതത്തെ കൂട്ട് പിടിച്ച് പുരുഷന്മാർ ഉണ്ടാക്കി വെച്ച പ്രശ്നങ്ങളുടെ ഇരകൾ ആയിത്തീരുന്നത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാര് കൂടിയാണ് എന്നതാണ്;ദുർബലരായ പുരുഷന്മാർ. അധികാരമില്ലാത്ത പുരുഷന്മാർ. വീട്ടകങ്ങളിൽ വോയ്സ് ഇല്ലാത്ത പുരുഷന്മാർ.അങ്ങനെ ഒട്ടും മസ്‌കുലിൻ അല്ലാത്ത പുരുഷന്മാരെ പാടേ പുച്ഛിച്ചും അവഗണിച്ചും പരിഹസിച്ചുമാണ് ഈ സമൂഹത്തിന്റെ ചലനദിശ,കൂടുതൽ മസ്കുലിൻ ആയ പുരുഷന്മാർ രൂപപ്പെടുത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ടോക്സിക് മാസ്‌കുലിനിറ്റി എന്നും മെയിൻസ്‌ട്രീം ആയിരുന്നു. അതിന് ഒരു വലിയ ഫാൻബേസ് സൊസൈറ്റിയിൽ അന്നുമിന്നുമുണ്ട്. ഒട്ടും മാസ്കുലിൻ അല്ലാത്ത ആമ്പിള്ളേരെ കേറി “പാവാട” എന്ന് വിളിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് പെണ്കുട്ടികളുമായി ഇടപഴകുന്നതും സൗഹൃദം പുലർത്തുന്നതും അത്തരക്കാരെ തീർത്തും “മാൻലി” അല്ലാതാക്കിത്തീർക്കും എന്നോർമ്മപ്പെടുത്തുവാൻ വേണ്ടിയാണ്.
സ്വന്തം മകനെ കൂടുതൽ ആണ്ണത്തമുള്ളവനാക്കി മാറ്റുന്നതിന് വേണ്ടി “നിന്റെ കാര്യത്തിൽ വയസ്സാംകാലത്ത് എനിക്ക് നിന്റെ അമ്മച്ചിയെ സംശയിക്കേണ്ടതായി വരും” എന്ന മര്യാദകേട് സ്വന്തം ഭാര്യയെ കുറിച്ച് പോലും പറയാൻ മടിയില്ലാത്ത കുര്യൻ ജോണിനെപ്പോലുള്ള ആണുങ്ങളാണ് സൊസൈറ്റിയെ കൂടുതൽ പ്രോബ്ലമാറ്റിക് ആക്കിത്തീർക്കുന്നത്. തികച്ചും പാട്രിയാർക്കൽ ആയ കുര്യൻ ജോണിന്റെ വീടിനുള്ളിലും പക്ഷേ കോശിയെ പോലുള്ള മക്കൾ ജീവിക്കുന്നുണ്ട്.

പട്ടാളത്തിലയച്ച് അപ്പനുണ്ടാക്കിച്ചെടുത്ത ടോക്സിക് ചങ്കുറപ്പും ഭാര്യയെയുടെയും പെണ്മക്കളുടെയും അമ്മയുടെയും സാമീപ്യം കൊണ്ട് രൂപപ്പെട്ട നൈർമ്മല്യമുള്ള മനസ്സും ഉള്ളിലുള്ള കോശി കുര്യൻ. പെണ്ണുങ്ങളുടെ കൂടെ സ്ഥിരമായി ഇടപഴകുന്നത് കൊണ്ടാവണം കോശിയെ,അയാളുടെ വ്യക്തിത്വത്തെ, പൂർണ്ണമായും ടോക്സിസിറ്റി കവരാത്തത്. കോശിയുടെ കാരക്ടർ ആർക് കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് തന്നെ അപ്പന്റെ സ്വാധീനം മൂലം അയാളിലുളവായ മുൻകോപം,വാശി,അന്യനെ വ്യക്തിഹത്യ ചെയ്യൽ എന്നീ ടോക്സിക് ട്രെയിറ്റുകളെ മറികടക്കുന്നതിലാണ്.

എന്നാൽ “അയ്യപ്പനും കോശി”യും അവസാനിക്കുമ്പോൾ പോലും അമ്മായിയപ്പനെ പേടിക്കേണ്ടതില്ല എന്ന് എന്ന് ഭാര്യയോട് പറയാൻ മാത്രമുള്ള മാനസിക വളർച്ചയേ കോശി ആർജ്ജിക്കുന്നുള്ളൂ. പങ്കാളിയെ ഉപദ്രവിക്കരുത് എന്നത് മനസ്സിലാക്കാൻ തക്ക ബോധം അയാളിലില്ല. അത്രയും കരുത്തുറ്റ സ്വാധീനമാണ് സ്വന്തം പൗരുഷബോധത്തിന് കോശിയുടെ മേലുള്ളത്. കുര്യൻ ജോണാണ് ഈ കഥയിലെ വില്ലൻ. പാട്രിയാർക്കിയുടെ മനുഷ്യരൂപം. അപ്ബ്രിങ്ങിങിലെ പ്രശ്നങ്ങൾ കാരണം അഹംബോധം കുമിഞ്ഞുകൂടിയ മനസ്സുമായി ജീവിക്കുന്ന,അപരബഹുമാനം ഇല്ലാത്ത കുഴപ്പക്കാരനായ മകനായി കോശി. അയ്യപ്പൻ നായർ സിനിമയിലെ നായകൻ ആണെങ്കിലും കോശിയാണ് ഈ കഥയെ നയിക്കുന്നത്. കാരണം അയാളാണ് പാട്രിയാർക്കിയുടെ ഇര.

കുര്യന്റെ കുടുംബാധിപത്യത്തിനെ അംഗീകരിക്കുനിടത്ത് കോശിയുടെ കഥ തുടങ്ങുന്നു. അപ്പന്റെ ആജ്ഞാനുവർത്തിയായിരിക്കുന്നതിൽ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുന്നതിലൂടെ അയാളുടെ കഥ വികസിക്കുന്നു. ക്ഷമിക്കാൻ ശീലിക്കുന്നതാണ് യഥാർത്ഥ ആണത്തം എന്ന കോശിയുടെ തിരിച്ചറിവിലൂടെ സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുന്നു. പാപബോധത്തിലൂടെയേ ആന്തരിക നവീകരണം സാധ്യമാകൂ എന്ന് മനസ്സിലാക്കി കോശി അട്ടപ്പാടി ഉപേക്ഷിച്ച് പോകുന്നതിലൂടെ സിനിമ അതിന്റെ പരിസമാപ്തിയിലേക്കെത്തുന്നു. എന്നാൽ കഥയ്ക്ക് ഷട്ടർ ഇടുന്നതിന് മുൻപ് നമ്മൾ കാണുന്ന സീനാണ് ഈ സിനിമയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.

പാട്രിയാർക്കിയെ പിഴുതെറിയുക എളുപ്പമല്ല. അതിനെ ചെറുക്കാനും എതിർക്കാനും മാത്രമേ ആരംഭത്തിൽ സാധിക്കുകയുള്ളൂ. എല്ലാ പ്രശ്നങ്ങളുടെയും മൂലക്കല്ലായ കുര്യൻ ജോണിന്റെ തറവാട്ടിൽ തന്നെ ഉണ്ടുറങ്ങി കഴിയുന്ന കോശി അതാണ് നമുക്ക് പറഞ്ഞ് തരുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയുടെ ഭാഗം ആയിരുന്നു കൊണ്ട് തന്നെ നമുക്കതിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനും അതിനെ നേരിടാനും സാധിക്കും. മാറ്റം പെട്ടെന്നുണ്ടാകില്ല.കാരണം പാട്രിയാർക്കിയും മതവും പെട്ടെന്നുണ്ടായതല്ല. അതിശക്തമായ അടിത്തറയിലാണ് പുരുഷാധിപത്യം നിലകൊള്ളുന്നത്.പൊളിച്ചു മാറ്റാൻ കാലങ്ങളെടുക്കും. അതുകൊണ്ട് തന്നെ എതിർശബ്ദങ്ങളെ മാനിക്കുക. നായര് ചെയ്തതുപോലെ ഇരകളാക്കപ്പെട്ടവരുടെ ചെറു പോരാട്ടങ്ങൾക്ക് കൈ കൊടുക്കുക. പ്രതിഷേധങ്ങൾക്ക് തീ പകരുക.

Leave a Reply
You May Also Like

പ്രതിഭയുടെ കൂമ്പ് നുള്ളുന്ന ചലച്ചിത്ര പ്രവർത്തകരുടെ പണക്കൊതിയുടെ ഇരയാണ് പുഷ്പയും

ലേഡീസ് ഹോസ്റ്റൽ ചലച്ചിത്ര പ്രേമികളെല്ലാം കണ്ടിരിക്കും. പ്രേംനസീറിൻ്റെയും ജയഭാരതിയുടെയും കഥാപാത്രങ്ങൾ പടത്തിൻ്റെ പേര്‌ കേൾക്കുമ്പോൾ ഓർമയിൽ

അച്ഛനും മകളും – ഹാഷി മുഹമ്മദ്

എനിക്ക് പത്തു വയസ്സാകുമ്പോള്‍ എന്ത് സമ്മാനമാണ് അച്ഛന്‍ വാങ്ങിച്ച് തരാ ….! തന്റെ കയ്യില്‍ തൂങ്ങി പിടിച്ചു കൊഞ്ഞനം കുത്തികൊണ്ടുള്ള അഞ്ചു വയസ്സായ തന്റെ മോളുടെ ചോദ്യം കേട്ട അയാള്‍ എന്റെ മോളുന്നു പത്തു വയസ്സാകുമ്പോള്‍ അല്ലെ അതിനു ഇനിയും ഒരു പാട് കാലം ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞു..

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 5) – ബൈജു ജോര്‍ജ്ജ്

എന്നാല്‍ എന്റെ ആ …വീട്ടിലേക്കുള്ള നിത്യ സന്ദര്‍ശനത്തിനു പ്രചോദനം ഇതൊന്നുമായിരുന്നില്ല …,പ്രമീള .., ആയിരുന്നു അതിനു കാരണം …, ലോനചേട്ടന്റെ ഏറ്റവും ഇളയമകള്‍ …, വിവാഹിതയാണെങ്കിലും …, ഭര്‍ത്താവ് ഗള്‍ഫില്‍ ആയതിനാല്‍ ..;അവര്‍ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു നിന്നിരുന്നത് …!

പ്രശാന്ത് ചില്ലയുടെ 4 ഷോർട്ട് ഫിലിമുകളെ പരിചയപ്പെടാം, കൂടെ അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾ കൂടി…

പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ഇതൾ, മഞ്ചാടി, വാർത്തകൾ വിശദമായി , ഡ്രോപ്‌സ് എന്നീ 4…